Friday 06 March 2020 10:30 AM IST

‘സ്വന്തം ഉപ്പ പിച്ചിച്ചീന്തിയ ജീവിതം’ ;രഹ്നാസിന്റെ കരളുറപ്പിന് സംസ്ഥാന വനിത രത്ന പുരസ്കാരം; അറിയാം ആ അതിജീവനം

Tency Jacob

Sub Editor

rahnas-award

പ്രതിസന്ധികളെ അവഗണിച്ച് നിശ്ചയദാർഢ്യത്തോടെ ഉയരങ്ങൾ കീഴടക്കിയതിന് രഹ്നാസിന് കേരള സർക്കാരിന്റെ  വനിതാരത്ന പുരസ്കാരം. സ്കൂൾ വിദ്യാർഥിനിയായിരിക്കുന്പോൾ അച്ഛനിൽ നിന്നേറ്റ ദുരനുഭവം ഇല്ലാതാക്കിയത് വീടിന്റെ സുരക്ഷിതത്വം കൂടിയാണ്. ഓർഫനേജുകളിലെ പരിമിത സൗകര്യങ്ങളിൽ ഒതുങ്ങുന്പോഴും പഠിച്ച് സമൂഹത്തിലിറങ്ങി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനൊരു പ്രതിസന്ധിയും സങ്കടങ്ങളും കാരണങ്ങളാക്കാൻ അവൾ സമ്മതിച്ചില്ല. ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എൻ‌റോൾ ചെയ്തതിനുശേഷം ഇപ്പോൾ സിവിൽ സർവീസിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് രഹ്നാസ്. ‘ഇരയെന്ന പേരിൽ ഞാനെന്തിനു മറഞ്ഞിരിക്കണം. ഞാൻ തെറ്റു ചെയ്തിട്ടില്ല. തെറ്റു ചെയ്തവർ തലകുനിക്കട്ടെ.’’ അതെ, അവൾ ജീവിതം പറഞ്ഞപ്പോൾ ഇല്ലാതായത് സമൂഹം കൽപ്പിച്ചു കൊടുത്ത വിലക്കുകളാണ്. തുറന്നു പറയാൻ അവൾ കാണിച്ച ആ ചങ്കൂറ്റത്തിനും കൂടിയാണ് ഈ അവാർഡ്.

രഹ്നാസിന്റെ വേദനയും അതിജീവനവും വനിത വായനക്കാർക്കായി പങ്കുവച്ചിരുന്നു. ടെൻസി ജെയ്ക്കബ് തയ്യാറാക്കിയ തയ്യാറാക്കിയ ലേഖനം ചുവടെ വായിക്കാം...

മദ്യപിച്ചാണ് അയാള്‍ വരുന്നത്. പിന്നെ, എന്നെയും ഉമ്മയേയും ക്രൂരമായി അടിക്കും. അതു സഹിക്കാനാകാതെ ഞങ്ങള്‍ ഉറക്കെ നിലവിളിക്കും. അയൽവീടുകളിൽ എല്ലാവരും അതു കേൾക്കുന്നുണ്ടാകും. രക്ഷിക്കാൻ കെഞ്ചി യാലും ജനാലയുടെ പിന്നിലൊളിക്കുന്ന ആ മുഖങ്ങൾ ഒരിക്കലും വാതിൽ തുറന്ന് ഞങ്ങൾക്കടുത്തെത്താറില്ല.

അവർക്കും പേടിയായിരുന്നു അയാളെ. ഞങ്ങൾക്കും ഭയമായിരുന്നു, അല്ല, അയാൾ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. അതാണ് ശരി. ആരുമില്ലായിരുന്നു ഞങ്ങൾക്ക്. അടുത്തുള്ളവരോട് ഒന്നു മിണ്ടാൻപോലും അനുവദിക്കാതെ ഉമ്മയെ അ യാൾ വീടിനുള്ളിലെ ഇരുട്ടിലേക്ക് അടിച്ചിരുത്തി.

