Tuesday 30 October 2018 11:04 AM IST

പാവങ്ങളുടെ മാലാഖ! രണ്ടര പതിറ്റാണ്ടായി അശരണരായ രോഗികൾക്ക് സൗജന്യചികിത്സയുമായി ശ്രീദേവി

V R Jyothish

Chief Sub Editor

sreedevi1
ശ്രീദേവി , ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

അപൂർവമായൊരു കാഴ്ചയിൽ നിന്ന് തുടങ്ങാം!
കായംകുളം എംഎസ്എം കോളജിനടുത്തുള്ള മണിമേലിക്കടവ്. കായലോരഗ്രാമം. അവിെട ഒരു വീടിനു മുന്നിൽ െചറിയൊരു ആൾക്കൂട്ടം. മരണവീട്ടിൽ ആദ്യ നിമിഷങ്ങള്‍ പോലെ കനത്ത നിശബ്ദത. ആ ആൾക്കൂട്ടത്തിലേക്ക് വെളള വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി കടന്നുവന്നു.
അവിടെ കണ്ട കാഴ്ച ഇതാണ്. എഴുപതു വയസ്സുള്ള അമ്മ വീടിനു മുന്നിൽ കിടക്കുന്നു. അവരെ തൊഴുത്തിൽ പശുക്കളെ കുളിപ്പിക്കുന്നതു പോലെ ൈപപ്പിൽ നിന്ന് വെള്ളമടിച്ച് കുളിപ്പിക്കുകയാണ് ബന്ധുക്കൾ. ആ അമ്മയ്ക്ക് കാൻസറാണ്. ശരീരം നിറയെ വ്രണങ്ങൾ. അവയില്‍ നിന്നു പുഴു അരിച്ചിറങ്ങുന്നു. മക്കൾ പോലും അടുക്കുന്നില്ല.
അമ്മയ്ക്കരികിലേക്ക് നേരത്തെ കണ്ട പെൺകുട്ടി ചെന്നു. കട്ടിലിൽ തണുത്തു മരവിച്ചു കിടന്ന അവരെ രണ്ടുകൈ കൊണ്ടും കോരിയെടു ത്തു, വ്രണങ്ങൾ ഒന്നൊന്നായി വൃത്തിയാക്കി മരുന്നു വച്ചു. ആ അമ്മയുടെ മുഖത്തു നോക്കി ചിരിച്ചു. അവരുടെ നിറഞ്ഞ കണ്ണുകൾ ഒപ്പിക്കൊ ടുത്തു.
മക്കള്‍ പോലും തൊടാതെ മാറിനിന്ന മുറിവുകളിൽ ആ പെൺകുട്ടിയുെട സാന്ത്വനം ആ അമ്മയ്ക്ക് പുതിയൊരു ഔഷധമായി. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ പുതിയൊരു ആകാശത്തിേലക്ക് അവര്‍ മിഴി തുറന്നു.


ഇതുപോലെ എത്രയോ അമ്മമാർ. സഹോദരങ്ങൾ, കൊച്ചു കുട്ടികൾ... ആ പെൺകുട്ടിയുടെ സ്പർശത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എത്രയോ പേർ നിത്യശാന്തിയുടെ കവാടത്തിലേക്ക് ശാന്തരായി കടന്നുപോയിരിക്കുന്നു.
ഇത് ശ്രീദേവി ദിലീപ്. ചങ്ങൻകുളങ്ങരയിൽ താമസം. ഓച്ചിറ ആർ സിപിഎം ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്. ഇതൊന്നുമല്ല ശ്രീദേവിയെ വ്യത്യസ്തയാക്കുന്നത്. അവരുെട നിശബ്ദമായ സാമൂഹ്യ സേവനമാണ്. പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ അവശനിലയിലായ രോഗികളെ അവർ വീട്ടിലെത്തി തികച്ചും സൗജന്യമായി ചികിത്സിക്കുന്നു. ഈ ൈദവകർമത്തിന്റെ വിലയറിയണമെങ്കിൽ സമൂഹത്തിന്റെ യഥാർഥമുഖം കൂടി തിരിച്ചറിയണം. രോഗം എല്ലാം നശിപ്പിച്ച കുടുംബങ്ങളുടെ വേദനയറിയണം.

