Thursday 24 September 2020 11:41 AM IST : By ശ്യാമ

കേരളത്തിൽ നിന്ന് നേരെ ഹൃത്വിക് റോഷന്റെ ഹൃദയത്തിലേക്ക്; താരത്തെ ഞെട്ടിച്ച ആ ഛായാചിത്രം വരച്ചത് പയ്യന്നൂർക്കാരൻ!

amal-drw1

ഹൃത്വിക്കിനെ ഞെട്ടിച്ച ആ ഛായചിത്രം  വരച്ചത് പയ്യന്നൂർക്കാരൻ അമൽ കാക്കട്ട് ആണ്. അമലിന്റെ ഇപ്പോഴുള്ള ഏറ്റവും വല്യ ആഗ്രഹം പക്ഷേ, നടൻ സൂര്യയെ കാണുക എന്നുള്ളതും...

ഫാൻ ആർട്ടുകൾ ഒന്നും സ്വന്തം പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യാത്ത ഹൃത്വിക് റോഷൻ ഇന്നലെ രാത്രി ഒരു ചിത്രം ഷെയർ ചെയ്തു. സ്വന്തം ഫോട്ടോസിനെക്കാൾ ജീവൻ തുടിക്കുന്നൊരു പെയിന്റിംഗ്! അത്‌ വരച്ചതോ നമ്മുടെ ഈ കൊച്ചുകേരളത്തിലെ പയ്യന്നൂർ സ്വദേശി അമൽ കക്കാട്ട്. ഒറ്റ ദിവസം കൊണ്ട് ഫോളോവേഴ്സ് കുത്തനെ ഉയർന്നതിന്റെ ആവശ്യം ഉള്ളിലുണ്ടെന്ന് പറയുമ്പോഴും പതിഞ്ഞ സ്വരത്തിൽ ശാന്തമായിട്ടാണ് അമലിന്റെ സംസാരം മുഴുവൻ...

"ഹൃത്വിക് സർ പോസ്റ്റ്‌ ഷെയർ ചെയ്തു എന്ന് സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത്. അങ്ങനൊരു സെലിബ്രിറ്റി എന്റെ വർക്ക്‌ ഷെയർ ചെയ്യുന്നത് വല്യ സന്തോഷമുള്ള കാര്യമാണ്. ഞാൻ ഇഷ്ടമുള്ളതൊക്ക ഇങ്ങനെ വരച്ചിടാറുണ്ട്. സർ ഇത്‌ കാണുമെന്നോ അതിന് താഴെ കമന്റ്‌ ചെയ്യുമെന്നോ അത്‌ ഷെയർ ചെയ്യുമെന്നോ ഒന്നും ചിന്തിച്ചിട്ടേയില്ല. ശരിക്കും സർപ്രൈസ്ഡായി! 

amal-drw4

എട്ടാം ക്ലാസ്സിൽ പയ്യന്നൂർ വിശ്വകല എന്നൊരിടത്ത് നിന്ന് കുറച്ചു നാൾ വര പഠിച്ചിരുന്നു. പയ്യന്നൂർ ഗവണ്മെന്റ് ബോയ്സ് സ്കൂളിലാണ് ഞാൻ പഠിച്ചത് അവിടുത്തെ ഒരു സർ ഉണ്ടായിരുന്നു... ദാമോദരൻ വെള്ളോറ സർ ആണ് വരയിലെ എന്റെ ഗുരുനാഥൻ. ഇവിടം വരെയൊക്കെ എത്തിയിട്ടുണ്ടേൽ അതിൽ സാറിനും ഒരു പങ്കുണ്ട്.

amal-drw3

ഹൃത്വിക്കിന്റെ ഈ ചിത്രം വരയ്ക്കാൻ ഒരു ദിവസമേ എടുത്തുള്ളൂ. മുൻപേ വരയ്ക്കുമായിരുന്നെങ്കിലും വര ദിവസവും ചെയ്യാൻ തുടങ്ങിയത് ഈ ലോക് ഡൗൺ കാലത്താണ്. പ്രാക്ടീസ് കൊണ്ട് നമുക്ക് നമ്മുടെ സ്കിൽ എപ്പോഴും മെച്ചപ്പെടുത്താൻ പറ്റും. എന്റെ ആദ്യത്തെ വരകളും ഇപ്പോഴുള്ളതും കാണുമ്പോൾ എനിക്ക് തന്നെ മനസ്സിലായൊരു കാര്യം അതാണ്. മുൻപ് ചെയ്തതിൽ നിന്ന് ഇനിയും എതൊക്കെ മെച്ചപ്പെടുത്താം എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ നമുക്ക് തന്നെ മനസിലാകും. വരയ്ക്കുന്നവരോട് എനിക്ക് ഇതൊക്കെ തന്നെയാണ് പറയാനുള്ളത്. ദിവസവും വരയ്ക്കുക. 

amal7tggh

കമ്മീഷൻ വർക്കുകൾ ചെയ്യാറുണ്ട്. പെൻസിൽ ആർട്ട്‌, വാട്ടർ കളർ, ഡിജിറ്റൽ ആർട്ട്‌ ഒക്കെയാണ് ഞാൻ സാധരണ ചെയ്യുന്നത്. വേറെ മാധ്യമങ്ങളിലും പരീക്ഷിക്കണം എന്നാഗ്രഹമുണ്ട്. ഞാൻ നടൻ സൂര്യയുടെ വല്യ ഫാൻ ആണ്. പുള്ളിക്കാരന്റെ മാത്രം ഇരുപതോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എന്റെ ഒരു ചിത്രം നേരിട്ട് കൊടുത്ത് പുള്ളിക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നൊരാഗ്രഹമുണ്ട്. ആ സ്വപ്നം ഇപ്പോഴേ വരച്ചു വച്ചിട്ടുമുണ്ട്."

amal-drw2

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജ് തൃശ്ശൂരിൽ ഇപ്പോൾ അഞ്ചാം വർഷ ആർകിടെക്ച്വർ വിദ്യാർത്ഥിയാണ് അമൽ. അച്ഛൻ അശോകൻ കക്കാട്ട്, അമ്മ സിന്ധു, അനിയൻ അഭിജിത്... സുഹൃത്തുക്കളാണ് അമലിന്റെ ഏറ്റവും വലിയ ക്രിറ്റിക്സ്. അമ്മയോടുള്ള ഇഷ്ടക്കൂടുതലാണ് അമൽ സിന്ധു എന്ന ഇൻസ്റ്റാഗ്രാം പേര് സ്വീകരിക്കാൻ കാരണം.

Tags:
  • Spotlight
  • Social Media Viral