Thursday 04 March 2021 05:03 PM IST

‘നിറവയറുമായി ഡപ്പാംകൂത്ത് ഡാൻസ്’: കുഞ്ഞിനെ കളയാനാണോ എന്നുവരെ ചോദിച്ചു: നല്ല നാളുകളുടെ ഓർമ്മയിൽ പാർവതി

Lakshmi Premkumar

Sub Editor

parvathy-vanitha

ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് സദാ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടമാണ് ഗർഭകാലം എന്ന ധാരണയെ തിരുത്തിയെഴുതുകയാണ്  പുതിയ ചില അമ്മമാർ. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുഗ്രഹമാണ് ഗർഭകാലം എന്ന് ചിന്തിക്കുന്നവർ.

ഭർത്താവിനോടും ഉള്ളിൽ വളരുന്ന കുഞ്ഞിനോടുമൊത്ത് ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ഇവർ. ഇളം കാറ്റുപോലെ നൃത്തം ചെയ്യുന്നവർ, ചി ത്രശലഭത്തെ പോലെ യാത്രകൾ നടത്തി പറന്നു നടക്കുന്നവർ... ഉള്ളിലെ പൊന്നോമന ഇതൊക്കെ തൊട്ടറിഞ്ഞ് കൈകാലുകളിളക്കി സന്തോഷിക്കുമ്പോൾ പിന്നെന്തിന് ഇഷ്ടങ്ങളോട് ‘റെഡ് സൈൻ’ കാണിക്കണം എന്നാണ്  ഇവർ ചോദിക്കുന്നത്. ഒൻപത് മാസക്കാലം ഭംഗിയായി പ്ലാൻചെയ്ത്  ആഘോഷമാക്കി മാറ്റിയ പാർവതിയെന്ന അമ്മ പറയുന്നു...

ആദ്യ ചെക്കപ്പിന് ആശുപത്രിയിൽ ചെന്നപ്പോൾ തന്നെ ‍ഡോക്ടർ പറഞ്ഞു മറ്റ് ആരോഗ്യ പ്രശ്നങ്ങളോന്നുമില്ലെന്ന്. ഇഷ്ടമുള്ളതെല്ലാം ചെയ്തോളൂ എന്ന് ഡോക്ടർ പറഞ്ഞതാണ് പ്രസവത്തിന്റെ തലേദിവസം വരെ ഡാൻസ് കളിക്കാൻ കിട്ടിയ കോൺഫിഡൻസ്.

ലോക്‌ഡൗൺ ആയതോടെ എന്റെ അമ്മ വരെ ഒന്ന് പേടിച്ചു. എനിക്ക് ഡിപ്രഷനെങ്ങാനും ഉണ്ടാകുമോ എന്ന്. കാരണം 24 മണിക്കൂറും എൻഗേജ്ഡ് ആയിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഗർഭിണിയാകുന്നതിന് തൊട്ടു മുന്നേ വരെ രാവിലെ ആറു മണിക്ക് ജോലിക്ക് പോയാൽ രാത്രി ഏഴ് ആകുമ്പോഴേ തിരിച്ചെത്തൂ. ആങ്കറിങ്ങും ഷൂട്ടും ഒക്കെയായി മുഴുവൻ സമയവും ബിസി. പക്ഷേ, ഞാൻ എന്നെ തന്നെ ഏറ്റവും നന്നായി ട്യൂൺ ചെയ്ത് മറ്റൊരാളാക്കി മാറ്റിയ സമയവും കൂടിയാണ് ഗർഭകാലം.

സോഷ്യൽ മീഡിയയിലൊരു സർപ്രൈസ്

കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസവും ഫോട്ടോ ഷൂട്ടും, കൊളാബ് ഷൂട്ടും എല്ലാം ചെയ്യും. പക്ഷേ, വയറിന് മുകളിലേക്കുള്ള പടങ്ങൾ മാത്രേ പോസ്റ്റ് ചെയ്തുള്ളൂ. ലൈവ് വരുമ്പോഴും പതിവിലും ഊർജസ്വലയായിരുന്നു. ആർക്കും അവസാനം വരെ പിടി കൊടുത്തില്ല.

ഒടുവിൽ നിറവയറോടു കൂടിയുള്ള പടം ഇട്ടപ്പോഴും ആളുകൾ വിചാരിച്ചത് ഞാൻ ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി ഒ രുങ്ങിയതാണെന്ന്. പിന്നെ, അതിനൊപ്പം തന്നെ ഒരു ഡാൻസ് കൂടെ ചെയ്യാൻ തോന്നി. ഡോക്ടറോട് ചോദിച്ചപ്പോൾ ഡബിൾ ഓക്കെ. ധൈര്യമായി ഒരു ഡപ്പാം കൂത്ത് തന്നെ ചെയ്തു. ഞാൻ വളരെ കംഫർട്ടായും ഏറ്റവും സന്തോഷത്തോടെയും ചെയ്ത ഡാൻസാണ്.

പക്ഷേ, ഒരുപാട് പേർ ആ ഡാൻസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‌‘കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാണോ’ എന്നൊക്കെയാണ് ചോദ്യം. സത്യം പറഞ്ഞാൽ അതു കുറച്ച് വേദനിപ്പിച്ചു. ആളുകളുടെ ഇത്തരം ധാരണകൾ മാറാൻ കൂടി വേണ്ടിയാണ് പിന്നെയും രണ്ട് മൂന്ന് ഡാൻസുകൾ പോസ്റ്റ് ചെയ്തത്.

ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്. എന്റെ ഡോക്ടർ പറഞ്ഞത് നിങ്ങൾ എത്രത്തോളം ഫ്ലക്സിബിൾ ആകു മോ അതിന്റെ ഗുണം നിങ്ങൾക്ക് ലേബർ റൂമിൽ അറിയാൻ കഴിയുമെന്നാണ്. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്. അതിനെ പേടിയുടെ തടവറയിൽ ഒതുക്കി കളയരുത്. ഒാരോ നിമിഷവും ആസ്വദിക്കുകയാണ് വേണ്ടത്.