Saturday 25 September 2021 11:04 AM IST : By സ്വന്തം ലേഖകൻ

ഷക്കീർ ഭീകരർക്കൊപ്പം ചേർന്നുവെന്ന് പ്രചരിപ്പിച്ചു; മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ തളരാതെ പോരാടി അച്ഛന്‍, ഒടുവിൽ നീതി

shakir-manzoor

മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ മൻസൂർ അഹമ്മദ് വഗെയ് എന്ന മനുഷ്യൻ നീറുന്ന നെഞ്ചുമായി നടന്നത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട പതിമൂന്ന് മാസം 21 ദിവസം. ഒടുവിൽ മൻസൂർ അഹമ്മദിന് നീതി ലഭിച്ചു. മകൻ ഭീകരർക്കൊപ്പം ചേർന്നുവെന്ന് പ്രചരിപ്പിച്ചവർക്ക്  മുന്നിൽ അഭിമാനത്തോടെ ആ അച്ഛൻ തല ഉയർത്തി നിന്നു. പൂർണ സൈനിക ബഹുമതികളോടെ മകന് വിട നൽകി.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിനെ കാണാതാകുന്നത്. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ വീട്ടുകാരെ സന്ദർശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേയാണ് ഷക്കീറിനെ കാണാതായത്. ദിവസങ്ങൾക്ക് ശേഷം സമീപത്തെ കൃഷിയിടത്തിൽ നിന്ന് ചോര പുരണ്ട വസ്ത്രങ്ങളും കിട്ടി. പിന്നാലെ അഭ്യൂഹങ്ങൾ പ്രചരിച്ചു. കൂടുതൽ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാർത്ത വന്നതോടെ, മൺവെട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ മൻസൂർ മകനുവേണ്ടി താഴ്‍വരയിലുടനീളം തിരച്ചിൽ നടത്തി. 

shakir-mann5

ഇതിനിടെ, ഷക്കീർ ഭീകരർക്കൊപ്പം ചേർന്നിരിക്കാമെന്നു ചിലർ പ്രചരിപ്പിച്ചു. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകൻ ഭീകരർക്കൊപ്പം ചേർന്നുവെന്ന വ്യാജപ്രചാരണം മൻസൂറിനെ തളർത്തിയെങ്കിലും തോൽക്കാൻ അദ്ദേഹം തയാറായില്ല. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ഷക്കീർ പാക്കിസ്ഥാനിൽ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാർ പരിഹസിച്ചു. ഷക്കീർ രാജ്യത്തിനു നൽകിയ സേവനങ്ങൾ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മൻസൂർ അവരെ നേരിട്ടത്. 

എന്നിട്ടും മൻസൂർ അഹമ്മദ് തളർന്നില്ല. ഒടുവിൽ കുൽഗാമിൽ നിന്ന് ഷക്കീറിന്റെ അഴുകിയ മൃതദേഹം നാട്ടുകാർ കണ്ടെത്തി. കയ്യിലെ ബ്രേസ്​ലെറ്റിൽ നിന്ന് ഷക്കീറിനെ അഹമ്മദ് തിരിച്ചറിഞ്ഞു. ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങൾ അഹമ്മദ് തിരികെ എത്തിച്ചു. ഇന്നലെ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചതോടെയാണ് മൻസൂറിന്റെ പോരാട്ടത്തിന് സമാപ്തിയായത്. 

shakir-mann778
Tags:
  • Spotlight