Wednesday 13 October 2021 02:18 PM IST

‘വിഷം കയറി ബലൂൺ പോലെ വീർത്ത കാൽ, ഇപ്പോഴും മുഴങ്ങുന്നു അമ്മാ എന്നുള്ള നിലവിളി’: ഉത്രയുടെ കുടുംബം വനിതയോട്

Tency Jacob

Sub Editor

uthra

മലയാളി കണ്ണും കാതും മനസും നൽകി കാത്തിരുന്നൊരു കേസ്. ഉത്രയെ മകളായും സഹോദരിയായും ഹൃദയത്തിലേറ്റു വാങ്ങിയ മലയാളക്കര ഈയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അവളനുഭവിച്ച വേദനകൾക്കെല്ലാം പകരമായി നീതി ദേവത അവൾക്കു മുന്നിൽ കൺതുറക്കും എന്ന പ്രതീക്ഷയോടെ.

മകളുടെ മരണത്തിൽ നീറി നീറി ജീവിക്കുന്ന ഉത്രയുടെ കുടുംബം ഇനിയും ജീവപര്യന്തം എന്ന വിധിയിൽ തൃപ്തരായിട്ടില്ല. വിഷം തീണ്ടിയ മനസുള്ള സൂരജെന്ന നരാധമന് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അവർ ആവർത്തിക്കുന്നു. സൂരജിന് അഴികൾക്കുള്ളിലേക്കുള്ള വഴികൾ തുറക്കുമ്പോൾ ഉത്രയുടെ കുടുംബം നാളുകൾക്ക് മുമ്പ് ‘വനിതയോട്’ പറഞ്ഞ വാക്കുകള്‍ ഒരിക്കൽ കൂടി വനിത ഓൺലൈൻ പങ്കുവയ്ക്കുകയാണ്. ഉത്രയുടെ പുഞ്ചിരിക്കുന്ന ചിത്രത്തെ സാക്ഷിയാക്കി ആ കുടുംബം പങ്കുവച്ച വേദന, നീതിക്കായുള്ള പോരാട്ടം എല്ലാം ഈ വാക്കുകളിലുണ്ട്...

മോളേ...’ എന്ന് അമ്മ നിലവിളിക്കുന്നതു കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ഉത്ര കിടന്നിരുന്ന മുറിയിലേക്ക് എത്തിയപ്പോ ൾ അമ്മ പരിഭ്രാന്തിയോടെ വിളിച്ചു കരയുകയാണ്. അച്ഛനും അടുത്തുണ്ട്.’’ ഉത്രയുെട സഹോദരന്‍ വിഷുവിന്‍റെ മനസ്സില്‍ നിന്ന് ആ നിലവിളി ഇപ്പോഴും മാറിയിട്ടില്ല. ദുഃഖം മുഴുവനും ഉള്ളിലടക്കി വിഷു ആ ദി വസത്തിലേക്കു തിരിച്ചുേപായി.
‘‘ആദ്യത്തെ പ്രാവശ്യം പാമ്പു കടിച്ചതിന്റെ പാർശ്വഫലമായി ഉത്രയ്ക്ക് ഇടയ്ക്കിടെ രക്തസമ്മർദം കൂടുകയും കുറയുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയെന്തോ സംഭവിച്ച് ബോധം മറഞ്ഞു കിടക്കുകയെന്നാണ് ഞങ്ങൾ കരുതിയത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. അവൾ മരിച്ചെന്ന് ഡോക്ടർമാർക്കു മനസ്സിലായെങ്കിലും ഞങ്ങളപ്പോഴും പ്രതീക്ഷയിലായിരുന്നു. പെങ്ങളെ കൈപിടിച്ചു കൊടുത്തവൻ തന്നെ ജീവനെടുക്കുമെന്ന ചി ന്ത ഞങ്ങളുടെയൊന്നും മനസ്സിൽ ആ നിമിഷം ഉണ്ടായിരുന്നില്ല. പാമ്പിനെക്കൊണ്ട് വിഷം കൊത്തിച്ച് നീറ്റി കൊല്ലുന്നതു ഞാൻ കഥകളിൽ പോലും വായിച്ചിട്ടില്ല. പിന്നെയെങ്ങനെ സംശയത്തിന്റെ പൊട്ടു ഉള്ളിൽ വീഴാൻ...’’ കണ്ണീരും തേങ്ങലും മറയ്ക്കാന്‍ വിഷു െെകപ്പടം െകാണ്ടു മുഖം െപാത്തി.

കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനന്റെയും മണിമേ ഖലയുടെയും മകൾ ഉത്ര, ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റതിന്റെ   ചികിത്സയിലായിരുന്നു. അതിനിടയിലാണ് വീണ്ടും പാമ്പുകടിയേറ്റു മരണത്തിലേക്കു പോയത്. ഭർത്താവ് അടൂർ സ്വദേശി സൂരജ് വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

ഉത്രയുടെ കുഞ്ഞ് ഒരു വയസ്സുകാരൻ ധ്രുവ് അമ്മൂമ്മയുടെ കൈവിരൽത്തുമ്പിൽ പിടിച്ചു പിച്ച നടന്നു വന്ന് വിഷുവിന്റെ മടിയിലേക്കു കയറി. പിന്നെ, അതിഥികളെ നോക്കി വിടർന്നു ചിരിച്ച് ഒളിച്ചു കളിക്കാൻ തുടങ്ങി. ആ ചിരിയോടു കൂടി വിഷു അവനെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു, ചിരി മായാതിരിക്കാനെന്നവണ്ണം...
‘‘കിച്ചുവിന്‍റെ േഫാട്ടോ കൂടി എടുക്കൂ. കുഞ്ഞിന്‍റെ മുഖം എല്ലാവരും കാണട്ടെ. ഈ ചിരിയും െകാഞ്ചലും കണ്ടാല്‍ ആ ര്‍ക്കെങ്കിലും തോന്നുമോ ഇങ്ങനെയൊരു ക്രൂരകൃത്യം െച    യ്യാന്‍...?’’ വിജയസേനൻ കിച്ചുവിന് ഒരുമ്മ െകാടുത്തു പറഞ്ഞു.

‘‘ഏപ്രിൽ പതിനാറിനായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ.  എല്ലാവരും  എത്ര  ആറ്റുനോറ്റിരുന്നതാണെന്നറിയാമോ ആ ദിവസം. അന്നെന്റെ മോൾ ഐസിയുവിലാണ്. ആരെങ്കിലും കുഞ്ഞിന്റെ അടുത്തുണ്ടാവട്ടെ എന്നു കരുതി ഞാൻ സൂരജിനെ വീട്ടിലേക്കു പറഞ്ഞു വിട്ടു.’’ വിജയസേനന്‍ ഒാര്‍ക്കുന്നു.‘‘ഉത്രയെ ഞങ്ങൾ റിച്ചുവെന്നാണു വിളിച്ചിരുന്നത്. മോൻ വിഷുവിനെ വിച്ചുവെന്നും. ഒരിക്കൽ മോള്‍ എന്നോടു ചോദിച്ചു, ‘നമുക്കിവനെ കിച്ചുവെന്നു വിളിച്ചാലോ അച്ഛാ’എന്ന്. അന്നു മുതല്‍ കുഞ്ഞിനെ എല്ലാവരും കിച്ചുവെന്നു വിളിച്ചു.

മകനെ ലാളിച്ച് കൊതി തീർന്നിരുന്നില്ല ഉത്രയ്ക്ക്. ആദ്യത്തെ പാമ്പു കടിയേറ്റ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മുതല്‍ കുഞ്ഞ് സൂരജിന്റെ വീട്ടിലാണ്. കൊറോണ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതു കൊണ്ടു കുഞ്ഞിനെ ഹോസ്പിറ്റലിൽ നിര്‍ത്താൻ ഡോക്ടർമാർ സമ്മതിച്ചില്ല. ഡിസ്ചാർജായിട്ടും ആ ഴ്ചയിൽ രണ്ടു ദിവസം കാല് ഡ്രസ് ചെയ്യാൻ പോകേണ്ടതു മൂലം കുഞ്ഞിനെ സൂരജിന്‍റെ വീട്ടിൽത്തന്നെ നിര്‍ത്തി. പിന്നെ, എന്‍റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അർബുദത്തിനു ചികിത്സ ചെയ്തിരുന്നു. കിഡ്നി പ്രശ്നം കൂടി ഡയാ ലിസിസിന്റെ വക്കിലാണ്. ഉത്രയേയും കുഞ്ഞിനെയും ഒരേ സമയം നോക്കുക അവൾക്കു ബുദ്ധിമുട്ടാണ്.

