Monday 11 April 2022 11:38 AM IST : By സ്വന്തം ലേഖകൻ

പുതിയ വഴിയെത്തിയതോടെ ടിബിന്റെ നടപ്പുവഴി അടഞ്ഞു; മൂന്നു വർഷമായി പുറത്തിറങ്ങാനാകാതെ ഭിന്നശേഷിക്കാരനായ യുവാവ്, ദുരിതം

tibin-11.jpg.image.845.440

ഭിന്നശേഷിക്കാരനായ ടിബിൻ പുറത്തിറങ്ങിയിട്ട് മൂന്ന് വർഷമായി. ആഗ്രഹമില്ലാഞ്ഞിട്ടല്ല, പുറത്തിറങ്ങാനുള്ള വഴി അടഞ്ഞതോടെയാണ്. നെടുങ്കണ്ടം സുപ്രൻപടിയിലേക്ക് പുതിയ വഴിയെത്തിയതോടെയാണ് ടിബിന്റെ നടപ്പുവഴി അടഞ്ഞു പോയത്. മസ്കുൽ ഡിസ്ട്രോഫി ബാധിതനായ ടിബിന് എഴുന്നേൽക്കാനോ സ്വയമേ നടക്കാനോ കഴിയില്ല.

എട്ട് വർഷം മുമ്പ് സന്നദ്ധപ്രവർത്തകർ നിർമിച്ച് നൽകിയ വീട്ടിലാണ് ടിബിനും അമ്മയും കഴിയുന്നത്. ആറാം ക്ലാസ് വരെ നെടുങ്കണ്ടത്തെ സ്കൂളിൽ പോയി പഠിച്ചു. ശാരീരിക അവശതകൾ വർധിച്ചതോടെ പഠനം മുടങ്ങി. ഇക്കാലമത്രയും ടിബിന് ആശുപത്രിയിൽ പോകാനും പുറത്തേക്കു വീൽചെയറിൽ സഞ്ചരിക്കാനും വഴിയുണ്ടായിരുന്നു. എന്നാൽ പുതിയ റോഡ് നിർമിച്ചപ്പോൾ വീട്ടിലേക്കുള്ള വഴി അധികൃതർ കെട്ടിയടച്ചു. 

അടച്ച വഴി തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുറച്ച് ഭാഗം മണ്ണിട്ട് ഈ ഭാഗം ഉയർത്തി. ഇതോടെ ഇവിടെ കുത്ത് കയറ്റം രൂപപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണൊലിച്ചു ഗർത്തവും രൂപപ്പെട്ടു. റോഡ് നിർമിക്കുന്നതിനിടെ ആദ്യമുണ്ടായ കൽക്കെട്ട് ഇടിഞ്ഞിരുന്നു. ഈ കല്ലുകൾ അടക്കം വീടിന് സമീപം വരെ ചിതറിത്തെറിച്ചു കിടക്കുകയാണ്. വെള്ളമൊഴുകാൻ നിർമിച്ച ഓടയും ടിബിന്റെ വീടിനു മുകളിലേക്കാണ് തുറക്കുന്നത്. വലിയ മഴ പെയ്താൽ ദുരന്തമുണ്ടായേക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.

Tags:
  • Spotlight