Saturday 04 July 2020 04:39 PM IST : By ശ്യാമ

ഓവറാക്കി ചളമാക്കാതെ, മേക്കപ്പും മേക്കോവറും ഇല്ലാതെ അഞ്ജലിയും സഞ്ജയ്‌യും ; ക്യൂട്ട് കപ്പിൾസ് സ്പീക്കിങ് ഫ്രം അമേരിക്ക

Untitled

മാട്രിമോണിയിൽ വിളിച്ച് അവർ തന്ന പ്രോഡക്റ്റിനെ തിരിച്ചെടുക്കണം എന്ന് പറയുന്ന ഒറ്റ വീഡിയോ കൊണ്ടാണ് അഞ്ജലിയും സഞ്ജയ്‌യും ഹിറ്റാകുന്നത്. പിന്നെ വന്ന വീഡിയോകൾക്കും ലൈക്കുകളുടെ പെരുമഴ. വളരെ സിംപിളായി കാര്യങ്ങൾ അവതരിപ്പിച്ച് കൈയ്യടി വാങ്ങുന്ന ഈ കിടിലൻ കപ്പിളിന്റെ വിശേഷങ്ങൾ കേൾക്കാം...

മാട്രിമോണി വഴി കണ്ടുമുട്ടിയവർ

വർഷങ്ങളായി പ്രേമിച്ചു പോരിഞ്ഞ എതിരി‍പ്പുകൾക്കിടയിൽ അവസാനം പൊരുതി ജയിച്ചു കല്യാണം... നോ... നോട്ട് അറ്റ് ഓൾ. ഇതല്ല അഞ്ജലിയുടെയും സഞ്ജയ്‌യിന്റെയും കഥ. കണ്ടാൽ പ്രേമിച്ചു കെട്ടിയതാണെന്ന് തോന്നുമെങ്കിലും വീട്ടുകാരൊക്കെ ചേർന്ന് മാട്രിമണി വഴിയാണ് രണ്ടാളും ഒരുമിച്ചത്. പക്കാ അറേയ്ഞ്ജ്ഡ് മാരേയ്ജ്!

‘‘ഞാൻ നേരത്തെ ഇൻഫോപാർക്കിലാണ് ജോലി ചെയ്തിരുന്നത്. പിറവം അടുത്താണ് വീട്. ഇവിടെ ഇപ്പോ ഐടി കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്നു. ഇൻഫോപാർക്കിൽ നിന്ന് 2018ലാണ് ട്രാൻസ്ഫറായി അമേരിക്കയിലെത്തുന്നത്. 2018 അവസാനമാണ് കല്യാണം കഴിഞ്ഞത്. 2019 ജനുവരിയിൽ അഞ്ജലിയും ഒപ്പം പോന്നു.’’ അവിടുത്തെ വെളുപ്പാൻകാലത്തിരുന്ന് ഇവിടുത്തെ ഉച്ചയിലേക്ക് അവരുടെ ശബ്ദമെത്തുന്നു...

‘‘ഞാന്‍ തൃശ്ശൂർ അയ്യന്തോൾ സ്വദേശിയാണ്. കല്യാണത്തിന് മുൻപേ ഞാൻ ടിക്ടോക് ഒക്കെ ചെയ്തിരിന്നു. പിന്നെ ഇവിടെ എത്തി എനിക്കിച്ചിരി ബോറടിയായപ്പോ വീണ്ടും അതൊന്ന് പൊടിതട്ടിയെടുത്തു. അതിൽ ഉണ്ണിയേട്ടനും(അഞ്ജലി സഞ്ജയെ വിളിക്കുന്നതിങ്ങനെ) കൂടി. ഞങ്ങൾക്കിടയിൽ നടക്കുന്നതും ചുറ്റും കാണുന്ന കാര്യങ്ങളൊക്കെ ഓർത്തു വച്ചാണ് കൺടെന്റ് ചെയ്യുന്നത്.

പണ്ടേ ടിക്ടോക്കിലുണ്ടെങ്കിലും നമ്മൾ നമ്മുടെ സ്വന്തം കൺടെന്റ് ഉണ്ടാക്കുമ്പോഴാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടമാകുന്നതെന്ന് മനസിലായി. കൈയിലാണേൽ ഇഷ്ടം പോലെ സമയവും അപ്പോ പിന്നെ അങ്ങനങ്ങ് ചെയ്തു തുടങ്ങി. ആദ്യത്തെ വീഡിയോ തൊട്ട് ഇതേവരെ നല്ല പ്രതികരമാണ്. കുറേ മോശം കാര്യങ്ങൾക്കിടയിലും ആളുകൾക്ക് ചിരിക്കാനൊരു അവസരം കൊടുക്കാൻ പറ്റുന്നതിൽ സന്തോഷം.

