Saturday 16 February 2019 04:41 PM IST

‘മരണം വരെ ഒപ്പമുണ്ടാകുന്നതാണ് ടാറ്റു; നിങ്ങളെ സ്വാധീനിച്ച, ഏറ്റവും സ്പെഷൽ ആയതു വേണം തിരഞ്ഞെടുക്കാൻ!’

Syama

Sub Editor

_C2R7608

ചേട്ടനു ഇഷ്ടമുള്ള ഏതെങ്കിലും ഒരു സാധനം അങ്ങ് അടിച്ചോന്നേയ്’ ടാറ്റൂ ചെയ്യാൻ വന്ന ഇരുപതുകാരൻ തൻമയ് വളരെ കാഷ്വലായി പറഞ്ഞു. ‘എനിക്ക് ഏറ്റവും ഇഷ്ടം മങ്കി ടാറ്റൂസ് ആണ്’ അത് ചെയ്താൽ മതിയോ?’ ടാറ്റൂ ആർട്ടിസ്റ്റ് തിരികെ ചോദിച്ചു. അത്രയും നേരം എന്തങ്കിലുമൊരു ടാറ്റൂ എന്നുറപ്പിച്ച കൺസെപ്റ്റ് മൊത്തത്തിലൊന്നു കുലുങ്ങി. അപ്പോൾ ദാ, വരുന്നു അടുത്ത ചോദ്യം. ‘മരണം വരെ നിനക്കൊപ്പമുണ്ടാകുന്നതാണ് ടാറ്റു. നിന്നെ സ്വാധീനിച്ച, നിനക്ക് അത്രയും സ്പെഷൽ ആയതു വേണം ടാറ്റൂ ചെയ്യാൻ. തൻമയ് പോയി അതെന്താണെന്നു കണ്ടുപിടിച്ചിട്ട് വരൂ, അപ്പോ നമുക്ക് കിടിലനായി ചെയ്യാം. ഇനി ഒരു കൃത്യം രൂപം കിട്ടിയില്ലേലും ഏകദേശം കാര്യങ്ങൾ പറഞ്ഞാൽ നമുക്കൊരു കസ്റ്റം ഡിസൈൻ ഉണ്ടാക്കിയെടുക്കാം.’ ‘താങ്ക്സ് എ ലോട്ട് ചേട്ടാ, ഞാൻ നോക്കിയിട്ട് വരാം...’ എന്നു പറഞ്ഞിറങ്ങിയതു മുതൽ ടാറ്റുവിനെ കുറിച്ചായി തന്മയിന്റെ അന്വേഷണ നിരീക്ഷണങ്ങൾ.

ടാറ്റൂയിങ്ങ് പല തരം

ഡെക്കറേറ്റീവ്, ക്രൊമാറ്റിക്, മെഡിക്കേറ്റഡ്, കോസ്മെറ്റിക് പ്രധാനമായും ഇങ്ങനെ ടാറ്റൂയിങ്ങിനെ തരം തിരിക്കാം. ആദ്യത്തേതിലാണ് സാധാരണയായി ആളുകൾ ചെയ്യുന്ന തരത്തിലുള്ള ഇങ്കിങ് (ടാറ്റൂയിങ്ങിനു പറയുന്ന മറ്റൊരു പേര്) വരുന്നത്. ചിത്രങ്ങൾ, ചിഹ്നങ്ങൾ, സീനറി, പോർട്രെയ്റ്റ് തുടങ്ങിയവ അതിൽ വരും.

എന്തെങ്കിലും അപകടം പറ്റിയ ശേഷം ആ മുറിവിൽ അറിയാതെ പൊടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ കലർന്നിട്ട് അതുണങ്ങി കഴിഞ്ഞാലും മായാതെ അവശേഷിക്കുന്ന കലകളെയാണ് ക്രൊമാറ്റിക് ടാറ്റൂസ് എന്ന് പറയുന്നത്.

അസുഖങ്ങളോട് അനുബന്ധിച്ച് രോഗിയുടെ ദേഹത്ത് ചെയ്യുന്നതാണ് മെഡിക്കേറ്റ് ടാറ്റൂസ്. അലർജിയുള്ള മരുന്നിന്റെ പേര്, കീമോ ചെയ്യാനുള്ള ഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ ടാറ്റൂ ചെയ്യാറുണ്ട്. രോഗം മൂർച്ഛിക്കും മുൻപ് ചിലർ യൂത്തനേഷ്യ (ദയാവധം) വേണം, വെന്റിലേറ്ററിൽ കിടക്കാൻ താൽപര്യമില്ല എന്നൊക്കെ ടാറ്റൂ ചെയ്യാറുണ്ട്. കാൻസർ മൂലം സ്തനങ്ങൾ നീക്കം ചെയ്തവർ ആ ഭാഗത്ത് അതേ പോലെ ടാറ്റൂ ചെയ്യാറുണ്ട്. സർജറിയുടേതടക്കം പാടുകൾ നീക്കം ചെയ്യാൻ ടാറ്റു ഉപയോഗിക്കാറുണ്ട്.

ചുണ്ടിനു നിറം കൂട്ടാൻ, പുരികത്തിനു കട്ടി തോന്നിപ്പിക്കാ ൻ, ശരീരത്തിൽ മറുകുകൾ ഇടാൻ ഒക്കെ ചെയ്യുന്നതാണ് കോസ്മെറ്റിക് ടാറ്റൂയിങ്. ചർമത്തിന്റെ രണ്ടാമത്തെ പാളിയായ ഡ ർമിസ്സിലാണ് സൂചി വഴി ഇങ്ക് ഇടുന്നത്. ഒരു ചെറിയ സർജറി ചെയ്യുന്ന അതേ തയാറെടുപ്പുകളും പരിചരണവും ഈ രീതി യിലുള്ള ടാറ്റൂയിങ്ങിനും വേണം.

