Friday 11 May 2018 05:21 PM IST

ആരാണിയാൾ? നിവിൻ പോളിയെ നേരിൽ കണ്ടപ്പോൾ തൊബാമ നായികയ്ക്കു പറ്റിയ അബദ്ധം!

Priyadharsini Priya

Sub Editor

punya001

"തൊബാമയുടെ ഷൂട്ടിങ് നടക്കുകയാണ്. അപ്പോഴാണ് തടിച്ച്, മുടിയൊക്കെ പറ്റെയടിച്ച് ഒരാൾ അവിടേക്ക് എത്തിയത്. നിർമ്മാതാവ് അൽഫോൺസ് പുത്രനും സംവിധായകൻ മൊഹ്സിനും അടക്കമുള്ളവർ അതിഥിയുടെ ചുറ്റും കൂടി. ചിത്രത്തിലെ നായിക പുണ്യ അന്തംവിട്ടു നിന്നു. കണ്ടിട്ടു പരിചയമുള്ള ആളല്ല. പക്ഷേ എല്ലാവരും വലിയ ആരാധനയോടെ അദ്ദേഹത്തോടു സംസാരിക്കുന്നു. പുണ്യ രണ്ടും കൽപ്പിച്ച് അടുത്തുനിന്ന ആളോടു ചോദിച്ചു, ആരാണയാൾ? അയ്യേ... നിവിൻ പോളിയെ അറിയാത്ത നായികയോ? – മറുചോദ്യം കേട്ട് പുണ്യയ്ക്ക് തലകറങ്ങി. അന്നുമുതൽ സെറ്റിൽ എല്ലാവരും ട്രോളാട് ട്രോൾ. ചുരുക്കം പറഞ്ഞാൽ ‘നിവിനെ അറിയാത്ത നായിക’ എന്ന വിളിപ്പേര് അവിടെവച്ച് എനിക്കു ചാർത്തിക്കിട്ടി." - മൊഹ്‌സിൻ കാസിം സംവിധാനം ചെയ്ത് അൽഫോൺസ് പുത്രൻ നിർമ്മിച്ച ‘തൊബാമ’യിലൂടെ നായികാ പദവിയിലേക്ക് ചുവടുവച്ച പുണ്യയ്ക്ക് അന്നുപറ്റിയ അബദ്ധത്തിന്റെ കഥ പറയുമ്പോൾ ഇപ്പോഴും ചമ്മൽ.

‘വനിത’യുടെ മോഡൽ ബാങ്കിൽ നിന്ന് മോഡിലിങ്ങിലേക്കും അതുവഴി സിനിമയിലേക്കും ചുവടുവച്ച പുണ്യയ്ക്ക് ഒന്നുറപ്പാണ്, തന്റെ വളർച്ചയുടെ പിന്നിൽ അച്ഛനമ്മമാരുടെ പുണ്യം ഒന്നു മാത്രം. പുതിയ വിശേഷങ്ങൾ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് തൊബാമയിലെ നായിക.

’വനിത’യുടെ മോഡൽ ബാങ്കിൽ നിന്ന് നായികാ പദവിയിലേക്ക്?

ഒരു ബൊട്ടീക്കിന്റെ പരസ്യത്തിലൂടെയാണ് മോഡലിങ് രംഗത്ത് എത്തുന്നത്. അന്ന് വനിതയുടെ ഫെയ്സ്ബുക് പേജിൽ ഒരു പരസ്യം കണ്ടിരുന്നു. മോഡലാകാൻ ആഗ്രഹിക്കുന്നവർ ചിത്രങ്ങൾ അയയ്ക്കണമെന്ന്. ഒരു കൗതുകത്തിന് ഞാനും അയച്ചു. അങ്ങനെ എന്നെ ഫാഷൻ മോഡലായി തിരഞ്ഞെടുത്തു. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായി അത്. മോഡലിങ് രംഗത്തു നിൽക്കാം എന്ന ആത്മവിശ്വാസം തന്ന ഷൂട്ടായിരുന്നു അത്.

punya002

മോഡലിങ്ങിൽ നിന്ന് തൊബാമയിലേക്ക്?