അയാള്‍ ആരെന്നല്ലേ, എന്റെ വാപ്പ. വെറും പതിന്നാലു വയസ്സുണ്ടായിരുന്ന എന്നെ ബലാത്സംഗം ചെയ്തതിനും മറ്റു പതിനൊന്ന് പേര്‍ക്ക് മാനഭംഗപ്പെടുത്താൻ അവസരമൊരുക്കിയതിനും ശിക്ഷിക്കപ്പെട്ട് പത്തു വർഷത്തിലധികമായി ജയിലില്‍ കഴിയുന്നു. എന്നെ ദ്രോഹിച്ചവരും ജയിലിലാണ്. ഇപ്പോള്‍ ഞാൻ അയാളെ വാപ്പ എന്നു വിളിക്കാറില്ല. അയാൾ തന്നെയാണ് ആ വിളി എന്റെ നാക്കിൻത്തുമ്പിൽ നിന്നു മുറിച്ചു മാറ്റിയത്.

ഇവൾ രഹ്നാസ്, ഇരുപത്തിന്നാലു വയസ്സുള്ള പെൺകുട്ടി. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. പ്ലസ്ടു ക ഴിഞ്ഞ് എൽഎൽബി പൂർത്തിയാക്കിയ രഹ്നാസ് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകയായി എ ൻറോൾ ചെയ്തു. ഇപ്പോൾ സിവിൽ സർവീസിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. സഹതാപത്തിന്റെ മുനയൊളിപ്പിച്ച് നാം ചമച്ചിരിക്കുന്ന ‘ഇര’ എന്ന വാക്കില്‍ വിേശഷിപ്പിച്ചാല്‍ അവള്‍ നമുക്കു നേരെ മുഖമുയർത്തും. പിന്നെ, കരുത്തോെട പറയും, ‘ഞാൻ ഇരയല്ല, എനിക്കൊരു പേരുണ്ട്. എന്നെ ഉപദ്രവിച്ച കുറ്റവാളികൾ തല താഴ്ത്തട്ടെ. ഞാനെന്തിന് മറഞ്ഞിരിക്കുകയും തലകുനിക്കുകയും ചെയ്യണം.’

കരയാനുള്ള രാത്രികള്‍

ഞാൻ ജനിച്ചത് ഉമ്മയുടെ നാടായ ത ലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേ ക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു അയാൾ. മൈക്ക് അനൗ ൺസ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോൾ സീസണിൽ മാത്രമായി പണി.

രാവിലെ യൂണിഫോമിട്ട് സ്കൂളിൽ പോകാൻ തിടുക്കപ്പെടുമ്പോഴായിരിക്കും അയാൾ കുടിച്ചു വരുന്നത്. പിന്നീടു കാണുന്നത് ചോറ്റുപാത്രം അടുക്കളപ്പുറത്തേക്കു വലിച്ചെറിയുന്നതാണ്, ഉമ്മയെ തല്ലിച്ചതയ്ക്കുന്നതാണ്. അതോടെ ഞ ങ്ങളും ഓരോ മുറികളിൽ ചുരുണ്ടു കൂടും.

വല്ലപ്പോഴും മാത്രം ചെല്ലുന്നതു കൊണ്ട് സ്കൂളിൽ ‘മാ വേലി’ എന്നായിരുന്നു എന്റെ വിളിപ്പേര്. ആരോടും അധികം കൂട്ടുകൂടാത്ത പഠിപ്പിൽ അത്ര മിടുക്കിയല്ലാത്ത പെൺകുട്ടി, അതായിരുന്നു ഞാൻ.

ഉമ്മ പാവമായിരുന്നു. വിദ്യാഭ്യാസമൊന്നുമില്ലാത്ത വീട്ടമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടു കൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാൾ ഓരോ കാരണ ങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അയാളില്ലാത്ത പകലുക ളിൽ ഞങ്ങൾ കളിച്ചു തിമിർക്കുമ്പോൾ ഉമ്മ വിലക്കും. ‘അധി കം ചിരിക്കരുത്. രാത്രി കരയാനുള്ളതാണ്.’

