Monday 28 November 2022 11:43 AM IST : By സ്വന്തം ലേഖകൻ

സ്വന്തം വീട്ടിലെ പൈപ്പിലൂടെ വരുന്നത് ചെളിവെള്ളം; ഉപയോഗിക്കാൻ പറ്റാതായതോടെ വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനമൊരുക്കി പ്ലസ് വൺ വിദ്യാർഥി!

idukki-water-purification-system-built-by-joel.jpg.image.845.440

സ്വന്തം വീട്ടിലെ കിണറിലെ ചെളി നിറഞ്ഞ വെള്ളം ശുദ്ധീകരിക്കാൻ ശുദ്ധീകരണ സംവിധാനമൊരുക്കി പ്ലസ് വൺ വിദ്യാർഥി. കോവിഡ് കാലത്ത് കാട്ടാനക്കൂട്ടത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കാൻ സ്വന്തമായി ‍ഡ്രോൺ നിർമിച്ചു പറത്തിയ ജോയൽ കെ. തോമസാണ് ജലം ശുദ്ധീകരിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയത്. നെടുങ്കണ്ടം ഉടുമ്പൻചോല ക്ലാമറ്റത്തിൽ സിബി – സൗമ്യ ദമ്പതികളുടെ മകനാണ്. ജോയലിന്റെ വീടിന്റെ സമീപത്തെ കിണറുകളിലെ വെള്ളം ചെളി നിറഞ്ഞതാണ്.

കണ്ടം പോലെയുള്ള സ്ഥലമായതിനാൽ ചെളിവെള്ളമാണു പൈപ്പിലൂടെ എത്തുന്നത്. വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധമായതോടെയാണു ജോയൽ പൈപ്പുകൾ പ്രത്യേക രീതിയിൽ ക്രമീകരിച്ച് ജലശുദ്ധീകരണം തുടങ്ങിയത്. പൈപ്പുകളിൽ വാൽവുകളും പ്രത്യേക തരം ടാപ്പുകളും ഘടിപ്പിച്ചാണു ശുദ്ധീകരണം. പദ്ധതി വിജയമായതോടെ സമീപവാസികൾക്കും പ്രയോജനകരമായി. രാജകുമാരി സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജോയൽ.

2 വർഷം മുൻപ് കേരള – തമിഴ്നാട് അതിർത്തി മേഖലയിലെ കൃഷിയിടങ്ങളിൽ എത്തുന്ന ശല്യക്കാരായ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാൻ ജോയൽ ഡ്രോൺ നിർമിച്ചിരുന്നു. അതിർത്തി മേഖല കേന്ദ്രീകരിച്ച് കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം സമീപകാലത്ത് ഉണ്ടാക്കിയിരുന്നു. വലിയ ഏലത്തോട്ടങ്ങളിൽ വനംവകുപ്പും പൊലീസും ദിവസങ്ങൾ തിരച്ചിൽ നടത്തിയാണ് കാട്ടാനക്കൂട്ടത്തെ മടക്കിയയച്ചത്.

മൂന്നു മാസം കൊണ്ടാണ് ഡ്രോൺ നിർമാണത്തിനുള്ള ഉപകരണങ്ങൾ ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചത്. ജോയലിന്റെ സഹോദരി ജിയയും സഹോദരൻ ജോവാനും സഹായത്തിനുണ്ട്. വ്യോമയാന ഡയറക്ടറേറ്റിൽ (ഡിജിസിഎ) റജിസ്റ്റർ ചെയ്ത ശേഷം ഡ്രോണിൽ ക്യാമറ ഘടിപ്പിക്കും. ഇതിനായുള്ള ശ്രമം നടന്നു വരുകയാണ്.

തുടർന്ന് കാട്ടാനശല്യം രൂക്ഷമാകുന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിക്കുന്ന സ്ഥലം കണ്ടെത്താൻ വനംവകുപ്പിനെയും പൊലീസിനെയും സഹായിക്കണമെന്നാണ് ജോയലിന്റെ ആഗ്രഹം. അക്വേറിയം നിർമാണവും അലങ്കാര മത്സ്യം – അലങ്കാര പക്ഷി വളർത്തലും വിപുലമാക്കി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഒരു ചെറുവിമാനം സ്വന്തമായുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ജോയൽ.

Tags:
  • Spotlight
  • Motivational Story