പകരുന്ന അസുഖങ്ങൾ ഉള്ളവർ, ത്വക്കിന് എളുപ്പത്തിൽ അലർജി വരുന്നവർ ഒക്കെ ടാറ്റൂ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം 18 വയസ്സിനു മുകളിലുള്ള ആർക്കും ടാറ്റൂ ചെയ്യാം. ടാറ്റു ചെയ്യുമ്പോളുള്ള വേദന ഒഴിവാക്കാൻ മരവിപ്പിക്കാനുള്ള സ്പ്രേ ഉപയോഗിക്കുന്ന രീതിയുമുണ്ട്.

ടാറ്റൂയിങ്ങിനു മുൻപ് 10 ചോദ്യങ്ങൾ

റ്റൂ ചെയ്യാം എന്ന് തീരുമാനിച്ച ശേഷമുള്ള അന്വേഷണത്തിൽ തന്മയിന് ഒരു കാര്യം മനസ്സിലായി. ടാറ്റൂ ചെയ്ത ശേഷം അത് എല്ലാവരേയും കാണിച്ച് ഷോ ഓഫ് നടത്താം എന്ന ചിന്തയിൽ മാത്രമാണ് ടാറ്റൂ ചെയ്യുന്നതെങ്കിൽ ആദ്യത്തെ ആവേശം കഴിയുമ്പോഴേക്ക് ‘ശ്ശേ, ഇതു ചെയ്യേണ്ടായിരുന്നു’ എന്നു തോന്നാം.

മനസ്സിൽ തോന്നിയ ഒരുപാട് സംശയങ്ങളിൽ നിന്ന് തന്മയ് തിരഞ്ഞെടുത്ത പത്തു ചോദ്യങ്ങളും അന്വേഷണത്തിൽ കണ്ടുപിടിച്ച ഉത്തരങ്ങളും അറിഞ്ഞാൽ കാര്യം എളുപ്പമായി. ടാറ്റൂ വേണോ, വേണ്ടയോ എന്നു സിംപിളായി തീരുമാനിക്കാം.

hand

1. ഇത് അൽപം വേദന സഹിക്കേണ്ട കാര്യമാണെന്നത് എനിക്ക് അംഗീകരിക്കാൻ പറ്റുമല്ലോ?

ചെറിയ മുറിവോ, കുത്തിവയ്പോ തന്നെ പേടിയുള്ള ആളുക ൾക്ക് ടാറ്റൂയിങ്ങ് അൽപം പ്രയാസമുള്ള കാര്യമാകാൻ സാധ്യതയുണ്ട്. വേദന എന്ന ചിന്ത പോലും സഹിക്കാൻ പറ്റാത്തവരും രക്തം കണ്ടാൽ ബോധം പോകുന്നവരും നല്ലവണ്ണം ആ ലോചിച്ച ശേഷം ടാറ്റൂയിങ്ങിന് മുതിർന്നാൽ മതി.

എത്ര വേദന കുറവാണെന്നു പറഞ്ഞാലും മിനിറ്റിൽ 80-150 തവണ ചെറിയ സൂചികൾ ശരീരത്തിൽ കയറി ഇറങ്ങുന്നുണ്ട്. സ്പ്രേ ഉപയോഗിച്ചാലും അതു കഴിഞ്ഞ ശേഷം സ്വൽപം വേദന സഹിച്ചേ തീരൂ.

2. ജീവിതകാലം മുഴുവൻ ടാറ്റൂ ഒപ്പമുണ്ടാകും എന്നതിൽ ഞാൻ ഓകെ ആണോ?

ആരോഗ്യപ്രദമായ ശരീരത്തിന് ഏത് മുറിവും ഉണക്കാനുള്ള കഴിവുണ്ട്. ടാറ്റൂയിങ്ങിന്റെ കാര്യത്തിൽ ശരീരത്തിന്റെ ഈ ഗുണമാണ് ഉപകാരപ്രദമാകുന്നത്. ചർമത്തിന്റെ രണ്ടാമത്തെ ലെയറായ ഡർമിസിലേക്കാണ് ടാറ്റൂ ഇങ്ക് ഇടുന്നത്. സാധാരണ ഗതിയിൽ ഡർമിസ്സിലേക്കു വരുന്ന വസ്തുക്കളെ ചർമം രക്തത്തോടൊപ്പം പുറന്തള്ളി കളയുകയാണ് പതിവ്.

ടാറ്റൂ ഇങ്കിലെ മോളിക്യൂളുകള്‍ക്ക് വലുപ്പം കൂടുതലായതു കൊണ്ടും അവ ദോഷകരമല്ലെന്നു ശരീരം തിരിച്ചറിയുകയും ചെയ്യുന്നതു കൊണ്ട് അവിടെ നിൽക്കാൻ അനുവദിക്കുന്നു. അതുകൊണ്ട് തന്നെ ടാറ്റൂ ഏപ്പോഴും കൂടെത്തന്നെ ഉണ്ടാകും എന്ന്. മനസ്സിലാക്കി വേണം ടാറ്റൂ ചെയ്യാൻ.

3. ടാറ്റൂയിങ്ങുമായി അനുബന്ധിച്ച് പല രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്ന് അറിയാമോ?

സൂചി ഉപയോഗിച്ചാണ് ടാറ്റൂയിങ് ചെയ്യുന്നത്. ആവശ്യമുള്ള സുരക്ഷാ മാർഗങ്ങൾ എടുക്കാതെയാണ് ഇത് ചെയ്യുന്നതെങ്കിൽ പലതരം അസുഖങ്ങള‍്‍ വരും. എച്ച്. ഐ.വി, ഹെപ്പറ്റൈറ്റിസ്, മറ്റ് ത്വക് രോഗങ്ങൾ എന്നിവ ഇതിൽ പെടും. സ്റ്റെറിലൈസ് ചെയ്ത പുതിയ ഉപകരണങ്ങളും പുതിയ ഇങ്കും ഉപയോഗിക്കുന്ന ഇടമാണെന്നും ആർട്ടിസ്റ്റ് ഇതേ കുറിച്ച് നല്ല ധാരണയുള്ള ആളാണെന്നും ഉറപ്പു വരുത്തിയ ശേഷം മാത്രം ടാറ്റൂ ചെയ്യുക. പക്ഷേ, ടാറ്റു ചെയ്യാനുള്ള യോഗ്യത, അതിനു വേണ്ട ഉപകരണങ്ങളുടെ മാനദണ്ഡങ്ങൾ ഇക്കാര്യങ്ങളിലൊന്നും ഇപ്പോഴും വേണ്ടത്ര വ്യക്തത ഇല്ല.

