Friday 29 May 2020 10:34 AM IST : By Shyama

നിങ്ങൾ ഒരു ടോക്സിക് രക്ഷിതാവാണോ? സ്വയം തിരിച്ചറിയാം..

toxic

ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണ് കുട്ടികളെ വളർത്തുക എന്ന്‌ പറയുന്നത്. എന്നിട്ടും ബഹുഭൂരിപക്ഷം ആളുകളും വലിയ ധാരണയൊന്നുമില്ലാതെ തന്നെ ഇത് ചെയ്ത് വരുന്നുമുണ്ട്. നല്ലൊരു ശതമാനം ആളുകളും അവരെ അവരുടെ രക്ഷിതാക്കൾ എങ്ങനെ വളർത്തിയോ അതുപോലെ തന്നെ സ്വന്തം കുട്ടികളെയും വളർത്തികൊണ്ടിരിക്കയാണ്.

ടോക്സിക് പാരന്റിംഗ് പലതരമുണ്ട്

'എന്നെ തെങ്ങിൽ കെട്ടിയിട്ട് അച്ഛൻ അടിച്ചത് കൊണ്ടാണ് ഞാൻ ജീവിതത്തിൽ രക്ഷപ്പെട്ടത് എന്ന് കരുതുന്ന വ്യക്തി ചിലപ്പോൾ അതേ ശൈലിയിൽ സ്വന്തം കുട്ടിയെ അടിച്ചു വളർത്താൻ നോക്കും. ഇത്തരത്തിലുള്ള രക്ഷാകർതൃ രീതിയെ ഇൻസ്റ്റിന്റീവ് പാരന്റിംഗ് എന്ന് വിളിക്കും. ഈ രീതിയുടെ ഒരു ഗുണം പരമ്പരാഗതമായി കൈമാറി വന്ന ജീവിത മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചിരുന്നു എന്നതാണ്. എന്നാൽ ഇപ്പോൾ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ തലമുറയിൽ കൂട്ടുകുടുംബ വ്യവസ്ഥിതി ഒക്കെ ഉണ്ടായിരുന്നപ്പോൾ സമപ്രായക്കാരായ കുറേ കുട്ടികൾ ഒപ്പമുണ്ടായിരുന്നു. അഥവാ വീട്ടുകാരിൽ നിന്ന് കുട്ടിക്ക് ശാരീരിക മർദ്ദനം ഏൽക്കേണ്ടി വന്നാൽ പോലും അതുമായി ബന്ധപ്പെട്ട മാനസിക പ്രയാസങ്ങൾ ഉടൻ തന്നെ അകന്ന് പോകുമായിരുന്നു. കാരണം കളിക്കാനും ചിരിക്കാനും ഒക്കെ ധാരാളം അവസരമുണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികൾക്ക് ശാരീരിക വേദനയേക്കാൾ അത് ഏൽപ്പിക്കുന്ന മാനസിക വേദന വളരെ ഏറെയാണ്. തന്നെ രക്ഷിതാക്കൾക്ക് ഇഷ്ടമല്ല എന്ന് കരുതി ആത്മഹത്യയ്ക്ക് വരെ മുതിരുന്ന കുട്ടികൾ പോലുമുണ്ട്.

രണ്ടാമതൊരുതരം വളർത്തൽ രീതി, വിദേശത്തോ അന്യസ്ഥലത്തോ കഴിയുന്ന രക്ഷിതാവ് ഒരു മാസമോ അതിൽ ചുരുങ്ങിയ ദിവസമോ മാത്രം കുട്ടിയെ കാണുമ്പോൾ കുട്ടിയെ സ്നേഹിക്കാനും ലാളിക്കാനും താല്പര്യം കാണിക്കുന്നതിന്റെ ഭാഗമായി കുട്ടി ആഗ്രഹിക്കുന്നതും അതിനപ്പുറവും സാധിച്ചു കൊടുക്കാൻ ശ്രമിക്കുന്നതാണ്. കുട്ടിക്ക് ഒരു പ്രതിസന്ധിയും ഒരു വേദനയും ഉണ്ടാകരുത് എന്ന നിർബന്ധബുദ്ധിയോടെ കുട്ടിയെ കൈകാര്യം ചെയ്യും. കുട്ടിക്ക് ചെറുതായി പോലും മനസ് വേദനിച്ചാൽ രക്ഷിതാവിന്റെ ഹൃദയം നുറുങ്ങുന്ന സ്ഥിതി. അറ്റാച്ച്മെന്റ് പാരന്റിംഗ് എന്ന്‌ പറയുന്നൊരു രീതി വലിയ പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. കാരണം വല്ലപ്പോഴും മാത്രം വന്ന് കുട്ടി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്ത് കൊടുത്ത് മടങ്ങി പോകുന്ന രക്ഷിതാവിനു ശേഷം കുട്ടിയെ അച്ചടക്കത്തിലേക്ക് തിരികെ കൊണ്ട് വരിക എന്നത് നാട്ടിലുള്ള രക്ഷിതാവിന്റെയോ വീട്ടുകാരുടെയോ ബാധ്യതയാകും. സ്വാഭാവികമായും അച്ചടക്കത്തിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ ലാളനയുടെ അകത്തു നിന്നിരുന്ന കുട്ടി അതിനെ എതിർക്കാൻ സാധ്യതയുണ്ട്. അത് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടിക്ക് ലാളിക്കുന്ന രക്ഷിതാവിനോട് അടുപ്പവും അച്ചടക്കം വരുത്താൻ ശ്രമിക്കുന്നവരോട് എതിർപ്പും ഉണ്ടാകാനിടയുണ്ട്. ചില കുട്ടികളിലെങ്കിലും അച്ചടക്കം പറയുന്ന രക്ഷിതാവിനോട് വൈരാഗ്യം വരാനും ഇടയാകും.

