Wednesday 01 December 2021 02:28 PM IST : By സ്വന്തം ലേഖകൻ

‘പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂര പീഡനമേറ്റുവാങ്ങിയ ഷഫീഖിനെ ഓർമയില്ലേ?’: ആ പുഞ്ചിരി പങ്കിട്ട് ഫിറോസ്

shafeek

ഷഫീഖിനെ ഓർമയില്ലേ? പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദ്ദനങ്ങൾക്കിരയായി തലച്ചോറിനും കൈക്കും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന ബാലൻ. കൊടിയ പീഡനങ്ങൾക്കൊടുവിൽ മൃതപ്രായനായി മാറി മരണത്തിന്റെ തുലാസിൽ തൂങ്ങിയാടിയ ആ ജീവൻ പ്രതീക്ഷകളുടെ തീരത്തണഞ്ഞപ്പോഴും പ്രാർഥനയോടെ കേരളക്കര ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ നാളുകൾക്കിപ്പുറം ഷഫീഖിനെ വീണ്ടും കണ്ട സന്തോഷം പങ്കിടുകയാണ് മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ്. ഫെയ്സ്ബുക്കിലൂടെയാണ് ഷഫീഖിന്റെ പുതിയ ചിത്രങ്ങൾ സഹിതം ഫിറോസ് കുറിപ്പ് പങ്കുവച്ചത്. തൊടുപുഴ അൽ അസ്ഹർ ആശുപത്രിയുടെ സ്നേഹ പരിലാളനങ്ങളേറ്റു വാങ്ങുന്ന ഷഫീഖിനെ കണ്ട നിമിഷം വൈകാരികമെന്ന് ഫിറോസ് വിശേഷിപ്പിക്കുന്നു. അവരുടെ ഈ കാവൽ സ്നേഹത്തിന് വിലയിടാൻ കഴിയില്ല. പ്രത്യേകിച്ച് ഷഫീഖിന്റെ എല്ലാ കാര്യങ്ങളും നോക്കി പരിചരിക്കുന്ന രാഗിണിയെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും ഫിറോസിന്റെ വാക്കുകൾ.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഷഫീഖിനെ ഓർമ്മയില്ലേ നിങ്ങൾക്ക്.?

ഇന്നലെ വൈകാരികമായൊരു കൂടിക്കാഴ്ച്ചക്ക് അവസരമുണ്ടായി. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദ്ദനങ്ങൾക്കിരയായി തലച്ചോറിനും കൈക്കും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന ഷഫീഖിനെ ഓർമ്മയില്ലേ നിങ്ങൾക്ക്. ഏഴു കൊല്ലം മുമ്പായിരുന്നു സംഭവം. അവന്റെ ചികിത്സയും മറ്റും പൂർണ്ണമായും ഏറ്റെടുത്ത് ഇന്നും അവനെ പൊന്നുപോലെ നോക്കുന്നത് തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജാണ്. അവനിപ്പോഴും പൂർണ്ണ ആരോഗ്യവാനായിട്ടില്ല. ഫിസിയോ തെറാപ്പിയും വെല്ലൂർ മെഡിക്കൽ കോളജിൽ ഇടക്കിടക്കുള്ള ചികിത്സയുമുണ്ട്.

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമെന്തെന്നാൽ അന്നു തൊട്ട് ഷഫീഖിന്റെ എല്ലാ കാര്യങ്ങളും നോക്കി പരിചരിക്കുന്നത് രാഗിണിയെന്ന സഹോദരിയാണ്. ഷഫീഖിന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു അവനുവേണ്ട സ്നേഹവും കരുതലും നൽകി ഒരുദിവസം പോലും വിട്ടൊഴിയാതെ സ്വന്തം കുഞ്ഞിനെപ്പോലെ അവനെ ലാളിക്കുന്ന രാഗിണിയെ പ്രശംസിക്കാൻ വാക്കുകൾ പോലും അപര്യാപ്തമാണ്. അവരുടെ ഈ കാവൽ സ്നേഹത്തിന് വിലയിടാൻ കഴിയില്ല.

ഹോസ്പിറ്റൽ ചെയർമാൻ മൂസഹാജിയും മകൻ മിജാസും കുടുംബവും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് അവനെ സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ വെറും ഷഫീഖ് എന്ന് വിളിക്കുന്നത് അവനിഷ്ടമില്ല. പകരം 'അൽ-അസ്ഹർ ഷഫീഖ്' എന്ന് വിളിക്കണമെന്ന് അവൻ വാശിയോടെ ആവശ്യപ്പെടും.

ഒരുപാട് സമ്മാനങ്ങളുമായാണ് ഷഫീഖിനെ കാണാൻ ചെന്നത്. സന്തോഷത്തോടെ അവൻ സംസാരിക്കുകയും ചെയ്തു. അവ്യക്തമായ അവന്റെ വാക്കുകൾ കൃത്യമാക്കിത്തന്നത് ഓരോ അനക്കത്തിന്റെയും ഉദ്ദേശ്യം വ്യക്തമായറിയുന്ന രാഗിണി തന്നെയാണ്.

ഷഫീഖ് പൂർണ ആരോഗ്യവാനായി ഉയരങ്ങളിലെത്തും. കാരണം, അവനെ പൊതിഞ്ഞു നിൽക്കുന്ന സ്നേഹങ്ങൾ അത്രത്തോളം സത്യവും തെളിഞ്ഞതുമാണ്.!!