Tuesday 07 April 2020 02:27 PM IST

തൈറോയിഡ് രോഗികൾക്ക് ഫലപ്രദം; വണ്ണം കുറയ്ക്കാനും ഫിറ്റാവാനും കീറ്റോ ഡയറ്റ്! ചെയ്യേണ്ടത് ഇക്കാര്യങ്ങൾ...

Tency Jacob

Sub Editor

ketohvbugvuyftds

അമിതവണ്ണവും ജീവിതജന്യരോഗങ്ങളും മലയാളികളുടെ ഇടയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികൾക്കും വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരഭാരം കുറയ്ക്കേണ്ടതെങ്ങിനെ എന്നു ചിന്തിച്ചു തല പുകയ്ക്കുന്നവരാണ് ഇന്നത്തെ ഒട്ടുമിക്ക മലയാളികളും. അതിനുവേണ്ടി മുന്നിൽ കാണുന്ന എല്ലാ ഡയറ്റുകളും കേറി പരീക്ഷിക്കും. 

ഫലമോ ഒന്നുകിൽ വണ്ണം കൂടും അല്ലെങ്കിൽ മെലിഞ്ഞ് അസുഖം ബാധിച്ചവരെപ്പോലെയാകും. വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ട ഒന്നാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ ഡയറ്റ് ചെയ്ത് പൂർത്തിയാക്കാൻ പറ്റൂ. ഗർഭിണികൾ, മുലയൂട്ടുന്നവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ ഇവർക്കെല്ലാം ചില ഡയറ്റുകളെടുത്താൽ ആരോഗ്യത്തെ ബാധിക്കും. അതുപോലെ ഹൈപ്പോ തൈറോയിഡിസം പോലെ ഹോർമോൺ സന്തുലിതമല്ലാത്തവർക്ക് ഡയറ്റെടുത്താൽ വിചാരിച്ച ഫലം കാണണെമന്നില്ല. അതുകൊണ്ട് ഡയറ്റെടുക്കുന്നതിനു മുൻപ് ഡോക്ടറെ കണ്ടു നിങ്ങളുടെ ശാരീരികനില പരിശോധിക്കുക.

കീറ്റോ ഡയറ്റ്

സെലിബ്രിറ്റികളുടെ ഡയറ്റായാണ് ഇത് അറിയപ്പെടുന്നത്. ചെറിയ കാലയളവുകൊണ്ട് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതു മാ. അതുപോലെ ഈ യൂറോപ്യൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ നിന്നാണ്. ചോറിലും ഗോതമ്പിലും മധുരപലഹാരങ്ങളിലുമെല്ലാം അന്നജം അടങ്ങിയിട്ടുണ്ട്.  മറ്റൊരു ഊർജ്ജദായകമായ ഭക്ഷണം കൊഴുപ്പ് ആണ്. അമിതമായ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അധികമുള്ള എനർജി ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നു. 

കീറ്റോ ഡയറ്റില്‍ കാർബോഹൈഡ്രേറ്റ്സിന്റെ അളവ് ഭക്ഷണത്തിലൂടെ ചെറിയ അളവിലേക്ക് മാറ്റുമ്പോൾ ശരീരം വേണ്ട ഊർജ്ജം കൊഴുപ്പിൽ നിന്ന് എടുക്കുന്നു.  കൊഴുപ്പിനെ അലിയിപ്പിച്ച് കീറ്റോൺ എന്ന തന്മാത്ര രൂപപ്പെടുകയും  ഈ കീറ്റോണിനെ ഊർജമാക്കി മാറ്റി തലച്ചോറടക്കമുള്ള അവയവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. നമ്മൾ ഉറങ്ങുന്ന സമയത്തു പോലും ഈ കൊഴുപ്പ് അലിയിപ്പിക്കൽ പ്രക്രിയ നടക്കുന്നുണ്ട്. അങ്ങനെയാമ് ഈ ഭക്ഷണരീതിയിലൂടെ ശരീരത്തിന്റെ ഭാരവും വണ്ണവും കുറയുന്നത്. ഈ രീതിയിൽ കീറ്റോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയെ കീറ്റോസിസ് എന്നും ഈ രീതി ഉണ്ടാക്കുന്ന ഭക്ഷണക്രമത്തെ കീറ്റോജനിക്ക് അഥവാ കീറ്റോഡയറ്റ് എന്നും പറയുന്നു.