മൂന്നാമതൊരു വിഭാഗമാണ് ഏകാധിപത്യ രക്ഷാകർതൃത്വം അല്ലെങ്കിൽ അതോറിറ്റേറിയൻ പാരന്റിംഗ് എന്നത്. ഇവിടെ രക്ഷിതാവ് കുട്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം മുൻകൂട്ടി നിഷ്കർഷിക്കുന്നു. അക്ഷരം പ്രതി അതനുസരിക്കുക എന്ന ജോലി മാത്രമാണ് കുട്ടിക്ക്. രാവിലെ ഉണരുന്നതും പഠിക്കുന്നതും പുറത്ത് പോകുന്നതടക്കം സകല കാര്യങ്ങളും രക്ഷിതാവ് വരച്ച വരയിലൂടെ നീങ്ങാൻ കുട്ടികൾ ബാധ്യസ്ഥരാകുന്നു. കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ ഇത് ഒരു നിശ്ചിത പ്രായം വരെ സഹായിച്ചെന്നിരിക്കും. എന്നാൽ ഇത്തരത്തിലുള്ള കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ വീട്ടുകാരുമായി ശക്തമായ എതിർപ്പുകൾ രൂപപ്പെടാൻ ഇടയുണ്ട്. അത് രക്ഷിതാവും കുട്ടിയും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാക്കാൻ കാരണമാകും. അത്തരം എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ പോലും ചില പ്രശ്നങ്ങൾ അവശേഷിക്കും. പരമാവധി സ്കൂൾ കാലഘട്ടം വരെയേ കുട്ടിയെ ഇത്തരത്തിൽ നിയന്ത്രിച്ചു വളർത്താൻ സാധിക്കൂ. അതിന് ശേഷം വിദ്യാഭ്യാസത്തിനും മറ്റുമായി വീട് വിട്ട് നിൽക്കേണ്ടി വരുമ്പോഴാണ് ഇത്തരം കുട്ടികളുടെ യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മുൻപ് സ്വാതന്ത്ര്യം എന്ന അവസ്ഥ തീരെ പരിചയിക്കാത്ത കുട്ടിക്ക് അത് കിട്ടുമ്പോൾ സ്വാതന്ത്ര്യം എങ്ങനെ ആരോഗ്യപരമായും യുക്തിപരമായും ഉപയോഗിക്കണമെന്ന് യാതൊരു ധാരണയും കാണില്ല. പലരും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും ഇടവരും.

അടുത്ത ഒരു രീതിയാണ് പെർമിസീവ് പാരന്റിംഗ്. കുട്ടിയോടൊപ്പം കഴിയുന്ന രക്ഷകർത്താവ് കുട്ടി പറയുന്നപോലെ എല്ലാം ചെയ്ത് മുന്നോട്ട് പോകും. പഠിക്കണമെങ്കിൽ ചോക്ലേറ്റ് വേണം പരീക്ഷ എഴുതണമെങ്കിൽ ഷൂസ് വേണം ലാപ്ടോപ് വേണം എന്നൊക്ക തുടങ്ങി കുട്ടി പറയുന്ന ഏത് ആവശ്യവും സാധിച്ചു കൊടുക്കും. പഠിക്കാൻ വേണ്ടി അല്ലേ, നല്ല കാര്യത്തിന് വേണ്ടി അല്ലേ എന്നൊക്ക ഓർത്ത് രക്ഷിതാക്കൾ നോ പറയില്ല. ഇവിടെ സ്നേഹവും ലാളനയും മാത്രയേയുള്ളു, നിയന്ത്രണം ഇല്ല. കാലക്രമേണ ആഗ്രഹങ്ങൾ കൂടിക്കൂടി വരും. ഇവ സഫലീകരിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ വീട്ടിൽ പ്രതിസന്ധികൾ രൂപപ്പെടും.

