Saturday 01 January 2022 04:11 PM IST

എന്തുകൊണ്ടായിരിക്കും അവർക്ക് എന്നെ മോഷ്ടാവായി തോന്നിയത്? പിങ്ക് പൊലീസ് മോഷണ ആരോപണത്തിലെ ഇര ജയചന്ദ്രൻ ചോദിക്കുന്നു...

Tency Jacob

Sub Editor

Pinkpolice-Jayachandran-cover ജയചന്ദ്രൻ, ഭാര്യ രേഖ, മകൾ ദേവപ്രിയ ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘ഒൻപതാം വയസ്സിൽ റബർ ടാപ്പിങ് തുടങ്ങിയതാണ് ഞാൻ. ഞാനും ഭാര്യയും കൂടി ടാപ്പിങ് ചെയ്തും പണിയില്ലാത്ത സമയങ്ങളിൽ സിമന്റ് ചുമന്നുമാണ് ജീവിക്കുന്നത്. ഒരു ദിവസം വഴിയിൽ കിടന്നൊരു ഫോൺ കിട്ടിയിട്ട് ഞാൻ അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു. അങ്ങനെയിരിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യം ചുഴറ്റി വരും. എന്തുകൊണ്ടായിരിക്കും അവർക്ക് എന്നെ മോഷ്ടാവായി തോന്നിയത്?’’ പൊലീസ് വാഹനത്തിൽ നിന്നു ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ വിചാരണ നേരിട്ട തിരുവനന്തപുരം ആറ്റിങ്ങലിലെ ജയചന്ദ്രന്റെ അത്മഗതം. ‘വനിത’ ജയചന്ദ്രനും കുടുംബവുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ജയചന്ദ്രൻ ഇതു പറഞ്ഞത്. ജയചന്ദ്രനും ഭാര്യ രേഖയും മകൾ ദേവപ്രിയയും ആ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മോചനം നേടുന്നതേയുള്ളു.

പിങ്ക് പൊലീസ് പട്രോളിലെ സിവിൽ പൊലീസ് ഓഫിസർ എം. ആർ. രജിതയാണ് ഫോൺ മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിച്ചത്. ‘‘ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ അവർ ജാഗ്രതക്കുറവ് കാണിച്ചെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. നല്ല നടപ്പിന് അവരെ കൊല്ലത്തേക്ക് സ്ഥലം മാറ്റി. ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ അവർ മാപ്പപേക്ഷ എഴുതി നൽകിയിട്ടുണ്ട് എന്നു മറുപടി. കേസിന്റെ കാര്യങ്ങൾക്കായി നടക്കുന്നതിനിടയിൽ പലപ്പോഴും ഇവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ പോലും ഞങ്ങളെ പരിഗണിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ ഈ കേസ് അവസാനിപ്പിച്ചേനെ. അവർ എന്റെ മകള്‍ക്ക് നൽകിയ പേടി മാറാൻ കൗൺസലിങ് വേണ്ടി വന്നു.’’ ജയചന്ദ്രൻ പറയുന്നു.

‘ഈ കുഞ്ഞ് മനുഷ്യത്വത്തിലും പൊലീസിലും വീണ്ടും വിശ്വസിക്കാൻ സർക്കാർ എന്തു നടപടിയെടുത്തു?’ എന്നു ഗൗരവത്തോടെയാണ് ഹൈക്കോടതി ആരാഞ്ഞത്. വെറുമൊരു മാപ്പപേക്ഷയിൽ ഒതുക്കിതീർക്കാനുള്ളതല്ല ഈ ഏഴു വയസ്സുകാരിയുടെ ആത്മാഭിമാനം എന്നു നിരീക്ഷിച്ച ഹൈക്കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചെലവും വിധിച്ചു.

Pinkpolice-Jayachandran-Family

ജയചന്ദ്രനും കുടുംബവുമായുള്ള വിശദമായ അഭിമുഖം വനിത പുതുവർഷപ്പതിപ്പിൽ