Saturday 20 November 2021 04:06 PM IST : By സ്വന്തം ലേഖകൻ

‘ഭക്ഷണത്തിൽ പതിവാക്കാം തൈര്’; വയറിനെ ബാധിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമേകും പ്രോ ബയോട്ടിക് ഭക്ഷണം, അറിയാം

_BAP5893

രോഗപ്രതിരോധശക്തി നൽകുമെന്ന സവിശേഷത കൊണ്ടാണ് പ്രോ ബയോട്ടിക് ഭക്ഷണത്തിന്റെ പ്രാധാന്യം അടുത്തിടെയായി ചർച്ചകളിൽ ഇടം േനടിയത്.

രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകൾ മാത്രമല്ല, മനുഷ്യശരീരത്തിന് ഉപകാരികളായ നല്ല ബാക്ടീരിയകളുമുണ്ട്. ഗുണകരമായ ഈ ബാക്ടീരിയകൾ പ്രോ ബ യോട്ടിക് എന്നറിയപ്പെടുന്നു. മനുഷ്യ ശരീരത്തിൽ ദോഷകരമായ ബാക്ടീരിയ  പെരുകുന്നത് തടയുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇവയുടെ സാന്നിധ്യം സഹായിക്കും. തൈര് പോലെയുള്ള പുളിപ്പിച്ച ഭക്ഷണപദാർഥങ്ങളിൽ ഇത്തരം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.

ചില  ഭക്ഷണപദാർഥങ്ങളിൽ അടങ്ങിയ പ്രീ ബയോട്ടിക് ഫൈബർ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും. ഇത്തരം ഭക്ഷണപദാർഥങ്ങൾ പ്രീ ബയോട്ടിക് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിന്റെ പ്രതിരോധശക്തി ബലപ്പെടുത്താൻ സഹായിക്കുന്ന പ്രോ ബയോട്ടിക്, പ്രീ ബയോട്ടിക് ഭക്ഷണത്തെക്കുറിച്ച് അറിയാം.

പുളിപ്പിച്ചാൽ പോഷകഗുണമേറും

നമ്മുടെ അന്നനാളത്തിൽ അനേകം സൂക്ഷ്മജീവികളുണ്ട്. ഇവയിൽ ശരീരത്തിന് ഗുണകരമായ നല്ല ബാക്ടീരിയകളും യീസ്റ്റുമാണ് പ്രോ ബയോട്ടിക്. ഈ ബാക്ടീരിയകളുടെ സാന്നിധ്യം ശരീരത്തിൽ അണുബാധ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ തടയും. ദഹനേന്ദ്രിയത്തെ ആവരണം ചെയ്യുന്ന പ്രോ ബയോട്ടിക് ബാക്ടീരിയകൾ പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. ലാക്റ്റിക് ആസിഡ്, ബൈസിഡോ എന്ന ബാക്ടീരിയകളാണ് പ്രധാനമായും പ്രോ ബയോട്ടിക് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ളത്. ചില ഇനം യീസ്റ്റുകളും പ്രോ ബയോട്ടിക് ആയി ഉപയോഗിക്കുന്നുണ്ട്.

പുളിപ്പിച്ചു തയാറാക്കുന്ന ഭക്ഷണപദാർഥങ്ങൾക്കാണ് പ്രോ ബയോട്ടിക് ഗുണങ്ങളുള്ളത്. ഇന്ത്യയിലെ ഭക്ഷണശൈലി പരിഗണിച്ചാൽ പ്രോ ബയോട്ടിക് ഗുണങ്ങൾ ഏറ്റവുമധികം അടങ്ങിയ ഭക്ഷണപദാർഥമാണ് തൈര്. വീട്ടിൽത്തന്നെ തയാറാക്കുന്ന തൈരാണ് ഏറ്റവും നല്ലത്. പരമ്പരാഗത രീതിയിൽ മൺകലത്തിൽ തയാറാക്കുന്ന തൈരിന് ഗുണം കൂടും.  വിപണിയിൽ കിട്ടുന്ന തൈരിൽ കൃത്രിമഘടകങ്ങൾ ചേരാൻ ഇടയുള്ളതിനാൽ പ്രോ ബയോട്ടിക് ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. തൈര് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. പാകം ചെയ്യുമ്പോഴും ചൂടാക്കുമ്പോഴും പ്രോ ബയോട്ടിക് ഗുണങ്ങൾ നഷ്ടപ്പെടാനിടയുണ്ട്.