സെലിബ്രിറ്റികൾ ഉൾപ്പടെ പലരുടെയും ഇഷ്ട ഡയറ്റാണ് കീറ്റോ ഡയറ്റ്. ഒട്ടും കാർബോഹൈഡ്രോറ്റ് ഇല്ലാത്ത എഴുപത്തിയഞ്ചു ശതമാനം കൊഴുപ്പും ഇരുപതു ശതമാനം പ്രോട്ടീനും ഉൾപ്പെടുത്തിയുള്ള ആഹാരരീതിയാണിത്. ശരീരഭാരം പെട്ടെന്നു കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് കൂടിയാണിത്. ആവശ്യത്തിലധികം കാർബോഹൈഡ്രേറ്റ്സ് കഴിക്കുമ്പോഴാണ് അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നത്. അത് പിന്നീട് ഹൃദയാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. വണ്ണം കൂടികഴിഞ്ഞാൽ ബിപി കൂടുകയും വെർട്ടിക്കളുകളിൽ ബ്ലോക്കുകളുണ്ടായി സ്ട്രോക്കോ ഹർട്ട് അറ്റാക്കോ ഉണ്ടാവാം. അതുപോലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വരാം, സ്ത്രീകൾക്ക് പിസിഒഡി വരാം. ഇതെല്ലാം പ്രമേഹത്തിലേക്കും നയിക്കുന്ന അസുഖങ്ങളാണ്. കാർബോഹൈഡ്രേറ്റിന്റെ അമിതമായ ഉപയോഗമാണ് ഇതിനു കാരണം. 

കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ച് ഫാറ്റിന്റെ അളവ് കൂട്ടി മിതമായ അളവിലുള്ള പ്രോട്ടീനും കൊടുത്തു കഴിഞ്ഞാൽ ശരീരം ഊർജ്ജം ഉല്പാദിപ്പിക്കുന്നത് മുഴുവൻ ഈ കൊഴുപ്പു കൊണ്ടായിരിക്കും. കാർബോഹൈഡ്രേറ്റ് കിട്ടാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാക്കുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് അവയെ കീറ്റോണുകൾ എന്ന ഊർജ്ജസ്രോതസ്സാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്കു പോകും. ഭാരം കുറഞ്ഞു തുടങ്ങും. 

കീറ്റോ ഡയറ്റ് എടുത്ത് ആദ്യ രണ്ട് ആഴ്ചകളിൽ തന്നെ പനിയും തലവേദനയും ക്ഷീണവും തലകറക്കവുമൊക്കെ അനുഭവപ്പെടാം. ചിലപ്പോൾ കൊളസ്ട്രോളിന്റെ അളവ് കുറയാം. ഈ സമയത്ത് ഇൻസുലിൻ റസിസ്റ്റൻസ് കുറയും. ഇവയാണ് ഹൃദയത്തിൽ കാവിറ്റീസ് വരാനും ഷുഗർ വരാനുമൊക്കെയുള്ള കാരണം. ഇതെല്ലാം കീറ്റോ ഡയറ്റുകൊണ്ട് കുറയ്ക്കാൻ പറ്റും. ധാരാളം വെള്ളം കുടിക്കണം. അതുപോലെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുകയും വേണം. കീറ്റോ ഡയറ്റ് തുടങ്ങുന്നതിനു മുൻപ് രക്ത പരിശോധന നടത്തിയിരിക്കണം.

എങ്ങിനെ കീറ്റോ ഡയറ്റ് ചെയ്യാം

പടിഞ്ഞാറൻ നാടുകളിൽ ഉരുത്തിരിഞ്ഞു വന്നതുകൊണ്ടുതന്നെ അവിടെ സുലഭമായി കിട്ടുന്ന പച്ചക്കറികവും പഴങ്ങളും മറ്റുമാണ് ഈ ഡയറ്റിൽ കൂടുതലായി ഉപയോഗിക്കുന്നത്. നമ്മുടെ കേരളത്തിലെത്തുമ്പോൾ ഈ ഡയറ്റ് മെനുവിലെ പലതും നമ്മുടെ മാർക്കറ്റിൽ കിട്ടാത്തവയും ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടവയുമാണ്. ഏര്റവും കുറവ് കാർബോഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറികളാണ് ആസ്പരാഗസ്, ബ്രൊക്കോളി, സുക്കിനി, അവാക്കഡോ, ലെറ്റൂസ്, കോളിഫ്ലവർ, കാബേജ്, സ്പിനാച്ച്, ഫ്രഞ്ച് ബീൻസ് എന്നിവ. എന്നാൽ ഇവയൊന്നും തന്നെ നമ്മൾക്ക് സുലഭമായി കിട്ടുന്നവയല്ല. 