അൽഫോൺസ് പുത്രൻ ചേട്ടന്റെ ഓഡിഷൻ കോളാണ് ഞാനാദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ടീം ആയതുകൊണ്ട് അപേക്ഷിക്കാൻ തീരുമാനിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഓഡിഷൻ നടന്നത്. ആദ്യ റൗണ്ടിൽ നോവലിലെ ഒരു ഭാഗം അഭിനയിച്ചു കാണിക്കുകയായിരുന്നു. രണ്ടാമത്തെ റൗണ്ടിൽ സിനിമയുമായി ബന്ധപ്പെട്ട ചില സീനുകളും. മൂന്നാം റൗണ്ടിൽ സ്‌ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ടെസ്‌റ്റുമായിരുന്നു. ഓഡിഷൻ കഴിഞ്ഞ് സിനിമയുടെ സംവിധായകൻ മൊഹ്‌സിൻ ചേട്ടൻ വിളിച്ചുപറഞ്ഞു, പുണ്യയാണ് സെലക്ടായത് എന്ന്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരമായിരുന്നു. പറഞ്ഞറിയിക്കാൻ വയ്യ, അത്രയ്‌ക്ക് എക്സൈറ്റഡ് ആയിരുന്നു ഞാൻ.

വലിയൊരു ടീമിനൊപ്പം ആദ്യമായിട്ട് അഭിനയിക്കാൻ പോകുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. പക്ഷെ തൊബാമയുടെ സംവിധായകനും സഹതാരങ്ങളുമെല്ലാം മികച്ച പിന്തുണ നൽകി. സീനുകൾ വിവരിച്ചുതരും. ഇതാണ് വേണ്ടത്, ഇങ്ങനെ ചെയ്‌താൽ മതിയെന്ന് പറയും. വർഷങ്ങൾക്ക് മുൻപ് കോളജിൽ വച്ച് അഭിനയിച്ചത് മാത്രമായിരുന്നു ആകെയുള്ള എക്സ്പീരിയൻസ്. അന്ന് കരിക്കുലത്തിന്റെ ഭാഗമായി ഒരു ഡോക്യുമെന്റെഷൻ ഉണ്ടായിരുന്നു. അതിനുശേഷം അഭിനയത്തോട് വലിയ ഇഷ്ടമായിരുന്നു.

സംവിധായകൻ അൽഫോൺസ് പുത്രൻ നിർമ്മാതാവായി എത്തിയപ്പോൾ?


ഞങ്ങൾക്ക് ഒരു ക്രിയേറ്റീവ് സ്‌പേസ് നൽകിക്കൊണ്ട് തന്നെയാണ് പ്രൊഡ്യൂസർ എന്ന നിലയിൽ അൽഫോൺസ് ചേട്ടൻ പെരുമാറിയത്. മൊഹ്‌സിൻ ചേട്ടനും ആർട്ടിസ്റ്റുകൾക്കുമെല്ലാം സ്വാതന്ത്ര്യത്തോടെ ഇടപെടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എല്ലാ രീതിയിലും ഞങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പുള്ളിക്കാരൻ തന്റെ റോൾ നിറവേറ്റിയത്.

punya003

നിവിൻ പോളിയെ കണ്ടിട്ട് അബദ്ധം പറ്റിയത് പാട്ടായല്ലോ?

മുൻകൂട്ടി പറയാതെ പെട്ടെന്നായിരുന്നു നിവിൻ ചേട്ടൻ സെറ്റിൽ വന്നത്. ആ സമയം ടേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഞങ്ങൾ ഒരേ നാട്ടുകാരാണ്.. ആലുവക്കാർ.. എന്റെ കസിൻ ബ്രദർ വിവാഹം കഴിച്ചിരിക്കുന്നത് നിവിൻ ചേട്ടന്റെ കസിൻ  സിസ്റ്ററിനെയാണ്. എന്നാൽ ഞാൻ നിവിൻ ചേട്ടനെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ആദ്യമായി കണ്ടപ്പോള്‍ അത് ഇങ്ങനെയുമായി. നിവിൻ ചേട്ടന്‍ ശരിക്കും ഒരു സംഭവമാണ്. അത്രയ്‌ക്ക് ഗംഭീര ഗെറ്റപ്പായിരുന്നു ’മൂത്തോന്റെ’ത്. എത്ര ഡെഡിക്കേറ്റഡ് ആയിട്ടാണ് ചേട്ടൻ സിനിമയെ നോക്കിക്കാണുന്നത്. ശരിക്കും അസൂയ തോന്നിപ്പോയി.