മോരിനും പ്രോ ബയോട്ടിക് ഗുണങ്ങളുണ്ട്. വീട്ടിൽത്തന്നെ തയാറാക്കുന്ന തൈര് കടഞ്ഞുണ്ടാക്കുന്ന മോരിലാണ് ഈ ഗുണങ്ങളുണ്ടാവുക.

പാൽ പുളിപ്പിച്ച് തയാറാക്കുന്ന പനീറിനും പനീറിന്റെ വെള്ളത്തിനും പ്രോ ബയോട്ടിക് ഗുണങ്ങളുണ്ട്. തൈരിനെ അപേക്ഷിച്ച് പ്രോ ബയോട്ടിക് ഗുണങ്ങൾ കുറവാണെങ്കിലും പനീർ ഭക്ഷണക്രമത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്. പനീർ എടുത്ത ശേഷമുള്ള വെള്ളം സൂപ്പിലോ കറികളിലോ ചേർക്കാം. വേ വാട്ടർ എന്നാണ് ഈ വെള്ളം അറിയപ്പെടുന്നത്.

മലയാളികളുടെ നാടൻ ഭക്ഷണമായ. ഇഡ്ഡലി, ദോശ, അപ്പം ഇവയ്ക്കെല്ലാം പ്രോ ബയോട്ടിക് ഗുണങ്ങളുണ്ട്. വീട്ടിൽ തയാറാക്കുന്ന അച്ചാറുകൾക്ക് പ്രോ ബയോട്ടിക് ഗുണമുണ്ട്. എന്നാൽ വിനാഗിരി ചേർത്താൽ അത് നഷ്ടപ്പെടും. വിനാഗിരി ഉപയോഗിക്കാത്ത അച്ചാർ ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന അച്ചാറുകളിൽ കൃത്രിമപദാർഥങ്ങൾ ചേർന്നിട്ടുണ്ടാകാമെന്നതിനാൽ പ്രോ ബയോട്ടിക് ഗുണങ്ങൾ ഉണ്ടാകാനിടയില്ല.

വയറിന് നല്ലതാണ് പ്രോ ബയോട്ടിക്  

വയറിനെ ബാധിക്കുന്ന മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് പ്രോ ബയോട്ടിക് ഭക്ഷണം. വയറിളക്കത്തിനും  മലബന്ധത്തിനും ഒരേപോലെ ഫലപ്രദമാണ് ഇവ. വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം (െഎബിഎസ്) എന്ന അവസ്ഥയ്ക്കും കുടലിൽ വ്രണങ്ങൾ ഉണ്ടാകുന്നത് തടയാനും  പ്രോ ബയോട്ടിക് ഭക്ഷണം നല്ലതാണ്. വയറിനുള്ളിൽ ഗ്യാസ് നിറഞ്ഞ് മനംപിരട്ടുന്നത് പോലെയുള്ള അവസ്ഥ തടയാനും  ഇവ ഉപകരിക്കും.  ലാക്ടോസ് ഇൻറ്റോളറൻസ് ഉള്ളവർക്ക്  പാൽ കുടിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരക്കാർ പാലിന് പകരം തൈര് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ മതി.

shutterstock_1241728384

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉ ത്തമമാണ് പ്രോ ബയോട്ടിക് ഭക്ഷണപദാർഥങ്ങൾ. ഇവ കഴിക്കുന്നത് രക്താതിമർദം കുറയ്ക്കും. അമിതവണ്ണം, ഗർഭകാലത്തെ പ്രമേഹം, കുട്ടികളിലുണ്ടാകുന്ന കരപ്പൻ തുടങ്ങിയവ തടയാൻ പ്രോ ബയോട്ടിക് ഭക്ഷണപദാർഥങ്ങൾ സഹായിക്കും.

