Thursday 26 August 2021 04:37 PM IST

വെങ്കലശില പോലെ അവൾ ഒരുങ്ങിയതിനു പിന്നിൽ?: അമ്പരപ്പിക്കുന്ന ആ മേക്കോവറിന്റെ രഹസ്യം ഇതാണ്

Binsha Muhammed

sheeba

കടഞ്ഞെടുത്ത ശില പോലെ... ജീവൻ തുടിക്കുന്ന ശിൽപ്പം പോലെ...

പല മേക്കോവർ വിസ്മയങ്ങളും സോഷ്യല്‍ മീ‍ഡിയ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യമായിട്ടായിരിക്കും. പൊന്നിൻ നിറം കൊണ്ട് മേനിയൊട്ടാകെ പൂശി, കറുത്ത ഷിഫോൺ സാരിയിൽ അണിഞ്ഞൊരുങ്ങിയ ആ ശിൽപ സുന്ദരി ഇപ്പോഴും സോഷ്യൽ മീഡിയയിൽ അദ്ഭുതം ജനിപ്പിക്കുകയാണ്.

ശിലപോലെ അണിഞ്ഞൊരുങ്ങിയ കല്യാണപ്പെണ്ണിനെ കണ്ട് ഇതെന്ത് മേക്കോവറെന്ന് ആശ്ചര്യത്തോടെ ചോദിച്ചവരും ഏറെ. ആരും കാണാത്ത ഈ അണിഞ്ഞൊരുക്കത്തെ എഡിറ്റിങ്ങെന്നും ഫിൽറ്ററെന്നും വിധിയെഴുതിയവരും ഉണ്ട്.

സോഷ്യൽ മീഡിയയില്‍ നിറഞ്ഞു നിൽക്കുന്ന ആ ‘വെങ്കല സിലൈയുടെ’ പിറവിക്കു പിന്നിൽ ശരിക്കും എന്ത് മാജിക്കാണ് നടന്നത്. മേക്കോവറോ എഡിറ്റിങ്ങോ? ഉത്തരം തമിഴ്നാട് തിരുവണ്ണാമലൈയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ഷീബ നൽകും. ഇങ്ങനെയൊരു സാഹസത്തിന് മുതിർന്ന കഥ വനിത ഓൺലൈനോട് ഷീബ പറയുന്നു.

sheeba-4

ചമയങ്ങളിൽ പരീക്ഷണം

തിരുവണ്ണാമലയിൽ നിന്നുള്ള പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റാണ് ഞാൻ. ബ്രൈ‍ഡൽ മേക്കപ്പുൾപ്പെടെ എല്ലാ വർക്കുകളും ചെയ്യും. ചമയക്കാരി എന്ന മേൽവിലാസം ഉപജീവനം ആകുമ്പോഴും എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമെന്ന് എപ്പോഴും മനസു പറയാറുണ്ട്. നമ്മുടെ ജോലിയേയും കഴിവിനേയും അടയാളപ്പെടുത്തുന്ന കുറച്ചു വർക്കുകൾ. ജോലിനേരങ്ങൾ കഴിഞ്ഞുള്ള ഇടവേളകളിൽ ഓരോന്ന് മനസിൽ കണക്കു കൂട്ടും. മുഖത്ത് അടിയോ മർദ്ദനമോ ഏറ്റ ഒരാളുടെ മുഖമാണ് ആദ്യമായി ചെയ്തത്. ചോര പൊടിഞ്ഞ് അവശനിലയിലായ മുഖം ഭാവനയില്‍ കണ്ട് എന്റെ മുഖം തന്നെ പരീക്ഷണ വസ്തുവാക്കി. അന്ന് ആ വിഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. വൃദ്ധയായുള്ള മേക്കോവറായിരുന്നു അടുത്തത്. മണിക്കൂറുകളോളം സമയമെടുത്ത ആ മേക്കോവർ കഴിഞ്ഞപ്പോൾ എന്നെ പലരും തിരിച്ചറിഞ്ഞു പോലുമില്ല. മകൻ പൃഥ്വികിനെ ഗണപതിയായി മാറ്റിയെടുത്തതായിരുന്നു ഏറ്റവും കൂടുതൽ അഭിനന്ദനം കട്ടിയ മേക്കപ്പ് പരീക്ഷണം. അതോടെ ഇത്തരം പരീക്ഷണങ്ങൾ ചെയ്യാനുള്ള ആവേശം ഇരട്ടിയായി.

sheeba-3

‘വെങ്കല സിലൈ’

ക്ഷേത്രങ്ങളിലൊക്കെ ശിലകളെ കണ്ടിട്ടില്ലേ. ക്ഷേത്രങ്ങളിലും ചരിത്ര സ്മാരകളങ്ങളിലുമൊക്കെ കാണുന്ന ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ. അതുപോലെ ഒരു സുന്ദരിപ്പെണ്ണിനെ അണിയിച്ചൊരുക്കണമെന്ന് ആശിച്ചിരുന്നു. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ശില സുന്ദരിയിലെത്തുന്നത്. പ്രാർത്ഥന എന്ന കുട്ടിയാണ് മോഡലായത്. നോർമ്മൽ ബ്ലാക് സാരിയായിരുന്നു വേഷം. അധികം ആഭരണങ്ങളില്ല. സ്കിന്നിൽ അക്രിലിക് ബ്ലാക് പെയിന്റ് അടിച്ച് ഡാർക്ക് ആക്കി. അതിനു പുറത്ത് ഗോൾഡൻ ഡസ്റ്റ് കൊടുത്ത് വെങ്കല ശില പോലെയാക്കി.

sheeba-1

പലരും ചോദിക്കുന്നുണ്ട്, എഡിറ്റിങ്ങാണോ ഫിൽറ്റർ ഫോട്ടോയാണോ എന്നൊക്കെ. എന്റെ 2 മണിക്കൂർ നേരത്തെ മേക്കപ്പ് അധ്വാനമാണത്. ഈ മേക്കപ്പ് എങ്ങനെ കഴുകിയെടുത്തു, പെൺകുട്ടി പഴയതു പോലെയായോ എന്നും പലരും തമാശയായി ചോദിക്കുന്നു. വിസ്തരിച്ചുള്ള കുളിയിൽ അതൊക്കെ പോയി. കഴിഞ്ഞ രണ്ടര കൊല്ലമായി ഞാൻ മേക്കപ്പ് ഫീൽഡിലുണ്ട്. ഇനിയും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ഉറപ്പായും പ്രതീക്ഷിക്കാം. എന്റെ കഴിവിനെ അംഗീകരിച്ചവർക്ക് മനസു നിറഞ്ഞ നന്ദി– ഷീബ പറഞ്ഞു നിർത്തി.