വിഴിഞ്ഞം മുല്ലൂരിൽ വാടക വീടിന്റെ തട്ടിൻപുറത്ത് അയൽവാസിയായ വയോധിക കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്നു പൊലീസ്. തയാറെടുപ്പുകൾക്കു ശേഷം വയോധികയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു. വെള്ളി രാത്രി 8 ന് പുറത്തറിഞ്ഞ സംഭവത്തിൽ മുല്ലൂർ പനവിള തോട്ടം ആലുംമൂട് വീട്ടിൽ ശാന്തകുമാരിയാണ് (75) ദാരുണമായി കൊല്ലപ്പെട്ടത്. ഇതോടനുബന്ധിച്ച് വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീക്ക ബീവി(50), മകൻ ഷെഫീഖ്(23) ആൺ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ(26) എന്നിവരെ സംഭവ ദിവസം രാത്രി തന്ന വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു.
ശാന്തകുമാരിയുടെ സ്വർണാഭരണം കവരാൻ വേണ്ടിയാണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. വിസ്താരം കുറഞ്ഞ തട്ടിൻപുറത്ത് ഒളിപ്പിച്ച മൃതദേഹം പുറത്തെടുക്കാൻ ഷീറ്റ് മേഞ്ഞ വാടക വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിക്കേണ്ടി വന്നു. കൊല്ലപ്പെട്ട വയോധികയുമായി പ്രതികളിൽ ഒരാളായ റഫീക്ക ബീവി നല്ല സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുപ്പം മുതലാക്കി ദിവസങ്ങൾക്കു മുൻപേ കൃത്യം നടത്താൻ തയാറെടുപ്പു നടത്തിയിരുന്നുവെന്നും പൊലീസിന് അറിവു ലഭിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നു;
വെള്ളിയാഴ്ച രാവിലെ 10.30 തോടെ ശാന്തകുമാരിയെ റഫീക്ക ബീവി വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി. വീടിനുള്ളിലേക്ക് കടന്നതും പിന്നിലൂടെ വന്ന് ഷെഫീക്കും അൽ അമീനും ചേർന്ന് ഷാൾ കഴുത്തിൽ മുറുക്കി. ശാന്തകുമാരി ധരിച്ചിരുന്ന സാരിയുടെ ഭാഗം വായിൽ തിരുകി. റഫീക്ക ബീവി ചുറ്റിക കൊണ്ട് തലയുടെ ഇരുവശത്തും നെറുകയിലും അടിച്ചു മരണം ഉറപ്പാക്കി. തുടർന്ന് ഇവർ ധരിച്ചിരുന്ന ഒരു ജോഡി കമ്മൽ, മോതിരം, രണ്ടു വളകൾ, മാല എന്നിവ കൈക്കലാക്കി.
മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. ഇവർ ധരിച്ച സാരിയുടെ ഭാഗം കൊണ്ട് കൈകൾ, കഴുത്ത് എന്നിവ വഴി ചുറ്റിക്കെട്ടി തട്ടിൻമുകളിൽ നിന്നു അൽ അമീൻ വലിച്ചു. മറ്റു രണ്ടു പേരും സഹായികളായി. രക്തത്തുള്ളികളും മറ്റും തുടച്ച തുണി കത്തിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. തുടർന്ന് റോഡിലെത്തി ഓട്ടോറിക്ഷയിൽ വിഴിഞ്ഞം ജംക്‌ഷനിലെത്തി സ്വർണാഭരണത്തിൽ ഒരു ഭാഗം 45, 000 രൂപയ്ക്കു വിറ്റു. നഗരത്തിൽ എത്തി മുറിയെടുത്തു തങ്ങി.
രാത്രിയോടെ കോഴിക്കോട്ടേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ കഴക്കൂട്ടത്തു വച്ച് പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ പോസ്റ്റ്മോർട്ടം കോവിഡ് പരിശോധനക്കു ശേഷം ഇന്ന് നടക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മകൻ സനൽകുമാറിന്റെ വീടായ വെങ്ങാനൂർ ഞാറവിള ശാന്തതീരത്ത് എത്തിക്കും. സംഭവം നടന്ന വീട്ടിൽ ഇന്നലെ ഫൊറൻസിക് പരിശോധന ഉൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കി.
