Monday 08 October 2018 04:18 PM IST

ഹൽദി, മെഹന്ദി, സംഗീത്...ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പിന്നാലെ; ന്യൂജനറേഷൻ വിവാഹമേളങ്ങളോട് പഴയതലമുറയ്ക്ക് പറയാനുള്ളത്

Shyama

Sub Editor

deba ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കല്യാണക്കാര്യം പറഞ്ഞു തുടങ്ങുമ്പോൾ തന്നെ പല വീടുകളിലും മാലപ്പടക്കത്തിനു തിരികൊളുത്തും പോലെയാണ്. അച്ഛനമ്മമാരും മക്കളും തമ്മിൽ ഇടയ്ക്കിടെ പൊട്ടലും ചീറ്റലും ഒക്കെയായി ആകെ ഒരു ‘ജഹപൊഹ’. മക്കളുടെ വിവാഹത്തെ കുറിച്ച് മുതിർന്നവർ സ്വപ്നം കാണണ്ടെന്ന് എങ്ങനെ പറയാനാകും? മക്കൾ അങ്ങു വിട്ടുകൊടുക്ക് എന്നും പറയാനൊക്കുമോ? ഒന്ന് തെറ്റ് മറ്റേത് ശരി എന്ന് പക്ഷം പിടിക്കാൻ ഇത്തിരി വിഷമമുണ്ട്.

എങ്കിലുമൊരു തുറന്ന ചർച്ചയ്ക്ക് ഇത്തവണ വനിത വേദി ഒരുക്കി. മുതിർന്നവരും കല്യാണപ്രായമെത്തിയ പെൺകുട്ടികളും നടത്തിയ ചർച്ചയിലെ ആശയങ്ങളറിയാം. രണ്ടു വശത്തു നിന്നും ചിന്തിച്ചു യോജിച്ച തീരുമാനമെടുക്കൂ.

കേട്ടിട്ടില്ലേ... ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ്

beach

വിവാഹത്തിന്റെ കിടിലൻ ഫോട്ടോസ് വേണമെന്ന് കൊതിക്കുന്നവരും കുറച്ച് വ്യത്യസ്തമായി കല്യാണം കഴിച്ചേക്കാം എന്നാഗ്രഹിക്കുന്നവരും പറയും, ഞങ്ങൾക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിങ് മതി. വീട്ടിൽ നിന്നും മതപരമായ സ്ഥലങ്ങളിൽ നിന്നുമൊക്കെ മാറി ബീച്ചുകൾ, റിസോർട്ടുകൾ, വിദേശ ലൊക്കേഷനുകൾ എന്നിവിടങ്ങളിലൊക്കെയായി വിവാഹം നടത്തുന്ന രീതിയാണിത്.

പള്ളിയിലും അമ്പലങ്ങളിലും ഒക്കെ മക്കളുടെ കല്യാണം നടത്താമെന്നു നേർച്ച നേർന്നു കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് ചിലപ്പോ ഈ ഐഡിയ ഇച്ചിരി കയ്ച്ചെന്നു വരാം. ഏതായാലും എന്തൊക്കെയാണ് ഇരുകൂട്ടരുടേയും മനസ്സിലെന്നു കേൾക്കാം...

അഞ്ജിത: എന്റെ കല്യാണം ഈ വരുന്ന നവംബറിലാണ്. എൻഗേജ്മെന്റ് കഴിഞ്ഞപ്പോഴേ മനസ്സിലായി വിവാഹത്തെക്കുറിച്ച് എനിക്കും വീട്ടുകാർക്കും തമ്മില‍്‍ പല കാര്യങ്ങളിലും വ്യത്യസ്തമായ ആശയങ്ങളാണെന്ന്... ശരിക്ക് പറഞ്ഞാൽ കു റേ വിങ്ങിപ്പൊട്ടിയ ആശയങ്ങളുമായിട്ടാണ് ഞാൻ ഈ ചർച്ചയ്ക്ക് വന്നതു തന്നെ. ഡസ്റ്റിനേഷൻ വെഡ്ഡിങ്ങ് എന്നു പറയുമ്പോഴേക്കും തന്നെ ചോദിക്കും ‘‘ങ്ങേ... എന്ത്? ഇതൊക്കെ ആളുകൾക്ക് പറഞ്ഞാ മനസ്സിലാകുമോ?’’

