Friday 05 October 2018 02:20 PM IST

പ്രതിസന്ധികളില്‍ കരുത്തായത് ആത്മവിശ്വാസം; വ്യത്യസ്ത ലക്ഷ്യവുമായി മുന്നേറുന്ന രണ്ട് സ്ത്രീകളുടെ ജീവിത കഥ

Lakshmi Premkumar

Sub Editor

two_ladies പൈതൃകത്തിലേക്ക് വഴികാട്ടിയാകുന്ന ബീന തോമസ് തരകൻ, സമൂഹ വിവാഹത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം പകർന്ന വൽസലാ ഗോപിനാഥ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരിൻ രാംദാസ്

തിരുവനന്തപുരത്തിന്റെ നഗര വീഥികളിൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആ രാജപ്രൗഢിയുടെ മിന്നലാട്ടം ഇപ്പോഴും കാണാം. ചെ‌വിയൊന്നോർത്താൽ വഴിയോരങ്ങളി ൽ കുളമ്പടി ശബ്ദങ്ങളും  കൊമ്പ് കുഴൽ വിളികളും  കേൾക്കാം. കേട്ട കഥകളിലെ രാജപ്രൗഢിയിലേക്ക്  ഒരു തിരിഞ്ഞു നോട്ടം ഇഷ്ടപ്പെടുന്നുവെങ്കിൽ ഒരാളെ പരിചയപ്പെടുത്താം.
ഇത് ബീന തോമസ് തരകൻ, ആർക്കിയോളജി എന്ന പൗരാണിക ശാസ്ത്രത്തിന്റെ സഹയാത്രിക. ബീനയ്ക്ക് ചരിത്രാന്വേഷണം വെറും ജോലി മാത്രമല്ല,
ജീവിതം  കൂടിയാണ്. അതു കൊണ്ടാണ് ‘ഹെറിറ്റേജ് വാക്’ എന്ന പ്രോഗ്രാമിലൂടെ ബീന, തിരുവനന്തപുരത്തിന്റെ ചരിത്ര രഹസ്യങ്ങളിലേക്കുള്ള വഴികാട്ടിയായി മാറിയത്.
‘‘തിരുവനന്തപുരത്തുകാരായ   പുതുതലമുറക്കാരിൽ പലർക്കും അവരുടെ നാട്ടിലെ പൗരാണിക നിർമിതികളെ കുറിച്ച് വ്യക്തമായ അറിവില്ല. ആരാണ് നിർമിച്ചതെന്നോ ഏത് കാലഘട്ടത്തിലെ നിർമാണമാണെന്നോ വ്യക്തമല്ല. എന്നാൽ ഇവയുടെയൊക്ക ചരിത്രവും നാൾവഴികളും ആർക്കിയോളജി വിഭാഗത്തിന്റെ പക്കലുണ്ട്. ഈ അറിവ് സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് പൈത‍ൃകത്തിനൊപ്പമുള്ള നടത്തത്തിന്റെ ലക്ഷ്യം.


ചരിത്രത്തെ അറിയാൻ ആഗ്രഹമുള്ളവരും  ഇനിയുള്ള തലമുറയ്ക്ക് അറിവുകൾ കൈമാറാൻ ഇഷ്ടപ്പെടുന്നവരുമാണ് എനിക്കൊപ്പം നടക്കാൻ വരുന്നവർ.’’ ബീന പറയുന്നു.
‘ഏതെങ്കിലും ഒരു പത്രത്തിൽ ആ ആഴ്ചയിൽ പോകുന്ന സ്ഥലത്തെ കുറിച്ച് ചെറിയൊരു കുറിപ്പ് നൽകും. ഇത് കണ്ട് വരുന്നവരാണ് എല്ലാവരും. അതിനപ്പുറം വലിയ പബ്ലിസിറ്റിയോ, പ്രഖ്യാപനങ്ങളോ ഒന്നും നടത്താറില്ല. ഓരോ യാത്രയിലും  ഇരുപതോ  മുപ്പതോ പേരുണ്ടാകും. വിദ്യാർഥികളും ഉദ്യോഗസ്ഥരുമൊക്കയുണ്ടാകും സംഘത്തിൽ.’ ബീന പറയുന്നു.
തിരുവനന്തപുരത്തിന്റെ പൈത‍ൃകം ഹൃദയത്തിൽ ചേർത്തു വച്ച ബീന പക്ഷേ, ഈ നഗരത്തിന്റെ പുത്രിയല്ല. അനന്തപുരിയുടെ മരുമകളാണ്.  നാട് തൃശൂരാണെങ്കിലും ബീന ജനിച്ചതും വളർന്നതുമൊക്കെ ബറോഡയിലാണ്. വിവാഹശേഷം 2010 ലാണ് തിരുവനന്തപുരത്ത് താമസമാക്കുന്നത്. ഭർത്താവ് ജോൺ സാമുവൽ ജനീവ കേന്ദ്രമായുള്ള ഫോറം ഏഷ്യ ഇന്റർനാഷനൽ ഒാർഗനൈസേഷന്റെ സിഇഒ ആണ്. മക്കൾ വിനീതും  അനുഗ്രഹയും.