കരൾ പിളരും കാലം

എനിക്ക് പ്രായപൂർത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം അയാൾ തുടങ്ങിയത്. ആദ്യം എനിക്കതു മനസ്സിലായില്ല. പിന്നെ, എന്റെയുള്ളിലെ പെണ്ണിരുന്ന് ‘ഇത് വാപ്പാന്റെ സ്നേഹമല്ല’ എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ ഞാൻ ഉമ്മാനോട് സംശയം പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാൾ കുടിക്കാതെ നിൽക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ കാരണവും പറഞ്ഞാണ് ഉമ്മയെ അടിച്ചത്. ഒരിക്കൽ ബലമായി എന്നെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ വീടു വിട്ടോടി. തിരിച്ചു വന്നപ്പോൾ അയാളെന്റെയും അനിയന്റെയും തലയിൽത്തൊട്ട് ഇതൊ ന്നും ആവർത്തിക്കില്ലെന്നു സത്യം ചെയ്തു.

ഒൻപതാം ക്ലാസ്സിന്റെ തുടക്കത്തിൽത്തന്നെ എന്റെ പഠിപ്പ് നിർത്തി. വീട്ടിൽ പട്ടിണിയും കഷ്ടപ്പാടുമാണെന്നു പറഞ്ഞ് പപ്പടം പണിക്ക് പറഞ്ഞു വിട്ടു. പിന്നെ, തുണിക്കടയിൽ, വീടുകളിൽ അടുക്കളപ്പണിക്ക്... ഒരിടത്തു നിന്നും ശമ്പളം എന്റെ കൈയിൽ കിട്ടില്ല. അതു മുൻകൂറായി വാങ്ങി കൊണ്ടുപോയിട്ടുണ്ടാകും അയാള്‍. പണിയെടുത്ത് തളർന്ന് വരുന്ന എന്നെക്കണ്ട് ഉമ്മ പലപ്പോഴും ജോലിക്കു പോകാൻ മുതിർന്നിട്ടുണ്ട്. പക്ഷേ, ഉമ്മയെ അയാൾ വീടിനു പുറത്തേക്കിറക്കില്ലായിരുന്നു.

ira

‘നമുക്ക് പൈസയില്ല, വീട് ബുദ്ധിമുട്ടിലാണ്, രഹ്നാസ് വി ചാരിച്ചാൽ പൈസയുണ്ടാക്കാൻ സാധിക്കും’ എന്നൊക്കെ ഒ രു ദിവസം പറഞ്ഞു. ഞാൻ വിചാരിച്ചാൽ ഇതിൽ കൂടുതൽ പൈസ എങ്ങനെയുണ്ടാക്കാമെന്നു ചിന്തിച്ചിട്ട് എനിക്ക് ഉപായ ങ്ങളൊന്നും തോന്നിയില്ല. ഞങ്ങളുടെ നാട്ടിൽ ചില ലൈംഗിക തൊഴിലാളികളുണ്ട്. അവരുടെ പേരെല്ലാം പറഞ്ഞ് ഞാൻ അങ്ങനെയാകണം എന്നൊരു ദിവസം അയാള്‍ പറഞ്ഞു. അന്നേരം ഞാനും കുട്ടികളും മാത്രമായിരുന്നു വീട്ടിൽ. അതു കേട്ട് ഞാൻ ഭയങ്കരമായി വഴക്കിട്ടു. വീട്ടിൽ നിന്നിറങ്ങി നട ന്നു, എവിടേക്കെന്നില്ലാതെ. പണ്ട് ഞാൻ അയാളുടെ കൂടെ അനൗൺസ്മെന്റിന് പോകാറുണ്ടായിരുന്നു. അതിനുപോലും ഇനി വരില്ല എന്നു തീർത്തു പറഞ്ഞു.

വീണ്ടും അയാള്‍ ക്ഷമ പറഞ്ഞു. ഒരിക്കലും ഇങ്ങനെ ആ വര്‍ത്തിക്കില്ലെന്ന് ആണയിട്ടു. അപ്പോഴും എന്റെ മനസ്സിന്റെ കത്തലടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അനൗൺസ്മെന്റ് വർക്കിന് എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു. ചതിയായിരിക്കുമെന്ന് കരുതി ഞാൻ കൂട്ടാക്കിയില്ല. പിന്നീട് അതിന്റെ ആളുകളെ കൊണ്ടു വന്ന് നേരിട്ട് സംസാരിപ്പിച്ച് ബോധ്യപ്പെടുത്തി. അങ്ങനെ ആ വർക്കിനു പോയി.

