Saturday 01 December 2018 05:52 PM IST

‘സിനിമയിൽ പാടിക്കാമെന്നു പറഞ്ഞവർ വരെയുണ്ട്, അവരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല’; സ്മ്യൂളില്‍ പാട്ടുമൂളി വൈറലായ ഷേണിഷയ്ക്ക് പറയാനുള്ളത്

Binsha Muhammed

shenui-cover-final

‘സമ്യൂളോ...അതെന്താണ് ചേട്ടാ സംഭവം...വേണമെങ്കിൽ രണ്ട് വരി മൂളാം. അല്ലാതെ സ്മ്യൂളെന്നൊക്കെ പറഞ്ഞാൽ എനിക്കെങ്ങനെ തിരിയാനാ, ഞാൻ സാധാരണ ഒരു വീട്ടമ്മയാണപ്പാ...’

ബാത്ത്‍റൂം സിംഗറേപ്പോലും സോഷ്യൽ മീഡിയയിൽ ‘പ്ലേബാക്ക് സിംഗറാക്കി’ മാറ്റുന്ന സ്മ്യൂൾ എന്ന കുന്ത്രാണ്ടം വരവറിയിക്കുന്ന കാലം. അഭിനയിക്കാൻ മാത്രമല്ല, പാട്ടുപാടിയും തകർക്കാനറിയാകുന്ന ടിക് ടോക് പിള്ളേർ പിച്ചവച്ചു തുടങ്ങുന്ന കാലം. അങ്ങനെയുള്ള വൈറൽ ചെക്കൻമാരുടേയും ചങ്കത്തികളുടേയും ലോകത്ത് കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന ഒരു വീട്ടമ്മ ചോദിച്ച ചോദ്യമാണത്. സ്മാർട്ട്ഫോൺ സ്ക്രീനിൽ കണ്ണുനട്ടിരിക്കാൻ പോയിട്ട്, ഒന്നു ഫോൺ ചെയ്യാൻ പോലും നേരമില്ലാത്ത ആ പെൺകൊടി ചോദിച്ച ചോദ്യത്തിന് ഒരു കാവ്യനീതിയുണ്ട്. ഇക്കണ്ട ആപ്പുകളെ കുറിച്ചൊക്കെ ആ പാവം എങ്ങനെ അറിയാനാണ്. ‘രണ്ടുവരി പാട്ടു മൂളാൻ ഇക്കണ്ട ആപ്പൊക്കെ വേണോ ചേട്ടാ’– ചോദ്യം സ്വാഭാവികം.

പക്ഷേ ഭാര്യയെ ‘സ്മ്യൂളിക്കാനിറങ്ങിയ’ ചേട്ടൻ രണ്ടും കൽപ്പിച്ചായിരുന്നു. എന്താണെങ്കിലും വേണ്ടിയില്ല, പിള്ളേരൊക്കെ പയറ്റുന്ന, മൊബൈൽ ഫോണിനെ റെക്കോഡിങ് സ്റ്റുഡിയോയാക്കി മാറ്റുന്ന പരിപാടി ഒന്നു പയറ്റിയിട്ടു തന്നെ കാര്യം. ചെവിയിൽ ഹെഡ്ഫോണും തിരികി, ഹെഡ്ഫോൺ കേബിളും മൈക്കും ചുണ്ടോട് ചേർത്ത് അവർ മധുരോതാരമായി പാടി....‘ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ...’

shenis

പിന്നെയെന്ത് സംഭവിച്ചുവെന്നറിയണമെങ്കിൽ സോഷ്യൽ മീഡിയയിലേക്ക് തന്നെ പാളിനോക്കണം. ഗാനമേള വേദികളെ പ്രകമ്പനം കൊള്ളിച്ച ദമ്പതികൾ, ഇന്ന് മില്യൺ കണക്കിന് കാഴ്ച്ചക്കാരേയും അതിനൊപ്പം ലൈക്കും വാരിക്കൂട്ടി മുന്നേറുന്ന കഥ. വീട്ടമ്മമാരുടെ, ന്യൂജെൻപിള്ളേരുടെ, സംഗീത പ്രേമികളുടെ എന്നുവേണ്ട സോഷ്യല്‍മീഡിയയുടെ മൊത്തം ചങ്കുകളായി മാറിയ പാട്ടുകാരി വീട്ടമ്മ, കുമ്പളം സ്വദേശിയായ ഗായിക േഷണിഷ കഥപറയുകയാണ്. നല്ലപാതിക്കൊപ്പം ഡ്യൂയറ്റ് പാടി, നേരിമിരുട്ടി വെളുക്കുന്ന മാത്രയിൽ വൈറലായ കഥ, വനിത ഓൺലൈനോട്...