മണിമേലിക്കടവിലേക്കുള്ള യാത്രകൾ


ചങ്ങൻകുളങ്ങര ശിവക്ഷേത്രത്തിനു തൊട്ടടുത്ത് നാരായണീയം എന്ന വീട്ടിൽ നിന്ന് ശ്രീദേവിയുടെ ഇരുചക്രവാഹനം പുറത്തേക്കിറങ്ങുന്നു. വെള്ള സാരിയും െവള്ള ബ്ലൗസും െവള്ള ഒാവര്‍േകാട്ടുമാണു വേഷം. സേവനവഴിയിലെ യൂണിഫോമാണത്. അതുകൊണ്ടാണ് നാട്ടുകാർ ശ്രീദേവിയെ മാലാഖ എന്നു വിളിക്കുന്നത്. അകലെയെവിടെയോ ഒരാൾ ശ്രീദേവിയുടെ വരവും കാത്തു കിടക്കുന്നുണ്ടാകും. സാന്ത്വനവും സ്േനഹവും മരുന്നുമായി ഈ മാലാഖ എത്തുമ്പോൾ തന്നെ അവരുടെ അസുഖം പകുതി മാറിയിട്ടുണ്ടാകും.
‘‘ഇന്നു രാവിലെ രണ്ടുമൂന്നു പേർ വിളിച്ചിട്ടുണ്ട്. എല്ലാം പ്രായമായവരാണ്. പലരും മരണക്കിടക്കയിലാണ്. അതിനിടയില്‍ വീട്ടുകാര്യങ്ങള്‍ േനാക്കണം, ആശുപത്രിയില്‍ േപാണം...’’ സ്കൂട്ടര്‍ സ്റ്റാര്‍ട് ചെയ്യുന്നതിനിടയില്‍ ശ്രീദേവി പറഞ്ഞു. ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. അതുകൊണ്ട് പിൻവിളികൾക്കും നല്ല വാക്കുകൾക്കും ഇവര്‍ കാത്തുനിൽക്കുന്നുമില്ല.
കൈതോലകൾ പടർന്നു കിടക്കുന്ന നാട്ടുവഴികൾ. തണ ലും മണലും ഇടകലർന്ന െവളിമ്പുറങ്ങൾ. ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് മിഴി തുറക്കുന്ന ചങ്ങൻകുളങ്ങരയെന്ന ഈ ഗ്രാമത്തിൽ നിന്നാണ് ൈദവത്തോളം നിശബ്ദതയോടെ ശ്രീദേവി സേവനവഴിയിലേക്കിറങ്ങിയത്. ഏതാണ്ട് രണ്ടര പതിറ്റാണ്ടു മുമ്പ്.
േവദനിക്കുന്നവർക്ക് മരുന്നു കൊടുക്കുകയല്ലാതെ തന്റെ ജീവിതകഥയ്ക്ക് എന്തു പ്രസക്തിയെന്നു ചോദിക്കുന്നു ശ്രീദേവി. കാരണം താൻ ചെയ്യുന്നത് തന്റെ കർമം എന്നല്ലാതെ അതൊരു സേവനമായി ഇവര്‍ കണ്ടിട്ടേയില്ല.


പാവുമ്പയ്ക്കടുത്ത് അച്ചോലിൽ വീട്ടിൽ ഗോപാലപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകൾ കുടുംബത്തിലെ ദുഃഖവും ദുരിതവും അറിഞ്ഞാണു വളര്‍ന്നത്. രോഗവും ദാരിദ്ര്യവും ഇല്ലായ്മയും വല്ലായ്മയും ഏറെ അലട്ടിയ കുട്ടിക്കാലം. അ ന്ന് അച്ഛനോടും അമ്മയോടുമൊപ്പം ധാരാളം ആശുപത്രിവാസങ്ങൾ വേണ്ടി വന്നു ശ്രീദേവിക്ക്. അവിടെ കണ്ട െവള്ളയുടുപ്പിട്ട മാലാഖമാരായിരിക്കണം ആതുര ശുശ്രൂഷയെന്ന ൈദവവഴി തിരഞ്ഞെടുക്കാൻ പ്രചോദനമായത്.
പതിനേഴാം വയസില്‍ അടൂരിലുള്ള  ഒരു സ്വകാര്യസ്ഥാപനത്തിൽ ജനറൽ നഴ്സിങ് പഠിക്കാൻ ചേർന്നു. പിന്നീട് ഓ ച്ചിറ ആർസിപിഎം ആശുപത്രിയിെല സ്റ്റാഫ് നഴ്സായി. ആ സമയത്തു തന്നെയാണ് കേരളത്തിൽ പാലിയേറ്റീവ് ചികിത്സ വ്യാപകമാകുന്നത്. അങ്ങനെ കൊല്ലം ജില്ല പാലിയേറ്റീവ് യൂണിറ്റിന്റെ ഒരു ശാഖ ഇവിടെയും തുടങ്ങി. ശ്രീദേവി അതിന്‍റെ  സന്നദ്ധപ്രവര്‍ത്തകയും.