ഒരു ദിവസം ഞാൻ ജോലി ചെയ്യുന്ന തയ്യൽക്കടയിലേക്ക് അയാളുടെ ഫോൺ വന്നു. ‘ഒരു കാസറ്റ് റിക്കോർഡിങ്ങിന് കണ്ണൂര് പോണം’ എന്നു പറഞ്ഞ്. ഞാൻ െപട്ടെന്നു തയാറായി ഇരിക്കൂർ പാലത്തിന്റെയരികില്‍ കാത്തു നിന്നു. അയാളും വേ റൊരാളും കൂടി വന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി.

അന്നയാള്‍ ആദ്യമായി എന്നെ മറ്റൊരാള്‍ക്കു വിറ്റു. ഒരു അച്ഛൻ അന്നത്തിന് കണ്ടുപിടിച്ച മാർഗം. എന്‍റെ എതിർ പ്പുകളൊന്നും ഫലം കണ്ടില്ല. ഞാന്‍ കരഞ്ഞു കൊണ്ടേയിരുന്നു. തിരിച്ചു വന്നിട്ട് ഉമ്മായോട് കാര്യങ്ങളെല്ലാം പറഞ്ഞു. അയാൾ കുടിച്ചിരിക്കുകയാണെന്നൊന്നും നോക്കാതെ ഉമ്മ അപ്പോൾത്തന്നെ അയാളോടു േദഷ്യപ്പെട്ടു. അയല്‍പക്കത്തുള്ളവരൊക്കെ േകള്‍ക്കാന്‍ ഉമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിലും ഒരു സഹായം കിട്ടും എന്ന് വിചാരിച്ചു കാണും. ഞങ്ങൾ അഞ്ചു പേരും വലിയ വായിൽ കരയുന്നുണ്ട്. പക്ഷേ, ആരും വന്നില്ല.





പിറ്റേന്നു കാലത്ത് അയാൾ കുടിക്കാൻ പോയപ്പോള്‍ സഹതാപം പറയാൻ പലരും വന്നു. അതുകൊണ്ടെന്താണ് നേട്ടം? അന്നൊരു വിരൽത്തുമ്പ് കിട്ടിയാൽപ്പോലും ഞാൻ പി ടിച്ചു കയറുമായിരുന്നു. കരഞ്ഞും നൊന്തും ജീവിതത്തിന്‍റെ വലിയൊരു ഭാഗം തള്ളി നീക്കേണ്ടി വരില്ലായിരുന്നു.

പിന്നീടും എന്നെ ഓരോയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ആവർത്തിച്ചു. അതു കൂടാതെ അയാളുടെ ലൈം ഗിക ആവശ്യങ്ങൾക്കും എന്നെ ഉപയോഗപ്പെടുത്തി തുടങ്ങി. മാനം പോയവൾക്കെന്ത് സദാചാരം എന്നയാൾ ചിന്തിച്ചിരിക്കണം. കരഞ്ഞ് ബഹളം വയ്ക്കാനല്ലാതെ എനിക്കും ഉമ്മയ്ക്കും ഒന്നിനും പറ്റിയില്ല. വീടുവിട്ടിറങ്ങിയാൽ എവിടേക്ക്? ഒരു കി ലോമീറ്റർ പോലും തനിയെ പോയിട്ടില്ലാത്ത ഞാൻ പുറംലോകത്തെ ഇരുട്ടിനെ ഭയന്നു. എന്നിട്ടും, ഒരിക്കൽ ബൂത്തിൽ നിന്ന് ഉമ്മയുടെ വീട്ടിലേക്കു ഫോൺ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. ഉപ്പ എന്നെ ഉപദ്രവിക്കുന്നുണ്ട്, ഞാൻ അവിടേക്ക് വരികയാണ് എന്നൊക്കെ. ‘അയ്യോ, അങ്ങനെ പറയല്ലേ. ഉമ്മ തനിച്ചായി പോകും. വീട്ടിലേക്ക് തിരിച്ചു പോ.’ എന്നു പറഞ്ഞവര്‍ നിരുത്സാഹപ്പെടുത്തി.