എനിക്ക് വിവാഹം എന്നു പറയുന്നത് തികച്ചും സ്വകാര്യവും സന്തോഷവുമുള്ള കാര്യമാണ്. അപ്പോ ഒരു ‘പ്രൈവറ്റ് അഫയർ’ആക്കി നമുക്ക് വളരെ അടുത്ത് നിൽക്കുന്ന, നമ്മുടെ സന്തോഷത്തിൽ ശരിക്കും സന്തോഷിക്കുന്നവരെ മാത്രം സാക്ഷിയാക്കി നടത്താനായിരുന്നു ആഗ്രഹം. പക്ഷേ, അച്ഛനും അമ്മയ്ക്കുമൊക്കെ എല്ലാവരേയും വിളിച്ച് ആഘോഷമായി നടത്താനാണ് ഇഷ്ടം.

ജിബി: അറിയുന്ന ആൾക്കാരെയൊക്കെ വിളിച്ച് ആഘോഷമാക്കി നടത്താൻ തന്നെയാണ് അച്ഛനമ്മമാർ ആഗ്രഹിക്കുന്നത്. ചിലപ്പോ നിങ്ങൾ മുതിർന്നു വരുമ്പോ സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും ഒക്കെ വേണമെന്നു പറയുന്നതിന്റെ അർഥം മനസ്സിലായി തുടങ്ങുമായിരിക്കും.

ബിനി: ഇപ്പോഴത്തെ പിള്ളേര് എപ്പോഴും ബന്ധുക്കളെയൊന്നും അങ്ങനെ കാണാനും സംസാരിക്കാനും ഒന്നും നിൽക്കില്ല. അവർ എപ്പോഴും ബിസിയാണ്, ഇത്തരം കാര്യങ്ങൾക്കൊന്നും സമയമില്ല. പിന്നെ, ഉള്ള അവസരങ്ങളിൽ വീട്ടുകാരും അടുപ്പക്കാരും ഒത്തു കൂടുന്നതല്ലേ നല്ലത്? പരിചയം പുതുക്കാമല്ലോ... ഇപ്പോഴത്തെ പല കുട്ടികൾക്കും സ്വ ന്തക്കാരെ തന്നെ വല്യ പിടിയില്ല.

കല്യാണം കഴിക്കുന്നവർക്കു കാണാ ൻ എന്നതു മാത്രമല്ല. ബന്ധുക്കൾ ത മ്മിൽ തമ്മിൽ കാണുന്നതും ഇത്തരം ചടങ്ങുകളിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അതും കൂടി ഇല്ലാതാക്കരുതെന്നാണ് എന്റെ അഭിപ്രായം.

ജോജു: മക്കളുടെ കല്യാണം പള്ളിയിൽ തന്നെ നടത്തണം എന്നാണ് ഞങ്ങൾക്ക്. ജീവിതത്തിലെ പ്രധാനകാര്യം നടക്കുമ്പോൾ നമുക്ക് മുകളിലുള്ളൊരു ശക്തിയുടെ മുന്നിൽ നടത്തുക എന്ന വിശ്വാസം. കല്യാണം കഴിഞ്ഞിട്ട് എവിടെ വേണമെങ്കിലും പോകാമല്ലോ? അല്ലെങ്കിൽ റിസപ്ഷൻ വേറൊരു ഡസ്റ്റിനേഷനിൽ നടത്താമല്ലോ.

സരിത: പണ്ട് കല്യാണം പെണ്ണിന്റെ വീട്ടിലാണ് നടത്തിയിരുന്നത്, പിന്നീട് ദേവാലയങ്ങളിലായി, അവിടുന്ന് ഹാളുകളിലായി, അതിനു ശേഷം ഇപ്പോ വേറൊരു ഡസ്റ്റിനേഷൻ. പഴമയും പുതുമയും യോജിപ്പിച്ച് ഇത്തരം കല്യാണങ്ങൾ നടത്തിക്കൂടെ? പരിചയവും അടുപ്പവുമുള്ള പൂജാരിയേയോ പുരോഹിതനേയോ കൂടി കൊണ്ടുപോകാം. ദൈവം ഒരിടത്തു മാത്രമല്ല ഉള്ളത് എന്നല്ലേ നമ്മുടെ വിശ്വാസം.