പുതിയ സിനിമകൾ?

കുറേ കഥകൾ കേട്ടു. ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കുറച്ചു സെലക്ടീവായി മുന്നോട്ടുപോകണമെന്നാണ് താൽപ്പര്യം. തുടക്കം നല്ലൊരു ടീമിന്റെ കൂടെയായതുകൊണ്ട് അടുത്ത പടങ്ങളും അങ്ങനെത്തന്നെയാകണമെന്നാണ് ആഗ്രഹം. നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ തീർച്ചയായും കമ്മിറ്റ് ചെയ്യും.

എനിക്ക് സിനിമാ പാരമ്പര്യം ഒന്നുമില്ല. അതുകൊണ്ട് സിനിമയിൽ ഗോഡ് ഫാദറുമില്ല. കസിൻ ജിഗിയാണ് എല്ലാ സപ്പോർട്ടും. പിന്നെ എല്ലാം വരുന്നതുപോലെ സംഭവിക്കട്ടെ. മോഡലിങ്, ആക്റ്റിങ് എന്നൊന്നും വേർതിരിച്ചു കണ്ടിട്ടില്ല. അവസരം കിട്ടുന്നത് പോലെ മുന്നോട്ടു പോകും. തൽക്കാലം അന്യഭാഷാ സിനിമയിലേക്ക് പോകാനില്ല. പക്ഷെ നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ചെയ്യും. ലാലേട്ടനാണ് ഇഷ്ടപ്പെട്ട നടൻ. ശോഭന മാം ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ കണ്ടാണ് വളർന്നിട്ടുള്ളത്. അതുപോലെ അഭിനയിക്കണമെന്നാണ് മോഹം.

punya004

കുടുംബത്തിൽ നിന്ന് കിട്ടിയ പിന്തുണ?

വീട് ആലുവയിലാണ്. പക്ഷെ ഞങ്ങൾ ശരിക്കും ചങ്ങനാശ്ശേരിക്കാരാണ്. എന്റെ അമ്മയും അനിയന്മാരും മാത്രമാണ് വീട്ടിൽ. അച്ഛൻ ബോസ് മരണപ്പെട്ടിട്ട് മൂന്നു വർഷം കഴിയുന്നു. അമ്മയുടെ പേര് ബീന ബോസ്. അനിയന്മാർ പാവൻ ബോസ്, പോൾ ബോസ്. പാവൻ ബിബിഎ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്യുന്നു. ചെറിയ അനിയൻ പോൾ പത്തിൽ പഠിക്കുന്നു. ഞാൻ ഒരു ആർക്കിടെക്റ്റാണ്. കോഴ്‌സ് കഴിഞ്ഞശേഷമാണ് സിനിമയിലെത്തിയത്.

സിനിമയിൽ വരുമ്പോൾ അമ്മയ്‌ക്ക് ആദ്യം കുറച്ച് പേടിയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഒരുപാട് ഹാപ്പിയായി. അനിയൻമാരാണ് എന്റെ ഏറ്റവും വലിയ ക്രിറ്റിക്സ്. സിനിമ ഇറങ്ങിയശേഷം അവരെന്നെ കൊന്നു കൊലവിളിച്ചെന്നു പറഞ്ഞാൽ മതിയല്ലോ! പക്ഷെ, അവരുടെ വിമർശനങ്ങളെല്ലാം എന്നെ സഹായിച്ചിട്ടേ ഉള്ളൂ... ഞാനത് വെൽകം ചെയ്യുകയാണ്.

ഹോബീസായി വായിക്കാനും വരയ്ക്കാനും ഏറെ ഇഷ്ടമാണ്. പിന്നെ ഡാൻസ് കളിക്കും. പക്ഷെ ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല ട്ടോ. വരയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് മെയിനായി ആർക്കിടെക്റ്റ് തിരഞ്ഞെടുത്തത്. ഇനി സിനിമയിലും ‘വര’ തെളിയട്ടേയെന്നാണ് പ്രാർത്ഥന.