മുറിവ് ഡ്രസ് ചെയ്യുന്ന സമയത്ത് ഹോസ്പിറ്റല്‍ മുഴുവൻ കേൾക്കാം ഉത്രയുെട കരച്ചിൽ. ആദ്യദിവസം അതുകേട്ട്  അവളുടെ അമ്മ തളർന്നു വീണു. അതിനുശേഷം ഞങ്ങളെ കുറേ മുറികൾക്കപ്പുറത്തേക്ക് മാറ്റും. എത്ര ദൂരത്താണെങ്കിലും ‘അമ്മാ’ എന്നുള്ള നിലവിളി ഞങ്ങൾ കേൾക്കും. ആ നിമിഷം ഹൃദയം പൊട്ടി പോകുന്ന വേദനയാണ്. ഡ്രസ് ചെയ്തു കഴിയുമ്പോഴേക്കും വേദനയുടെ തളർച്ചയിൽ അവൾ ഉറങ്ങിയിട്ടുണ്ടാവും. വേദന തിന്നു തിന്നാണ് എന്റെ മകൾ പോയത്.

ഏറ്റവുമൊടുവിൽ ചെന്നപ്പോൾ ‘ഒരു തവണ കൂടി വന്നാ ൽ മതി, എങ്ങനെ ചെയ്യണമെന്നു ഞങ്ങൾ പഠിപ്പിച്ചു തരാം’ എന്നു ഡോക്ടർ പറഞ്ഞിരുന്നു. എഴുന്നേറ്റു നിൽക്കുമ്പോൾ രക്തസമ്മർദം കൂടി വീഴാൻ പോവുമായിരുന്നു. നടത്തിക്ക ണം എന്ന് ഡോക്ടർ നിർബന്ധം പറഞ്ഞതുകൊണ്ട് ഫിസിയോതെറപ്പി ചെയ്ത് വാക്കർ വച്ച് നടന്നു തുടങ്ങിയിട്ടേയു  ണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ഹോസ്പിറ്റലിൽ പത്തു ലക്ഷത്തോളം രൂപ ചെലവു വന്നു. എന്റെ മോൾക്കു വേണ്ടി ചെലവാക്കാൻ അവസാനമായി ഒരവസരം ദൈവം തന്നതായിരിക്കാം.
ഹോസ്പിറ്റലിൽ നിന്നു വരുമ്പോഴെല്ലാം അവരുടെ വീട്ടി   ല്‍ പോയി കുഞ്ഞിനെ ഗേറ്റിനിപ്പുറത്തു നിന്നു കാണും. കുഞ്ഞ് അവളെ കാണുമ്പോൾ കയ്യും കാലുമിട്ടടിച്ചു കൂടെ പോരാൻ ചാടും. വീട്ടിലെത്തിയാൽ വിഡിയോ കോൾ ചെയ്യും. മരിക്കുന്നതിനു ഒരു ദിവസം മുൻപും ആശുപത്രിയില്‍ പോയിരുന്നു. ‘ഇനി പോയിവരുമ്പോൾ കുഞ്ഞിനെ നമുക്ക് കൊണ്ടുവരാം’ എന്ന് അവൾ പറയുകയും ചെയ്തു. തിരുവാതിര നാളുകാരിയാണ്. നല്ല നാളെന്നു എല്ലാവരും പറയും. പക്ഷേ...’’ പറഞ്ഞതു മുഴുമിപ്പിക്കാനാവാതെ വിജയസേനന്‍ നിശബ്ദനായി.