രഹന: മതപരമായ ചടങ്ങുകൾ തടസ്സമാകാതെ അതിഥികൾക്ക് എല്ലാവർക്കും ഒരുപോലെ കല്യാണം കൂടാൻ സാധിക്കണം എന്നു ചിന്തിക്കുന്നവർ ഒരുപാട് പേർ ഇപ്പോൾ ഡസ്റ്റിനേഷൻ വെഡ്ഡിങ് തിരഞ്ഞെടുക്കുന്നുണ്ട്.

താലിയും മോതിരവും നാട്ടുകാരെ കാണിക്കാനോ?

ദൂരെ നിന്നു നോക്കുമ്പോഴേ അറിയണം ‘ഇത് കല്യാണ മോതിരമാണ്. ഇതാണ് താലി’. അല്ലെങ്കിൽ അതിടുന്നതിന്റെ ആവശ്യമെന്താണെന്ന് അച്ഛനമ്മമാർ. ‘ആരെയെങ്കിലും കാണിച്ചു ബോധിപ്പിക്കാനുള്ളതാണോ ഈ കല്യാണം? എല്ലാ ദിവസവും ഇട്ട് ജോലിക്കും യാത്രയ്ക്കും പോകാനാണെങ്കിൽ അതിനനുസരിച്ച് പോരെ താലിമാലയും മോതിരവുമൊക്കെ?’ എന്നൊക്കെ മക്കൾ.

കല്യാണം കഴിക്കുന്നതു മുതൽ ചില സിംബലുകൾ നമുക്കൊപ്പം കൂട്ടണം എന്നു നിർബന്ധം പിടിക്കുന്നവരും അതില്ലാത്തവരും മാതാപിതാക്കള‍്‍ക്കിടയിലും യുവനിരയ്ക്കിടയിലുമുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് പല രീതികൾക്കും രൂപമാറ്റം വരുമ്പോൾ ഇക്കാര്യങ്ങളും മാറുമോ? വരൂ... നോക്കാം.

ജോജു: ഇന്നത്തെ പിള്ളേരു പലരും താലിമാലയും കല്യാണമോതിരവും സിന്ദൂരവും ഇടാറില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത്തരം സിംബലുകൾ ഉള്ളത് നല്ലതാണ്. അത് മോശം നോട്ടങ്ങളെ ഒരു പരിധി വരെ കുറയ്ക്കും.

രഹന: അങ്കിൾ പറഞ്ഞതിനോട് എനിക്കൊട്ടും യോജിക്കാൻ പറ്റില്ല. അതൊക്കെ പറച്ചിലിൽ മാത്രമേയുള്ളൂ, അതിക്രമങ്ങളും നോട്ടങ്ങളും ഒരു സിംബലിട്ടാലും കുറയില്ല. അതിന് ആളുകളുടെ ആറ്റിറ്റ്യൂഡിലാണ് മാറ്റം വരേണ്ടത്.

പേരെഴുതിയ മോതിരമിടണോ, പേരെഴുതാത്ത വെഡ്ഡിങ് ബാൻഡ് തിരഞ്ഞെടുക്കണോ, താലിയിടണോ, സിന്ദൂരം വേണോ... എന്നൊക്കെയുള്ളതു തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് വേണമെന്നും വേണ്ടെന്നും വയ്ക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.

പക്ഷേ, നമ്മുടെ നാട്ടിൽ നടക്കുന്നൊരു കലാപരിപാടി ഇ തൊക്കെ ഇടുന്നവർ അതു ചെയ്യാത്തവരെ കുറ്റം പറയുന്നു എ ന്നതാണ്! എന്റെ ശരി തന്നെയാകണം മറ്റേയാളുടെയും എന്നു കരുതുന്നതിന്റെ പ്രശ്നമാണത്.

സരിത: ഇത്തരം സിംബലുകളേയും ആചാരങ്ങളേയും മാനിക്കുന്ന ആളാണു ഞാൻ. പല വിദേശികളും നമ്മുടെ ഇത്തരം ആചാരങ്ങൾ അനുസരിച്ച് വിവാഹം കഴിക്കാൻ കേരളത്തിലെത്തുന്നുണ്ട്.

രാമചന്ദ്രൻ: നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പകർന്നു കിട്ടിയ ഇത്തരം കാര്യങ്ങൾ പാലിച്ചു പോകുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.