4. വിമർശനങ്ങളെ നേരിടാൻ തയാറാണോ?

ചിലർക്ക് (അടുത്ത ബന്ധുക്കൾ/സുഹൃത്തുക്കൾ) ടാറ്റൂയിങ് എന്ന പരിപാടിയോട് തന്നെ വിരോധം കാണും. ഇങ്ങനെയൊക്കെ ചെയ്ത് സ്വന്തം ശരീരം വികൃതമാക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ തുറന്നടിച്ചു ചോദിക്കുന്നവരുണ്ടാകും.

അത്തരം വിമർശനങ്ങൾ നേരിടാൻ കഴിയുമോ എന്ന് ആലോചിക്കുക. ഇനി ചിലത് കേട്ടില്ലെന്ന് നടിക്കാനും സ്വന്തം ജീവിതം സ്വന്തം തീരുമാനം എന്ന ചങ്കുറപ്പ് ലൈനാണെങ്കിൽ വിമർശനങ്ങൾ പ്രശ്നമാകില്ല. അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ എതിർപ്പിനെ നയത്തിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമോ എന്ന് ചിന്തിക്കുക.

5. എന്തിനു വേണ്ടിയാണ് ഈ ടാറ്റൂ ?

ഏതു ചോദ്യത്തിനും ‘ഓ, ചുമ്മാ, ഒരു രസം’ എന്ന് ചിരിച്ചു കൊണ്ട് പറയുന്നവർക്ക് ഈ ചോദ്യം ബാധകമല്ല. അല്ലാത്തവർ ആളുകളോട് പറയാനാണെങ്കിലും അല്ലെങ്കിലും എന്തിനാണ് ടാറ്റൂ ചെയ്യുന്നതെന്ന് സ്വയം ബോധ്യപ്പെടണം. പ്രിയപ്പെട്ട ഒരാളെ, അല്ലെങ്കിൽ അനുഭവം ഓർക്കാൻ, വിശ്വസിക്കുന്ന തത്ത്വങ്ങൾ ഊന്നിപ്പറയാൻ, ഭക്തികൊണ്ട്, വേറിട്ടു നിൽക്കാനുള്ള ആഗ്രഹം കൊണ്ട്... അങ്ങനെ കാരണങ്ങൾ പലതുമാകാം.

6. സ്ഥിരമായ ടാറ്റൂ വേണോ? അതോ മറ്റെന്തെങ്കിലും രീതിയുണ്ടോ?

സ്ഥിരമായി ഒരു ടാറ്റൂ വേണോ വേണ്ടയോ എന്ന സംശയത്തിന് ഉത്തരം കിട്ടുന്നുമില്ല. ടാറ്റൂ ചെയ്യണമെന്ന മോഹം കാര്യമായുണ്ട് താനും. അങ്ങനെ കൺഫ്യൂസ്ഡ് ആയി നിൽക്കുന്നവർ ആദ്യം താൽക്കാലിക മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. പ്രഫഷനലായ കാരണങ്ങൾ കൊണ്ട് ചിലർക്ക് പെർമനന്റ് ടാറ്റൂയിങ് സാധിച്ചെന്നു വരില്ല. ഈ അവസരത്തിൽ ചെയ്യാവുന്നതാണ് ഹെന്ന ഡിസൈനിങ്, ടെംപററി ടാറ്റൂയിങ് എന്നിവ. ഇത് ഉപയോഗിച്ച് നോക്കി തൃപ്തി വന്നാൽ മാത്രം മതി അടുത്ത പടി.

7. ടാറ്റൂവിന് പരിചരണം ആവശ്യമാണെന്ന ധാരണ എനിക്കുണ്ടോ?

ടാറ്റൂ എല്ലായ്പ്പോഴും അതേപടി ഇരിക്കില്ല. കാലം കഴിയുന്തോറും അതിൽ വിള്ളലുകൾ വരാം, ചിലപ്പോൾ നിറം മങ്ങാം. തീ രെ നേർത്ത ചെറിയ ടാറ്റൂ ഒക്കെ മാഞ്ഞു പോകാനും മതി. അ പ്പോൾ ടാറ്റൂ ആർട്ടിസ്റ്റിനെ കൊണ്ട് റീടച്ച് ചെയ്യിപ്പിക്കേണ്ടതായി വരും. കറുപ്പ് നിറമാണ് ദീർഘകാലം നിൽക്കുന്നത്.

8. നിന്ന നിൽപ്പിൽ പോയി ടാറ്റൂ ചെയ്യുന്നത് നല്ല രീതിയാണോ?

ഒരു തോന്നലിൽ പെട്ടെന്നങ്ങ് പോയി ചെയ്യേണ്ടതല്ല ടാറ്റൂ എന്ന് തന്മയിന് ഇപ്പോൾ വ്യക്തമായി അറിയാം. എന്താണ് ടാറ്റു ചെയ്യേണ്ടത്? ആരാണ് ചെയ്യേണ്ടത്? ചെയ്യേണ്ട ആള്‍ മുൻപ് ചെയ്ത് വർക്കുകൾ എങ്ങനെയുള്ളവയാണ്? ഏത് സ്ഥലമാണ് ഏറ്റവും ഹൈജീനിക്ക്? ഈ ചോദ്യങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്.

