Thursday 23 August 2018 12:04 PM IST

ഗർഭിണികളോടു മാത്രമല്ല, ഗർഭം അലസിപ്പോയവരോടും ആവാം അൽപം കാരുണ്യം!

Syama

Sub Editor

abortion

രാവിലെ കണ്ണുതുറന്നു വന്നാലുടനെ മൂത്ത മകൾ വയറുഴിഞ്ഞിട്ട് ചോദിക്കും അമ്മാ കുഞ്ഞാവ എന്നു വരുംന്ന്. അവളോടു ഞാനിനി എന്തു പറയും.’’ ഗർഭമലസലിനുശേഷം അമ്മയുടെ നെഞ്ചിലുയരുന്ന ശബ്ദമില്ലാത്ത കരച്ചിലിന്റെ ഒരു കാരണം മാത്രമായിരിക്കും ഇത്. ആകെ പൂത്തുലഞ്ഞ്, എല്ലാ വേദനകളും മറന്ന് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ പെട്ടെന്ന് ഒരു കൊടുങ്കാറ്റു വന്നു പോയപോലെയാകും അബോർഷൻ സംഭവിച്ച അമ്മമനസ്സ്. ചിലർക്ക് അത് താങ്ങാൻ പറ്റാത്ത വേദനയാകും. ചുറ്റുമുള്ളവരുടെ താങ്ങും തണലും സഹായവും കൊണ്ടു മാത്രമേ സ്ത്രീക്ക് ഈ സാഹചര്യം അതിജീവിക്കാൻ കഴിയൂ.

കാരണമറിയാം ആദ്യം

ഗർഭം അലസിപ്പോയി എന്ന് അറിഞ്ഞാൽ ഉടൻ തന്നെ പെൺകുട്ടികളെ കുറ്റപ്പെടുത്തുന്നതു കാണാറുണ്ട്. ചിലർ സ്വയം പ ഴിചാരുകയും വിഷാദത്തിലേക്ക് വീഴുകയും ചെയ്യും. ഭ്രൂണവളർച്ചയുടെ 20 ആഴ്ചയ്ക്കു മുൻപ് ഗർഭമലസിയാലാണ് സാധാരണ മിസ് ക്യാരേജ് എന്നു പറയുന്നത്. പലപ്പോഴും പുറത്തു നിന്നുള്ള കാരണങ്ങളേക്കാൾ കൂടുതൽ ശരീരം നടത്തുന്ന മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഗർഭം അലസി പോകുന്നത്.

∙ ജനിതക പ്രശ്നങ്ങളും ശാരീരിക അപാകതകളുമാണ് ഗർഭം അലസിപ്പോകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഭ്രൂണം ഗർഭപാത്രത്തിൽ ശരിയായി ഉറയ്ക്കാതിരിക്കുക, ഹോർമോണുകളുടെ അപാകതകൾ, ശക്തമായ മാനസിക സമ്മർദം, വയറിടിച്ചുള്ള വീഴ്ച എന്നിവ കൊണ്ടും ഗർഭം അലസാം. ഒരു തവണ ദീർഘദൂര യാത്ര ചെയ്തു, ശാരീരികമായി ബന്ധപ്പെട്ടു... അതുകൊണ്ടാണോ ഗർഭം അലസിപ്പോയത് എന്നൊക്കെ ചിന്തിച്ചു വിഷമിക്കുന്നവർ ഒരുപാടുണ്ട്. അത്ര ബലമില്ലാത്ത ഉറപ്പില്ലാത്ത രീതിയല്ല ഗർഭധാരണം എന്ന് ആദ്യം മനസ്സിലാക്കുക. ഗർഭപാത്രത്തിനുള്ളിൽ സുരക്ഷിതമായി തന്നെയാണ് പുതിയ ജീവൻ വളരുന്നത്.

∙കടുത്ത രക്തസ്രാവവും വയറുവേദനയുമാണ് സാധാരണയായി അബോർഷന്റെ ലക്ഷണങ്ങൾ. മൂന്നു മാസത്തിനു ശേഷമുള്ള ഗർഭമലസലാണെങ്കിൽ രക്തസ്രാവത്തിനൊപ്പം ഫ്ലൂയിഡ് പോകലും ഉണ്ടാകും.

