Saturday 02 May 2020 05:33 PM IST

ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടിയൊരു വാട്സാപ്പ് ഗ്രൂപ്പ് ; കോവിഡ് കാലത്ത് കരുതലയുമായി അമ്മക്കിളിക്കൂട്

Tency Jacob

Sub Editor

pregnant-final

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഈ കാലത്ത് പ്രത്യേക കരുതൽ വേണം. അതിൻറെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും റീപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഗർഭിണികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനായി പല പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.കോട്ടയം ജില്ലയിൽ ' അമ്മക്കിളികൂട് ' എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലയിലെ എല്ലാ ഗർഭിണികളെയും അംഗങ്ങൾ ആക്കിയിട്ടുണ്ട്.ഗർഭ സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകാനായി ഒരു ഗൈനക്കോളജിസ്റ്റും മാനസികസമ്മർദ്ദം ദൂരീകരിക്കാൻ ഉള്ള പോംവഴികളും ആവശ്യമെങ്കിൽ കൗൺസിലിങ്ങും നല്കാനായി സൈക്കോളജിസ്റ്റും ഗ്രൂപ്പിലുണ്ട്. ചോദിക്കുന്ന സംശയങ്ങൾക്ക് അവർ കൃത്യമായി ഉത്തരം നൽകും.അതുപോലെ ഡോക്ടർമാരെ നേരിട്ട് വിളിച്ചും സേവനം ആവശ്യപ്പെടാം.

kiili

കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ പല ഗർഭിണികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചത് കൊണ്ട് ഗർഭിണികൾ പ്രത്യേക കരുതലെടുക്കേണ്ടതുണ്ട്. ഗർഭിണികൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. അതുപോലെ കൈകളുടെ ശുചിത്വവും സാമൂഹിക അകലവും കൃത്യമായി പാലിക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾക്കല്ലാതെ വീടിനു പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. സ്കാനുകളും മറ്റു ടെസ്റ്റുകളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാതെ പരമാവധി ഡോക്ടറിനേ കാണാൻ വരുന്ന അന്നുതന്നെ ചെയ്യിച്ച് പരിശോധിച്ചശേഷം മാത്രം വീട്ടിലേക്ക് വിടാൻ ശ്രദ്ധിക്കുന്നുണ്ട്. അത്യാവശ്യമില്ലാത്തവർക്ക്‌ ഡോക്ടറെ കാണേണ്ട കാലയളവിലും വ്യത്യാസം വരുത്തുന്നുണ്ട്. ഗർഭിണികൾ പരമാവധി പുറത്തിറങ്ങരുതെന്ന കരുതലിലാണ് ഇൗ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

എച്ച് വൺ എൻ വൺ പനി പോലെ ഗർഭിണികൾ പേടിക്കേണ്ട ഒന്നല്ല കോവിഡ് 19. സാധാരണ ഒരു വ്യക്തിയെ ബാധിക്കുന്ന പോലെ തന്നെയാണ് ഗർഭിണിയേയും ഈ രോഗം ബാധിക്കുന്നത് . ഗർഭിണിയായതുകൊണ്ട് കൂടുതൽ ഗുരുതരം എന്നില്ല. പക്ഷെ, പ്രഷറും ഷുഗറും ഹൃദ്രോഗവും പോലെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ റിസ്ക് കൂടാം എന്നേയുള്ളൂ.

ഗർഭിണിക്ക് കോവിഡ് ബാധിച്ചാൽ കുഞ്ഞിന് വൈകല്യമോ വളർച്ചക്കുറവോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്.പ്ലാസൻറയിലൂടെയുള്ള ബ്ലഡ് സപ്ലൈ വഴിയാണ് അമ്മയിൽനിന്ന് പലരോഗങ്ങളും കുഞ്ഞിനു പകരുന്നത്. എങ്കിലും, കോവിഡ് പകരാൻ അങ്ങനെയൊരു സാധ്യത ഇല്ല എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.വാട്സാപ്പിലൂടെ വരുന്ന മെസ്സേജുകൾ വിശ്വസിച്ച് സ്വയം ചികിത്സ ചെയ്യരുത്. എന്നാൽ, വൈറ്റമിൻ സിയും സിങ്കും അടങ്ങിയ സിട്രസ് ഫ്രൂട്ടുകൾ ആയ നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവ ധാരാളം കഴിക്കുന്നത് നല്ലതാണ്. തണുത്തത് കഴിച്ചാൽ അസുഖങ്ങൾ വരാൻ സാധ്യത ഉള്ളതുകൊണ്ട് അവ ഒഴിവാക്കുക.

അമ്മയ്ക്ക് കോവിഡ് ഉണ്ടെങ്കിൽ ജനിച്ചശേഷം കുഞ്ഞിനു പകരാം.മുലപ്പാൽ കൊടുക്കുന്നതിലൂടെ കോവിഡ് പകരില്ല. അതുകൊണ്ടുതന്നെ പ്രസവശേഷം അമ്മമാർ പ്രത്യേകം കരുതൽ എടുക്കണം. കോവിഡ് ബാധിതയാണെങ്കിലും അല്ലെങ്കിലും കുഞ്ഞിനെ മുലയൂട്ടുമ്പോൾ മാസ്ക് ധരിക്കണം. അതുപോലെ കൈകൾ സോപ്പോ, ഹാൻഡ് വാഷോ, സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രമേ കുഞ്ഞിനെ എടുക്കാവൂ. കുഞ്ഞിൻറെ മുഖത്തും മറ്റും ഉമ്മ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലെ ഒന്നു രണ്ടോ പേരല്ലാതെ കുഞ്ഞിനെ മറ്റാരും എടുക്കാൻ പാടില്ല. കുഞ്ഞിനേ എടുക്കുന്നവരും മാസ്ക് ധരിക്കേണ്ടതും കൈകളിലെ ശുചിത്വം പാലിക്കേണ്ടതും പ്രധാനമാണ്. വീടിനു പുറത്തുള്ളവർ കുഞ്ഞിനെ കാണാൻ വരുന്നതു പ്രോത്സാഹിപ്പിക്കേണ്ട. അമ്മമാർ ഉപയോഗിക്കുന്ന തോർത്ത്, മറ്റു വസ്ത്രങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുത്. പരമാവധി സമ്മർദ്ദം ഇല്ലാതെ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക.

ഡോ. സതി എം. എസ്

(അഡീഷണൽ പ്രൊഫസർ,

ഡിപ്പാർട്ട്മെൻറ് ഓഫ് ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി,

ഗവൺമെൻറ് മെഡിക്കൽ കോളേജ്, കോട്ടയം.)