ഞാൻ കുറച്ചു നേരം ബൂത്തിൽ തന്നെയിരുന്നു. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ മനസ്സിൽ ചുട്ടെരിഞ്ഞിരുന്ന ചിന്ത അതു മാത്രമായിരുന്നു. അയാളുടെ കുടുക്കിൽ നിന്ന് രക്ഷപ്പെടാനാകില്ല, ആരും രക്ഷപ്പെടുത്താനുമില്ല, ഞാൻ പോയാൽ ഉമ്മയും കുട്ടികളും തനിച്ചായി പോകും. അതെ, അയാളുടെ മരണം ഞാൻ തീവ്രമായി ആഗ്രഹിക്കാൻ തുടങ്ങി. പുഴ കടക്കുമ്പോൾ കണ്ടു, ഉമ്മ എന്നെ തിരഞ്ഞ് വരുന്നത്. അന്ന് ചെല്ലുമ്പോൾ എന്നെ അടിക്കുന്നതിനു പകരം അയാൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയനെയാണ് ഉപദ്രവിച്ചത്. അതോടുകൂടി ഞാനെന്റെ രക്ഷപ്പെടാനുള്ള പ്രതീക്ഷകളെല്ലാം കൈവിട്ടു. അയാളൊരിക്കൽ അടക്കം പറഞ്ഞതുപോലെ എന്റെ സഹോദരങ്ങളെയും ഉമ്മയേയും കൊന്നു കളയുമെന്നു തോന്നി.

ആ പെൺകുട്ടി ഞാനായിരുന്നോ?

ഇതിനിടെ നാലോ അഞ്ചോ തവണ ചില സ്ഥലങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ഓരോ തവണ മടങ്ങി വരുമ്പോഴും ഉമ്മ ബഹളം വയ്ക്കും. ഒരു തവണ ഞാൻ വീട്ടില്‍ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഉമ്മയും സമ്മതിച്ചില്ല. എന്നെ അ ടിച്ചും വലിച്ചിഴച്ചും കൊണ്ടുപോകാൻ തുടങ്ങി.

പുഴക്കരയിലെ കലുങ്കിലിരുന്ന ചെറുപ്പക്കാർ ചോദിക്കുന്നതു കേട്ടു, ‘രഹ്നാസ് എന്തിനാ കരയുന്നത്, എവിടേക്കാ ഇവരെ കൊണ്ടു പോകുന്നത്?’ എന്നെല്ലാം. അയാൾ എന്തോ മോശപ്പെട്ട വാക്കു പറഞ്ഞ് അവരെ അടക്കിയിരുത്തി. പിന്നാലെ നിലവിളിച്ചു െകാണ്ടുവന്ന ഉമ്മ അവരോടു കാര്യമെല്ലാം പ റഞ്ഞു. അന്ന് ആദ്യമായിട്ടായിരുന്നു ഉമ്മ തനിച്ച് റോഡിലേക്കിറങ്ങിയത്.

ആ ചെറുപ്പക്കാർ വേഗം പാർട്ടി പ്രവർത്തകരെ വിവരം അ റിയിച്ചു. അപ്പോഴേക്കും അയാൾ എന്നെയും കൊണ്ട് മംഗലാ പുരത്തേക്കു പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണു മടങ്ങി വന്നത്. അന്നേരം നാട്ടിലുള്ള ജനങ്ങളെല്ലാം ഞങ്ങളുടെ വീട്ടിലുണ്ട്. പൊലീസും വന്നിട്ടുണ്ട്. വീടിന്റെ പടി കടന്നതും സാ മൂഹിക പ്രവർത്തകരായ രണ്ട് ചേച്ചിമാർ എന്നെ കൂട്ടിക്കൊണ്ട് അടുത്ത വീട്ടിലേക്കു പോയി. അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇത് ദൈവം നീട്ടിയ നിമിഷമാണ്, ഇനി വേറെയൊരവ സരം കിട്ടില്ല എന്നെനിക്ക് മനസ്സിലായി. എല്ലാം അവരോട് തുറന്നു പറഞ്ഞു. കാരണം, എനിക്ക് എങ്ങനെയെങ്കിലും രക്ഷ പ്പെട്ടാൽ മതിയായിരുന്നു.

