Wednesday 27 October 2021 03:02 PM IST : By സ്വന്തം ലേഖകൻ

ഇരുനിറമുള്ള കൊടിപിടിച്ചവർ, ഇനി ഇരുമനമൊന്നിച്ച്: വരൻ കെഎസ്‍യുക്കാരൻ വധു എസ്എഫ്ഐ

nihal-ifa

വിദ്യാർഥി സമരങ്ങളിൽ കൈകളിലേന്തിയ ഇരു നിറമുള്ള കൊടികൾ പിടിച്ചുതന്നെ അവർ ഒരു കുടക്കീഴിലേക്ക്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാലും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം ഐഫ അബ്ദുറഹ്മാനും ഒരുമിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വർഷമാണ് വിവാഹം.

കോഴിക്കോട് ലോ കോളജിലെ വിദ്യാർഥികളായിരുന്നു നിഹാലും ഐഫയും. നിഹാൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായിരുന്നപ്പോഴാണ് ഐഫ പഞ്ചവത്സര എൽഎൽബി ഒന്നാം വർഷ വിദ്യാർഥിയായി എത്തുന്നത്. എസ്എഫ്ഐയുടെ കോട്ടയായിരുന്ന ലോ കോളജിൽ, കെഎസ്‌യുവിന്റെ തീപ്പൊരി നേതാവായിരുന്നു നിഹാൽ.

എസ്എഫ്ഐയിൽ ചേർന്ന ഐഫ കോളജ് യൂണിയൻ ജോയിന്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി. നിഹാൽ കെഎസ്‌യു ജില്ലാ പ്രസിഡന്റും ഐഫ എസ്എഫ്ഐ വനിതാ വിഭാഗമായ മാതൃകത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി. ലോ കോളജിലെ സംഘടാനപ്രവർത്തകർ എന്ന നിലയിൽ പരിചയമുണ്ടായിരുന്നെങ്കിലും അതു പ്രണയമായി വളർന്നിരുന്നില്ലെന്ന് ഇരുവരും പറയുന്നു.

പഠനത്തിനു ശേഷം 2018ൽ നിഹാൽ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2021ൽ കോഴ്സ് പൂർത്തിയാക്കി 3 മാസം മുൻപ് ഐഫയും ജില്ലാ കോടതിയിൽ എത്തിയതോടെ പരിചയം വളർന്നു. ഐഫയുടെ ബന്ധുവഴിയാണ് വിവാഹ ആലോചന എത്തിയത്. രാഷ്ട്രീയം പ്രശ്നമാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും തുറന്നു സംസാരിച്ചപ്പോൾ അതൊരു തടസ്സമേയല്ലെന്നു തിരിച്ചറിഞ്ഞെന്നു നിഹാൽ പറയുന്നു. വിവാഹം കഴിഞ്ഞാലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളിൽ മാറ്റം വരുത്താനില്ലെന്നാണ് ഇരുവരുടെയും തീരുമാനം.