Saturday 05 June 2021 12:13 PM IST : By സ്വന്തം ലേഖകൻ

'സ്വര്‍ണം നല്‍കാത്തത്തിന് പട്ടിണിക്കിട്ടു, ഉപദ്രവിച്ചു': എട്ടാം മാസം എന്നെയും കൊണ്ട് പൊലീസ് സ്റ്റേഷന്‍ കയറിയ ഉമ്മ: മകന്റെ കുറിപ്പ്‌

vp-muhammed

വേദനതിന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരുമ്മ. ആ ഉമ്മയുടെ ചങ്ക്പിടയ്ക്കുന്ന ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് വിപി മുഹമ്മദ് അനസ് എന്ന പ്രിയമകന്‍. ദാമ്പത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന മുഹമ്മദ് കുറിക്കുന്നു. എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു. പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഒത്തുപോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാല്‍ ഒഴിവാക്കാനും കഴിയണമെന്നും മുഹമ്മദ് കൂട്ടിച്ചേർക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റിൽ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ

ആരോടും പറയാതെ പോലീസ് സ്റ്റേഷനിൽ പോയി. കാരണം എന്തെന്നാൽ, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വർണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വർണം നൽകാത്തതിന്റെ പേരിൽ പട്ടിണിക്കിടുകയും,ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോൾ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത്‌ വന്നാലും വയറ്റിൽ ഒക്കെ ആയില്ലേ... ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു - വീട്ടുകാർക്കെതിരെയും പരാതി പറയാനായിരുന്നു അത്.

ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്പിൽ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാർ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോൾ തീരുമാനിക്കാം. ഇനി ഇയാളോടൊപ്പം ജീവിക്കാൻ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാർ എല്ലാം ആ സമയം ബന്ധം വേർപ്പെടുത്താൻ ഒരുങ്ങിയപ്പോൾ എന്റെ പുന്നാര

ഉമ്മ പതിയെ വയറ്റിൽ കൈവെച്ച് എന്നെ തലോടി. "താനിപ്പോ ബന്ധം ഉപേക്ഷിച്ചാൽ ഈ കുട്ടി വളർന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാൽ താനെന്ത് ഉത്തരം നൽകുമെന്ന്" ഒരു നിമിഷം

ഉമ്മ ശങ്കിച്ചു.എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓർത്ത് മുന്നോട്ട് പോകാമെന്ന്.ഉമ്മഅന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും.കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിവാഹം വേർപെടുന്നത് വരെ ജീവിതത്തിൽ  സുഖമെന്താണെന്ന് എന്റെഉമ്മ അറിഞ്ഞിട്ടില്ല.എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയൻ മരിച്ചപ്പോഴും ഒരു ഭർത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തിൽ പോലും നാട്ടിൽ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല. മാത്രമല്ല, ഉമ്മയുടെ സാമ്പാദ്യവും, സ്വർണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി. അവസാനം, കാണാൻ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോൾ വെറും ഒരു കോൾ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികൾ വലുതായ ഈ അവസ്ഥയിൽ കുട്ടികളുടെ ഭാവിയോർത്ത് മുന്നോട്ട് പോകാൻ

ഉമ്മകെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല. അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാർക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓർത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആർക്കും ഈയൊരവസ്ഥ ഉണ്ടാവരുത്. കാരണം,

ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയാതിരുന്നത്. ആയതുകൊണ്ട്, സമൂഹം പറയുന്നത് കേൾക്കാതെ, നിങ്ങൾക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്പോൾ നിങ്ങൾ വിവാഹം ചെയ്യുക, നിങ്ങൾക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങൾ ഒറ്റയ്‌ക്കാണ്.

ബന്ധങ്ങളിൽ തുടർന്നു പോകാൻ കഴിയില്ല എന്ന ഘട്ടം വന്നാൽ അവ ഡ്രോപ് ചെയ്യാനും നിങ്ങൾക്ക് കഴിയണം. നമ്മുടെ ഭാവി ആർക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവർ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂർണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.

വി. പി. മുഹമ്മദ്‌ അനസ്