Saturday 17 October 2020 11:01 AM IST : By സ്വന്തം ലേഖകൻ

ഡോക്ടറെ സമീപിച്ചു, മരുന്നു കഴിച്ചു; സനുഷയുടെ ആ തുറന്നുപറച്ചിലിനോട് ബഹുമാനം; ട്രോളുന്നവർ ദുരന്തങ്ങൾ; കുറിപ്പ്

sanusha-reply

ആത്മഹത്യ ചിന്തകൾ തന്നെ അലട്ടിയിരുന്നുവെന്ന നടി സനുഷയുടെ തുറന്നു പറച്ചിലുകൾ സോഷ്യൽ‌ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ലോക്ഡൗൺ സമയത്ത് താൻ കടന്നുപോയ മോശം സമയത്തെക്കുറിച്ച് താരം സംസാരിച്ചപ്പോൾ നിരവധി പേരാണ് ആശ്വാസവാക്കുകളും പിന്തുണയുമായി എത്തിയത്.

‘‘എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.’’– ഹൃദയത്തിൽ തട്ടിയുള്ള സനുഷയുടെ വാക്കുകൾ ഇങ്ങനെ പോകുന്നു.

സനുഷയുടെ വിവേകത്തെയും അതിജീവനത്തേയും നിറഞ്ഞ മനസോടെ അഭിനന്ദിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിഷമതയേറിയ ഘട്ടം വന്നപ്പോൾ കൃത്യമായി സഹായം തേടിയതിനെക്കുറിച്ചും ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകൾ കഴിച്ചതിനെക്കുറിച്ചുമൊക്കെ സനുഷ പറയുന്നുണ്ട്. ആ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും ഡോക്ടർ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ബഹുമാനം തോന്നുന്നു സനുഷയോട്.

അവരുടെ സംസാരം കേട്ടിരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തിൽ അവർക്ക് കടന്ന് പോവേണ്ടിവന്ന ഒരു മോശം സമയത്തെക്കുറിച്ച്.

വിഷാദത്തിലൂടെയും ആത്മഹത്യാ ചിന്തയിലൂടെയും കടന്നുപോവേണ്ടിവന്ന അവസ്ഥയെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും സനുഷയുടെ സ്വന്തം വാക്കുകളിലൂടെത്തന്നെ കേട്ടു.

ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവസരത്തിലും പക്ഷേ വ്യക്തിപരമായി വളരെയേറെ ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോന്നതിനെക്കുറിച്ച്...

വിഷമതയേറിയ ഘട്ടം വന്നപ്പോൾ കൃത്യമായി സഹായം തേടിയതിനെക്കുറിച്ച്...ഡോക്ടറെ സമീപിച്ചതിനെക്കുറിച്ചും മരുന്നുകൾ കഴിച്ചതിനെക്കുറിച്ചുമൊക്കെ...

ഇപ്പൊഴും ഡോക്ടറുടെ സഹായം തേടുന്നതിൽ നിന്ന് ആളുകളെ തടയുന്ന തെറ്റിദ്ധാരണയെക്കുറിച്ചും സ്റ്റിഗ്മയെക്കുറിച്ചുമൊക്കെ സനുഷയുടെ വാക്കുകളിൽ പറഞ്ഞുവയ്ക്കുന്നുണ്ട് സനുഷ..

മറ്റൊരു സമൂഹത്തിൽ ഒരുപക്ഷേ സനുഷയുടെ ഈ തുറന്നുപറച്ചിൽ തികച്ചും സ്വഭാവികമായ ഒന്നായിരിക്കാം.

ഡിപ്രഷനോ അതുപോലെയുള്ള വിഷമതകളോ വന്നാൽ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിൽ നിന്ന് ഇപ്പൊഴും ആളുകളെ തടയുന്ന തെറ്റിദ്ധാരണകൾ നിലനിൽക്കുന്നിടത്ത് പക്ഷേ ഈ തുറന്ന് പറച്ചിൽ അഭിനന്ദനാർഹമാണ്...

സഹായം തേടാൻ മടിക്കരുതെന്ന് പറയുന്നുണ്ട് അവർ..

സഹായം തേടാൻ എല്ലാവർക്കും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല...അപ്പോൾ ചുറ്റുമുള്ളവർക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഇടയ്ക്കെങ്കിലും ശ്രദ്ധിക്കാൻ നമുക്ക് പറ്റണം...

തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ...

ആ തുറന്ന് പറച്ചിലിനെയും ചിലർ ട്രോൾ ചെയ്യുന്നത് കണ്ടു...ദുരന്തമെന്നല്ലാതെ എന്ത് പറയാനാണ്...