∙ഹബിച്വൽ അബോർഷൻ (മൂന്നിലേറെ തവണ തുടർച്ചയായി ഗർഭം അലസിപ്പോകുക) ഉള്ളവരോടു കുറഞ്ഞത് മൂന്നു മാസത്തേക്ക് നന്നായി വിശ്രമിക്കാനും ശ്രദ്ധിക്കാനും പറയും. ദമ്പതികളുടെ മെഡിക്കൽ ഹിസ്റ്ററിയും മറ്റും പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്നും മറ്റ് ചികിത്സയും നൽകും.

∙ഗർഭകാലത്തുള്ള പ്രമേഹം, തൈറോയിഡ് എന്നിവയും അ വയ്ക്കായി കഴിക്കുന്ന മരുന്നുകളും ചില സമയം ഗർഭധാരണത്തെ ദോഷമായി ബാധിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഡോക്ടറോടു മുൻകൂട്ടി പറയണം. റേഡിയേഷനുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരോടും ആദ്യ മൂന്നു മാസത്തേക്കെങ്കിലും അത്തരം ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

∙ഗർഭാവസ്ഥയിലെപ്പോഴെങ്കിലും ചെറുതായിട്ടാണെങ്കിലും രക്തം പോക്ക്, ശക്തമായ വയറു വേദന, രക്തം പോലെ മാംസളമായ വസ്തുവിന്റെ പുറംതള്ളൽ, കഠിനമായ പുറം വേദന എന്നിവയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറോടു പറയുക. ഹോർമോൺ അപാകത കൊണ്ടുള്ള ഗർഭാവസ്ഥയിലെ വളർച്ചാ പ്രശ്നങ്ങൾ മരുന്ന്, ഇൻജക്‌ഷൻ, വജൈനൽ ടാബ്‌ലെറ്റ് ഇവ വഴി ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.

ഒപ്പം നിൽക്കാം ഒറ്റപ്പെടുത്താതെ

ജനിക്കുന്നതിനു മുൻപേ സംഭവിച്ച നഷ്ടം ചിലർ നിസാരമായി എടുക്കും, എന്നാൽ മറ്റു ചിലർക്ക് ഗർഭനഷ്ടത്തിന്റെ ഘാതത്തിൽ നിന്നു കരകയറുക എളുപ്പമല്ല. പ്രായം ചെന്നിട്ട് ഗർഭം ധരിച്ചവർ, ചികിത്സയ്ക്കു ശേഷം ഗർഭം ധരിക്കുന്നവർ, ആദ്യമായി ഗർഭം ധരിക്കുന്നവര്‍... ഇവർക്കൊക്കെ ചിലപ്പോൾ കൗൺസലിങ് ആവശ്യമായി വരാം. നിരാശയും സങ്കടവും മൂലം വേണ്ടവിധം ഭക്ഷണം കഴിക്കാതിരിക്കുക, ഉത്കണ്ഠ, വ്യക്തി ബന്ധങ്ങളിൽ വിള്ളലുകൾ, ഉറക്കമില്ലായ്മ, വിഷാദരോഗം എന്നിവ ഇത്തരക്കാർക്കും ഉണ്ടായെന്നും വരാം.

abortion2

∙ഗർഭത്തിലെ കുഞ്ഞ് നഷ്ടപ്പെട്ട കാര്യം ഇവരോടു സൗമ്യമായി പറയുക. ദമ്പതികളിൽ ഒരാൾ മറ്റൊരാളെ പഴിചാരാതെ ഒപ്പം നിൽക്കുക എന്നതാണ് ഇവിടെ പ്രധാനം. രണ്ടു കൂട്ടരുടേയും കുടുംബക്കാരും സുഹൃത്തുക്കളും അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി സാന്ത്വനം നൽകാൻ ശ്രമിക്കുക.