456

വലതു കാലെടുത്ത് വച്ചത് ടൈറ്റാനിക്കിൽ

ഞങ്ങൾക്കൊക്കെ വീട്ടിലെന്തോരം പണിയാണ്, നിങ്ങൾക്ക് വേറെ വീട്ടു ജോലികളൊന്നുമില്ലേ...ഇതൊക്കെ ലൈക്ക് കിട്ടാനുള്ള ഓരോ അഭ്യാസങ്ങളല്ലേ. സ്മ്യൂളിൽ പയറ്റിത്തെളിയാനിറങ്ങിയ ഞങ്ങളെ കാത്തിരുന്നത്, അസ്ഥാനത്തുള്ള അമ്മാതിരി ചോദ്യങ്ങളായിരുന്നു. ഈശ്വരാ....വലതു കാലെടുത്ത് വച്ചത് ടൈറ്റാനിക്കിലാണോ എന്ന സിനിമാ ഡയലോഗ് ഓർത്തു പോയി.–നാലാളറിയും മുമ്പുള്ള പാട്ടുകഥ ഷേണിഷ പറഞ്ഞു തുടങ്ങുകയാണ്.

ഗാനമേള വേദികളിലാണെങ്കിൽ ഏറിയാലൊരു കൂവൽ. പേടിക്കേണ്ടത് അതു മാത്രമേയുള്ളൂ. പക്ഷേ ദൈവം സഹായിച്ച് ഇന്നുവരെ കൂവലും ചീമുട്ടയേറും ഒന്നും വാങ്ങിക്കൂട്ടേണ്ട ഗതി വന്നിട്ടില്ല. ലൈക്കുകൾക്കിടയിലും മോശമല്ലാത്ത കാഴ്ച്ചക്കാർക്കിടയിലും ഒളിഞ്ഞിരിക്കുന്ന അമ്മാതിരി കമന്റുകള്‍ കണ്ടു കൊണ്ടായിരുന്നു ഈ പരിപാടിയുടെ തുടക്കം. കുറേ പേർ തലങ്ങും വിലങ്ങും കുറ്റം പറഞ്ഞു, ഞങ്ങൾക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണ് ഈ പരിപാടിക്കിറങ്ങിയതെന്ന് അസന്നിഗ്ധം പ്രഖ്യാപിച്ചു. പലർക്കും ഞാനൊരു വീട്ടമ്മയായതും രണ്ട് പിള്ളേരുടെ അമ്മയായതുമായിരുന്നു പ്രശ്നം, നെഗറ്റീവ് കമന്റുകൾക്ക് തലവയ്ക്കാൻ പോയാൽ അത് പെറ്റ് പെരുകുകയേ ഉള്ളൂവെന്ന് മൊബൈൽ ഫോൺ വഴി പാടാൻ പഠിപ്പിച്ച പല സുഹൃത്തുക്കളും പറഞ്ഞു. മിണ്ടിയില്ല, ആദ്യത്തെ ഒരാഴ്ച...

sheni-7

കാഴ്ച്ചക്കാർ...ലക്ഷം ലക്ഷം പിന്നാലെ

കുറ്റവും കുറവും കുത്തുവാക്കുകളും പറഞ്ഞാൽ ഞങ്ങൾ നന്നാവില്ലെന്ന് അറിയുന്നതു കൊണ്ടാകണം. പലരും പതിയെ പതിയെ പിൻവാങ്ങി. പക്ഷേ ഇതിനിടയിൽ ഞങ്ങൾ ശ്രദ്ധിക്കാത്ത, ഞങ്ങളുടെ മനസു നിറച്ചൊരു കാഴ്ച ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഞാനും ചേട്ടനും പാടിയ ‘ആരാരും കാണാതെ ആരോമൽ തൈമുല്ലയെന്ന’ പാട്ടിന്റെ ഫെയ്സ്ബുക്ക് കാഴ്ച്ചക്കാരുടെ എണ്ണം ഒറ്റദിവസം കൊണ്ട് അയ്യായിരം കടന്നു. കുറ്റം പറച്ചിലുകാരും, നെഗറ്റീവ് കമന്റ്സുകാരും പതിയെ പതിയെ പിൻവാങ്ങുന്ന നാളുകളായിരുന്നു പിന്നീട്. പല പ്രമുഖ ഫെയ്സ്ബുക്ക് പേജുകളിലും ഞങ്ങളുടെ പാട്ടെത്തി. ഞങ്ങളെ അറിയാത്തവർ പോലും ഞങ്ങളുടെ പാട്ട് ഷെയർ ചെയ്ത് തുടങ്ങി.