മകൾ അനുഭവിച്ച വേദന

‘‘വലത്തേകാലിന്റെ കണ്ണയുടെ ഭാഗത്താണ് മോള്‍ക്ക് ആദ്യം പാമ്പു കടിയേറ്റത്. രാത്രി എട്ടുമണിയോെട, കുഞ്ഞിന്റെ തുണിയെടുക്കാൻ വീടിനു പുറത്തിറങ്ങിയപ്പോഴായിരിക്കും പാമ്പുകടിയേറ്റതെന്നാണ് അവർ പറഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടു മണിക്ക് ബോധം മറഞ്ഞപ്പോൾ അടൂരിനടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതുകൊണ്ട് ഗവൺമെന്റ് ഹോസ്പിറ്റലിലേക്കു പോയി.
ആന്റിവെനം കൊടുക്കണമെങ്കില്‍ പാമ്പ് ഏതാണെന്നു അറിയണമായിരുന്നു. അതറിയാത്തതു കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെയും ചികിത്സ തുടങ്ങാൻ പറ്റിയില്ല. എന്നൊക്കെയാണ് ഞങ്ങളെ ധരിപ്പിച്ചത്.

പുലർച്ചെ മൂന്നു കഴിഞ്ഞപ്പോൾ എന്റെ സഹോദരന്റെ മകൻ ശ്യാമിനെയാണ് ആദ്യം വിവരമറിയിക്കുന്നത്. ഞങ്ങൾ മുൻകൈയെടുത്താണ് തിരുവല്ല പുഷ്പഗിരിയിലേക്കു കൊണ്ടുപോകുന്നത്. അവിടെ ലാബ് ടെസ്റ്റ് നടത്തി അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി ആന്‍റിവെനം കൊടുത്തു.
വിഷം കയറി കാലിലെ മസിലുകളെല്ലാം ബലൂൺ പോലെ വീർത്തിരുന്നു. മസിലുകള്‍ നശിച്ചാൽ വല്ലാതെ പ്രഷർ വരും. മസിലുകളെല്ലാം കീറി പ്രഷർ തുറന്നുവിടുന്ന ചികിത്സയാണ് അപ്പോള്‍ ചെയ്യാനുള്ളത്. എല്ലൊക്കെ പുറത്തു കാണും. പതിനാറു ദിവസം അവൾ ഐസിയുവിൽ കിടന്നു. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോൾ അവൾക്കൊന്നും ഓർമയില്ല. ഒ ന്നു നുള്ളിയാൽ പോലും ഉറക്കെ കരയുന്ന കുട്ടിയാണ്...’’ വിജയസേനന്‍റെ വാക്കുകള്‍ ഉലഞ്ഞുതുടങ്ങിയിരുന്നു. ഓർമകൾ അത്രമേൽ ഭയപ്പെടുത്തുന്നതായിരുന്നു. വിതുമ്പലടക്കാൻ ക ഴിയാതെ അമ്മ, അച്ഛനരികെ നിന്ന് എഴുന്നേറ്റു പോയി.

‘‘പൊലീസിനു സൂരജ് നൽകിയ മൊഴി പ്രകാരം രാത്രി പന്ത്രണ്ടു മണിക്കാണ് പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നത്. പള്‍സ് താണ് മരണം ഉറപ്പാക്കാനാവും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ െെവകിപ്പിച്ചത്. പക്ഷേ, ദൈവം ചിലത് തീരുമാനിച്ചിരുന്നു. നേരിയ പൾസുണ്ടായിരുന്നതിൽ നിന്നു പിടിച്ചു കയറി ഡോക്ടർമാർ അവളെ രക്ഷിച്ചെടുത്തു. ആദ്യ ത വണ പാമ്പുകടിയേറ്റപ്പോള്‍ത്തന്നെ ഉത്ര മരിച്ചിരുന്നെങ്കിൽ ആര്‍ക്കും ഒരു സംശയവും ഉണ്ടാകുമായിരുന്നില്ല. അത്ര ഭംഗിയായിട്ടായിരുന്നു അയാൾ ഞങ്ങളുടെ വീട്ടിൽ സ്നേഹം വിതറിക്കൊണ്ടിരുന്നത്.