ടാറ്റൂയിങ്ങിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട് അതുകൊണ്ടു തന്നെ കഴിയുമെങ്കിൽ നേരിട്ട് പോയി കാര്യങ്ങള‍്‍ മനസ്സിലാക്കുക. അല്ലെങ്കിൽ ടാറ്റു ചെയ്ത സുഹൃത്തുക്കളോട് ചോദിക്കാം.

9. ടാറ്റൂവിന്റെ ഡിസൈനിൽ എന്റെ പങ്ക് എന്ത്?

ചിലർക്ക് വ്യക്തതയില്ലാത്ത ആശയങ്ങളായിരിക്കും ഉണ്ടാവുക. ഇത് നിങ്ങളുടെ ടാറ്റൂ ആർട്ടിസ്റ്റുമായി സംസാരിച്ച് ധാരണയിലെത്താനും വരച്ചും മായ്ച്ചും നിങ്ങള‍്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് ഡിസൈൻ എത്തിക്കാനും സമയം കണ്ടെത്തുക. ആരു വരച്ചെന്നു പറഞ്ഞാലും നിങ്ങളാണ് ഇത് ജീവിതാവസാനം വരെ കൊണ്ടുനടക്കേണ്ടത്.

10. സ്വന്തം ഇഷ്ടപ്രകാരമാണോ ടാറ്റൂയിങ്?

ttt

കൂട്ടുകാർ പറയുന്നതു കേട്ട്, ‘ലൈനിനു’ സന്തോഷമാകാൻ വേണ്ടി, കൂട്ടുകാരന്റെ കൂടെ ടാറ്റൂ ചെയ്യാൻ പോയപ്പോ സമയം കളയാൻ വേണ്ടി വെറുതേ ഒരു ടാറ്റൂ ചെയ്തവർ, ‘ഞാനും മോഡേണാണ്’ എന്നു മറ്റുള്ളവരെ കാണിക്കാൻ തുടങ്ങി പല സില്ലി കാര്യങ്ങൾക്കും വേണ്ടി ടാറ്റൂ ചെയ്യുന്നവരുണ്ട്. ഇക്കൂട്ടരാണ് വർഷമൊന്നു തികയും മുൻപേ ടാറ്റൂ റിമൂവല്‍ അന്വേഷിച്ചിറങ്ങുന്നത്. ടാറ്റൂയിങ് നിങ്ങൾ നിങ്ങൾക്കു വേണ്ടി എടുക്കുന്ന വളരെ സ്വകാര്യമായ അത്മാർഥമായ തീരുമാനം ആകണം.

തന്മയ് കണ്ടെത്തിയ ഈ ഉത്തരങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ഇനി ആരോഗ്യപ്രശ്നങ്ങൾ, മുൻകരുതലുകൾ എന്തെല്ലാമെന്ന് മനസ്സിലാക്കാം.

ടാറ്റൂ ചെയ്യും മുൻപ്

ബന്ധനകളും നിയമവുമൊന്നും നോക്കാതെ ടാറ്റൂയിങ് നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്നത് സത്യമാണ്. വഴിയരികിലും ഉൽസവപറമ്പിലും യാതൊരു മുൻകരുതലുകളുമില്ലാതെ ടാറ്റൂയിങ് ഇപ്പോഴും നടക്കുന്നുമുണ്ട്. മാരക രോഗങ്ങൾ പകരാനുള്ള കാരണമായി ഇത് മാറാം എന്ന് പലരും തിരിച്ചറിയുന്നുമില്ല. വൃത്തി, സ്റ്റൈറിലൈസ് ചെയ്ത ഉപകരണങ്ങൾ ഇവ വളരെ പ്രധാനമാണ്. മികച്ച ടാറ്റൂ സ്റ്റുഡിയൊ കണ്ടെത്തിയാലും അവിടെ നേരിൽ ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

∙ ടാറ്റു ചെയ്തവരിൽ വിശ്വാസവും അടുപ്പവും ഉള്ള സ്ഥലങ്ങളിൽ പോകുന്നതാണ് നല്ലത്.

∙ സ്റ്റുഡിയോയിൽ എത്തിയാൽ ഉപകരണങ്ങൾ എല്ലാം സ്റ്റെറിലൈസ്/ ഓട്ടോക്ലേവ് ചെയ്യാനുള്ള സംവിധാനം സ്റ്റുഡിയോയിലുണ്ടോ എന്ന് പോയി നോക്കി പരിശോധിക്കുക.

∙ ടാറ്റൂ ചെയ്യാനെടുക്കുന്ന സൂചി, ഇങ്ക്, ഇങ്ക് ക്യാപ്പ്, ഗ്ലൗസ്, ഗൺ കൊണ്ടാണ് ചെയ്യുന്നതെങ്കിൽ അതിന്റെ ഗ്രിപ്പിൽ ഒട്ടിക്കുന്ന റാപ്പ് ഒക്കെ പുതിയതാണെന്ന് ഉറപ്പിക്കുക.

∙ ടാറ്റൂയിങ്ങിനു മുൻപ് ഉപകരണങ്ങളും ചർമവും അണുവിമുക്തമാക്കണം.

∙ രോമമുള്ള സ്ഥലത്താണ് ടാറ്റൂ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടുത്തെ രോമം കളഞ്ഞിട്ട് ചെയ്യണം. ഇല്ലെങ്കിൽ ടാറ്റൂ ചെയ്യുമ്പോൾ രോമം ചർമത്തിനുള്ളിലേക്കു പോയി തടഞ്ഞിരുന്ന് പിന്നെ, ത്വക്കിനു പ്രശ്നങ്ങളുണ്ടാകും.

