Saturday 16 October 2021 02:19 PM IST : By സ്വന്തം ലേഖകൻ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്, നദികൾ കര കവിയുന്നു, ഉരുൾപൊട്ടൽ, വ്യാപക നാശം

idukki-pulluppara-landslide.jpg.image.845.440

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. 

തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.

തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്ഫോടനം. റോഡുകളിൽ വെള്ളക്കെട്ട്. മറ്റു നാശനഷ്ടങ്ങളില്ല. രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു.

പത്തനംതിട്ട ജില്ലയിൽ 2018 ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.

Rain Live updates

Tags:
  • Spotlight