Tuesday 05 October 2021 03:25 PM IST : By സ്വന്തം ലേഖകൻ

പരീക്ഷ സമയത്തെ വിസ്മയയുടെ ഫോൺ ഉപയോഗം വിലക്കി, 105 ദിവസമായി ജയിലിൽ: കിരണിന്റെ വാദങ്ങൾ ഇങ്ങനെ

case-vismaya

വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രതി കിരൺകുമാർ ഒരുവിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിസ്മയ അനുഭവിച്ച കൊടിയ പീഡനങ്ങൾക്ക് തെളിവുണ്ടെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു.

സ്ത്രീധനത്തിനെതിരായ പോരാട്ടത്തിനാണ് ഈ സംഭവം തുടക്കംകുറിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണയ്ക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ വിചാരണ നടത്തേണ്ടത് തെളിവ് നശിപ്പിക്കാതിരിക്കാന്‍ അനിവാര്യമാണെന്നും സർക്കാർ വാദിച്ചു.

സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും ഭർത്താവുമായ കൊല്ലം സ്വദേശി കിരൺകുമാർ നൽകിയ ജാമ്യാപേക്ഷ എതിർത്താണു സർക്കാരിന്റെ വാദം. കേസിൽ കുറ്റപത്രം നൽകിയെന്നതു പ്രതിക്കു ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) ടി. എ. ഷാജി വിശദീകരിച്ചു. ജസ്റ്റിസ് എം. ആർ. അനിത ഹർജി വിധി പറയാൻ മാറ്റി.

അതേസമയം ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നുവെന്നും പരീക്ഷ അടുത്ത നേരത്ത് ഫോൺ ഉപയോഗം വിലക്കിയതും ഫെയ്സ്ബുക്ക് ) അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും കിരണിന്റെ അഭിഭാഷകൻ വാദിച്ചു. 105 ദിവസമായി ജയിലിലാണ്. കാര്യങ്ങള്‍ തനിക്ക് അഭിഭാഷകനോട് പറയാന്‍ കഴിഞ്ഞെങ്കിലേ നീതിപൂര്‍വമായ വിചാരണ നടക്കൂ. ജോലിപോലും നഷ്ടപ്പെട്ട തനിക്ക് സാക്ഷികളെ ആരേയും സ്വാധീനിക്കാനാകില്ലെന്നുമായിരുന്നു കിരണിന്റെ വാദം.

ജോയിന്റ് ലോക്കറിലാണു വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്നതെന്നു പ്രതി പറയുന്നതു ശരിയല്ലെന്നും കിരണിന്റെ ലോക്കറിൽ നിന്നാണു സ്വർണം കണ്ടെടുത്തതെന്നും ഡിജിപി ആരോപിച്ചു. കേസ് ഡയറി ഹാജരാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു കിരൺ മകളുടെ മുഖത്തു ചവ‌ിട്ടിയെന്ന് വിസ്മയയുടെ പിതാവ് ഹർജിയിൽ കക്ഷി ചേർന്നു വാദിച്ചു. വാട്സാപ് സന്ദേശങ്ങളുടെ പകർപ്പ് ഹാജരാക്കി.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ മകളുടെ മുഖത്ത് ചവിട്ടുക വരെ ചെയ്തിട്ടുണ്ടെന്ന് കേസില്‍ കക്ഷിചേര്‍ന്ന വിസ്മയയുടെ പിതാവിനായി ഹാജരായ അഡ്വ. എസ്. രാജീവ് വാദിച്ചു. ഇതിന്റെ വാട്‌സാപ്പ് സന്ദേശങ്ങളും ഹാജരാക്കി. ഫാദേഴ്സ് ഡേയില്‍ അച്ഛന് സന്ദേശം അയയ്ക്കാന്‍ ശ്രമിച്ചതിനാണ് വിസ്മയയുടെ മൊബൈല്‍ പ്രതി തകര്‍ത്തതെന്നും വാദിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റിസ് എം.ആര്‍. അനിത ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി. സര്‍ക്കാര്‍ കേസ് ഡയറിയും കൈമാറി.