അതിനു പകരമായി നമ്മുടെ വീട്ടുമുറ്റത്തു വളരുന്ന പല പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ പച്ചച്ചീരയും ചുവന്ന ചീരയും മുരിങ്ങയിലയും വഴുതനയും പടവലങ്ങയുമെല്ലാം കാർബോഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറികളാണ്. വെള്ളത്തിലിട്ട് തിളപ്പിച്ചോ, ആവികയറ്റിയോ ഇവ വേവിച്ചെടുത്ത് അധികം മസാല ചേർക്കാതെ ഇവ പാകപ്പെടുത്തിയെടുക്കാം. അതുപോലെ പച്ചക്കറികളും മറ്റും പാകം ചെയ്യുമ്പോൾ ഒലീവ് ഓയിൽ തന്നെ ഉപയോഗിക്കണമെന്നില്ല. പകരം വെളിച്ചെണ്ണ ഉപയോഗിക്കാം. 

തിളപ്പിച്ചു കഴിയുമ്പോഴാണ് വെളിച്ചെണ്ണയും വെണ്ണയും നെയ്യുമൊക്കെ അപകടകാരികളാക്കുന്നത്. പാകം ചെയ്തു കഴിയുമ്പോൾ ഫ്ലേവറിനുവേണ്ടി ചെറിയ അളവിൽ ഇവ ചേർക്കുന്നതുകൊണ്ട് ദോഷമുണ്ടാവുന്നില്ല. ചോളം, ബേക്ക്ഡ് ബീൻസ്, ലെന്റിൽസ്, പീസ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളെല്ലാം കാർബോഹൈഡ്രേറ്റ്സ് കൂടിയ ഭക്ഷണസാധനങ്ങളാണ്. റാഗി അന്നജം കുറഞ്ഞ ധാന്യമാണ്. റാഗിപ്പൊടി കൊണ്ട് പലഹാരങ്ങളുണ്ടാക്കി കഴിക്കാം.

ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗങ്ങൾ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി,  ചേന, മുള്ളങ്കി എന്നിവ വലിയ അപകടകാരികളല്ല. മധുരക്കിഴങ്ങ്,ഉരുളക്കിഴങ്ങ് എന്നിവയിൽ അന്നജത്തിന്റെ അളവ് കൂടുതലാണെങ്കിലും ചോറിലുള്ളവയത്ര ഇവയിലില്ലാത്തതുകൊണ്ട് മറ്റു ഡയറ്റുകൾ നോക്കുന്നവർക്ക് ചോറിനു പകരമായി ഇവ ഉപയോഗിക്കാം. ഭക്ഷണത്തിൽ ചോറ് നിർബന്ധമായി ഉൾപ്പെടുത്തേണ്ടവർക്ക് കീറ്റോ ഡയറ്റ് ബുദ്ധിമുട്ടായിരിക്കും. അവർക്ക് ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ചെയ്യാം. വെള്ള അരിക്കു പകരമായി തവിടു കളയാത്ത ഗോതമ്പ് നുറുക്കിയത്, ബ്രൗൺ റൈസ്, തവിടുകളയാത്ത കുത്തരി അളവു കുറച്ച് എന്നിവ ഉപയോഗിക്കാം. ആദ്യത്തെ അളവിൽ നിന്ന് കുറച്ച് കുറച്ച് കൊണ്ടുവരണം.

പലപ്പോഴും ഡയറ്റ് പ്ലാനിൽ കാണുന്ന ഒന്നാണ് ഒരു സെർവിങ്സ് രണ്ടു സെർവിങ്സ് എന്നെല്ലാം. വിശപ്പു മാറുന്നതു വരെ കഴിക്കാം. വിശപ്പു മാറാൻ വേണ്ടിയാണ് പച്ചക്കറികൾ കൂടുതൽ കഴിക്കാൻ പറയുന്നത്. അതിൽ കാലറിയും കാർബോഹൈഡ്രേറ്റ്സും കുറവേ ഉണ്ടാവുള്ളൂ.പക്ഷേ, പ്രോട്ടീൻ ഉള്ളതുകൊണ്ട് വയറു നിറയുകയും ചെയ്യും തടി കൂടുകയുമില്ല. ചില ഡയറ്റുകളിൽ നിർദ്ദേശിക്കുന്നതു കണ്ടിട്ടില്ലേ, കക്കിരിക്കയും കാരറ്റും തക്കാളിയും ഉള്ളിയുമൊക്കെ കഴിക്കാൻ പറയുന്നത്.   

