Thursday 09 April 2020 04:42 PM IST : By Shyama

ബോറടിച്ചപ്പൊ തോന്നിയ ഐഡിയ; ചാൾസ് രാവൺ ബേബിയും അപ്പൂപ്പനും നാട്ടിൽ സൂപ്പർഹിറ്റ് !

final-syama

ചാൾസ് രാവണൻ ബേബിയുടെ വിഡിയോയുടെ ചുവട്ടിൽ ഒരു സുഹൃത്തിന്റെ കമന്റാണിത്. 'ബ്രേക്ക്‌ ഡി ചെയിൻ' അവബോധം ഉണ്ടാക്കാൻ ചാൾസ് രാവണൻ ബേബി പോസ്റ്റ്‌ ചെയ്യുന്ന വീഡിയോസ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ. ലോകത്തെവിടെ മലയാളി ഉണ്ടോ അവിടം വരെ ഈ വീഡിയോസ് ഒരു വിലക്കുമില്ലാതെ സഞ്ചരിക്കുന്നുണ്ട്.

ലാൽ ജോസ്, ജീത്തു ജോസഫ് തുടങ്ങി പല പ്രമുഖരും ഈ വീഡിയോസ് ഷെയർ ചെയ്‌തും അവയെ അഭിനന്ദിച്ചും പോസ്റ്റുകളുമിട്ടിട്ടുണ്ട്. "ഭാഗ്യം ഏത് വഴിക്കാണ് വരുന്നതെന്നോർത്ത്‌ അന്തംവിട്ട അവസ്ഥയാണിപ്പോ എന്റേത്". ഒരു പൊട്ടിച്ചിരിക്കഴിഞ്ഞ് ചാൾസ് സംസാരം തുടർന്നു "ലോക്ക് ഡൗൺ ഒക്കെ ആയി വീട്ടിൽ ബോറടിച്ചിരിക്കുമ്പോ സമൂഹത്തിനു അവബോധമുണ്ടാക്കാനുള്ള ലേഖനങ്ങൾ എഴുതിയിട്ടാലോ എന്നോർത്തു തുടങ്ങിയതാണ്. എഴുതി വന്നപ്പോ തോന്നി വീഡിയോ ചെയ്തിട്ടാൽ ആൾക്കാർക്ക് കുറച്ചൂടെ നന്നായി മനസിലാവില്ലേ എന്ന്... അങ്ങനെയാണ് പണ്ട് എന്നോട് ചാൻസ് ചോദിച്ചു നടന്ന ഈ അപ്പൂപ്പനെ ഓർത്തത്. സുബ്രഹ്മണ്യൻ എന്നാണ് പുള്ളിടെ പേര്. 70 വയസയുള്ള ചുള്ളൻ.

എന്റെ നാടായ കോഴിക്കോട്ടെ ഒലിപ്രംകടവിലെ നാട്ടുകാർക്ക് അടുത്തറിയാവുന്ന 'നടൻ' ഈ ഞാനാണ്. എന്റെ ഒരു പൊടിയോ തരിയോ ഒക്കെ സ്‌ക്രീനിൽ കണ്ടാലേ അവർക്കൊക്കെ സന്തോഷാണ്. വിളിച്ചും മെസ്സേജ് അയച്ചും ഒക്കെ അഭിനന്ദിക്കും. ഞാൻ തന്നെ കഷ്ടപ്പെടുന്ന സമയത്താണ് ഈ അപ്പൂപ്പൻ എന്നോട് സിനിമയിലൊരു അവസരം തരുമോ എന്നൊക്ക ചോദിക്കുന്നത്...സ്വന്തം കാര്യമേ പരിതാപത്തിലായ ഞാൻ അപ്പാപ്പനെ കാണാതെ മുങ്ങി നടപ്പായിരുന്നു. ഈ വീഡിയോയുടെ ചിന്ത വന്നപ്പോഴേ ആദ്യമോർത്തത്ത് പുള്ളിക്കരനെയാണ്. പണ്ട് ക്ലബ്ബിലൊക്കെ നാടകം കളിച്ച പരിചയത്തിൽ പുള്ളി ഓക്കെ പറഞ്ഞു...അങ്ങനെ ഞങ്ങളങ്ങു തുടങ്ങി. ഫാമിലി ഗ്രൂപ്പിലേക്ക് ഇടാൻ വേണ്ടി മാത്രം തുടങ്ങിയ അക്രമമാണിത്....അതേതായാലും നാട്ടുകാർ അങ്ങ് ഏറ്റെടുത്തു. മഞ്ജു വാര്യർ ആണ് ഇൻസ്റ്റാഗ്രാമിൽ ആദ്യം ഞങ്ങളുടെ പേരടക്കം എടുത്ത് പറഞ്ഞത് പോസ്റ്റ്‌ ഇട്ടത്. അതോടെ കാഴ്ചക്കാരുടെ എണ്ണം കൂടി. അത്രേം പ്രോത്സാഹനം കിട്ടിയത് കൊണ്ടാണ് വീണ്ടും ചെയ്തത്.ലോക്ക്‌ഡോണിന്റെ നിയമങ്ങളൊന്നും കഴിവതും തെറ്റിക്കാതെയാണ് വീഡിയോ ചെയ്യുന്നത്.