എന്റെ മകളെ അയാൾ അർഹിച്ചിരുന്നില്ല

അവൾ പഠിക്കാൻ മിടുക്കിയല്ലാത്ത കുട്ടിയായിരുന്നു. അതിന്റേതായ ഒരു സാമർത്ഥ്യക്കുറവ് മാത്രമാണ് അവൾക്കുണ്ടായിരുന്നത്. വാർത്തകളിലൊക്കെ വന്നതു പോലെ മന്ദബുദ്ധിയോ, മാനസിക പ്രശ്നമുള്ള കുട്ടിയോ ആയിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോള്‍, അവളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നന്നായി നോക്കുമെന്നു കരുതി. ഏതൊരച്ഛന്റെയും അമ്മയുടേയും ആഗ്രഹം മകൾ നമ്മുടെ കാലം കഴിഞ്ഞാലും അല്ലലില്ലാതെ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കണമെന്നല്ലേ. ഞങ്ങളങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണ അച്ഛനും അമ്മയുമായിരുന്നു...

മകളെ കണ്ടു സംസാരിച്ച് ഇഷ്ടപ്പെട്ടു തന്നെയാണ് അവ ർ വിവാഹത്തിനു സമ്മതിച്ചത്. ഒന്നും മറച്ചുവച്ചിട്ടില്ല. 2018ലായിരുന്നു വിവാഹം. സാമ്പത്തികമായി ഇത്രയൊക്കെ െകാടുത്തത് എന്തിനാണെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. മകൾ എ ല്ലായ്പ്പോഴും സന്തോഷമായിരിക്കട്ടെ എന്നു മാത്രമേ ചിന്തിച്ചുള്ളൂ. ഒടുവിൽ അവള്‍ക്കവിടെനിന്നു സന്തോഷം കിട്ടുന്നില്ല എന്നറിഞ്ഞപ്പോള്‍ തിരിച്ചു കൊണ്ടുവരാനും പോയതാണ്.

ജനുവരി അവസാനത്തിലൊരു ദിവസം അവളെന്നെ വിളിച്ച് ‘അച്ഛാ, എന്നെ ഇവിടെ നിന്നു വിളിച്ചു കൊണ്ടുപോണം’ എന്നു പറഞ്ഞു. ഞാനും ഒരു ബന്ധുവും കൂടി ചെന്നു. പ ക്ഷേ, അവളെയും കുഞ്ഞിനെയും കൂട്ടി ഇറങ്ങാൻ നേരം വീട്ടിലെല്ലാവരും മോളെ കെട്ടിപ്പിടിച്ചു കരയുന്നു. മകളാണെങ്കില്‍ ആ കണ്ണീരിൽ അലിഞ്ഞു. ഞാൻ നിർബന്ധിച്ചെങ്കിലും അന്നവൾ കൂടെ വന്നില്ല. വിവാഹമോചനത്തിനു ശ്രമിച്ചാൽ കിട്ടിയതെല്ലാം തിരിച്ചു നൽകേണ്ടി വരുമെന്നവൻ കണക്കു കൂട്ടിയിരിക്കണം. പിന്നീട് പ്രശ്നങ്ങൾ ഉണ്ടായില്ല. പക്ഷേ, അത് കൊല്ലാനുള്ള മുന്നൊരുക്കങ്ങളായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

എനിക്ക് അഞ്ചലിൽത്തന്നെ റബർ കടയുണ്ട്. ഭൂമി അള   ക്കാനും പോകും. ഭാര്യ ആയുർ ജവഹർ യുപി സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു. കഴിഞ്ഞമാസം റിട്ടയർ ചെയ്തു. എന്താവശ്യം ഉണ്ടെങ്കിലും സൂരജിന്‍റെ വീട്ടുകാര്‍ നേരിട്ടു ചോദിക്കില്ല. ഉത്രയെക്കൊണ്ട് ചോദിപ്പിക്കും. ശമ്പളം വീട്ടുച്ചെലവിനു തികയുന്നില്ലെന്നു പരാതി പറഞ്ഞപ്പോള്‍ എല്ലാ മാസവും 8000 രൂപ അക്കൗണ്ടിലിട്ടു കൊടുത്തു. 96 പവന്‍റെ ആഭരണങ്ങള്‍ അണിഞ്ഞാണ് അവള്‍ വിവാഹത്തിന് ഒരുങ്ങിയത്. അതെല്ലാം ഉത്രയുടെയും സൂരജിന്റെയും പേരിൽ ലോക്കറിലായിരുന്നു. പേരക്കുട്ടിക്ക് കൊടുത്തിരുന്ന സ്വർണം വേറെ. ഇങ്ങനെയൊക്കെ കൊടുത്തത് തെറ്റായിപ്പോയെന്ന് പലരും പറയും. ഞാനിതെല്ലാം എന്‍റെ മോള്‍ക്കല്ലാതെ വേറെ ആർക്കു കൊടുക്കും?’’

