Tuesday 07 July 2020 12:31 PM IST

‘യാത്രകളാണ് സാറേ ഇവൾടെ മെയിൻ’; നാലു വർഷം കൊണ്ട് തനൂറ സഞ്ചരിച്ചത് 24 രാജ്യങ്ങൾ

Nithin Joseph

Sub Editor

tanoora1

‘തട്ടമിട്ട മേനോത്തി’– സംശയിക്കേണ്ട, ഒരു പുസ്തകത്തിന്റെ പേരാണ്. ഇതെന്താ ഇങ്ങനെയൊരു പേര് എന്നൊരു കൗതുകം തോന്നുന്നില്ലേ? പുസ്തകം എഴുതിയ ആളെപ്പറ്റി കൂടുതൽ അറിഞ്ഞാൽ കൗതുകമൊക്കെ മാറിക്കോളും. ഗ്രന്ഥകർത്താവിന്റെ പേര് ‘തനൂറ ശ്വേത മേനോൻ, കേരളത്തിലെ ഒരു യുവ സംരംഭക. എന്നാൽ, അങ്ങനെയൊരു ചെറിയ ലേബലിൽ മാത്രമായി ഒതുക്കി നിർത്താൻ സാധിക്കില്ല. സംരംഭക, ഡിസൈനർ, എഴുത്തുകാരി, പബ്ലിക് സ്പീക്കർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള തനൂറ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്നൊരു സംഗതിയുണ്ട്, യാത്രകൾ. അറിയയപ്പെടാൻ ആഗ്രഹിക്കുന്ന വിശേഷണം ‘സോളോ ട്രാവലർ’ എന്നതാണ്. കഴിഞ്ഞ നാലു വർഷങ്ങൾകൊണ്ട് തനൂറ സഞ്ചരിച്ചത് 24 രാജ്യങ്ങളിലൂടെ. ഇതുവരെ എല്ലാ യാത്രകളും നടത്തിയത് തനിച്ചാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

tanoora4

‘എല്ലാവരും എനിക്ക് നൽകുന്നൊരു വിശേഷണം സംരംഭക എന്നതാണ്. ഒന്നുമില്ലായ്മയിൽനിന്ന് നിലനിൽപിനു വേണ്ടി ബിസിനസ് രംഗത്തേക്ക് ഇറങ്ങിയതാണ് ഞാൻ. 2014ൽ വിവാഹമോചനം നേടുമ്പോൾ ജീവിതമൊരു വലിയ ചോദ്യചിഹ്നമായിരുന്നു. ജീവിക്കാനുള്ള പണം കണ്ടെത്താൻ ചെറിയ തോതിൽ തുടങ്ങിയ മാനുഫാക്ചറിങ് ആൻഡ് എക്സ്പോർട്ടിങ് ബിസിനസ് പതിയെ വളർന്നു. ബാംഗ്ലൂരിലും മറ്റും തനിച്ച് പോയി തുണികൾ വാങ്ങി, സ്വയം ഡിസൈൻ ചെയ്ത് കടകളിൽ നേരിട്ട് കൊണ്ടുപോയി കൊടുത്താണ് തുടങ്ങിയത്. അതിനിടയിൽ ആകെയുണ്ടായിരുന്ന പണവുമായി സഹായി മുങ്ങി. പക്ഷേ, അവിടെയും തോറ്റില്ല. ആ ചെറിയ തുടക്കം പിന്നീട് ‘തനൂറ’, ‘സെറ കിഡ്സ്’ എന്നീ ബ്രാൻഡുകൾ വളർന്നു. എന്റെ പേരിലെ തനൂറ എങ്ങനെ വന്നുവെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

tanoora6

അതിനു ശേഷമാണ് എന്റെ യാത്രകൾ ആരംഭിക്കുന്നത്. ബിസിനസിന്റെ തിരക്കുകളിൽനിന്ന് മാറിനിൽക്കാനല്ല, ചുറ്റുമുള്ളവരുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു 2016ലെ ആദ്യയാത്ര. ചെറുപ്പത്തിൽ ധനുഷ്കോടിയിൽ പോയപ്പോൾ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ കണ്ടിട്ടുള്ള ശ്രീലങ്കയിലേക്കായിരുന്നു യാത്ര. അതിനു ശേഷം എല്ലാ മാസവും ഒരു യാത്ര എന്ന നിലയിലായി. ഇതുവരെ 24 രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാ യാത്രകളും തനിച്ചായിരുന്നു. ലക്ഷ്യമില്ലാത്ത യാത്രകളാണ് എന്റേത്. ഗൂഗിളിൽ ആകെ നോക്കുന്നത് രണ്ടേരണ്ട് കാര്യങ്ങളാണ്. ചെന്നിറങ്ങേണ്ട എയർപോർട്ടും ആദ്യദിവസം താമസിക്കേണ്ട ഹോട്ടലും. ബാക്കിയെല്ലാം വരുന്നിടത്തു വച്ച് കാണാം എന്നതാണ് എന്റെ ലൈൻ. അപരിചിതരായ ടാക്സി ഡ്രൈവർമാരും ഗൂർ ഗൈഡുകളും വഴിയോര കച്ചവടക്കാരുമൊക്കെയാണ് അവിടെ നമ്മളെ സഹായിക്കാനുള്ളത്.