സംഭവം ഉഷാറണല്ലോ...എന്ന് തോന്നിയത് അവിടെ നിന്നാണ്. അടുക്കളയിലും, വീടിന്റെ തൊടിയിലും, പിന്നാമ്പുറത്തു നിന്നൊക്കെയാണ് പലപ്പോഴും എന്റേയും ചേട്ടന്റേയും പാട്ട്. മികപ്പോഴും നൈറ്റിയൊക്കെയായിരുക്കും വേഷം. വലിയ ആർഭാടങ്ങളും കോലാഹലങ്ങളും ഇല്ലാത്തതു കൊണ്ടായിരിക്കണം. പതിയെ പതിയെ എല്ലാവരും ഞങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. കാഴ്ച്ചക്കാരിലേറെയും വീട്ടമ്മമാർ, അതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഒരിക്കൽ ഒരു ചേച്ചി എന്നോട് പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് , ‘ഞങ്ങൾക്കൊക്കെ ഈ പരിപാടിക്ക് വിലക്കാണ് മോളേ, പാടാനൊക്കില്ല, പറയാൻ സ്വാതന്ത്ര്യമില്ല, നമ്മളൊക്കെ അടക്കവും ഒതുക്കവുമുള്ള പെണ്ണുങ്ങളാണ്. മോള് ഭാഗ്യം ചെയ്തവളാ...’ ആ വാക്കുകളാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. എല്ലാത്തിനും നന്ദി പറയേണ്ടത് ചേട്ടനോടാണ്.

sheni-4

ഡ്യൂയറ്റ് പാടിത്തുടങ്ങിയ പ്രണയം

പാട്ടുപാടുന്ന വിഡിയോയും, തെരഞ്ഞെടുക്കുന്ന പാട്ടുമൊക്കെ കാണുമ്പോൾ പലരും ചോദിക്കാറുണ്ട്. ഞങ്ങൾ പ്രേമിച്ചു കെട്ടിയതാണോ എന്ന്. ഉള്ളതു പറഞ്ഞാൽ ഒരു സിനിമാ സ്റ്റൈൽ പ്രണയം, ഞങ്ങളുടെ ഈ വൈറൽ കഥയുടെ ഫ്ലാഷ് ബാക്കിലുണ്ട്. ഗാനമേള വേദികളിൽ പാടിയിരുന്നവരാണ് ഞാനും ചേട്ടൻ സിബിനും. ഒരിക്കൽ ഒരു വേദിയിൽ ഡ്യൂയറ്റ് പാടിയപ്പോൾ മൊട്ടിട്ടതാണ് ആ പ്രണയം. സംഭവം വൈറലൊക്കെയാണെങ്കിലും അന്നം തന്നിരുന്ന ആ പഴയ പണി ഞങ്ങൾ വിട്ടിട്ടില്ല കേട്ടോ, ഗാനമേള വേദികളിൽ ഞങ്ങൾ ഇന്നും പാടാൻ പോകാറുണ്ട്. ചേട്ടൻ ഒരു ലാബിൽ ഡ്രൈവറായി ജോലി നോക്കുന്നുണ്ട്. ഇടവേളകളിൽ പാട്ടു പഠിപ്പിക്കാനും പോകും. കഞ്ഞികുടിക്കാൻ ലൈക്കും ഷെയറും മാത്രം പോരല്ലോ...മാഷേ...