∙ എവിടുന്ന് പഠിച്ചു, എത്ര നാളായി ഈ ഫീൽഡിൽ നിൽക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ ആർട്ടിസ്റ്റിനെ കുറിച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും. കൃത്യമായി പഠിക്കാത്തയാൾക്ക് എത്ര ആഴത്തിൽ സൂചി പതിപ്പിക്കണം എന്നതിൽ കൈത്തഴക്കം കുറവാകും. അങ്ങനെയുള്ളവർ ചെയ്താൽ ച ർമത്തെ ദോഷകരമായി ബാധിക്കാം.

∙ എന്തങ്കിലും തരത്തിലുള്ള അലർജികൾ, അസുഖങ്ങൾ (പനി, പ്രമേഹം,വിളർച്ച) ശരീരം മുറിഞ്ഞാൽ അവിടം പൊങ്ങി വരുന്ന കീലോയിഡ് സാധ്യതയുള്ളവർ ഒക്കെ ഇക്കാര്യം ടാറ്റൂ ആർട്ടിസ്റ്റിനോട് മുൻപേ പറയുക. നിർബന്ധമായും അലർജി ടെസ്റ്റ് ചെയ്തു നോക്കണം.

∙ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ട് ടാറ്റൂ ചെയ്യരുത്.

∙ ടാറ്റൂ ചെയ്ത് കഴിഞ്ഞ് 48 മണിക്കൂർ വരെയൊക്കെ തടിപ്പ് സ്വാഭാവികമാണ്. എന്നിട്ടും മാറിയില്ലെങ്കിൽ ഡോക്ടറെ കാണുക.

∙ ഒരു കാരണവശാലും ടാറ്റൂ ചെയ്തയുടൻ അവിടെ ചൊറിയാൻ പാടില്ല.

∙ മിക്ക സ്റ്റുഡിയോയിൽ നിന്നും ടാറ്റൂ ഡർമലൈസർ കൊ ണ്ട് റാപ് ചെയ്തു വിടും. 24-48 മണിക്കൂർ നേരം ഇത് അനക്കരുത്. പിന്നീട് ചെറുചൂടു വെള്ളം കൊണ്ട് കഴുകി ഇത് ഊരി കളയാം. വെറും ക്ലിയർ ഫിലിം റാപ്പ് ആണെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞ് അത് മാറ്റി, ശുദ്ധമായ വെള്ളം കൊണ്ട് കഴുകി രക്തവും മറ്റും മാറ്റണം. നല്ല ടവ്വൽ കൊണ്ട് തുടയ്ക്കുക. മുകളിൽ പുരട്ടാൻ ചിലർ ടാറ്റു വാക്സ് തരും. അല്ലെങ്കിൽ അധികം കെമിക്കലുകൾ ഇല്ലാത്ത ബേബി ഓയിലോ മോയ്സ്ചറൈസറോ ഏഴു ദിവസം വരെ പുരട്ടാം. 10 ദിവസത്തിനുള്ളിൽ മുറിവുണങ്ങി, ചർമം ഇളകി പോകും. ടാറ്റൂ പെർഫെക്റ്റ് ആകാൻ ണ്ടു മാസത്തോളമെടുക്കും.

∙ 7-10 ദിവസങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം, പൊടി ഇതൊന്നും ഏൽക്കാതെ നോക്കുക. സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ്, അധികം വിയർക്കുന്ന ജോലികൾ എന്നിവ പൂർണമായി ഒഴിവാക്കുക.

∙ മാസങ്ങൾക്കു ശേഷവും വേദന, തടിപ്പ്, ചൊറിച്ചിൽ, ര ക്തസ്രാവം എന്നിവ ഉണ്ടെങ്കിൽ നിർബന്ധമായും ത്വക്‌രോഗവിദഗ്ധനെ കാണണം.

tato

പ്രഫഷനലും വ്യക്തിപരവും ആയ കാരണങ്ങളാൽ ചെയ്ത ടാറ്റു മായ്ക്കാൻ വൈകാതെ തന്നെ വഴി അന്വേഷിക്കുന്നവരും കുറവല്ല. പണ്ട് കാലത്ത് ഉപ്പിട്ടു ഉരയ്ക്കുക പോലുള്ള മാർഗങ്ങളായിരുന്നു. അതുപോലെയുള്ള രീതികൾ ചർമത്തിനു പ്രശ്നങ്ങളുണ്ടാക്കാം. പ്ലാസ്റ്റിക് സർജറി ചെയ്യുന്ന രീതി ഇപ്പോൾ അധികമാരും സ്വീകരിക്കാറില്ല. ലേസർ ഉപയോഗിച്ച് മായ്ക്കുന്ന രീതിക്കാണ് പ്രചാരം.

ലേസർ ചെയ്താൽ ടാറ്റൂ പൂർണമായും മാഞ്ഞു പോകുമെ ന്നാണ് പലരുടേയും ധാരണ. ടാറ്റൂവിന്റെ വലുപ്പം, ചർമത്തിന്റെ സ്വഭാവം, ടാറ്റൂ പതിഞ്ഞ ആഴം എന്നതൊക്കെ അനുസരിച്ച് പല സിറ്റിങ്ങുകൾ ചിലപ്പോൾ ആവശ്യമായി വരും. 90 ശതമാനം വരെയാണ് ലേസറിന്റെയും വിജയ സാധ്യത.

ചില യമണ്ടൻ ടാറ്റൂ അബദ്ധങ്ങൾ

ര്യം ശരിയാണ്, ടാറ്റൂവിനോടുള്ള ആളുകളുടെ പരുക്കൻ വിക്ഷണം മാറി, മൃദുസമീപനം വന്നു തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ സിനിമയിൽ പോലും പണ്ട് വില്ലന്മാരുടെ കുത്തകയായിരുന്ന ടാറ്റൂ നായകന്റെ നെഞ്ചിലേക്കും നായികയുടെ കയ്യിലേക്കും ചേക്കേറില്ലല്ലോ... എന്നാലും മാറ്റം അങ്ങനെ ഒറ്റയടിക്ക് എല്ലായിടത്തും വരില്ലല്ലോന്ന് ചോദിക്കുന്ന കണ്ണുകളാണ് കണ്ണൂരുകാരൻ അജീഷിന്റേത്.