അഞ്ജിത: എൻഗേജ്മെന്റിന് ഏറ്റവും കൂടുതൽ വഴക്കിട്ടത് മോതിരത്തിന്റെ കാര്യം പറഞ്ഞാണ്. മുതിർന്നവർക്ക് കട്ടിയുള്ള സ്വർണ മോതിരത്തിൽ വലിയ അക്ഷരത്തിൽ പേരെഴുതണം എന്ന സങ്കൽപമായിരുന്നു. പക്ഷേ, ഇത് ഇട്ടു നടക്കേണ്ടത് ഞാനല്ലേ?. എനിക്ക് ഇത്രയും വലുപ്പമുള്ള മോതിരം വിരലിലിട്ടു ദിവസവും നടക്കാൻ ബുദ്ധിമുട്ടാണ്. അവസാനം അത് എന്റെ ഇഷ്ടത്തിനു വിട്ടു തന്നു.

സോന: മോതിരം, താലി, വള പോലുള്ള വസ്തുക്കൾ വച്ചല്ല രണ്ടാളുകൾ തമ്മിലുള്ള ബന്ധം അളക്കേണ്ടതെന്ന് ചിന്തിക്കുന്നവർ പുതിയ തലമുറയിലിപ്പോൾ ധാരാളമുണ്ട്. വിവാഹ സമയത്തു പോലും താലിയോ മോതിരമോ ഒന്നുമിടാതെ മരം നട്ടും രജിസ്റ്ററിൽ ഒപ്പിട്ടും നടക്കുന്ന വിവാഹങ്ങൾ ഇപ്പോൾ കൂടി വരുന്നു. ‘ഇതിട്ടാലേ’ നിങ്ങൾ ഭാര്യഭർത്താക്കന്മാരാകൂ എന്നൊരു ഫ്രെയിംവർക്ക് ഉടയ്ക്കാനുള്ള ശ്രമങ്ങൾ ധാരാളമുണ്ടായി വരുന്നു. അത് കാണുമ്പോൾ സന്തോഷമുണ്ട്.

ഇത്രയും ആർഭാ‍ടം വേണോ?

SM520392

‘തളിയാനേ... പനിനീര്.... ഇവിടെത്തളിയാനേ.... പനിനീര്...’ എന്ന് അന്ന് ഫിലോമിന പറഞ്ഞപ്പോൾ ഇതൊക്കെ കുറച്ച് ഓവറല്ലേ എന്നു പറഞ്ഞ് പുച്ഛിച്ച അന്നത്തെ യുവതലമുറ. ഇന്നിപ്പോ സ്വന്തം മക്കളുടെ കല്യാണത്തിന് അവർ നടത്തുന്ന ഒരുക്കങ്ങൾ കാണണം! കൊട്ടാരം പോലുള്ള സ്റ്റേജ്, വരവേൽക്കാൻ ചെണ്ടകൊട്ടും ആനയും, കേട്ടാൽ കണ്ണു ബു ൾസൈ ആകുന്ന വിലയ്ക്കുള്ള വസ്ത്രങ്ങൾ, കല്യാണം തീർന്നാലും തീരാത്ത വിദേശ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്...

എനിക്ക് ‘ഇന്ന മേക്കപ്പ്മാനും ഇന്ന ഫോട്ടോ കമ്പനിയും കിട്ടാതെ കല്യാണം കഴിക്കില്ലെ’ന്നു പറയുന്ന മക്കളും ഒരു വശത്ത്. ഇതൊന്നുമില്ലാതെ വളരെ ലളിതമായി കല്യാണം ക ഴിക്കുന്നവർ മറുവശത്ത്. പൊടിപൊടിക്കാൻ പണമില്ലെങ്കിലും ‘ഒട്ടും കുറയ്ക്കണ്ട’ എന്നു കരുതി അവസാനം കടക്കെണിയിൽ പെടുന്നവർ... ഇതൊക്കെ നോക്കുമ്പോൾ ഈ വിഷയം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഇനി ആശയപ്പോരാട്ടത്തിലേക്ക് നോക്കാം...

