Saturday 04 December 2021 10:56 AM IST : By സ്വന്തം ലേഖകൻ

‘ശ്വാസം എടുക്കാൻ കഴിയുന്നില്ല’: ബൈക്കിലിരുന്ന് ജീവനായി പിടഞ്ഞ സന്ദീപ്: നെഞ്ചുനീറി ഒരുനാട്

sandeep-death-5

അനുശോചനങ്ങളോ സാന്ത്വനവാക്കുകളോ മതിയാകുന്നില്ല. അത്രമാത്രം വിങ്ങിപ്പൊട്ടുന്നുണ്ട് ആ നാട്. കഴിഞ്ഞ ദിവസം വരെ നാടിന്റെ മനമറിഞ്ഞ് ഓടി നടന്നവൻ ചേതനയറ്റ് കിടക്കുന്ന കാഴ്ച നോക്കി നിൽക്കാനാകില്ല. തിരുവല്ല പെരിങ്ങര സ്വദേശിയും സിപിഎം നേതാവുമായ സന്ദീപിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം അത്രമാത്രം വലുതാണ്.

പുഞ്ചിരിച്ചു മാത്രം കണ്ടിട്ടുള്ള സന്ദീപിന്റെ മരണം വേദനകൾക്കു മേൽ വേദനയാകുമ്പോൾ ആ അവസാന നിമിഷവും പ്രിയപ്പെട്ടവർ ഓർക്കുകയാണ്. നാട്ടിൽ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോയ സന്ദീപ് ആ പ്രശ്നം തീർത്ത് തിരികെ വീട്ടിലെത്തിയത് വൈകിട്ടായിരുന്നു. 

വീട്ടിൽ നിന്ന് വിളിപ്പാടകലെ കൊലപാതകം നടന്നെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള വെട്ടുകളാണ് സന്ദീപിന്റെ മരണത്തിന് കാരണമായത്. 18 വെട്ടുകളിൽ നാലെണ്ണം ആഴത്തിലുള്ളത്.  

സന്ദീപിന്റെ ഉറ്റ സുഹൃത്തും ഒന്നാം പ്രതി ജിഷ്ണുവിന്റെ പിതൃസഹോദര പുത്രനുമായ രാകേഷ് എത്തിയാണ്  സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. അക്രമം തടുക്കാൻ എത്തിയ രാകേഷിനു നേരെ നന്ദു വടിവാൾ വീശിയെങ്കിലും ഒന്നും ചെയ്യരുതെന്നു പറഞ്ഞു ജിഷ്ണു തടഞ്ഞു. ‘അവിടെ വെട്ടിയിട്ടിട്ടുണ്ട് വേണമെങ്കിൽ എടുത്തു കൊണ്ടു പോകാൻ’ പറ‍ഞ്ഞ ശേഷമാണ് ജിഷ്ണുവും അക്രമി സംഘവും ബൈക്കുകളിൽ കടന്നതെന്നു പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ അപ്പു, ജയന്തൻ എന്നിവരെ രാകേഷ് വിളിച്ചു വരുത്തി, ഇവരുടെ ഒപ്പം ബൈക്കിലാണ് സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസം എടുക്കാൻ കഴിയുന്നില്ലെന്നു സന്ദീപ് ബൈക്കിലിരുന്നു സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഷ്ട്രീയ ഭേദമില്ലാതെ നാട്ടിലെ ഏതു ചടങ്ങിനും വീട്ടുകാരനായി എത്തിയ സന്ദീപിന്റെ ചേതനയറ്റ ശരീരം കണ്ടാൽ സഹിക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. അപ്രതീക്ഷിതമായിരുന്നു ആക്രമണവും കൊലപാതകവുമെന്ന് പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.