458

രണ്ട് മക്കളാണ് ഞങ്ങൾക്ക് ശിവാനന്ദും ചിലങ്കയും. നാലുവയസുകാരൻ ശിവയ്ക്ക് പെർക്കഷനോടാണ് താത്പര്യം. മകൾ ചിലങ്കയ്ക്ക് പാട്ടിനോട് ചെറിയ കമ്പമൊക്കെയുണ്ട്. അവളുടെ ഒരു പാട്ട് അടുത്തിടെ ഞങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. നല്ല പ്രതികരണമാണ് കിട്ടിയത്. നോക്കട്ടെ, പതിയെ പതിയെ അവളേയും ഞങ്ങളുടെ വൈറൽ ഗ്യാങ്ങിൽ ചേർക്കണം.

sheni-3

വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ

അർഹതയില്ലാത്തതൊന്നും കൊതിച്ചിട്ടില്ല. ഇപ്പോൾ ഈ കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹവും പ്രോത്സാഹനവും ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ബോണസ് എന്നു മാത്രമേ പറയുന്നുള്ളൂ.ആരാലും അറിയപ്പെടാതിരുന്ന, ആരും മനസിലാക്കാതിരുന്ന ഞങ്ങളെ ഇപ്പോൾ നാലാളറിയുന്നുണ്ടല്ലോ അതു തന്നെ വലിയ കാര്യം. പക്ഷേ ഇതിനിടയ്ക്കും പാട്ടു കേട്ട് പ്രോത്സാഹനവുമായി ചിലരെത്തി. സിനിമയിൽ വാഗ്ദാനം നൽകിയവർ വരെയുണ്ട്. ദൈവം സഹായിച്ച് അവരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല. ചേട്ടൻ ഒന്നു രണ്ട് ആൽബങ്ങളിലൊക്കെ പാടി. അണിയറയിലൊരുങ്ങുന്ന ഒരു സിനിമയിലും പാടാൻ ചേട്ടന് അവസരം കിട്ടി. പിന്നെ അവസരം കിട്ടാത്തതിന്റെ ഞങ്ങൾക്ക് ആരോടും പരാതിയൊന്നുമില്ല കേട്ടോ...ഒന്നോർത്താൽ ഇത്രയൊക്കെ സൗഭാഗ്യങ്ങളൊക്കെ ഞങ്ങളെ തേടിയെത്തിയില്ലേ...സന്തോഷം...

sheni-2

മകൾ ചിലങ്ക ഉറങ്ങിയ തക്കം നോക്കിയായിരുന്നു ഇക്കണ്ട നേരമത്രയും കൊച്ചുവർത്തമാനം. ഒരിച്ചിരി പണികൂടി ബാക്കിയുണ്ടേ മാഷേ...ധൃതിപ്പെട്ടുള്ള യാത്ര എങ്ങോട്ടെന്ന ചോദ്യത്തിന് തങ്ങളുടെ ഷേനിഷയുടെ ഹൈടെക്ക് റെക്കോഡിങ് സ്റ്റുഡിയോയിലേക്കെന്ന് കുസൃതിയൊളിപ്പിച്ച മറുപടി. കുഞ്ഞുങ്ങളുടെ കലപിലകൾ ഒതുങ്ങിയ നേരം നോക്കി അകത്തു നിന്ന് ആ പാട്ട് കേൾക്കായി...രാ...രാ...സരസക്കു രാ രാ....വൈറലിനു മേൽ വൈറലാകുന്ന ഒരടിപൊളി പാട്ട് അണിയറയിൽ ഒരുങ്ങുകയാണ്....‘ഈ വർഷം തീരുന്നതിനു മുമ്പ് ഞങ്ങടെ ഫെയ്സ്ബുക്ക് ലൈക്ക് 2 ലക്ഷം കഴിയും മാഷേ നോക്കിക്കോ....’ സംഭാഷണത്തിന് വിരാമമിട്ട് സുബിന്റെ കമന്റ്...

തലതിരിച്ചു വരയ്ക്കും തലയെടുപ്പുള്ള വീടുകൾ; ജൂഡ്സൺ ആർകിടെക്റ്റുമാർക്കിടയിലെ ഒറ്റയാൻ

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

സേതുലക്ഷ്മിയമ്മ കെഞ്ചിയത് ഈ മകനു വേണ്ടി; കണ്ണീരണിയാതെ കേട്ടിരിക്കാനാകില്ല കിഷോറിന്റെ കഥ; വിഡിയോ

‘കുഞ്ഞ് വെളുക്കാൻ കുങ്കുമപ്പൂ, സുന്ദരിയാകാൻ ഫെയർനെസ്ക്രീം’; മാറണം ഈ തെറ്റിദ്ധാരണകൾ; വൈറൽ കുറിപ്പ്

അകാലനരയും മുടികൊഴിച്ചിലും ഓർത്ത് ഇനി ടെൻഷൻ വേണ്ട; ആയുർവേദത്തിലുണ്ട് ചില സിമ്പിൾ ട്രിക്കുകൾ