സരിത: ജീവിതത്തിൽ ഒറ്റ തവണ നടക്കുന്ന കല്യാണമല്ലേ അപ്പോ തീം വച്ച്, കാശു നന്നായി പൊടിച്ച് ആൾക്കാരെ ഒന്നടങ്കം ഞെട്ടിക്കണം എന്നു കരുതി പോഷ് വെഡ്ഡിങ് പ്ലാൻ ചെയ്യുന്നവരുണ്ട്. ആർഭാടം കാണിക്കാനുള്ള ഷോ അല്ല വിവാഹം എന്നു കരുതി മിനിമലായി കല്യാണം നടത്തുന്നവരും നമുക്കിടയിലുണ്ട്.

പണമുള്ളവർ പോഷ് കാണിക്കുമായിരിക്കാം. പക്ഷേ, ഇതു കണ്ടിട്ട് ലോൺ എടുത്തു വരെ ആർഭാടം കാണിക്കുന്നത് എന്തൊരു അബദ്ധമാണ്. പരിചയത്തിലുള്ളൊരു കുട്ടിയുടെ അച്ഛൻ കല്യാണം നടത്താൻ ഉള്ള സ്വത്ത് പോരാഞ്ഞിട്ട് 15 ലക്ഷമാണ് ലോൺ എടുത്തത്.

രാമചന്ദ്രൻ: അവരവർക്ക് ഉള്ളതിനനുസരിച്ച് വിവാഹം നടത്തിയാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാനും. താങ്ങാ ൻ പറ്റാത്ത കടം വരുത്തി വച്ചാൽ കുട്ടികളല്ല, വയസ്സുകാലത്ത് ഇതൊക്കെ നമ്മൾ സ്വന്തമായി വീട്ടേണ്ടി വരും. ചിലയിടങ്ങളിൽ കല്യാണ തലേന്ന് കുട്ടിക്ക് കൊടുക്കുന്ന സ്വർണത്തിന്റെ ഡിസ്പ്ലേ വരെ നടക്കുന്നുണ്ടിപ്പോൾ.

രാധിക: മിനിമലിസം ഒക്കെ പറഞ്ഞിട്ടും അത്ര മിനിമലല്ലാത്തവരേയും കാണാം. രണ്ടു മാല മതി എന്നൊക്കെ പറയും... എ ടുക്കുന്ന രണ്ടു മാലയും വിലയേറിയ കല്ലും മുത്തും ഒക്കെ വ ച്ച് ആന്റിക് ജ്വല്ലറിയാകും. പേരെടുത്ത മേക്കപ്പ് ആർട്ടിസ്റ്റ്, ല ക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വെഡ്ഡിങ് ഫോട്ടോ കമ്പനി ഇതൊന്നുമില്ലാതെ കല്യാണം കഴിക്കില്ല എന്നു തറപ്പിച്ച് പറയുന്ന ചില ‘മിനിമലിസ്റ്റുകളും’ ഉണ്ട്.

ജിബി: ശരിയാണ്. പിള്ളേര് ലുക്ക് മാത്രമേ മിനിമൽ ആക്കുന്നുള്ളൂ. കോസ്റ്റ് അല്ല. പണ്ട് അഞ്ചു മാലയിടുന്നിടത്ത് ഇന്ന് ഒരൊറ്റ ഡയമണ്ട് സെറ്റ് ആയി. കാശ് ഇതിനായിരിക്കും കൂടുതൽ. ഇക്കണോമിക്കലായി പോഷ് കാണിക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. അതാണ് റീസെയിൽ വാല്യു ഉള്ള ആഭരണങ്ങൾ എടുക്കാൻ പറയുന്നത്.

ബീന: മിതമായി കാര്യങ്ങൾ ചെയ്യുന്നതിനോടാണ് എനിക്കും ഇഷ്ടം. എന്റെയൊക്കെ കാലത്ത് ഉള്ളതെല്ലാം വാരിവലിച്ച് ക ല്യാണ ദിവസം ഇടുന്നതായിരുന്നു രീതി. ഇപ്പോ അത് മാറി വരുന്നുണ്ട്.