ഇനിയെന്നാ നാട്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോ അച്ഛൻ പറഞ്ഞ ‘കടക്കു പുറത്തി’ന്റെ ‘ഘനം’ ഓന്റെ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു. ലോകം ചുറ്റാൻ ആ ഗ്രഹമുള്ളയാൾ ആറ്റുനോറ്റ് ആഗ്രഹിച്ച് ബെംഗളൂരുവിൽ പോയി ഇല്ലാത്ത കാശും കൊടുത്ത് ചെയ്യിച്ച ടാറ്റൂ ആണ് കഥയിലെ വില്ലൻ.വീട്ടിൽ നിന്ന് മാറി നിന്നാണ് പഠിച്ചത്, അന്നേരം ഒപ്പം കൂടിയതാണ് ടാറ്റൂ. ഒഴിവിനു നാട്ടിൽ പോയപ്പോ വീട്ടിൽ കണ്ടതോടെ കാര്യങ്ങൾ നൈസായിട്ട് പാളി.

വീട്ടിൽ കയറ്റണമെങ്കിൽ ഇത് കളഞ്ഞിട്ട് വന്നാൽ മതി എ ന്നു മാത്രം പറഞ്ഞ് വാതിലടച്ചു. തിരിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ട് കക്ഷി പിന്നെയും പൈസയൊപ്പിച്ച് ഇപ്പോ ലേസർ ചെയ്യാൻ നടക്കുന്നു. ടാറ്റൂ മങ്ങുമ്പോള‍്‍ ഓന് സന്തോഷാണോ... സങ്കടാണോ ആവോ!

അതു മാത്രം പറയരുത്

ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന ആർട്ടിസ്റ്റിന്റെ കഥ കേൾക്കൂ.വർഷങ്ങളായി ഫീൽഡിൽ നിൽക്കുന്ന ആളാണ്. ചെയ്യുന്ന ടാറ്റൂ ഒക്കെ കിടിലം, കിടുകിടിലം. ഒരോറ്റ കുഴപ്പമേയുള്ളൂ. ഒരു ലവറിന്റെ പേര് ആർക്കെങ്കിലും ടാറ്റൂ ചെയ്തെന്നിരിക്കട്ടേ... ആ ലൈൻ ദിവസങ്ങൾക്കകം പൊട്ടി പോസ്റ്റടക്കം വീഴും!

‘ഒന്നും രണ്ടും തവണയല്ലെന്നേ... എവിടെ പരിപാടി അവതരിപ്പിക്കാൻ പോയാലും ഇതാണല്ലോ ഗതി’ എന്നുള്ള ഡയലോഗ് ഞാൻ എന്നോട് തന്നെ ചോദിച്ചു തുടങ്ങിയപ്പോ ഞാനൊരു തീരുമാനമെടുത്തു.

ഇനിയാർക്കും ലവറിന്റെ പേര് ടാറ്റൂ ചെയ്യില്ല. ഇത് സത്യം. സത്യം. സത്യം.’ പുള്ളിക്കാരൻ ആണയിട്ടു.

ജോണി ഡെപ് തന്ന പണി

‘‘My body is my journal and my tattoos are my story’’ ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ ടാറ്റൂവും ടാറ്റൂവിനെ കുറിച്ചുള്ള കമന്റും കണ്ട് കിളിപോയാണ് ടാറ്റൂ ചെയ്യാൻ അഖിൽ തീരുമാനിച്ചത്. എൻജിനീയറിങ് പഠിച്ചു തീർന്ന് ഇറങ്ങിയപ്പോ മുതൽ ചെയ്യുന്ന ചില പാർട് ടൈം ജോലിയിൽ നിന്നു മിച്ചം പിടിച്ചതുമായി ഒരൊറ്റ പോക്കാണ് ടാറ്റൂ ചെയ്യാൻ! ചെയ്തു തുടങ്ങിയപ്പോഴേ മനസ്സിലായി കാണാൻ നല്ല സുഖമാണെങ്കിലും ഇൻജക്‌ഷൻ പോലും ചെയ്യാൻ പേടിയുള്ളവർക്ക് പറ്റിയ പണിയല്ലെന്ന്. ചെയ്യാതെ പോയാൽ വീട്ടിൽ അനിയത്തിയും അമ്മയും അടക്കം കൂവി കളിയാക്കും. സർവ ധൈര്യവും സംഭരിച്ചിരുന്നു. ജോണി ഡെപ്പിന്റെ കയ്യിലുള്ള കിളി അഖിലിന്റെ കയ്യിലെത്തിയപ്പോൾ അതിന് ഒറ്റ ചിറകേയുള്ളൂ. ധൈര്യം തീർന്നപ്പോ ഇറങ്ങിപ്പോന്നു... ‘‘പക്ഷേ, ഞാനിത് പൂർത്തിയാക്കും.’’(പറ്റുമോ, ആവോ എന്നു മുഖത്തുണ്ട്) ഒറ്റച്ചിറകുള്ള കിളിയേ നോക്കി അഖിൽ.

കുറച്ചും കൂടെ നേരത്തേ

t1

പഠനം കഴിഞ്ഞ് കോഴിക്കോട് കടപ്പുറത്തൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാലം. പല ജോലി നോക്കീട്ടും ഒന്നും ഒന്നും ശരിയാകുന്നില്ല. നാടുവിട്ട് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വിദേശത്തേക്കും നോക്കി. ഒന്നും ഒന്നും ശരിയാകാതിരുന്നപ്പോൾ നിഖിൽ തീരുമാനിച്ചു, ഇവിടെ ചില്ലറ ജോലിയൊക്കെയായി കൂടാം. ഇനി ഒന്നും നോക്കുന്നില്ല, വരുമ്പോ വരട്ടേ.

