Wednesday 23 June 2021 04:54 PM IST

അച്ഛന്റെയും അമ്മയുടേയും മുന്നിലിട്ട് തല്ലും, മൂന്ന് പേരും ഒരുമിച്ചിരുന്നാണ് അവളെ ടോര്‍ച്ചര്‍ ചെയ്യുന്നത്: വിസ്മയ അന്നു പറഞ്ഞു: വേദനയോടെ സഹപാഠി

Binsha Muhammed

Vismaya-friends

മലയാളിയുടെ മനസാക്ഷിക്കു മുന്നിലാണ് അവള്‍ തൂങ്ങിയാടി നില്‍ക്കുന്നത്. കണ്ണിറുക്കിയടച്ചിട്ടും വിസ്മയയെന്ന പാവം പെണ്ണ് മുഴംകയറില്‍ തൂങ്ങിയാടുന്ന ചിത്രം... അത്രമാത്രം ആ പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം നമ്മുടെ മനസില്‍ പതിഞ്ഞു പോയിരിക്കുന്നു. 

മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മലയാളിയുടേയും ചങ്കിലെ പിടപ്പ് ഇപ്പോഴും അവളെയോര്‍ത്താണ്. അവള്‍ അനുഭവിച്ച വേദനകളുടെ ഭാരമോര്‍ത്താണ്. പൊന്നും പണവും കൊണ്ട് തുലാഭാരം നടത്തിയിട്ടും മരിച്ചു ജീവിക്കേണ്ടി വന്ന വിസ്മയയെ പോലെ അങ്ങനെ എത്രയോ പേര്‍.

പഠിച്ച് ഡോക്ടറാകാന്‍ കൊതിച്ച, എപ്പോഴും പുഞ്ചിരിക്കുന്ന വിസ്മയ സഹപാഠികളുടെയും കൂട്ടുകാരികളുടേയും നെഞ്ചിലും കനല്‍കോരിയിട്ടിട്ടാണ് പോയ്ക്കളഞ്ഞത്. ആ ഓര്‍മ്മകളെ തിരികെ വിളിക്കുമ്പോള്‍ അശ്വതിയെന്ന കൂട്ടുകാരിയുടേയും നെഞ്ചകം പിടയുന്നു. അവള്‍ ബാക്കിയാക്കിയ മോഹങ്ങള്‍... കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മകള്‍, അനുഭവിച്ച വേദനകള്‍. വിയോഗത്തിന്റെ വേളയില്‍ എല്ലാം അശ്വതിയുടെ കണ്‍മുന്നില്‍ തെളിയുകയാണ്...

കാത്തിരുന്നു പക്ഷേ അവള്‍ പോയി...

'എക്‌സാമിന് പോണം... ഫീസടയ്ക്കണം... എന്നെക്കൂട്ടാതെ നീ പോകരുതേ...'

അതൊരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് ഞാനും അവളും അവസാനമായി സംസാരിച്ചത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ്. അന്നവള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. പറഞ്ഞതു പോലെ അവള്‍ക്കായി കാത്തിരുന്നതാണ് ഞാന്‍. കാത്തിരുന്ന എന്നെ കരയിച്ചിട്ട് എങ്ങോട്ടാണ് അവള്‍ പോയത്- ഒരു നിമിഷം അശ്വതിയുടെ വാക്കുകളെ കണ്ണീര്‍ മുറിച്ചു. 

വിസ്മയയുമായുള്ള സൗഹൃദം ആരംഭിക്കുന്നത് കോളജില്‍ നിന്നാണ്. ബിഎഎംഎസിന് ഒരുമിച്ച് ഒരു ഒരു കോളജില്‍, ഒരു ഹോസ്റ്റലില്‍സെക്കന്‍ഡ് ഇയര്‍ ആയപ്പോഴേക്കുമം ഞങ്ങള്‍ ഒരുപാട് അടുത്തു. ഭര്‍ത്താവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഒരുപാട് വേദനയോടെ അവള്‍ പലപ്പോഴും പറഞ്ഞിരുന്നു. 

വിവാഹം കഴിഞ്ഞ് അധികം ആകും മുന്നേ വിസ്മയയും കിരണും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഒരിക്കല്‍ വഴക്കിനെ തുടര്‍ന്ന് രാത്രി ഒരു മണിക്ക് കിരണ്‍ അവളെ വീട്ടില്‍ കൊണ്ടുവന്ന് ഇറക്കി വിടുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. വിസ്മയയുടെ വീട്ടിനു മുന്നിലിട്ട്  അവളെ  കാറില്‍ നിന്ന് വലിച്ചിറക്കുകയും അടിക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ എത്തിയ ചേട്ടനെയും കിരണ്‍ തല്ലി. ചേട്ടന് ഫ്രാക്ചര്‍ഒക്കെ ഉണ്ടായി. ആ സംഭവത്തിന് ശേഷമാണ് എന്നോട് മനസുതുറന്ന് സംസാരിക്കാന്‍ തുടങ്ങിയത്. 