േദശീയപാതയുെട ഇരുവശങ്ങളിലുമായി ഓച്ചിറ, ചങ്ങൻകുളങ്ങര പ്രദേശങ്ങൾ ഉൾപ്പെടുന്ന ചെറിയൊരു ഭൂപ്രകൃതിയാണ് ശ്രീദേവിയുടെ കർമമണ്ഡലം. എങ്കിലും അയൽജില്ലകളിൽ നിന്നു പോലും വിളി വരും. കാരണം മക്കളു പോലും അറച്ചു നിൽക്കുന്ന രോഗികൾക്കു മുന്നിലാണ് ഇവര്‍ സാന്ത്വനവുമായി എത്തുന്നത്. ദിവസം രണ്ടു പേരെങ്കിലും വിളിക്കാറുണ്ട്.
‘‘പുഴുവരിച്ചു കിടക്കുന്നവരെ കാണുമ്പോൾ എന്റെ അമ്മയാണെന്നു കരുതും. അല്ലെങ്കിൽ അച്ഛനോ അടുത്ത ബന്ധുവോ ആെണന്നു കരുതും. ഞാൻ അമ്മയെന്നും അച്ഛനെന്നും സഹോദരനെന്നുമൊക്കെ തന്നെയാണ് അവരെ വിളിക്കുന്നതും. പിന്നെ അവരുടെ കണ്ണുകളിലേക്കു നോക്കും. നിറഞ്ഞൊഴുകാത്ത ഒരു കണ്ണും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. ഇങ്ങനെ വീണു പോയവർക്കിടയിൽ...’’ അനുഭവത്തിന്റെ മുറിവുകളിൽ മരുന്നു പുരട്ടുന്നു ശ്രീദേവി.


ഗ്രാമത്തില്‍ പലരും  ൈദവത്തെ കാണുന്നതുപോലെ തൊഴുൈകകളോടെയാണ് ശ്രീദേവിയുെട മുന്നില്‍ നില്‍ക്കുന്നത്.  ചിലർ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ കുഴങ്ങും. ഈ സ്നേഹം നാട്ടുകാർ വെറുെത കൊടുക്കുന്നതല്ല. രോഗികൾക്ക് ശ്രീദേവി കൊടുക്കുന്ന പരിഗണനയ്ക്കുള്ള പ്രതിഫലമാണ്.

sreedevi3
മകൾ ദിയ, ഭർത്താവ് ദിലീപ്, മകൻ ദേവനാരായണൻ എന്നിവരോടൊപ്പം ശ്രീദേവി

രക്ഷിക്കണം; ഭിക്ഷയെടുത്തു ജീവിക്കാൻ


‘‘വീട്ടിൽ അവശനിലയിലുള്ള രോഗിയുടെ ട്യൂബ് മാറ്റാനും മുറിവിൽ മരുന്നു വയ്ക്കാനും മറ്റ് അത്യാവശ്യകാര്യങ്ങ ൾക്കും ഒക്കെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ എന്താകും ചെലവ്? പാവപ്പെട്ട പലർക്കും അതു താങ്ങാൻ ക ഴിയില്ല. എന്താ ഫലം, രോഗി വീട്ടിൽ തന്നെ കിടക്കും. രോഗം പിന്നെയും കൂടും. അങ്ങനെയുള്ളിടത്താണ് ഞാൻ ഓടിയെത്തുന്നത്. നമ്മളെക്കൊണ്ടു പറ്റുന്ന രീതിയിൽ വേണ്ടതൊക്കെ ചെയ്തു കൊടുക്കും. എത്രയോ ആൾക്കാരെ ഇങ്ങനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നിരിക്കുന്നു.’’ കാരുണ്യത്തിന്റെ വഴികളെക്കുറിച്ചു ശ്രീദേവി പറയുന്നു.


‘‘താങ്ങും തണലുമായി കുറച്ചുപേർ കൂടെയുള്ളതാണ് എന്‍റെ െെധര്യം. ആർസിപിഎം ആശുപത്രി ഡയറക്ടർ േഡാ. നാരായണ കുറുപ്പും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ െകാല്ലം ജില്ലാ ഭാരവാഹി എൻ. എം പിള്ളയുമാണ് എന്‍റെ വഴികാട്ടികൾ. ഇവരുെട നല്ല മനസ്സ് നല്‍കുന്ന ഊർജം വളരെ വലുതാണ്.  േഡാ. പ്രവീൺ ജി. ൈപ, ഡോ. രാധാഭായി, ഡോ. ശ്രീകുമാരി, നഴ്സിങ് സൂപ്രണ്ട് രമ പിന്നെ സഹപ്രവർത്തകർ  അങ്ങനെ ഒരുപാടുപേരുടെ സ്നേഹവും  പിന്തുണയും ഉണ്ട്.’’