ജോലിക്കു വല്ല പ്രശ്നമായാലോ എന്നോർത്ത് മാറ്റി വച്ചിരുന്ന ടാറ്റൂവും അടിച്ചു. ടാറ്റൂ ചെയ്ത് ഒരു മാസം തികഞ്ഞില്ല, ദേ, വരുന്നു വിദേശത്ത് ജോലി ഓഫർ. കമ്പനി സ്കൈപ്പ് വഴി ഇന്റർവ്യൂ നടത്തി എല്ലാം ഓകെ. ഒന്നൊഴികെ. വരുമ്പോ ആ ടാറ്റൂ കളഞ്ഞിട്ട് പോന്നോളീന്ന്!

ടാറ്റൂ മായ്ക്കലിനു വേണ്ടിയുള്ള രണ്ടാമത്തെ സിറ്റിങ് കഴിഞ്ഞു. ഇതിപ്പോ ടാറ്റൂ ചെയ്തിട്ട് ജോലി കിട്ടിയ പോലുണ്ട്, ഇച്ചിരി നേരത്തെ ചെയ്താ മതിയായിരുന്നു. നിഖിലിന്റെ ചുറ്റുമിരുന്ന് ചങ്ങായിമാർ കുലുങ്ങി ചിരിക്കുന്നു.

പ്രേമം തോന്നി പേരും അക്ഷരവും കുത്തി അതു പൊളിഞ്ഞപ്പോ അക്കിടി പറ്റിയ നടന്മാരും നടിമാരും, ഉദ്ദേശിച്ചതൊന്നും അടിച്ചു വന്നത് മറ്റൊന്നും ആയിപ്പോയവരും ലാഭം നോക്കി അമളി പറ്റിയവരും അങ്ങനെ അബദ്ധ ടാറ്റൂസിന്റെ കഥ ഒരുപാടുണ്ട് ബാക്കി...

അർഥങ്ങൾ ഒളിഞ്ഞിരിക്കും ടാറ്റൂസ്

tatto

ടാറ്റൂ ചെയ്യുന്ന പല ചിഹ്നങ്ങള‍്‍ക്കും നമ്മൾ അറിയാത്ത പല അർഥങ്ങളുമുണ്ട്. ശരീരത്തിൽ കുത്തിയിട്ട് മരണം വരെ ഒപ്പമുണ്ടാകുന്ന ഈ സിംബലുകൾ നെഗറ്റീവും പൊസിറ്റീവുമായ പലതും നമ്മിലേക്ക് അടുപ്പിക്കുമെന്ന വിശ്വാസം പലർക്കുമുണ്ട്. ചിഹ്നങ്ങളും അവയുടെ അർഥങ്ങളും നോക്കാം.

സെമി കോളൻ: ഒരു വാചകത്തിൽ വന്നാൽ അർധവിരാമം വന്നാൽ അതിനർഥം ഒരു പോസ് എന്നാണ്, അല്ലാതെ തീർന്നു എന്നല്ല. ഒന്നു നിന്നിട്ട് ആ വാചകം തുടരും. അതുപോലെ ജീവിതം വഴിമുട്ടി നിന്നിട്ടും ഫുൾസ്റ്റോപ്പിടാതെ മുന്നോട്ട് പോയവർ, ആത്മഹത്യയെ അതിജീവിച്ചവർ, ഒക്കെ സെമികോളൻ ഇങ്ക് ചെയ്യും.

ഡെൽറ്റ: തികോണാകൃതി തോന്നിക്കുന്ന ഡെൽറ്റ സിംബലിനർഥം ‘മാറ്റത്തെ അനുകൂലിക്കുന്നു’.

ഇൻഗസ്: ഗ്രീക്ക് സിംബൽ ഇൻഗസിന്റെ അർഥം എവിടെ ഇച്ഛാശക്തിയുണ്ടോ അവിടെ വഴിയുമുണ്ട് എന്നതാണ്.

താമര: ഏത് അഴുക്കിൽ നിന്നും പ്രതികൂല സാഹചര്യത്തിൽ നിന്നും അതിമനോഹരമായി വളരും, ഉയരും എന്നാണ് അതിനർഥം.

സെൻ സർക്കിൾ: ബോധോദയം, അപാരത, പ്രപഞ്ചം ഇവയെ പ്രതിനിധീകരിക്കുന്നു.

ആങ്കർ: പ്രതിസന്ധികള്‍ വന്നാലും പിടിച്ചു നിർത്തുന്നൊരു ശക്തിയുണ്ട്, വ്യക്തിയുണ്ട് എന്നു സൂചിപ്പിക്കുന്നു.

യിങ്-യാങ്: ചൈനീസ് ഫിലോസഫിയിൽ നിന്നാണ് ഉത്ഭവം. ലോകത്തിൽ നന്മയും തിന്മയുമുണ്ട്. നല്ലതിൽ ചീത്തയുണ്ട്, ചീത്തയിൽ നല്ലതുമുണ്ട്. ഇതൊക്കെ ചേർന്നതാണ് ജീവിതം എന്ന ഓർമപ്പെടുത്തൽ.

ഡ്രാഗൺ: ഇതിന് രണ്ട് അർഥങ്ങളുണ്ട്. വിശുദ്ധി, ശക്തി, പ്രതീക്ഷ എന്നതാണ് പോസിറ്റീവ് അർഥങ്ങൾ. അമരത്വം, അസൂയ എന്നതൊക്കെ നെഗറ്റീവ് വശങ്ങൾ.

മരം: ക്ഷമാശീലം, ശക്തി, നിത്യജീവൻ

ചിറക്: സ്വാതന്ത്ര്യം

ഡ്രീം കാച്ചർ: ദുഷ്ട വിചാരം, ദുഃസ്വപ്നം, നിർഭാഗ്യം ഇവയിൽ നിന്നു രക്ഷിക്കുന്ന കവചം.

