Wednesday 14 July 2021 04:32 PM IST

‘കറുപ്പാണെങ്കിലും കുട്ടി സുന്ദരിയാട്ടോ’: ആ വിശേഷണം എനിക്കു വേണ്ട: വൈറലാക്കിയവരോട് ശ്രീക്കുട്ടിക്ക് പറയാനുള്ളത്

Binsha Muhammed

sreekutty-cover

സോഷ്യൽ മീഡിയ ഒരു സുന്ദരിപ്പെണ്ണിനെ കണ്ണുവയ്ക്കാൻ തുടങ്ങിയിട്ട് നാൾകുറച്ചായി. മുല്ലമൊട്ടു വിതറിയ പോലുള്ള പല്ലുകൾകാട്ടി മന്ദഹാസം. കറുപ്പിൽ അഗ്നിശോഭ തുളുമ്പുന്ന സാരി. എല്ലാത്തിനും മേലെ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന ചന്തം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡെന്റൽ ഡോക്ടറായ ശ്രീക്കുട്ടിയാണ് ആ സുന്ദരിപ്പെണ്ണ്.

ചമയങ്ങളുടെ മേലങ്കിയോ ആടയാഭാരണങ്ങളുടെ തിളക്കമോ ഇല്ലാത്ത ആ സൗന്ദര്യം പറയാതെ പറ‍ഞ്ഞ മറ്റൊന്നു കൂടിയുണ്ടായിരുന്നു. അഴകുള്ളതെല്ലാം വെളുത്തു തുടുത്തിരിക്കണമെന്ന അലിഖിത നിയമങ്ങളെ പൊളിച്ചെഴുതുന്ന ശക്തമായ നിലപാട്. ‘കറുപ്പാണങ്കിലെന്താ സുന്ദരിയല്ലേ’ പതിവു വിശേഷണങ്ങളുടെ കുണുക്കു ചാർത്തി അവളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോൾ ആ വൈറൽ സുന്ദരിക്കു പറയാനുള്ളത് നിറത്തിന്റെ വേർതിരിവിനെ കുറിച്ചും കറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ്. സോഷ്യൽ മീഡിയ തേടിയ ആ അജ്ഞാത സുന്ദരി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല ശ്രീക്കുട്ടിയുടെ വാക്കുകൾ, കറുപ്പിനെ വ്യക്തിത്വത്തിന്റെയും അഴകിന്റെയും അടയാളമാക്കിയ പെണ്ണിന്റെ ഉശിരുള്ള നിലപാടു കൂടിയാണിത്. ‘വനിത ഓൺലൈനിലൂടെ’ മറുപടി നൽകുകയാണ് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീക്കുട്ടി സുനിൽ കുമാറെന്ന ‘മോഡൽ ഡോക്ടർ....’

കറുപ്പിനെന്താ കുഴപ്പം?

‘കുറുപ്പാണെങ്കിലും സുന്ദരിയാട്ടോ...’ ജീവിതത്തിൽ ‍ഞാനേറ്റവും കേട്ട കമന്റും കോംപ്ലിമെന്റും അതായിരിക്കും. ആദ്യമൊക്ക അത് കേൾക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. അതൊരു അഭിനന്ദനമായിട്ടാണ് ഞാനെടുത്തിരുന്നത്. പക്ഷേ എന്റ ചിന്താഗതികള്‍ക്കും ജീവിതത്തിനും പക്വത കൈവന്നപ്പോൾ ഞാൻ ആ കമന്റിനള്ളിൽ ഒളിച്ചിരുന്ന വർണ വിവേചനത്തെ തിരിച്ചറിഞ്ഞു. സുന്ദരിയാണെങ്കിൽ ആണെന്നു പറയണം. അതിനെന്തിനാണ് കറുപ്പിന്റെ വിശേഷണം. ‘കറുപ്പാണേലും’ എന്നു വിശേഷിപ്പിക്കാൻ എന്തേ... കറുപ്പത്ര മോശമാണോ’– ശ്രീക്കുട്ടി പറഞ്ഞു തുടങ്ങുകയാണ്.