മരണമെത്തുന്ന നേരങ്ങൾ


‘രോഗമാണ് എല്ലാ ദുരന്തങ്ങളുടെയും തുടക്കം. എല്ലാവരെയും ദരിദ്രരാക്കാനും എല്ലാം നശിപ്പിക്കാനും രോഗത്തിനു കഴിയും. കാൻസർ പോലെ മാരകമായ രോഗങ്ങൾ വന്ന് പട്ടിണിയായിപ്പോയ എത്രയോ കുടുംബങ്ങളെ എനിക്കറിയാം. രോഗത്തിന്റെ ഇരകൾ മിക്കപ്പോഴും സ്ത്രീകളാണ്. അവർക്ക് അസുഖം വന്നാലും കുടുംബത്തിെല മറ്റ് അംഗങ്ങൾക്ക് അസുഖം വ ന്നാലും തകർന്നു പോകുന്നതു സ്്ത്രീകളാണ്. പുറംലോകം അത് അധികം അറിയുന്നില്ലെന്നു മാത്രം.’ അനുഭവത്തിന്റെ വെളിച്ചത്തിൽ‌ ശ്രീദേവി പറയുന്നു.
ഇരുചക്രവാഹനത്തിലുള്ള ദീർഘയാത്രകൾ ശ്രീദേവിക്കു നൽകിയത് വിട്ടുമാറാത്ത നടുവേദന. ഈയിടെ ഒരു സർജറി കഴിഞ്ഞതേയുള്ളു.‘‘കൊല്ലം പാലിയേറ്റീവ് െകയറിന് ഒരു മാരുതി വാൻ ആംബുലൻസ് ഉണ്ട്. പുതിയ ആംബുലൻസ് വാങ്ങുമ്പോൾ ആ പഴയ ആംബുലൻസ് തരാം എന്നു പറഞ്ഞിട്ടുണ്ട്. കിടപ്പിലായവരെ േനരത്തെ ഞാൻ ആംബുലൻസ് ഓടിച്ചുപോയി നോക്കുമായിരുന്നു. പിന്നീടാണ് അത് ഇരുചക്രവാഹനമായത്.’’

sreedevi2
സാന്ത്വനവുമായി വീടുകളിലേക്ക്: ശ്രീദേവി ഒരു അമ്മയോടൊപ്പം


‘‘രോഗം ആർക്കു വന്നാലും  സങ്കടമാണ്. എന്നാൽ ഏറ്റവും സങ്കടം കുട്ടികൾക്കു വരുന്ന രോഗമാണ്. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ എന്റെ ൈകയിൽ കിടന്നു മരിച്ചിട്ടുണ്ട്. നമ്മൾ തകർന്നുപോകും ആ സമയത്ത്. മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നമുക്ക് സ്വയം ആശ്വസിക്കാനും വാക്കുകളില്ല. പിന്നെ, ശരീരത്തിൽ വ്രണം ഉണ്ടാക്കുന്ന തരം കാൻസറുകള്‍. രോഗത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരും അവരാണ്. വീട്ടുകാരു പോലും ചിലപ്പോൾ പുറംതള്ളുന്ന ഇത്തരം രോഗികൾക്ക് അവസാനകാലത്തെ ആശ്രയം പാലിയേറ്റീവ് കെയർ യൂണിറ്റുകളാണ്.’’ വേദനിക്കുന്നവരുടെ മുഖമല്ലാതെ മറ്റൊന്നുമില്ല ശ്രീദേവിയുടെ വാക്കുകളിൽ.

ദുബായിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ശ്രീദേവിയുെട ഭർത്താവ് ദിലീപ്. രണ്ടു മക്കള്‍. പ്ലസ്ടു വിദ്യാർഥിനിയായ ദിയാ ദിലീപും അഞ്ചാംക്ലാസുകാരൻ ദേവനാരായണനും.
ജീവിതത്തിൽ ഒരിക്കലെങ്കിലും െവള്ള വസ്ത്രമണിഞ്ഞ മാലാഖമാരുടെ കാരുണ്യം നിറ‍ഞ്ഞ ആ സ്പർശം അറിയാത്തവരായി ആരുമുണ്ടാകില്ല. മദർ തേരേസ മുതൽ ഇങ്ങോട്ട് ൈദവവഴികളിൽ എത്രയോ പേർ.

നാസി തടവറയിൽ നിന്ന് ശവപ്പെട്ടികളിൽ കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി മൂവായിരത്തോളം ജീവൻ രക്ഷിച്ച് അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിസ്റ്റർ ഐറിൻ സെൻഡ് ലർ മുതൽ ഇങ്ങോട്ട് എത്രയോ പേർ. അവരിലൊരാളാണു ശ്രീദേവിയും. പക്ഷേ, ഈ ചരിത്രങ്ങളൊന്നും ശ്രീദേവിക്ക് അറി‍ഞ്ഞുകൂടാ. പക്ഷേ, ൈദവവഴിയിലൂടെ സഞ്ചരിക്കുന്ന തന്നെ ൈദവം ഒരിക്കലും ൈകവിടില്ലെന്ന് ശ്രീദേവിക്കറിയാം.