സൂര്യൻ: അശ്രാന്ത പരിശ്രമം, ശക്തി

മാലിൻ: ആരോ ഉള്ള ഇൻഫിനിറ്റി സിംബൽ പോലെ തോന്നുന്ന ഈ ചിഹ്നം ജീവിതത്തിലെ പ്രതിസന്ധികൾ മുന്നോട്ട് പോകാനുള്ള ഊർജമാണ് എന്ന് ഓർമിപ്പിക്കുന്നു.

ചിത്രശലഭം : പരിവർത്തനം.

∙ ചിലർ ലാറ്റിൻ വരികൾ ടാറ്റൂ ചെയ്യാറുണ്ട്. അവയിൽ ചില തും അതിന്റെ അർഥവും.

Lux in tenebris- Light in darkness, Ad Maiora- Towards greater things

Aut inveniam viam aut faciam- Either i shall find a way or make one.

ഇതൊന്നുമല്ലാതെ മറ്റനേകം ടാറ്റൂസ് ഉണ്ട്. മണ്ഡല ഡിസൈൻസ്, ട്രൈബൽ ടാറ്റൂസ്, ഗ്ലിഫ് ടാറ്റൂസ്, സീനറി, പോർട്രെയ്റ്റ്സ്, തുടങ്ങി പലതുമുണ്ട്. ചിലർ ഇഷ്ടമുള്ള പലതും ചേർത്ത് സ്റ്റോറി ബോർഡ് ഉണ്ടാക്കി ടാറ്റൂ ചെയ്യാറുണ്ട്.

ഒരക്ഷരം മാറിയാൽ കുഴപ്പണ്ടോ?

കുറച്ചു നാളായി പുറകേനടക്കുന്ന കുട്ടിയുടെ പേരു വഴി പണി കിട്ടിയ കഥയുമായി എത്തുന്നു തൃശൂരുകാരൻ മിഷ്ടർ ആദിൽ. ‘‘അവളെ ഞാൻ എന്നും കാണും. ബസ് സ്റ്റോപ്പിലും, വഴിയിലും ഒക്കെ... പക്ഷേ, സംസാരിക്കാറേയില്ല. ആദ്യമൊന്നും അവൾ നോക്കുക കൂടിയില്ല, നോക്കിയാൽ തന്നെ കട്ടപുച്ഛം മാത്രം! ഒരു ദിവസം നോക്കി ചിരിച്ചു. അന്നു ഞാൻ തീരുമാനിച്ചു... കെട്ടുവാണേൽ അതിനി ഇവളെ മാത്രം. അന്നത്തെ ആ ആവേശപ്പുറത്താണ് അവൾടെ പേര് ടാറ്റൂ ചെയ്യാം എ ന്നോർക്കുന്നത്. പക്ഷേ, പേരറിയില്ല. അത്രയും നാളായിട്ടും അപ്പോ തന്നെ നമ്മുടെ ചങ്ക് ടീംസിനെ വിളിച്ച് അവൾടെ പേ രു തപ്പാൻ പറഞ്ഞു. അതിലൊരുത്തൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അവൾടെ പേരും കൊണ്ടു വന്നു ലാമിയ.

ആഹാ, ലാമിയ ആദിൽ... ഇത് കലക്കും എന്നോർത്ത് ടാറ്റൂ ആർട്ടിസ്റ്റിന്റെ അടുത്തേക്ക്. പേരു കണ്ടുപിടിച്ച ചങ്ക് ത ന്നെ അത് എഴുതി കൊടുത്തു. ടാറ്റു ചെയ്തു തുടങ്ങിയതും ഞാൻ കണ്ണടച്ചു. എനിക്ക് തുള്ളി ചോര കണ്ടാലും തലകറങ്ങും. പല്ലും കടിച്ച് ഒരൊറ്റ ഇരിപ്പായിരുന്നു.

സംഗതി കഴിഞ്ഞ് വീട്ടിൽ പോയി. അവളുടെ പേര് ഇടയ്ക്കിടയ്ക്ക് വായിച്ചു നോക്കി ഒന്നും തോന്നീല്ല, ഹോ! നിന്നെ സമ്മതിക്കണം എന്നു ഞാൻ എന്നോട് തന്നെ പറഞ്ഞു. പിറ്റേന്ന് അവളെ ടാറ്റൂ കാണിക്കാൻ ബസ് സ്റ്റോപ്പിലേക്കോടി. ഇത്രയും ദിവസം എന്നെ കാണാതിരുന്നു കണ്ടതിന്റെ തിളക്കവും മൊഹബത്തും ആ കണ്ണിലുണ്ട്. ഞാൻ കൈനീട്ടി ‘ഇതാരാ ലാനിയ’ മൊഹബത്ത് മാറി കണ്ണിൽ കനലായി! ഇത്രയും ദിവസം ലാമിയ എന്നു വായിച്ച ഞാൻ സൂക്ഷിച്ചു നോക്കുമ്പോഴുണ്ട് M നു പകരം ദേ, കിടക്കുന്നു N നേരേ ടാറ്റൂ സ്റ്റുഡിയോയിലേക്ക്. തെറ്റു പറ്റിയത് ആർട്ടിസ്റ്റിനല്ല, പേരു കണ്ടുപിടിച്ച ചങ്കിനു തന്നെ. അവൻ Lamiya എന്നെഴുതിയപ്പോ അത് Laniya എന്നായതാണ്. പിന്നെ, ആർട്ടിസ്റ്റ് മിടുക്കനായതുകൊണ്ട് Nഎന്നത് Mആക്കാൻ വല്യ പാടൊന്നും പെട്ടില്ല. അന്നു മുതൽ എന്തെഴുതിയാലും സ്പെല്ലിങ് മൂന്നാലു തവണയെങ്കിലും ചെക്ക് ചെയ്യും.

കടപ്പാട്: ഡോ. ജി.നന്ദകുമാർ,

പ്രഫസർ ഒഫ് പാത്തോളജി,

ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.