പൊതുയിടങ്ങളിൽ, ചടങ്ങുകളിൽ, സൗഹൃദ വലയത്തിനുള്ളിൽ എല്ലായിടത്തും നമ്മളുടെ പിന്നാലെ ആ വിശേഷണം എത്തും. കറുപ്പാണെങ്കിലും നീ സുന്ദരിയാ... ശരിക്കും പറഞ്ഞാൽ ആ വാക്കുകളെ വെറുത്തു തുടങ്ങി. ഒരു ഡ്രസ് സെലക്ട് ചെയ്യാൻ പോകുമ്പോഴും ഇതു തന്നെ കഥ. സെയിൽസ് ഗേൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഉടനെത്തും. ‘ഈ ഡ്രസ് നിനക്ക് ചേരുമോ... ഈ ഡ്രസ് നിന്നെ ഡൾ ആക്കില്ലേ... ഒന്നൂടി നീ കറുത്തു പോകില്ലേ’ എന്നിങ്ങനെ ഉപദേശങ്ങൾ. കുറച്ചു കൂടി ബ്രൈറ്റ് ആയിട്ടുള്ള വസ്ത്രമെടുത്താലുമുണ്ട് അപകടം. നിന്നെ കാണില്ല ഡ്രസ് മാത്രമേ കാണുള്ളു. ഇങ്ങനെയുള്ള പരിഹാസമൊളിപ്പിച്ച കമന്റുകൾ. സ്നേഹം നടിച്ചെത്തുന്ന മറ്റു ചിലരുണ്ട്, ‘കഴിഞ്ഞ പ്രാവശ്യം കണ്ടതിലും നീ ഒന്നൂടി കറുത്തു പോയല്ലോ, കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ കുറച്ചൂടി കളറുണ്ടായിരുന്നു’ എന്നിങ്ങനെ പോകും ഡയലോഗുകൾ. തീർന്നില്ല ‘കരുതലുകൾ’ ഇനിയുമുണ്ട്, നീ ആ ക്രീം യൂസ് ചെയ്യ്... ഈ എണ്ണ തേയ്ക്ക്... ഇങ്ങനെയൊക്കെ പറഞ്ഞവരോടും ഇനി പറയാനിരിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. കൂടിയ കറുപ്പ് കുറഞ്ഞ കറുപ്പ് എന്ന ഡെക്കറേഷനൊന്നും വേണ്ട. കറുപ്പിനെ വെളുപ്പിക്കാനുള്ള ഉപദേശങ്ങളും വേണ്ട. എന്റെ നിറത്തെ, ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. അതിന്റെ പേരിൽ എനിക്കില്ലാത്ത വിഷമം വേറെ ആർക്കും വേണ്ട. എന്റെ നിറം ഇതാണ്, ഞാനിങ്ങനെയാണ്.

sreekutty-4

അപ്രതീക്ഷിതം വൈറൽ ചിത്രം

പലരും കരുതുന്ന പോലെ അതൊരു മുൻകൂട്ടി പ്ലാൻ ചെയ്ത ഫൊട്ടോഷൂട്ട് ഒന്നുമല്ല. തികച്ചും അവിചാരിതമായി എടുത്ത ചിത്രങ്ങളാണ്. നാല് മാസം മുമ്പാണ് അതു സംഭവിച്ചത്. സാന്ത്വനം സീരിയൽ താരമായി ബിജീഷ് അവനൂർ എന്റെ സോഷ്യൽ മീഡിയ സുഹൃത്താണ്. അദ്ദേഹത്തിന്റെ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. എന്റെ സുഹൃത്തും ബന്ധുവുമായ മിഥുൻ ശാർക്കരയാണ് ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളെടുക്കാൻ വന്നത്. ഞാനും മിഥുൻ ചേട്ടനും ഒരു ഫൊട്ടോഷൂട്ട് നേരത്തെ പ്ലാൻ ചെയ്തിരുന്നെങ്കിലും നടന്നിരുന്നില്ല. ചടങ്ങിനിടെ കണ്ടപ്പോൾ പുള്ളിയാണ് പുള്ളിയാണ് പറഞ്ഞത്. നീ ചുമ്മാ പോസ് ചെയ്യ്, നമുക്ക് കുറച്ച് ചിത്രങ്ങളെടുക്കാമെന്ന്. അന്നു പിറന്ന ക്ലിക്ക്. സത്യം പറഞ്ഞാൽ വെറുതേ പിറന്ന ക്ലിക്കുകൾ അതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നാല് മാസം മുമ്പത്തെ ചിത്രങ്ങൾ പുള്ളി ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതെന്നു മാത്രം. ഇച്ചിരി വൈകിയാണേലും എന്നെ വൈറലാക്കിയ മിഥുൻ ചേട്ടന് വലിയ താങ്ക്സ്.

