Thursday 09 April 2020 05:12 PM IST

ക്വാറന്റീൻ നമ്മളുദ്ദേശിക്കുന്ന ആളല്ല സർ! പഴയ ശ്രീലങ്കൻ സർട്ടിഫിക്കറ്റ് കഥ പറഞ്ഞു തിരുവല്ലക്കാരൻ ഷമീർ

Ammu Joas

Sub Editor

quarenin

കൊറോണയും കോവിഡും വരുന്നതിനു മുൻപ് 'ക്വാറന്റീൻ' ഏതാണ്ട് ശശി തരൂർ ലെവെലിലുള്ള വാക്കായിരുന്നു മലയാളിക്ക്. എന്നാൽ 65 വർഷം മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് ഇന്ത്യയിൽ എത്താൻ ക്വാറന്റീൻ സർട്ടിഫിക്കറ്റ് തന്നെ വേണമായിരുന്നു എന്ന് അറിയാമോ? 1955 ജൂൺ മൂന്നിന് കൊളംബോയിലെ ക്വാറന്റീൻ ഓഫീസിൽ നിന്ന് കെങ്കല്ല മുറുഗപിട്ടിയ എസ്റ്റേറ്റിലെ ചെട്ടിയാർക്കു ഇന്ത്യയിലേക്ക് വരാൻ നൽകിയ സർട്ടിഫിക്കറ്റ് ആണിത്.

തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്ന് മൂന്ന് വർഷം മുൻപ് പി. എസ് ഷമീറിന്റെ കയ്യിൽ കിട്ടിയതാണ് ഈ ക്വാറന്റീൻ സർട്ടിഫിക്കറ്റ്. "അന്ന് ഈ വാക്കു പോലും എനിക്കത്ര പരിചിതമല്ല. ചരിത്ര രേഖകൾ പൊന്നു പോലെ സൂക്ഷിക്കുന്നത് കൊണ്ട് ഇതും ഫ്രെയിം ചെയ്തു കണ്ണാടി കൂട്ടിലാക്കി വച്ചു. ഇപ്പോഴാണ് പ്രാധാന്യം മനസിലാക്കുന്നതും കൂടുതലായി പഠിയ്ക്കുന്നതും."

20 വർഷമായി ചരിത്രവസ്തുക്കളുടെ പിന്നാലെയാണ് തിരുവല്ല മുത്തൂർ ഷമീർ മൻസിലിലെ ഷമീർ. പഴയകാല മുദ്രപത്രങ്ങൾ, പുരാണ രേഖകൾ, തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങൾ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന നാണയങ്ങൾ എന്നിങ്ങനെ ചരിത്രത്തിന്റെ ഒട്ടേറെ ഏടുകൾ ഷമീറിന്റെ പക്കലുണ്ട്.സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയിൽ അംഗം കൂടിയാണ് ഷമീർ. "ശ്രീലങ്ക ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും മഞ്ഞപ്പനി അഥവാ യെല്ലോ ഫീവർ പടർന്നുപിടിച്ചിരുന്ന 1955 -56 കാലത്തുള്ളതാണ് ഈ സർട്ടിഫിക്കറ്റ്. ഇന്ത്യയിൽ എത്തുന്നവരെ നിരീക്ഷിക്കാൻ തൂത്തുക്കുടി, മണ്ഡപം തുടങ്ങിയ സ്ഥലങ്ങളിൽ ക്വാറന്റീൻ ഓഫീസും അന്ന് ഉണ്ടായിരുന്നു. ഒരു മാസത്തെ കാലാവധിയാണ് സെര്ടിഫിക്കറ്റിനു നൽകിയിരിക്കുന്നത്. സിലോണിൽ തിരിച്ചെത്തിയാൽ പാലിക്കേണ്ട കാര്യങ്ങളും വ്യക്തമായി എഴുതിയിട്ടുണ്ട് ഇതിൽ." കടൽ കടന്നെത്തിയ ക്വാറന്റീൻ സെര്ടിഫിക്കറ്റിന്റെ കഥ ഷമീർ പറയുന്നു.

ഷമീർ: 7510624987

Tags:
  • Spotlight