അമ്മയും അച്ഛനും മോനും കൂടി ചേര്‍ന്നിരുന്നാണ് ആ പാവത്തിനെ മാനസികമായി ടോര്‍ച്ചര്‍ ചെയ്തിരുന്നതത്രേ. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേരുടെ മാനസിക പീഡനമേറ്റ് നീറി നീറി ജീവിച്ചു ഞങ്ങളുടെ കൂട്ടുകാരി. കിരണ്‍ അയാളുടെ അച്ഛനമ്മമാരുടെ മുന്നിലിട്ടും ആ പാവത്തിനെ അടിക്കും. മുറിയില്‍  കൊണ്ടു പോയും തല്ലും. അന്ന് ആ വേദനകളുടെ കഥ ചങ്കുപൊട്ടിയാണ് വിസ്മയ ഞങ്ങളോട് പറഞ്ഞത്.

 ബുദ്ധിമുട്ടുകളും പീഡനങ്ങളും തുടരുകയാണെങ്കില്‍ ഇനിയും ആ നരകത്തില്‍ നില്‍ക്കരുതെന്ന് അവളോട് ഞങ്ങള്‍ പറഞ്ഞതാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടവളാണെന്ന് നല്ലവാക്കു പറയുകയും ചെയ്തു. പക്ഷേ അതിനു ശേ്ഷം കിരണ്‍ അവളെ വന്ന് കണ്‍വിന്‍സ് ചെയ്ത് തിരികെ വിളിച്ചു കൊണ്ടു പോയി. അതില്‍പിന്നെ അവളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ഞങ്ങള്‍ അന്ന് ഉപദേശിച്ചതു കൊണ്ടാകും.- അശ്വതി പറയുന്നു. 

vismaya-friends-2

വേദനയായി അവസാന വാക്കുകള്‍

മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പും എന്നോട് വിളിച്ചിട്ട് എക്‌സാമിന് ഫീസടയ്ക്കണം എന്നെ കൂട്ടണം എന്നു പറഞ്ഞതാണ് വിസ്മയ. എല്ലാം ബോള്‍ഡായി നേരിടുന്നവളാണ് അവള്‍. ഏതു പ്രതിസന്ധിയും ചിരിയോടെ നേരിടുന്ന വ്യക്തി. ഏതു വേദനയിലും അവള്‍ പിടിച്ചു നില്‍ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അവള്‍ ആത്മഹത്യ പ്രവണത ഒരിക്കല്‍ പോലും കാട്ടിയിരുന്നില്ല. അവള്‍ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നുമില്ല. ഇനി അഥവാ അവള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അതിക്രൂരമായ വേദന അവള്‍ അനുഭവിച്ചിട്ടുണ്ടാകണം. പിടിച്ചു നില്‍ക്കാനാകാത്ത വിധം തളര്‍ന്നു പോയിട്ടുണ്ടാകണം. മാക്‌സിമം പിടിച്ചു നില്‍ക്കുന്ന വ്യക്തി, ഒരിക്കലും സൂയിസൈഡ് ചെയ്യില്ല. അവള്‍ സ്വയം ജീവനൊടുക്കില്ല.

ബെസ്റ്റ് ഫ്രണ്ട് എന്നതിനും അപ്പുറം അവള്‍ എനിക്ക് ബെസ്റ്റ് മോട്ടിവേറ്ററായിരുന്നു. ഒരു പുഞ്ചിരി കൊണ്ട് പോലും നമ്മളെ പ്രചോദിപ്പിക്കും. മറ്റുള്ളവര്‍ എന്ന് ചിന്തിക്കും എന്ന് ഞാന്‍ പറയുമ്പോള്‍ നമുക്ക് നമ്മുടെ ലൈഫാണ് വലുതെന്ന് അവള്‍ പറയും. പക്ഷേ മറുവശത്ത് അവള്‍  സൊസൈറ്റിയെ വല്ലാതെ ഭയന്നിരുന്നു. എന്റെ ഈ ജീവിതം മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തു വിചാരിക്കും എന്ന ഭയം... ഇനിയെന്തു പറയാനാ... എന്റെ നല്ല ഫ്രണ്ടായിരുന്നു വിസ്മയ... എന്റെ മനസറിയുന്ന സഹോദരി- അശ്വതി പറഞ്ഞു നിര്‍ത്തി.

vismaya-friends-1