വിഷം ചീറ്റിയ ആ ദിവസം

‘‘മേയ് അഞ്ചിന് ഉത്രയേയും കൊണ്ടു ഹോസ്പിറ്റലിൽ പോ യി വന്ന ഉടനെ ഓഫിസിലെന്തോ തിരക്കുണ്ടെന്നു പറഞ്ഞ്, ചോറു കഴിച്ചെന്നു വരുത്തി സൂരജ് വേഗം ഇവിടെ നിന്നു പോ യി. പക്ഷേ, പൊലീസിന്റെ അന്വേഷണത്തിൽ അന്നു ഓഫിസിൽ പോയിട്ടില്ലെന്നു തെളിഞ്ഞു.’’ ഉത്രയുെട സഹോദരന്‍ വിഷു പറഞ്ഞു. െബംഗളൂരുവില്‍ കോട്ടക് മഹീന്ദ്ര ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് വിഷു. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റതറിഞ്ഞ് നാട്ടിലെത്തിയതാണ്.
‘‘പിറ്റേന്നു വൈകുന്നേരം വീണ്ടും വീട്ടിലേക്കു വന്നു. കയ്യിലൊരു ബാഗുമുണ്ടായിരുന്നു. സാധാരണ കൊണ്ടുവരാറുള്ളതുകൊണ്ട് സംശയം തോന്നിയില്ല. ജ്യൂസ് കൊടുത്തപ്പോൾ കുടിക്കാതെ റൂമിലേക്കു കൊണ്ടുപോയി. പിന്നീട് ഉത്രയെ അ     വിടേക്കു വിളിപ്പിച്ച് അതു കുടിപ്പിച്ചു.

ആശുപത്രിയില്‍ വച്ച് ഡോക്ടർമാർ പാമ്പു കടിയെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ അമ്മ എന്നോടു പറഞ്ഞു. ‘വേഗം വീട്ടിൽച്ചെന്നു നോക്ക്. ഉത്രയെ കടിച്ച പാമ്പ് അവിടെയുണ്ടാകും.’ പാമ്പിനെ കിട്ടിയാൽ ഏതിനമെന്നറിഞ്ഞ് ആന്റിവെനം കൊടുത്തു രക്ഷപ്പെടുത്താമെന്നാണ് അമ്മ കരുതിയത്.
സൂരജാണ് ആദ്യം റൂമിലേക്കു കയറിയതും പാളി പാളി  നോക്കി അലമാരയ്ക്ക് അടിയിൽ പാമ്പുണ്ടെന്നു എന്നോടു പറയുന്നതും. കമ്പെടുത്തു തട്ടിയിട്ടു പ്രയോജനമില്ലെന്നു കണ്ട് മണ്ണെണ്ണ ഒഴിച്ചു. പാമ്പ് പുറത്തു വന്ന് തലനീട്ടി എന്‍റെ നേരെ ചീറ്റി. ആദ്യത്തെ അടി പാളി. ഭാഗ്യത്തിന്, രണ്ടാമത്തെ അടി അതിന്റെ തലയില്‍ തന്നെ െകാണ്ടു. സൂരജ് ആ സമയമെല്ലാം അടുക്കളഭാഗത്തു പോയി നിൽക്കുകയായിരുന്നു. പാമ്പ് തിരിച്ചു കടിച്ചിരുന്നെങ്കിൽ ഇതെല്ലാം പറയാൻ ഞാന്‍ ഉണ്ടാവുമായിരുന്നില്ല. ആശുപത്രിയിലേക്കു വിളിച്ച് മൂർഖനാണെന്നു പറഞ്ഞപ്പോള്‍ വിതുമ്പലോെട അച്ഛന്‍റെ സ്വരം േകട്ടു, ‘എ ല്ലാം കഴിഞ്ഞു...’  

വനിത 2020 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്