Tuesday 23 November 2021 10:38 AM IST : By ശ്രീകുമാർ പെരുങ്ങുഴി

സിവിൽ സർവീസ് എന്നത് സ്വപ്നം; അച്ഛന്റെ മരണം കുടുംബത്തെ ഇരുട്ടിലാക്കി, ജീവിതം കരുപ്പിടിക്കാൻ തട്ടുകട തുറന്ന് സരിഗ സുരേഷ്

sariga-suresh767888

സിവിൽ സർവീസ് ആണ് വക്കം സ്വദേശിനി സരിഗ സുരേഷിന്റെ സ്വപ്നം. പക്ഷേ, കുടുംബത്തിന്റെ താങ്ങായിരുന്ന പിതാവ് അകാലത്തിൽ മരിച്ചതോടെ ജീവിതം കരുപ്പിടിക്കാൻ തട്ടുകടയെന്ന യാഥാർഥ്യത്തിലേക്ക് ധൈര്യപൂർവം കാലെടുത്തു വയ്ക്കുകയാണ്   കേരളസർവകലാശാലയിൽ എംഎ സംസ്കൃതം രണ്ടാം റാങ്കുള്ള ഈ 24 വയസ്സുകാരി. അമ്മയുടെ കൂട്ട് മാത്രം കരുത്താക്കി.

കഴിഞ്ഞ ഓണത്തിന്റെ തലേന്നാണ് ഭാര്യയും രണ്ടുപെൺമക്കളുമടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി കുടുംബനാഥൻ സുരേഷ് 61–ാം വയസ്സിൽ കടന്നുപോയത്. വീട്ടിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഏകവരുമാന മാർഗമായിരുന്നു വക്കം റൂറൽ ഹെൽത്ത് സെന്ററിനു മുന്നിൽ സുരേഷ് നടത്തിയിരുന്ന തട്ടുകട. മരണത്തോടെ ആ വരുമാനത്തിനും തിരശീല വീണു.

ഭർത്താവിന്റെ ആകസ്മിക വേർപാടിൽ മനംനൊന്തു വക്കം പുതുവിളാകത്തു വീട്ടിൽ ഗംഗ പകച്ചുനിന്നപ്പോഴാണു ജീവിതത്തിന്റെ തുടർച്ചയ്ക്ക് മക്കളിൽ ഇളയവളായ‍ സരിഗ അച്ഛന്റെ തട്ടുകട തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തത്. പിന്നെ വൈകിയില്ല. പഴക്കമേറെയുള്ള സൈക്കിൾ തട്ടുകട വീണ്ടും സജീവമായി. രാവിലെയും വൈകിട്ടും മൂന്നുമണിക്കൂറാണു ചായയും പലതരം വടകളും അടങ്ങുന്ന മെനുവുമായി സരിഗയുടെ കച്ചവടം. വട പൊരിക്കലും ചായ അടിക്കലുമെല്ലാം സരിഗ.

അമ്മ കൂട്ടിന്. തുടക്കം മോശമല്ലെന്നു സൂചനകളുണ്ടെങ്കിലും ലാഭനഷ്ടക്കണക്കുകൾ പറയാറായിട്ടില്ലെന്നു സരിഗ. കണ്ണിൽ ജീവിതവിജയം നേടാനുള്ള നിശ്ഛയദാർഢ്യവും ഒപ്പം അമ്മയുടെ വേദനകൾ തുടച്ചുനീക്കാനുള്ള  ആഗ്രഹവും. സ്കൂൾ തലം മുതൽ പഠനത്തിൽ മികവുണ്ടായിരുന്നു സരിഗയ്ക്ക്. പിഎച്ച്ഡിക്കു ചേർന്നിട്ടുണ്ട്. ഒപ്പം സിവിൽ സർവീസ് ലക്ഷ്യമാക്കിയുള്ള പഠനവും തട്ടുകട ജോലിക്കൊപ്പം തുടരുന്നുണ്ട്. മികച്ച മറ്റൊരു ജോലിക്കു വേണ്ടിയുള്ള പരിശ്രമവും. സരിഗയുടെ മൂത്ത സഹോദരി വിവാഹിതയായി കൊല്ലത്താണ്.

Tags:
  • Spotlight