two_ladies1


‘‘ചെറുപ്പത്തിൽ കഥകൾ കേട്ടുള്ള ഇഷ്ടം പിന്നെ ആ കഥകൾ നടന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണമായി മാറി. ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം  പൂന സർവകലാശാലയിൽ ‘ഇൻഡസ്‌വാലി സിവിലൈസേഷൻ’ എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്തു. ‘‘ആർക്കിയോളജി വിഭാഗം സ്പെഷൽ ഓഫിസറായി നിയമനം ലഭിച്ചതോടെ എന്റെ മനസ്സ് പറയുന്ന വഴിയേ സഞ്ചരിക്കാൻ കൂടുതൽ ധൈര്യമായി. ഏതു സ്ഥലത്തു ചെന്നാലും ഞാൻ ആദ്യം തിരയുന്നത് അവിടുത്തെ പ്രാദേശിക ചരിത്രമാണ്. അത് എന്റെ ജോലി കൂടിയാണെന്നു മാത്രം.


യുെനസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ കേരളത്തിൽ നിന്നും രണ്ട് ചരിത്ര സ്മാരകങ്ങൾ  തിരഞ്ഞെടുത്തു. പത്മനാഭപുരം  കൊട്ടാരവും എടക്കൽ ഗുഹയും. വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെങ്കില്‍ വിശദമായ അവലോകനം ചെയ്യണം. നിരവധി ചരിത്രരേഖകൾ പഠിക്കണം. ഇവയുടെ പ്രാധാന്യം വ്യക്തമാക്കണം. ഇത്തരം പഠനങ്ങൾക്കിടയിലാണ് തിരുവനന്തപുരത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്. ചരിത്ര രേഖകളില്‍  ആരാലും അറിയപ്പെടാതെ, മൂടി വയ്ക്കപ്പെടേണ്ട ഒന്നല്ല തിരുവനന്തപുരത്തെ കാഴ്ചകളെന്ന ചിന്തയാണ് ‘ഹെറിറ്റേജ് വാക്’ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ’’ പൈതൃകമറിഞ്ഞുള്ള യാത്രയുടെ കഥ തുടങ്ങിയത് അങ്ങനെയാണ്.

ശ്രീ പത്മനാഭന്റെ മണ്ണിൽ  


‘‘തിരുവനന്തപുരത്തെ കുറിച്ച് പൗരാണിക കാലം മുതൽ  പ്രധാന്യത്തോടെ നിലനിന്നിരുന്നത് പത്മനാഭസ്വാമി ക്ഷേത്രം മാത്രമായിരുന്നു. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയെ പത്മനാഭപുരത്തു നിന്നു  തിരുവനന്തപുരത്തേക്ക് തലസ്ഥാനം മാറ്റാൻ പ്രേരിപ്പിച്ചതിന്റെ ഒരു ഘടകം  ക്ഷേത്രത്തിന്റെ പ്രാധാന്യമാണ് .
പിന്നെ, നടന്നത് വലിയൊരു പരിണാമമായിരുന്നു. കോട്ട വന്നു, മാർക്കറ്റും കെട്ടിടങ്ങളും വന്നു. തൃപ്പടിദാനത്തോടെ രാജകുടുംബവും ജനങ്ങളും പത്മനാഭന്റെ മണ്ണിലേക്ക് എത്തിച്ചേർന്നു. ഇതാണ് തിരുവനന്തപുരത്തിന്റെ കുഞ്ഞു ചരിത്രം. ഇത് പോലെ ഓരോ ജില്ലയ്ക്കും ഓരോ നാടിനും ചരിത്രത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാൽ അമ്പരപ്പിക്കുന്ന കഥകളേറെയാണ്.


അനന്തപുരിയിലെ  ആശുപത്രികളും സ്കൂളുകളും കെട്ടിടങ്ങളുമെല്ലാം ആദ്യകാലം ഓല  മേഞ്ഞവയായിരുന്നു. പിന്നീട് തിരുവനന്തപുരം മഹാരാജാവ് ഈ കെട്ടിടങ്ങളിൽ  ഓട് മേയാൻ കൽപിച്ചതിന്റെ രേഖകൾ ചരിത്രത്തിലുണ്ട്. ഇതിനൊക്കെ പിന്നിൽ പല കഥകളുമുണ്ട്.  അതൊക്കെ പറഞ്ഞുകൊടുക്കാൻ പ്രാവീണ്യമുള്ള രണ്ട് സുഹൃത്തുക്കളുമുണ്ട് ‘ഹെറിറ്റേജ് വാക്’ൽ എനിക്കൊപ്പം.  സ്വാതി തിരുനാളിനെക്കുറിച്ച് ഗവേഷണം ചെയ്യുന്ന അച്യുത് ശങ്കർ നായരും  മുതിർന്ന പത്രപ്രവർത്തകനായ  മലയൻകീഴ് ഗോപാലകൃഷ്ണനും.
എന്നെപ്പോലെ അന്യനാട്ടിൽ നിന്നു തിരുവനന്തപുരത്തേക്ക്  ചേക്കേറിയ ഒരു ചരിത്രസ്നേഹിയെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സഹയാത്രികരാണ് ഇരുവരും. 2013 ഒക്ടോബർ ഇരുപതാം തീയതി ആയിരുന്നു