സുഹൃത്തും ഇതിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ റോഷന്റെ ഫോണിൽ ആണ് വീഡിയോസ് എടുക്കുന്നത്. നിയാസ് ആണ് ഷൂട്ട്‌ ചെയ്യുന്നത്. എഡിറ്റ് ചെയ്യ്യുന്നത് കൊച്ചിയിലുള്ള സുഹൃത്ത്‌ ശ്രീഹരി." ഓരോ ക്ലിപ്പും അയക്കാൻ ഒരു മണിക്കൂറെടുത്തപ്പോൾ ആദ്യമേ പണി പാളുമെന്നൊരു ടെൻഷനൊക്കെ തോന്നിയിരുന്നെന്ന് ചാൾസ്. സാവധാനം കാര്യങ്ങൾ മനസിലാക്കി ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസമിപ്പോൾ ശബ്ദത്തിലുണ്ട്.

"തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദമൊക്കെ എടുത്ത് സിനിമ മോഹവും കൊണ്ട് അത്യാവശ്യം നന്നായി കഷ്ടപ്പെട്ടൊരു മനുഷ്യനാണ് ഞാൻ. പല ചാനലുകളിലും പല ജോലികളും ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയുടെ ഉടൻ പണം എന്ന പരിപാടിയുടെ അസിസ്റ്റന്റ് ഡയറക്ടറായൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലൊക്ക മുഖം കാണിച്ചു. എബി, വെളിപാടിന്റെ പുസ്തകം, ഒടിയൻ, നാൻ പെറ്റ മകൻ അങ്ങനെ... സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിപ്പിച്ചതിലെ പ്രധാനി എന്റെ ഏട്ടനാണു. കേരളത്തിൽ സ്ഥിതി ഇത്ര രൂക്ഷമാകുന്നതിനു മുൻപേ തന്നെ പുള്ളിക്കാരൻ സ്വന്തമായി മാസ്കുകൾ തയ്ച്ചു എല്ലാവർക്കും സൗജന്യമായി കൊടുക്കാൻ തുടങ്ങി."

അല്ല എന്താണിങ്ങാനൊരു പേര് എന്ന് ചോദിച്ചപ്പോ അതിനും ഒരു കഥ പറയാനുണ്ടെന്ന് ചാൾസ്... "ശരിക്കുള്ള പേര് സുബിൻ എന്നാണ്. ആ പേര് ഇഷ്ടമല്ലാത്തതുകൊണ്ട് ആദ്യ സിനിമ എബിയിൽ വെച്ച് അവിടുന്ന് സജെസ്റ് ചെയ്ത ചാൾസ് എന്ന പേര് എടുത്തു. ഞാൻ മതം മാറിയോ എന്നൊക്ക പലരും ചോദിച്ചു തുടങ്ങിയപ്പോ പുരാണത്തിലെ ഏറ്റവും ഇഷ്ടകഥാപാത്രം രാവണനെ കൂടെ കൂട്ടി. ബേബി അമ്മയുടെ പേരാണ്."കൂടുതൽ കഥകളും സന്ദേശങ്ങളുമായി ഇനിയും ചാൾസ് എത്തട്ടെ...