sreekutty-6

മനസു നിറയ്ക്കുന്നു ആ കമന്റ്

ഞാൻ ആരാണെന്നു പോലും പറയാതെ നിരവധി പേജുകളിലാണ് എന്റെ ചിത്രം നിറഞ്ഞു നിൽക്കുന്നത്. കറുപ്പിന്റെ സൗന്ദര്യം, കറുപ്പിന്റെ ചന്തം എന്നൊക്കെയുള്ള തലക്കെട്ടുകളോടെ ചിത്രം ഷെയർ ചെയ്യപ്പെടുന്നുണ്ട്. അതിനിടയിൽ മനസു നിറച്ച അഭിനന്ദനങ്ങളും കമന്റുകളുമെത്തി. അതിലൊന്ന്. ‘യൂ ആർ എ റിയൽ ഇൻസ്പിറേഷൻ ടു അസ്’ ശരിക്കും അതു കണ്ടപ്പോള്‍ മനസു നിറഞ്ഞു. നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്ന പരിഹസിക്കപ്പെടുന്ന നിരവധി പേർക്ക് എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾ പ്രചോദനമാകുന്നു എന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം... അഭിമാനം. കുറേപേർ എന്റെ കളർ ടോണിനേക്കാളും പറഞ്ഞത് എന്റെ ചിരിയെക്കുറിച്ചായിരുന്നു. നല്ല വാക്കുകളോട് നിറയെ സ്നേഹം.

ഇതിനിടയിലും കറുപ്പാണെങ്കിലും സുന്ദരിയാണെന്ന തലക്കെട്ടുകളും കമന്റുകളും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുമ്പ് പറഞ്ഞതു തന്നെ അവരോടും ആവർത്തിക്കുന്നു. കറുപ്പിനെ  വെളുപ്പിനെ പോലെ എന്തു കൊണ്ട് നോർമലൈസ് ചെയ്തു കൂടാ. കറുപ്പിൽ മാത്രം  കണ്ണുവച്ച് എന്തിനാണ് ഒരു ഫൊട്ടോയുടെ ലൈഫ് കളയുന്നത്. സൗന്ദര്യത്തിന് കറുപ്പിന്റെയോ വെളുപ്പിന്റേയെ നിർവചനങ്ങൾ വേണ്ട. നിറത്തിന്റെ വിശേഷണങ്ങൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായും കറുപ്പിനെ കറുപ്പായും കാണുന്ന സൊസൈറ്റിയാണ് നമുക്ക് ആവശ്യം.

sreekutty

ഡോക്ടർ മോഡലാണ്

ഡെന്റൽ സർജൻ എന്ന പ്രഫഷനും മോഡലെന്ന പാഷനും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് എന്റെ ആഗ്രഹം. ഡോക്ടർ ജോലിക്കിടെ മോഡലിങ് ഒരുപാട് ചെയ്യണമെന്നും അഭിനയിക്കണമെന്നും അതിയായ ആഗ്രഹമുണ്ട്. പാട്ടും അഭിനയവും മോഡലിങ്ങിനൊപ്പം കൂടെയുണ്ട്. ഒന്നുകൂടിയുണ്ട് ഡോക്ടർ ആയതുകൊണ്ട് എന്റെ സ്വപ്നങ്ങളും ടാലന്റും മറച്ചു വയ്ക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. ഡോക്ടർ ആയവർ അഭിനയിക്കാനും പാടാനും പാടില്ല എന്നത് വെറും ഇടുങ്ങിയ ചിന്താഗതിയാണ്. എന്റെ ജോലിയോട് നീതിപുലർത്തി തന്നെ മുന്നോട്ടു പോകും.

sreekkutty-2

പോകാന്‍ ഇനിയും ഏറെ ദൂരമുണ്ട്. ആ യാത്രയിൽ എനിക്ക് പിന്തുണ നൽകുന്നത് എന്നെ ചേർത്തു നിർത്തുന്ന കുടുംബാംഗങ്ങളോടാണ്. അച്ഛൻ സുനിൽ കുമാർ നാദസ്വരം കലാകാരനാണ്. അമ്മ സുനന്ദ, സഹോദരൻ വിഷ്ണു സുനിൽ കുമാർ പഠിക്കുന്നു. ഒരാൾ കൂടിയുണ്ട്, എന്റെ മനസറിഞ്ഞ് എന്റെ സ്വപ്നങ്ങൾക്കൊപ്പം കൂട്ടുനിൽക്കുന്ന വുഡ്ബീ വിനിൽ വിശ്വനാഥ്. കൊച്ചി ബിപിസിഎല്ലിൽ ആണ് കക്ഷി വർക് ചെയ്യുന്നത്. കോവിഡിന്റെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹം ഉടനുണ്ടാകും.