അന്നു രാത്രി തന്നെ കേസായി. അപ്പോൾത്തന്നെ അയാ ളെ അറസ്റ്റു ചെയ്തു. ആ രാത്രിയിൽ ഉമ്മയും അടുത്ത വീട്ടിലെ ഉമ്മുമ്മയുമൊത്ത് െപാലീസ് സ്റ്റേഷനിലിരിക്കു മ്പോള്‍ സമാധാനമാണ് തോന്നിയത്. മനസ്സ് പറയുന്നുണ്ടായിരുന്നു, കഴിഞ്ഞു പോയിരിക്കുന്നു നോവിന്റെ കാലം.

ആദ്യകാലങ്ങളിൽ കേസിന്റെ പിന്നാലെ നടന്നപ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു ‘ഒറ്റപ്പെട്ടു പോകുമോ?’ എന്ന്. പക്ഷേ, കൂടെയുണ്ടായിരുന്നവരെല്ലാം എന്നെ ഹൃദയത്തോടാണ് ചേർത്തു പിടിച്ചത്. പരിഭ്രമിക്കുന്ന, തലകുനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങളോ നോട്ടങ്ങളോ ആരിൽ നിന്നും നേരിടേണ്ടി വന്നില്ല. ഒച്ചയില്ലാത്ത ആക്രോശങ്ങൾക്ക് ഞാൻ ചെവി കൊടുത്തതുമില്ല. ബന്ധുക്കളടക്കം പലരും കേസ് രാജിയാക്കാൻ വന്നു. അവർക്കു മുന്നിൽ മൗനിയായി നിന്ന ശേഷം കോടതിയിൽ ഞാൻ എന്റെ ശരികളുടെ കൂടെ നിന്നു.

കോടതി വരാന്തയിലെവിടെയോ വച്ച് കണ്ടുമുട്ടിയപ്പോൾ ഉമ്മായോടൊരിക്കൽ അയാള്‍ പറഞ്ഞത്രെ, ‘നിന്റെ മോൾക്ക് ഞാൻ വച്ചിട്ടുണ്ട്.’ ഉമ്മയത് എന്നോടു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു. ഒരിക്കൽ ജയിലിൽ നിന്ന് അനിയന്റെ പേർക്ക് കത്തും പൈസയും അയച്ചിട്ടുണ്ടായിരുന്നു. ഉമ്മ അത് തിരിച്ചയച്ചു.

എനിക്കുേവണ്ടിയല്ല, നാടിനു േവണ്ടി...

ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അയാൾ പരിശോധിക്കുമെന്നതുകൊണ്ട് പുറത്തു വച്ചിരുന്ന ഡയറിയിൽ നല്ല കാര്യങ്ങൾ മാത്രം എഴുതും. സങ്കടമുള്ള കാര്യങ്ങളും എന്നെ ഓരോയിടത്തേക്ക് കൊണ്ടുപോയിരുന്നതുമൊക്കെ ഞാൻ വേറൊരു ഡയറിയിൽ എഴുതി കിടയ്ക്കക്കടിയിൽ ഒളിപ്പിച്ചു വച്ചു. കേസിന്റെ സമയത്ത് തീയതികൾ ഓർത്തെടുക്കാനും മറ്റും എനിക്കത് ഗുണമായി.

കേസായതിനുശേഷം ഞങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ഉമ്മയും അനിയനും ഒരിടത്തും, ഞങ്ങൾ പെ ൺകുട്ടികൾ മറ്റൊരിടത്തും. ഇവിടെയെത്തി പിറ്റേന്നു തന്നെ സ്കൂളിൽ പോയിത്തുടങ്ങി. ഉമ്മയ്ക്ക് സ്േറ്റ ഹോമില്‍ പാച കജോലി കിട്ടി. പ്ലസ്ടു കഴിഞ്ഞ് ഞാൻ എൽഎൽബിക്കു ചേ ര്‍ന്നു. മലയാളം മീഡിയത്തിൽ നിന്നു വന്നതുകൊണ്ട് ആദ്യ മൊക്കെ നല്ല പ്രയാസമായിരുന്നു. ആദ്യ സെമസ്റ്ററില്‍ അ ഞ്ചു വിഷയത്തിലാണ് തോറ്റത്. അവസാന സെമസ്റ്ററെത്തിയ പ്പോൾ എനിക്ക് റാങ്കുണ്ടായിരുന്നു.