ആസൂത്രണം ദിവസങ്ങൾക്ക് മുൻപ്
വയോധികയെ വകവരുത്തി സ്വർണാഭരണങ്ങളുമായി കടക്കാനുള്ള പദ്ധതി ആസൂത്രണം ദിവസങ്ങൾക്ക് മുൻപ് എന്ന് പൊലീസ്. ഇളയ മകൻ റഫീഖിനെ സംഭവ ദിവസം രാവിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഒറ്റയ്ക്ക് കഴിഞ്ഞ ശാന്തകുമാരിയും റഫീക്കാ ബീവിയും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ശാന്തകുമാരിയിൽ നിന്നും പതിനായിരത്തോളം രൂപ റഫീഖാ ബീവി കടം വാങ്ങിയിരുന്നതായും തിരികെ നൽകുന്നതിനു പകരം ഒരു കട്ടിലും പാത്രങ്ങളും നൽകിയെന്നും ശാന്തകുമാരിയുടെ മകൻ സനൽ പറഞ്ഞു.
ഈ ബന്ധം മുതലെടുത്താണ് കൊലപാതക പദ്ധതി ആസൂത്രണം എന്നു പൊലീസ് പറഞ്ഞു. സംഭവ ദിവസം വീട് ഒഴിയുമെന്ന് വീട്ടുടമയെ അറിയിച്ച് സാധനങ്ങൾ പായ്ക്ക് ചെയ്തു വച്ചു. കൃത്യത്തിനു ശേഷം ആഭരണങ്ങൾ വിറ്റു കിട്ടുന്ന തുകയുമായി പാലക്കാട്ടേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ മൃതദേഹം ഒളിപ്പിക്കുന്നത് പാളിയത് പ്രതികളെ വേഗം കുടുക്കാനിടയാക്കിയത്. റഫീഖാ ബീവി എപ്പോഴും ചുറ്റികയുൾപ്പെടെയുള്ള ‘ടൂൾ കിറ്റ്’ കൊണ്ടുനടക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ആദ്യം മുതൽ ആശയക്കുഴപ്പം, ദുരൂഹത, ആശങ്ക

കൊല്ലപ്പെട്ടതാര് എന്നുള്ള ആശയക്കുഴപ്പം, ആശങ്ക... ഒടുവിൽ അമ്മയെ അന്വേഷിച്ചുള്ള മകന്റെ വരവ് സംഭവത്തിന്റെ ദുരൂഹതയും ആശയക്കുഴപ്പവും ഒഴിവാക്കി. ഒപ്പം പ്രതികളെ വേഗം കുടുക്കാനും സഹായിച്ചു. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മകൻ സനൽകുമാർ പതിവനുസരിച്ച് മാതാവിനെ കാണാനായി സംഭവ ദിവസം എത്തിയെങ്കിലും കാണാനായില്ല. വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺ റിങ് ചെയ്തുവെങ്കിലും എടുത്തില്ല. ക്ഷേത്ര ദർശനത്തിനു പോയെന്നു കരുതി. രാത്രി ബന്ധു വിളിച്ചു പറഞ്ഞ് വെങ്ങാനൂരിലെ താമസ സ്ഥലത്തു നിന്നും വീണ്ടും സനൽ എത്തി.
സമീപം താമസിച്ച റഫീഖാ ബീവി കൊല്ലപ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന മകനുൾപ്പെടെയുള്ളവരെ കാണാനില്ലെന്നുമായിരുന്നു വിവരം. തന്റെ അമ്മയെ കാണാനില്ലെന്നും മരിച്ചത് ആരാണെന്ന് അറിയണമെന്നും സനൽ സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വികാരാധീനനായി പറഞ്ഞു. എന്നാൽ കുറച്ചു സമയം വേണമെന്ന് പൊലീസ് പറഞ്ഞു. ആശയ കുഴപ്പം നീളവെ കഴക്കൂട്ടത്തു നിന്നും യുവാക്കൾക്കൊപ്പം സ്ത്രീ പിടിയിലായി എന്നറിഞ്ഞതോടെ മരിച്ചത് ശാന്തകുമാരിയാണെന്ന് പൊലീസ് ഉറപ്പിച്ചു. ശാന്തകുമാരിയെ കാണാതായതു സംബന്ധിച്ച അന്വേഷണം വൈകിയിരുന്നുവെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരന്നു. കൃത്യം പുറത്തറിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മൂന്നു പ്രതികളും പിടിയിലായി. പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നീങ്ങിയ വിഴിഞ്ഞം എസ്ഐമാരായ കെ.എൽ.സമ്പത്ത്, വിനോദ്, അജിത്കുമാർ, സിപിഒമാരായ അജയകുമാർ, സെൽവരാജ്, രാമു, കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട സംഘം ദീർഘദൂര സ്വകാര്യ ബസിൽ കോഴിക്കോട്ടേക്ക് രക്ഷപെട്ട പ്രതികളെ കഴക്കൂട്ടത്ത് വച്ച് കുടുക്കുകയായിരുന്നു.