∙ഒറ്റപ്പെട്ടിരുന്ന്, ചിന്തിച്ചു കാടുകയറാതെ ആളുകളുമായി കൂടുതൽ അടുക്കുക. മുതിർന്നവരോടും അറിവുള്ളവരോടും സംസാരിച്ച്, മനസ്സിനു ധൈര്യം നേടാം. ഇതോടൊപ്പം തന്നെ കുറ്റപ്പെടുത്തുന്ന ആളുകളിൽ നിന്നും അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.

∙ ഗർഭാവശിഷ്ടങ്ങൾ മാറ്റി ഗർഭപാത്രം വൃത്തിയാക്കുകയാണ് സാധാരണയായി ഗർഭമലസലുണ്ടായാൽ ഡോക്ടർമാർ ചെയ്യുക. സാധാരണയായി ഒരു ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിക്കേണ്ട ആവശ്യം വരില്ല.

∙ മൂന്നു മാസമെങ്കിലും വീട്ടിൽ വിശ്രമിക്കുന്നത് ഗർഭപാത്രത്തിലെ പേശികൾ പഴയതുപോലെയാകാനും മാനസിക വിഷ മം അപ്പാടെ മാറി സന്തോഷപൂർവം വീണ്ടും ഗർഭം ധരിക്കാനും ഉപകരിക്കും. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയല്ല, ദ മ്പതികൾ പരസ്പരം സംസാരിച്ച് വേണം അടുത്ത ഗർഭധാര ണത്തെക്കുറിച്ച് തീരുമാനത്തിലെത്താൻ. ആരോഗ്യ ഭക്ഷണശീലം, സംഗീതം, വ്യക്തി ശുചിത്വം, യോഗ, ഇഷ്ട യാത്രകൾ ഇവയെല്ലാം മനസ്സിന്റെ സങ്കടങ്ങളെ മുഴുവനായും ഉപേക്ഷിച്ച് പോസിറ്റീവാകാൻ സഹായിക്കും.

ഗർഭിണി എടുക്കേണ്ട മുൻകരുതലുകൾ

abortion3

∙ ഗർഭത്തിന്റെ ആദ്യ മൂന്നു മാസം കഠിന ജോലികൾ ഒഴിവാക്കാം.ഫോളിക് ആസിഡ് അടങ്ങിയ ഗുളികൾ മുടങ്ങാതെ കഴിക്കണം.

∙ തുടർച്ചയായുള്ള ഛർദി മൂലം നിർജലീകരണം ഉണ്ടായാൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഹോർമോൺ തകരാറുള്ളവർക്കും ഗർഭം അലസി പോകാം. അതുകൊണ്ട് ഇത്തരം തകരാറുകൾ ഉള്ളവർ ഗർഭം ധരിക്കാൻ ഒരുങ്ങും മുമ്പേ ഡോക്ടറുടെ സഹായം തേടണം.

∙ ഗർഭത്തിന്റെ ആറാമത്തെ ആഴ്ച സ്കാൻ ചെയ്ത് കുട്ടിയുടെ ഹൃദയമിടിപ്പ് പരിശേധിക്കാം.

∙ രക്തം കട്ടയായി പുറത്തേക്കു പോകുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ഡോക്ടറുടെ സേവനം തേടണം. സ്വയം ചികിത്സയും സ്വയം മരുന്നു വാങ്ങിക്കഴിക്കലും വലിയ അപകടത്തിലേക്കു നയിക്കാം.

∙ മരുന്നുകൾ കഴിച്ചിട്ടും അബോർഷൻ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിൽ ആ ഭ്രൂണത്തിന് അതിജീവനത്തിനുള്ള ശേഷിയില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത ആ ഭ്രൂണത്തിന് ഉണ്ടായേക്കാമെന്നും മനസ്സിലാക്കണം.

∙ അബോർഷനു ശേഷവും എന്തെങ്കിലും തരത്തിലുള്ള ശാരീരിക വിഷമതകളുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

കടപ്പാട്: ഡോ. ശോഭ എസ്. പിള്ള,അസിസ്റ്റന്റ് പ്രഫസർ, ഗൈനക്കോളജി, ഗവൺമെന്റ് മെഡിക്കൽ കോളജ്, കളമശ്ശേരി, കൊച്ചി