tanoora2

എന്തിനാണ് തനിച്ച് യാത്ര ചെയ്യുന്നത് എന്ന ചോദ്യം എല്ലായ്പ്പോഴും കേൾക്കാറുണ്ട്. എന്റെ യാത്രകളുടെ ലക്ഷ്യം പുതിയ സ്ഥലങ്ങൾ കാണുകയല്ല, പുതിയ ആളുകളെ പരിചയപ്പെടലാണ്, അവരെ അടുത്തറിയലാണ്. അത്തരത്തിൽ മറക്കാനാവാത്ത ഒരുപാട് കൂടിക്കാഴ്ചകളുണ്ട്. കെനിയയിലെ വ്യവസായ മന്ത്രിയുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത് ഒരു ഹോട്ടലിലെ ലോബിയിൽ വച്ചാണ്. അവരെ നേരിട്ട് കണ്ട കൗതുകത്തിൽ ഞാൻ ചോദിച്ചത് ‘ആഫ്രിക്കൻ സ്ത്രീകളുടെ മാത്രം പ്രത്യേകത എന്താണെ’ന്നാണ്. ആ ചോദ്യം അവർക്ക് ഇഷ്ടപ്പെട്ടു. പിറ്റേന്ന് അവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്ക് ക്ഷണം കിട്ടി. അവരുടെ ഔദ്യോഗിക വാഹനത്തിൽ ഒരു വിഐപിയെപ്പോലെയാണ് ഞാൻ പോയത്. പിന്നീടൊരിക്കൽ ഒരു ഹോട്ടലിലെ ലിഫ്്റ്റിൽ വച്ച് മാലിദ്വീപിലെ വിദേശകാര്യ മന്ത്രിയെ മീറ്റ് ചെയ്യാൻ ചാൻസ് കിട്ടി. അദ്ദേഹം മന്ത്രിയാണെന്ന് അറിയാതെയാണ് ഞാൻ സംസാരിച്ചത്. എന്റെ ഇഷ്ടത്തിനും സൗകര്യത്തിനുമൊത്ത് തനിച്ച് നടത്തിയ യാത്രകൾക്കിടയിലാണ് എനിക്ക് ഇത്തരത്തിൽ മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങൾ ലഭിച്ചത്. ആദ്യയാത്ര നടത്തിയ ശ്രീലങ്കയില്‍ ഇതുവരെ 17 തവണ പോയി. അഞ്ചു തവണ കാശ്മീർ സന്ദർശിച്ചു. ഏറെ അപകടം നിറഞ്ഞ അതിർത്തിയിൽ തീവ്രവാദികളെ കാണാൻ പോയിട്ടുണ്ട്. കുട്ടിക്കാലത്ത് ഡാഡി സമ്മാനിച്ച എസ്.കെ പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ ആഫ്രിക്ക നേരിട്ട് കണ്ടു. വേറെയും നിരവധി രാജ്യങ്ങൾ, സംസ്കാരങ്ങൾ. ഒരൊറ്റ യാത്രയിൽ പോലും ആരെയും ഞാൻ കൂടെ കൂട്ടിയില്ല. ജീവിതമെന്താണെന്ന് എന്നെ പഠിപ്പിച്ചതും യാത്രകളാണ്.

tanoora7

ഓരോ യാത്രകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ഞാൻ എന്റെ ജീവിതവും അനുഭവങ്ങളും എഴുതാൻ തുടങ്ങി. അങ്ങനെയാണ് ‘തട്ടമിട്ട മേനോത്തി’ എന്ന പുസ്തകം ഇറക്കിയത്. ഇതുവരെ സഞ്ചരിച്ച 24 രാജ്യങ്ങളിൽ കണ്ടുമുട്ടിയ 24 ആളുകളെക്കുറിച്ച് എഴുതണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

tanoora3

ബിസിനസ് ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഞാൻ പറയും, യാത്രകൾ ചെയ്യാൻ വേണ്ടിയാണെന്ന്. നമുക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോൾ അതിൽ അൽപം മിച്ചം വയ്ക്കണം എന്ന് പറയാറുണ്ട്. മുഴുവനായി കഴിച്ചാൽ പിന്നെ അതിനോട് നമുക്കുള്ള ഇഷ്ടം ഇല്ലാതാകും. അതുപോലെയാണ് യാത്രകളും. ഓരോ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കാണാതെ ബാക്കി വയ്ക്കും. അടുത്ത യാത്ര നടത്താനുള്ള ഊർജം അതിലൂടെ കിട്ടും.’

Tags:
  • Spotlight