ബൈക്കോ കാറോ ഒക്കെ പ്രായപൂർത്തിയാകും മുൻപേ വാങ്ങി കൊടുക്കാൻ പറയുക, അല്ലെങ്കിൽ ആത്മഹത്യ, പഠനം ഉപേക്ഷിക്കൽ ഒക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് കുട്ടികൾ എത്തും. ഇത്തരം കുട്ടികളുടെ പ്രധാനപ്രശ്നം അവർ 'സാധ്യമല്ല' എന്നൊരു മറുപടി കേട്ടിട്ടില്ല എന്നതാണ്. വീട്ടിൽ നിന്ന് കേൾക്കാത്തത് പുറത്ത് നിന്ന് കേട്ടാലും അവർ സ്വീകരിക്കില്ല. അത് സുഹൃത്തുക്കൾക്കിടയിൽ വരെ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രണയാഭ്യർതന നടത്തി ആ വ്യക്തി നിരസിച്ചാൽ ഇക്കൂട്ടർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാരിൽ പലരും രോഷം പ്രകടിപ്പിക്കാൻ ആ വക്തിയെ ഇല്ലായ്മ ചെയ്യാനോ അപകടത്തിലാക്കാനോ പോലും മടിക്കില്ല.

അടുത്ത ഒരു രീതിയാണ് നെഗ്ലെക്ടഡ് പേരന്റിംഗ് എന്നത്. അച്ഛനും അമ്മയും ജോലിക്കാരോ മറ്റ് തിരക്കുകളുള്ളവരോ ആയിട്ട് കുട്ടിയുമായി വേണ്ടത്ര സമയം ചിലവഴിക്കാൻ കഴിയാതെ വരുന്നിടത്താണ് ഇതുണ്ടാകുന്നത്. ഒരു വീട്ടിൽ ഒട്ടേറെ കുട്ടികൾ ഉള്ളപ്പോഴും ഇത്തരം പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഇവിടെ കുട്ടികളുടെ മാനസികവും സമൂഹികവുമായ വളർച്ചയ്ക്ക് സംഭാവന നൽകാൻ രക്ഷിതാക്കൾക്ക് സമയമില്ലാതെ വരുന്നു. സ്വാഭാവികമായും സ്നേഹമോ നിയന്ത്രണമോ ഒന്നുമില്ലാതെ കുട്ടികൾ വളരുന്നു. ചുറ്റുമുള്ള സുഹൃത്തുക്കളുടെയും ആളുകളുടെയും സ്വഭാവങ്ങൾ ഇവരെ എളുപ്പം സ്വാധീനിക്കും. മോശമായ ആളുകളാണ് ചുറ്റുമെങ്ങിൽ അത് അപകടമുണ്ടാക്കും.സ്നേഹം സ്വീകരിക്കുക സ്നേഹം കൊടുക്കുക എന്ന കല രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കേണ്ടതാണ്.

അടുത്ത രീതിയാണ് ഹെലികോപ്റ്റർ പേരന്റിംഗ്. രക്ഷിതാക്കൾക്ക് കുട്ടിയെ ഒട്ടും വിശ്വാസമില്ല, എപ്പോഴും സംശയദൃഷ്ടിയോടെ കുട്ടിയെ കാണുന്ന രീതി. സദാസമയം കുട്ടിയെ നിരീക്ഷിക്കുന്ന, കുട്ടിയെ ഉളിഞ്ഞു നോക്കുന്ന, കുട്ടിയുടെ ഫോൺ സംഭാഷങ്ങൾ രഹസ്യമായി കേൾക്കുന്ന, കുട്ടിയുടെ മുറിയും ബാഗും ഒക്കെ എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കൾ...റോന്തുചുറ്റുന്ന ഹെലികോപ്റ്റർ പോലെ കുട്ടിക്ക് ചുറ്റും അവർ കറങ്ങിക്കൊണ്ടിരിക്കും. മനുഷ്യന്റെ മാനസിക വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പരസ്പരവിശ്വാസത്തിലൂന്നിയ വൈകാരിക ബന്ധം ഉണ്ടാക്കുക എന്നത്. ഹെലികോപ്റ്റർ പേരന്റിഗിലൂടെ കടന്നു പോകുന്ന കുട്ടികൾക്ക് അത്തരത്തിലൊരു ബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ടാകും. ഈ കുട്ടികൾക്ക് മറ്റുള്ളവരെ എപ്പോഴും സംശയവും വിശ്വാസക്കുറവും ആയിരിക്കും.