ലോ കോളജിൽ പഠിക്കുമ്പോൾ കുറച്ചു പേർക്ക് എന്തോ സംശയം തോന്നി പെരുമാറിയത് എന്നെ സങ്കടപ്പെടുത്തി. താ മസസ്ഥലത്ത് വാർഡനായിരുന്ന സജിതചേച്ചിയെ വിളിച്ച് ഞാന്‍ കരഞ്ഞു. അന്ന് ചേച്ചി പറഞ്ഞ ഒരു വാചകമുണ്ട്.‘ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നേ നമുക്കെന്തെങ്കിലും ആ യിത്തീരാൻ പറ്റൂ.’

ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്യു മ്പോഴും സിവിൽ സർവീസിന് പോകണമെന്നു തീരുമാനമെ ടുത്തിരുന്നില്ല. കേസ് സമയത്തു ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ സാറാണ് ആ തീപ്പൊരി എന്റെയുള്ളിലേക്കി ട്ടു തന്നത്. ബിജു പ്രഭാകർ ഐഎഎസ് സാമൂഹികനീതി വ കുപ്പ് സെക്രട്ടറിയായിരുന്നപ്പോൾ കുറച്ചുനാൾ ഞാൻ അവി ടെ ജോലി ചെയ്തിട്ടുണ്ട്. കുട്ടികൾക്കും സമൂഹത്തിനും വേണ്ടി നമുക്കെന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് ആ സമയത്തു മനസ്സിലായി.

സിവിൽ സർവീസ് കിട്ടുമോയെന്നറിയില്ല. പഠിക്കാൻ ഒരുപാടുണ്ട്. സർക്കാരാണ് എന്റെ പഠനത്തിന് പൈസ മുടക്കുന്നത്. ബിജു സാർ എപ്പോഴും പറയും.‘നിനക്ക് സിവിൽ സർവീസിന് ഒരവസരം തരും. അതിൽ നീ നേടിയെടുത്തോണം’. അതെ, നേടിയെടുക്കണം, അതു തന്നെയാണ് ആഗ്രഹം. എനിക്കു വേണ്ടി മാത്രമല്ല ഈ നാടിനു വേണ്ടിയും. എത്ര പരിമിതികളുണ്ടെങ്കിലും ഞാൻ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും.

എനിക്കൊരു ജോലിയായാൽ മതിയെന്നേ ആഗ്രഹമുള്ളൂ ഉമ്മാക്ക്. അനിയത്തി കളിയാക്കും. ‘ഇത്താത്ത കലക്ടറാണ് ഉമ്മാ, കലക്ടർ.’ ഉമ്മ ചോദിക്കും ‘വക്കീലിനേക്കാൾ വലുതാ ണോ കലക്ടർ? നീ വക്കീലാകനല്ലേ പഠിച്ചത്, അപ്പോ ആ ജോലി ചെയ്തൂടെ...?’

ഒരു അനിയത്തിയുടെ കല്യാണം കഴിഞ്ഞു. ഇളയ അനിയത്തി ജേർണലിസം പഠിക്കുന്നു. യത്തീംഖാനയിൽ ഉമ്മയ്ക്കു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം ചെലവുകൾ താങ്ങാതായപ്പോ ൾ അനിയൻ പഠിപ്പു നിർത്തി ജോലിക്കു പോയിത്തുടങ്ങി. എനിക്ക് ഒരു വർഷം തന്നിട്ടുണ്ട്, അതുകഴിഞ്ഞാൽ ഞാൻ വീ ടു നോക്കി അവനെ പഠിക്കാൻ വിടണമെന്നാണ് ഡിമാൻഡ്.

അനിയത്തിയുടെ ഭർത്താവിന്റെ വീട്ടുകാരും ഉമ്മയും ചേർന്ന് എനിക്കു കല്യാണം ആലോചിക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴെന്റെ സ്വപ്നങ്ങളിൽ ഒപ്പനപാട്ടുകളോ മൈലാഞ്ചി മൊഞ്ചോ ഇല്ല. ഒരിക്കൽകൂടി എല്ലാവരുമൊത്ത് പുഴക്കരെയുള്ള വീട്ടിൽ ചിരിയും കളിയുമായി കൂടണം. അതൊരു വലിയ മോഹമാണ്....

Tags:
  • Inspirational Story