പ്രോ ബയോട്ടിക് ഗുണങ്ങൾ അടങ്ങിയ സപ്ലിമെന്റും പൗഡറും ലഭിക്കും. എന്നാൽ ഇവയുടെ ഉപയോഗം ചിലരിൽ വായുശല്യം,മലബന്ധം, തലവേദന ഇത്തരം പ്രശ്നങ്ങൾക്കു കാരണമാകാം. ഡോക്ടറുടെ നിർ‍ദേശപ്രകാരമല്ലാതെ ഇവ കഴിക്കുന്നത് ഒഴിവാക്കണം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ പ്രോ ബയോട്ടിക് ഉറപ്പാക്കുന്നതാണ് ഉത്തമം.

പ്രതിരോധം ശക്തമാക്കും പ്രീ ബയോട്ടിക്

ചില സാഹചര്യങ്ങളിൽ ശരീരത്തിന് പ്രോ ബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പ്രീ ബയോട്ടിക് ഘടകങ്ങൾ സഹായത്തിനെത്തുന്നു. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ഭക്ഷണപദാർഥങ്ങളെല്ലാം പ്രീ ബ യോട്ടിക് ആണ്. ഇത്തരം ഭക്ഷണം പെട്ടെന്ന് ദഹിപ്പിക്കാൻ ശരീരത്തിന് കഴിയില്ല. ഇവയിലെ ചില ഘടകങ്ങൾ ദഹനസംവിധാനത്തിൽ പ്രോ ബയോട്ടിക് ബാക്ടീരിയകൾക്ക് ഭക്ഷണമാകും. ഇങ്ങനെ ആരോഗ്യകരമായ ബാക്ടീരിയകൾ വളരുകയും പ്രതിരോധസംവിധാനം ശക്തിപ്പെടുകയും ചെയ്യും.

മുഴുധാന്യങ്ങൾ, വാഴപ്പഴം, വെളുത്തുള്ളി, സവാള, ഉ ള്ളി, ആപ്പിൾ തുടങ്ങിയവ പ്രീ ബയോട്ടിക് ഭക്ഷണമാണ്. ഇവയിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വാഴപ്പഴവും തൈരും  തേനും ചേർന്ന ബനാന സ്മൂതി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ പ്രോ ബയോട്ടിക്, പ്രീ ബയോട്ടിക് ഘടകങ്ങളുടെ ഗുണങ്ങൾ ലഭിക്കും.

ശതാവരി, ബാർലി തുടങ്ങിയവയും പ്രോ ബയോട്ടിക് ഭ ക്ഷണമാണ്. ഇവ കുടലിൽ നല്ല ബാക്ടീരിയകൾ വളരാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഓട്സ്, പയർ വർഗങ്ങൾ, ഫ്ലാക്സ് സീഡ്സ്  തുടങ്ങിയ നാരുകളാൽ സമൃദ്ധമായ ഭക്ഷണപദാർഥങ്ങൾ പ്രീ ബയോട്ടിക് ആണ്. വിഷാദം പിടിപെടുന്നത് തടയുന്നതിനും പ്രീ ബയോട്ടിക് ഭക്ഷണം നല്ലതാണ്. പ്രോ ബയോട്ടിക് ഗുണങ്ങൾ പൂർണമായി അനുഭവിക്കണമെങ്കിൽ പ്രീ ബയോട്ടിക് ഭക്ഷണപദാർഥങ്ങൾ കൂടി ദിവസേന ഉറപ്പാക്കണം.

പതിവാക്കാം തൈര്

പ്രോ ബയോട്ടിക് ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. അധികം പുളിക്കാത്ത തൈര് പതിവാക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കും. കുട്ടികൾക്ക് ദിവസവും ഒരു ബൗളിന്റെ പകുതി അളവിൽ തൈര് നൽകാം. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്: സുജേത ഏബ്രഹാം, റിട്ടയേഡ് സീനിയർ ഡയറ്റീഷൻ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം, ഫോട്ടോ: ബേസിൽ പൗലോ

Tags:
  • Spotlight