Tuesday 31 March 2020 05:59 PM IST

24 മണിക്കൂറും വീട്ടിൽ, ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ തടി കേടാകും! സ്ലിം ആയിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

Tency Jacob

Sub Editor

cjjjnhihy-8y8y

ജോലിയും പഠനവും വിനോദവുമൊക്കെ വീടിനകത്തേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഓഫിസിലും മറ്റും തിരക്കുപിടിച്ചു നടക്കുമ്പോൾ അറിയാതിരുന്ന വിശപ്പ് വീട്ടിലിരിക്കുമ്പോൾ ഉണർന്നുവരുന്നത് സ്വാഭാവികം മാത്രം. 24 മണിക്കൂറും വീട്ടിൽ ഇരിക്കുന്ന ഈ സമയത്ത് ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ തടി കേടാകും. അതുകൊണ്ട് ഈ സമയത്ത് ആരോഗ്യ ഭക്ഷണം കഴിക്കാൻ ശ്രമിക്കാം.

എപ്പോഴും വീട്ടിൽ തന്നെ കഴിയുന്നതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കാനും അമിത ഭക്ഷണം കഴിക്കാൻ തോന്നാനുമുള്ള സാധ്യത കൂടുതലാണ്. മറ്റൊന്നും കാര്യമായി ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ആഹാരം കഴിക്കുന്നതിലായിരിക്കും സന്തോഷം കണ്ടെത്തുന്നത്. വ്യായാമം ഒന്നും അധികം ഇല്ലാത്തതുകൊണ്ട് ആയാസം കുറവും ആഹാരം കൂടുതലുമായിരിക്കും. മികച്ച ആരോഗ്യ ഭക്ഷണശീലങ്ങൾ പാലിക്കേണ്ട സമയമാണിത്. 

സാമൂഹിക ജീവിതവും വ്യക്തിജീവിതവും വീട്ടിനുള്ളിൽ തന്നെ ആയതിനാൽ മാനസികസമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാകാനിടയുണ്ട്. ആവശ്യമുള്ളതിൽ കൂടുതൽ ആഹാരം കഴിക്കുന്നതിലൂടെ ആയിരിക്കും പലരും ഇതിൽ നിന്ന് രക്ഷ നേടുന്നത്. കൂടുതൽ മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം മാനസികസമ്മർദ്ദം തന്നെയാണ്. നല്ല ആരോഗ്യം, നല്ല ഭക്ഷണം എന്ന സമീപനം ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണമെന്ന് എന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.

ടിപ്സ്

ഇടയ്ക്കിടെ കഴിക്കുന്ന ശീലം ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ അത്യാവശ്യമാണ്.

വേനൽക്കാലമായതിനാൽ ആരോഗ്യകരമായ ഭക്ഷണശീലം കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കും. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുക.

വറുത്തതും പൊരിച്ചതും മസാല കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. അച്ചാറുകൾ അധികം കഴിക്കുന്നത് നല്ലതല്ല.

വീട്ടുമുറ്റത്ത് ഉള്ള മുരിങ്ങയില മത്തനില പയറില ചീര വേലിചീര എന്നിങ്ങനെ ഇലകൾ ഉപയോഗിച്ചുള്ള ഇലക്കറികൾ ധാരാളം കഴിക്കാം. വാഴപ്പിണ്ടിയും വാഴക്കുടപ്പനും ഉപയോഗിച്ചുള്ള കറികൾ വളരെ നല്ലതാണ്.

പ്രോട്ടീൻ അടങ്ങിയ പാൽ, കടല, പരിപ്പ് വർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വേനൽക്കാലമായതിനാൽ ധാരാളം ചെറു ചൂടുവെള്ളം കുടിക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ഈ സമയത്ത് തൊണ്ട വേദന ഉണ്ടാക്കാൻ കാരണമാകും എന്നതിനാൽ നല്ലതല്ല.

മധുരവും ഐസും ചേർക്കാതെ യുള്ള ജ്യൂസുകൾ ആണ് കഴിക്കാൻ നല്ലത്. നാരങ്ങ വെള്ളം ഉപ്പിട്ട് കഴിക്കുന്നതും നല്ലതാണ്.കുക്കുമ്പറും തക്കാളിയും ചേർത്ത് അടിച്ച് വെജിറ്റബിൾ ജ്യൂസ് വളരെ നല്ലതാണ്.

തൈര്, യോഗർട്ട് എന്നിവ കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതിന് സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

ജലാംശം ധാരാളം അടങ്ങിയ തണ്ണീർമത്തൻ, പൈനാപ്പിൾ, ഓറഞ്ച് എന്നീ ധാരാളം കഴിക്കാം.

ചിപ്സ് പോലുള്ള വറുത്ത സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക.

ചെയ്യുന്ന ജോലിയുടെ ആയാസം അനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക.

രാത്രി ഭക്ഷണം 7 മണിക്ക് മുൻപ് കഴിക്കാൻ ശ്രമിക്കുക. അതും മിതമായി മാത്രം കഴിക്കുക. അത്താഴത്തിന് ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കാം.

ഉച്ചയ്ക്ക് 11 മണിയാവുമ്പോൾ സംഭാരം കുടിക്കാം.

ഉച്ചയൂണിനും അത്താഴത്തിനും ഒപ്പം ധാരാളം സലാഡ് കഴിക്കുക.

നാലു മണിക്ക് അവൽ നനച്ചത് കഴിക്കാം. ഇലയട, കൊഴുക്കട്ട എന്നിങ്ങനെ ആവിയിൽ വേവിച്ചെടുത്ത പലഹാരങ്ങളും നല്ലതാണ്.

കടപ്പാട്: Dr. Anitha mohan, State nutrition program officer (Reired)

Tags:
  • Spotlight