പഴങ്ങൾ

മധുരം കുറഞ്ഞ പഴങ്ങളാണ് കീറ്റോ ഡയറ്റിൽ ഉപയോഗിക്കുന്നത്. വീട്ടുമുറ്റത്ത് ഉണ്ടാവുന്നതാണെങ്കിലും മാമ്പഴം, ചക്ക, പപ്പായ തുടങ്ങിയവയൊന്നും ഉപയോഗിക്കുന്നത് നല്ലതല്ല. പകരം മധുരം കുറഞ്ഞ പേരയ്ക്കയും ഓറഞ്ചുമെല്ലാം കീറ്റോ ഡയറ്റിൽ ഉപയോഗിക്കാൻ സാധിക്കുന്ന പഴങ്ങളാണ്.  അതുപോലെ പഴം, ഉരുളക്കിഴങ്ങ്, വെളുത്ത അരിയുടെ ചോറ്, ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജ്യൂസുകൾ, കാനിലുള്ള പാനീയങ്ങൾ, മദ്യം ഇവയൊന്നും തീർത്തും ഉപയോഗിക്കാതിരിക്കുക. ഏതു ഡയറ്റു എടുക്കുന്നവർക്കും ഇതു നിഷിദ്ധമാണ്.

പാനീയങ്ങൾ

കട്ടൻച്ചായ അല്ലെങ്കിൽ ഗ്രീൻടീ ഉപയോഗിക്കാം. കാപ്പി ക്രീം ചേർത്ത് കഴിക്കാം. അധികം മധുരമില്ലാത്ത കരിക്കു വെള്ളം കഴിക്കാം, മധുരമുണ്ടെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. മധുരമിടാത്ത നാരങ്ങജ്യൂസ് ഉപയോഗിക്കാം. പച്ചക്കറികള്‍ ജ്യൂസാക്കി കഴിക്കാം. അതുപോലെ ഡയറ്റ് കോക്ക് പഴച്ചാറുകൾ ഉപയോഗിക്കാൻ പാടില്ല. ഉപയോഗിക്കുന്നെങ്കിൽത്തന്നെ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കാം. വൈനും ഉപയോഗിക്കാം. ഒരു ഗ്ലാസ് പാലിൽ 11 ഗ്രാം കാർബോഹൈഡ്രേറ്റ്സും  സോയമിൽക്കിൽ പന്ത്രണ്ട് ഗ്രാമുമുണ്ട്. മിൽക്ക്ഷേക്ക്, സ്മൂത്തീസ്, സോഫ്റ്റ്ഡ്രിങ്കുകൾ, വൈറ്റമിൻ വാട്ടർ എന്നിവ ഉപയോഗിക്കാനേ പാടില്ല.

മധുരം ഒഴിവാക്കാൻ പറ്റാത്തവർ, സ്ലീപ് അപ്നിയ ഉള്ളവർ, നെഞ്ചെരിച്ചിൽ, മൈഗ്രേയിൻ, ആർത്രൈറ്റിസ് പോലെ വേദയുള്ള രോഗങ്ങൾ ഉള്ളവർ, അൾസർ പോലെ രോഗങ്ങളുള്ളവർ, ആസ്ത്മ, ബ്രെയിൻ കാൻസർ, അൽഷിമേഴ്സ്, വിഷാദരോഗം പോലെ മാനസിക പ്രശ്നങ്ങളുള്ളവർ, എഡിഎച്ച്ഡി, ഒസിഡി എന്നീ ഡിസോർഡറുകളുള്ളവർക്കും കീറ്റോ ഡയറ്റ് ചെയ്യാൻ പാടില്ല. കീറ്റോജനിക് ഡയറ്റ് ഒരു ആഹാര രീതിയാണ് ചികിത്സാരീതിയല്ല.

വെജിറ്റേറിയൻ കീറ്റോ ഡയറ്റ്

കീറ്റോ ഡയറ്റ് ഒരു നോൺവെജ് ഡയറ്റാണ്. എങ്കിലും വെജിറ്റേറിയൻസിനും ഈ ഡയറ്റ് ചെയ്യാം.കാർബോഹൈഡ്രേറ്റ്സ് അധികമുള്ള ഒരു പച്ചക്കറികളും ഇവർ കഴിക്കാൻ പാടുള്ളതല്ല. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുക. ദിവസവും രണ്ടുപ്രാവശ്യമായി ഒന്നുമുതൽ മൂന്നു സെർവിങ്സുവരെ പച്ചക്കറികൾ കഴിക്കണം. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ വെണ്ണയോ നെയ്യോ പാചകത്തിനോ അല്ലെങ്കിൽ സലാഡ് ഡ്രസ്സിങ്ങിനോ ഉപയോഗിക്കുക. അതുപോലെ പലതരത്തിലുള്ള ഹെർബ്സും സ്പൈസസും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കീറ്റോ മെനു 