two_ladies4 ‘ഹെറിറ്റേജ് വാക്’ നു ഒത്തുചേർന്നവർ

തിരുവനന്തപുരത്തെ ആദ്യത്തെ ഹെറിറ്റേജ്‌ വാക്


പണ്ട് കടൽവഴി വള്ളക്കടവിൽ വരുന്ന വ്യവസായികൾ  വള്ളമിറങ്ങി ചരക്കുകൾ പേട്ടയിലെത്തിച്ച് കരമടച്ചാണ്  തിരുവനന്തപുരം നഗരത്തിലേക്ക് വ്യാവസായിക ആവശ്യങ്ങൾക്കായി എത്തിച്ചിരുന്നത്. ഹിന്ദുക്കൾക്ക് മാത്രമായിരുന്നു അ ന്ന് നഗരത്തിൽ പ്രവേശനമുണ്ടായിരുന്നത്. പേട്ടയിലെ പള്ളികൾ ഇന്നും ചരിത്രത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. അന്യമതസ്ഥരുടെ ആരാധനാലയമായി കടൽതീരത്തെ പ ള്ളികൾ ഇന്നും ചരിത്രത്തിന്റെ പാതയിലെ തിരനോട്ടങ്ങളാകുന്നു.  ആദ്യ യാത്ര അങ്ങോട്ടായിരുന്നു. അന്ന് അടുപ്പമുള്ള കുറച്ച് പേരെ ഒപ്പമുണ്ടായിരുന്നുള്ളൂ.  പിന്നീടങ്ങോട്ട് അംഗസംഖ്യ ഓരോ യാത്രയിലും കൂടി വന്നു. പുതിയ സ്ഥലങ്ങളും വിവരങ്ങളും  ഉൾപ്പെടുത്തിയുള്ള വളർച്ചയായിരുന്നു പിന്നീടുള്ള യാത്രകളിൽ.


ഹെറിറ്റേജെന്ന് കേൾക്കുമ്പോൾ പൊതുവെയുള്ള ധാരണ വലിയ പള്ളികൾ, കൊട്ടാരങ്ങൾ അമ്പലങ്ങൾ എന്നിവയെല്ലാമാണെന്നാണ്. പക്ഷേ, ഇത് ശരിക്കും  തെറ്റായ സങ്കൽപമാണ്. ഹെറിറ്റേജ് എന്നത് ‘ഒരു ചെറിയ ഗ്രാമം ഒരു വലിയ നഗരമാകുന്ന’ പ്രക്രിയ കൂടിയാണ്.
പഴയ കാലത്തിൽ നിന്ന് ഇന്നു കാണുന്ന രൂപത്തിലേക്ക് ആ സ്ഥലം എങ്ങനെ പരിണമിച്ചു  എന്നത് അവിടെ നേരിൽ ചെന്ന് മനസ്സിലാക്കുക എന്ന ആശയമാണ് ‘ഹെറിറ്റേജ് വാക്’ന്റെ പ്രത്യേകത. ഇവിടെ കണ്ടുപോകുന്ന ആസ്വാദനം മാത്രമല്ല നടക്കുന്നത്. അതിനെക്കുറിച്ചുള്ള അറിവ് നേടലും കൂടിയാണ്.
 മണ്ണും വെട്ടുകല്ലും മരങ്ങളും ഉപയോഗിച്ചുള്ള പല കെട്ടിടങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ് ഓട് മേഞ്ഞ കെട്ടിടങ്ങൾ  നൂറ്റമ്പത് കൊല്ലമേ പഴക്കമുള്ളൂ. അതിന് മുമ്പ് ഓലയിൽ തീർത്തവയായിരുന്നു എല്ലാം.  വെയിലും മഴയും ആഞ്ഞ് പെയ്ത നാളുകളിൽ പലതും നാമാവശേഷമായി.  ഇനിയുള്ളവ സംരക്ഷിക്കണമെന്ന തോന്നൽ ശക്തമാകണമെങ്കിൽ സമൂഹത്തിന് അവയുടെ പ്രാധാന്യം മനസ്സിലാകണം. പ്ര‍ൗഢഗോപുരങ്ങൾ നിറഞ്ഞ വീഥികളിലൂടെ ആളുകളെ നടത്തുമ്പോൾ എന്റെ മനസ്സിലുള്ള ലക്ഷ്യം അതാണ്.’’ ബീനയുടെ വാക്കുകളിൽ അനന്തപുരിയോടുള്ള തീവ്രസ്നേഹത്തിന്റെ തിളക്കം.

പുതുജീവിതത്തിന്റെ പ്രകാശം പരത്തി സമൂഹ വിവാഹത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം പകർന്ന വൽസലാ ഗോപിനാഥിന്റെ കഥ