ഞങ്ങള്‍ ഇതിലെ നെഗറ്റിവിറ്റി ഒന്നും തൽക്കാലം എടുക്കുന്നില്ല, ഒരു നേരമ്പോക്കിന് വേണ്ടി മാത്രമാണ് ഇതൊക്കെ ചെയ്യുന്നത്. ആളുകളുടെ സപ്പോർട്ട് കാരണമാണ് വീണ്ടും ചെയ്യുന്നതും. ഇപ്പോ ഞങ്ങളൊരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. അതിൽ തമാശ വീഡിയോകൾ കൂടാതെ കപ്പിൾ ചാലഞ്ച്, യാത്ര പോയ വീഡിയോസ് ഒക്കെ ഇടുന്നുണ്ട്. ഞങ്ങൾ തന്നെയാണ് ഷൂട്ടും കാര്യങ്ങളും ഒക്കെ,ഫോണിൽ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ഞങ്ങളുടെ സ്റ്റാന്റിനു പകരമുള്ള സെറ്റപ്പൊക്കെ കണ്ടാൽ ആളുകൾ വീഡിയോ കണുന്നതിലും കൂടുതൽ ചിരിക്കും. ഇവിടെക്കാണുന്ന പെട്ടിയും ചട്ടിയും മിക്സിയും ഒക്കെ സ്റ്റാൻഡ് ആകാറുണ്ട്. പൊക്കം ശരിയാക്കാനുള്ള സ്റ്റാന്റുകൾ ഉണ്ടാക്കുന്നത് തന്നെ ഒരു കലാപരിപാടിയാണ്!

ടിക്ടോക് ബാൻ ഒരു വമ്പൻ അവസരമാണ്...

ഡാലസ് ഡി ടെക്സ്സസിലാണ് ഇവരിപ്പോഴുള്ളത്. എന്നിട്ടും മുണ്ടും സാരിയും ഒക്കെയുള്ള കാഴ്ച്ചകൾ ഇവരുടെ വീഡിയോകളിൽ സ്ഥിരം കാഴ്ച്ചയാണ്. ‘‘അത് ഞങ്ങൾ വേണമെന്ന് വച്ച് ചെയ്യുന്നതൊന്നുമല്ല, ഈ നാട്ടിൽ ആരെന്തിട്ട് നടന്നാലും ആൾക്കാർ ശ്രദ്ധിക്കാനോ ഒന്നും നിക്കാറില്ല. അപ്പോ ഇട്ട് ശീലിച്ചതും ഇടാൻ സുഖമുള്ളതും ഇടുന്നെന്ന് മാത്രം.’’

ഇന്ത്യയിൽ ടിക്ടോക് ബാൻ വന്നതിനോട് ഭാര്യയ്ക്കും ഭർത്താവിനും രണ്ടഭിപ്രായമാണ്. ‘‘ഒരു നല്ല ഉദ്ദേശത്തിനു വേണ്ടിയാണ് എന്ന് ഓർക്കുമ്പോ സന്തോഷമുണ്ട് എന്നാലും ഇത്രയും കഷ്ടപ്പെട്ട് കൺടെന്റ് ഉണ്ടാക്കിയവരുടെ പ്ലാറ്റ്ഫോം പോയതിൽ എനിക്കിച്ചിരി സങ്കടമുണ്ട്. വേറെ ആപ്പ് വേഗം വരട്ടേ...’’ എന്ന് അഞ്ജലി. ‘‘എനിക്കിതൊരു വലിയ അവസരമായിട്ടാണ് തോന്നുത്. ടാലന്റ് എന്ന് പറയുന്നത് പോകുന്നില്ലല്ലോ. ടിക്ടോക്കിൽ നമുക്ക് ഒരു മിനിറ്റുള്ള വീഡിയോ മാത്രമേ ചെയ്യാൻ പറ്റൂ. വേറെ പ്ലാറ്റ്ഫോമുകളിലാകുമ്പോൾ നിങ്ങൾക്ക് അങ്ങനെ ക്രിയേറ്റിവിറ്റി ചുരുക്കണ്ട.റെവന്യൂ കിട്ടുന്ന കാര്യത്തിലാണെങ്കിലും ഫേസ്ബുക്കും യൂട്യൂബും ഒക്കെയാണ് അതിനുള്ള അവസരം തരുന്നത്.’’

Tags:
  • Spotlight