Wednesday 05 August 2020 11:16 AM IST : By സ്വന്തം ലേഖകൻ

വയനാട് എഎസ്പിയായി സർവീസിലിരിക്കെ വീണ്ടും റാങ്ക് നേട്ടം; സിവിൽ സർവീസ് പരീക്ഷയിൽ അഭിമാനമായി നിധിൻ രാജ്

nithinraj887665

സർവീസിലിരിക്കെ സിവിൽ സർവീസ് പരീക്ഷയിൽ വീണ്ടും റാങ്ക് നേട്ടവുമായി പി. നിധിൻ രാജ്. രാവണീശ്വരം എക്കാലിലെ കെ. രാജേന്ദ്രന്റെയും പി. ലതയുടെ മകനാണ് നിധിൻ രാജ്. നിലവിൽ കേരള കേഡറിൽ വയനാട് എഎസ്പിയായി അണ്ടർ ട്രെയിനിങ്ങിലാണ് ഇദ്ദേഹം. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 210-ാം റാങ്കാണ് നിധിൻ നേടിയത്. 

ഇത്തവണ അത് 319-ാം റാങ്കാണെങ്കിലും നേട്ടത്തിന് തിളക്കമേറെയാണ്. കേഡർ അലോക്കേഷൻ വരാൻ വൈകിയത് കൊണ്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. എന്നാൽ പിന്നീട് ആഗ്രഹിച്ച കേരള കേഡർ തന്നെ കിട്ടി. ഇതിൽ ഏറെ സന്തോഷവാനാണെന്നും നിധിൻ പറഞ്ഞു. ഹൈദരാബാദിലെ പരിശീലനം പൂർത്തിയാക്കിയാണ് നിധിൻ വയനാട് എഎസ്പി അണ്ടർ ട്രെയിനിയായത്. സർവീസിലിരിക്കെ വീണ്ടും റാങ്ക് നേടിയത് ജില്ലയ്ക്ക് അഭിമാനമായി. 

സർക്കാർ സ്കൂളിൽ പഠിച്ചാണ് സിവിൽ സർവീസ് പരീക്ഷയിൽ നിധിൻ മികച്ച വിജയം നേടിയത്. പത്താം ക്ലാസ് വരെ രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. ഹയർസെക്കൻഡറി പഠനം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. കോട്ടയം ഗവ. എൻജിനീയറിങ് കോളജിലായിരുന്നു ഉന്നത പഠനം. പി. അശ്വതി സഹോദരിയാണ്. 

Tags:
  • Spotlight
  • Inspirational Story