കഴിക്കാവുന്നത് – മുട്ട, തൊലി കളഞ്ഞ ചിക്കൻ, ലിവർ, തൈര്, ബട്ടർ, ചീസ്, ക്രീം, ബദാം, വാൽനട്ട്, നിലക്കടല, മത്തങ്ങ വിത്ത്, ഫ്ലാക്സ് സീഡ്, പീനട്ട്, ബദാം, കശുവണ്ടിപരിപ്പ്, എന്നിവ കഴിക്കാം.

കഴിക്കാവുന്ന പച്ചക്കറികൾ – പച്ചചീര, ചുവന്നചീര, മുരിങ്ങയില, ഉലുവച്ചീര, കയ്പക്ക, ചുരയ്ക്ക, വഴുതനങ്ങ, അമരപ്പയർ, വെള്ളരിക്ക, മുരിങ്ങ, കോവയ്ക്ക, വെണ്ടയ്ക്ക, ഉള്ളിത്തണ്ട്, പച്ചപപ്പായ, വാഴക്കൂമ്പ്, മത്തങ്ങ,പച്ചമാങ്ങ, പടവലങ്ങ.

പഴങ്ങൾ – പേരയ്ക്ക, ഷമാം, ഓറഞ്ച്, അധികം മധുരമില്ലാത്ത തണ്ണിമത്തൻ.

ആർക്കെല്ലാം നല്ലതാണ് കീറ്റോ ഡയറ്റ്

അമിതവണ്ണമുള്ളവർ, ടൈപ്പ് 1ടൈപ്പ് 2 പ്രമേഹരോഗികൾ, ഹൈപ്പർടെൻഷൻ ഉള്ളവർ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ളവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, എപ്പിലെപ്സി, ദഹനപ്രശ്നങ്ങളുള്ളവർ.

തൈറോയിഡ് പ്രശ്നമുള്ളവർക്ക്

ഹൈപ്പോ തൈറോയിഡ് അല്ലെങ്കിൽ ഹെപ്പർ തൈറോയിഡ് പ്രശ്നമുള്ളവരുടെ പ്രധാന പ്രശ്നമാണ് തടി കൂടുന്നത്. ഹോർമോൺ പ്രശ്നമുള്ളതുകൊണ്ട് ഡയറ്റുകവ്‍ ഇവർക്ക് വലിയ ഫലം തരുന്നത് കണ്ടിട്ടില്ല. എങ്കിലും ഭക്ഷണത്തിലെ ചില നിയന്ത്രണങ്ങൾ മാറ്റം വരുത്തും. സോയ ഉല്പന്നങ്ങൾ ഇവർക്ക് നല്ലതല്ല. അതുപോലെ കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ, സ്പിനാച്ച് എന്നീ പച്ചക്കറികളും ഒഴിവാക്കണം. കപ്പയും മധുരക്കിഴങ്ങും പോലെ സ്റ്റാർച്ചുള്ള കിഴങ്ങു വർഗ്ഗങ്ങളും നന്നല്ല. പീച്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും. ചെറുധാന്യങ്ങൾ, പീനട്ട് തുടങ്ങിയവയും ദോഷകരമാണ്. 

മുട്ട കഴിക്കുന്നത് തൈറോയിഡുള്ളവർക്ക് നല്ലതാണ്. മുട്ടയുടെ മഞ്ഞയിൽ ധാരാളമായുള്ള അയഡിനും സെലനിയവും മുട്ടവെള്ളയിലുള്ള പ്രോട്ടീനും നല്ലതാണ്. എല്ലാത്തരം ഇറച്ചികളും കഴിക്കാം. സാൽമൺ, ട്യൂണ പോലുള്ള സീഫുഡും കഴിക്കുന്നത് നല്ലതാണ്. മരുന്ന് കൃത്യമായി ആഹാരം കഴിക്കുന്നതിനു ഒരു മണിക്കൂർ മുമ്പേ കഴിക്കണം. എങ്കിൽ മാത്രമേ ഗുണം കിട്ടുകയുള്ളൂ. അതുപോലെ ധാരാളം വെള്ളം കുടിക്കുകയും വേണം. ഇന്തുപ്പും കല്ലുപ്പും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചാൽ അയഡിൻ കിട്ടും.

Tags:
  • Spotlight