ഇനിയൊന്ന് ആത്മാനുരാഗ രക്ഷാകർതൃത്വം അഥവാ നാർസിസിസ്റ്റിക് പാരന്റിംഗ് ആണ്. അവനവനെ മാത്രം സ്നേഹിക്കുന്ന രക്ഷാകർത്താവ്, ഏത് വാചകം പറയുമ്പോഴും ഞാൻ, എന്റെ, എനിക്ക് എന്നൊക്ക ആണ് ഇവർ ഏറെ പറയുക. ആത്മാനുരാഗികൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പാടാണ്, അവർക്ക് ആരാധനയാണ് മറ്റുള്ളവരിൽ നിന്ന് ആവശ്യം. ചോദ്യം ചെയ്യാതെ അവരെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യ്യുന്നവരെ മാത്രമേ താല്പര്യം കാണൂ. അത്തരം രക്ഷിതാവിനെ സഹിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടായിരിക്കും. കുട്ടിയുടെ വൈകാരികമായ ആവശ്യങ്ങൾ തിരിച്ചറിയാനും അവ സഫലീകരിച്ചു കൊടുക്കാനും ഇത്തരം രക്ഷിതാക്കൾക്ക് കഴിയുകയുമില്ല.

കുട്ടിയുടെ നല്ല സുഹൃത്തായി ഇരിക്കുക

ഏറ്റവും നല്ല മാതൃക എന്ന് പറയുന്നത് അതോറിറ്റേറ്റീവ് പേരന്റിംഗ് ആണ്. ഇവിടെ സ്നേഹവുമുണ്ട് നിയന്ത്രണവുമുണ്ട്... സ്വാതന്ത്ര്യവുമുണ്ട് ഉത്തരവാദിത്വബോധവും ഉണ്ട്. ഉദാഹരണത്തിന് സ്കൂൾ കഴിഞ്ഞ് കളിക്കാൻ പോകാം, എന്നാൽ ആരുടെ കൂടെയാണ് എവിടേക്കാണ് എന്ന് അറിയിച്ചിട്ട് പോകണം. വീട്ടിൽ എല്ലാവരും പാലിക്കേണ്ട രീതികളുണ്ട്, ഉദാഹരണം ഒരുമിച്ച് അത്താഴം കഴിക്കുക എന്നതൊക്കെ... അതിന് മാതൃക കാണിക്കുന്നത് രക്ഷിതാക്കൾ തന്നെയാകും. ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്നും, ചീത്തവാക്കുകൾ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതും ഒക്കെ ഇതിൽ വരും. സ്വാതന്ത്ര്യം ലഭിക്കുമ്പോഴും അത് നന്നായി ഉപയോഗിക്കാനും അതിൽ നിന്ന് പാഠങ്ങൾ പഠിക്കാനും ഒക്കെ അരങ്ങ് ഒരുങ്ങുന്നു.

കുട്ടികളുമായി മനസ് തുറന്ന് സംസാരിക്കാനുള്ള ക്വാളിറ്റി ടൈം ദിവസവും അര മണിക്കൂറെങ്കിലും രക്ഷിതാക്കൾ കണ്ടെത്തണം. നല്ല ശ്രോതാവായി ഇരിക്കാനാണ് ഏറെ ശ്രദ്ധിക്കേണ്ടത്. കുട്ടികൾക്കൊരു പ്രശ്നം വന്നാൽ അതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാനും രക്ഷിതാവിന് ഇതു വഴി സാധിക്കും. എന്തുണ്ടായാലും അത് മടികൂടാതെ രക്ഷിതാക്കളുമായി പങ്കുവെക്കാനും കുട്ടിക്ക് സാധിക്കും. താൻ ഒരിക്കലും ഒറ്റപ്പെട്ട് പോകില്ല എന്ന ബോധ്യമാണ് ഇത്തരം മാതാപിതാക്കൾ കുട്ടിക്ക് നൽകുന്ന ഉറപ്പ്.

കടപ്പാട്:

ഡോ. അരുൺ ബി. നായർ,

കൺസൾറ്റന്റ് സൈക്യാട്രിസ്റ്റ്,

മെഡിക്കൽ കോളേജ്,

തിരുവനന്തപുരം

Tags:
  • Spotlight