നികിത: ആഭരണത്തിൽ മാത്രമല്ലല്ലോ വീട്ടിൽ സ്വന്തമായി കാർ ഉള്ളപ്പോഴും കല്യാണക്കാർ വാടകയ്ക്കെടുക്കുന്നതും കണ്ണുതള്ളുന്ന സ്റ്റേജ് ഡെക്കറേഷനും വിദേശ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടും ഒക്കെ ആർഭാടത്തിന്റെ അങ്ങേ അറ്റമാണ്.ആ ഡംബരം കാണിക്കാൻ മാത്രം കല്യാണത്തിനും റിസപ്ഷനും ഒക്കെ എത്ര ഭക്ഷണ കൗണ്ടറുകളാണ് ഒരുക്കുന്നത്? അതിൽ നല്ലൊരു പങ്കും വെറുതേ കളയുന്നുമുണ്ട്. ഇത്തരം കാര്യങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. ‘ഇങ്ങനെയൊക്കെ’ ചെയ്തില്ലെങ്കില‍്‍ കുറച്ചിലാണെന്നുള്ള തോന്നലാണ് പലർക്കും.

സരിത: കല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ കൂടി വ രുന്നതാണ് പുതിയ ട്രെൻഡ്. ഹൽദി, മെഹന്തി, സംഗീത്, ബാച്ചിലർ പാർട്ടി, റിസപ്ഷൻ സ്വന്തം നാട്ടിൽ, പിന്നെ, ജോലി ചെയ്യുന്നിടത്തെ പാർട്ടി... മൊത്തത്തിൽ കാശു പോകുന്ന വഴിയറില്ല.

രഹന: ഒന്നിലധികം ചടങ്ങുകളൊക്കെ പണ്ടും ഉണ്ടായിരുന്നു. ഇന്ന് ഈ ഓരോ ചടങ്ങിനും പ്രത്യേകം പ്രത്യേകം വസ്ത്രങ്ങ ൾ, പല പല ഹാളുകൾ, ഫോട്ടോ സെഷൻ, പാട്ട് ഡാൻസ്, ഡി.ജെ... ഇതൊക്കെ താങ്ങാൻ കഴിയുന്നവർക്ക് പ്രശ്നമില്ല. പ ക്ഷേ, അതുപോലെ ചെയ്യാൻ നോക്കുന്ന മിഡിൽക്ലാസുകാർക്കാണ് എടുത്താൽ പൊങ്ങാത്ത ഭാരം വരിക.

അഞ്ജിത: കല്യാണത്തിന് ബുക് ചെയ്യാൻ വിളിക്കുമ്പോഴേ ഫോട്ടോഗ്രഫർമാർ ചോദിക്കും മെഹന്തിയും ഹൽദിയും ഉണ്ടോ എന്ന്... അതുവരെ അതേപറ്റി ചിന്തിച്ചിട്ടില്ലാത്തവർ പോലും ആ ചോദ്യത്തിൽ വീഴും.

രഹന: പല പരിപാടികൾ നടത്തുന്നതിനു പകരം ഇപ്പോൾ രണ്ടു കൂട്ടരും ചേർന്ന് ഒരൊറ്റ ചടങ്ങ് ഗംഭീരമായി നടത്തുന്ന രീതി പലയിടത്തും കാണാം. ഹാൾ, ഫൊട്ടോഗ്രഫി,സ്റ്റേജ് ഡെക്കർ ഒക്കെ ഒറ്റത്തവണ ചെയ്താൽ മതി. അതിൽ തന്നെ നല്ല തുക ലാഭിക്കാം, ആർഭാടം ഒഴിവാക്കുകയും ചെയ്യാം.

ജോജു: ഹാളിലൊക്കെ ഇത്രയും ആളുകളെ ഒരുമിച്ച് കൊണ്ടു വരാനുള്ള സൗകര്യം കുറവല്ലേ?. ഇങ്ങനെ നടത്തിയാൽ പലരേയും ഒഴിവാക്കേണ്ടിയും വരും.

രാധിക: അതിനു രണ്ടുപേർ ഒരുമിച്ച് നടത്തുമ്പോൾ അത്യാവശ്യം നല്ല സ്പെയ്സ് ഉള്ളിടം തന്നെ തിരഞ്ഞെടുക്കാമല്ലോ... മൂന്നും നാലും ചടങ്ങുകൾ നടത്തുന്നതിന്റെ ടെൻഷനും ബുദ്ധിമുട്ടും ഒക്കെ കുറയുകയും ചെയ്യും.

ബിനി: രണ്ടു കൂട്ടരുടേയും വീട് അത്ര ദൂരെയല്ലെങ്കിലേ ഈ പറഞ്ഞതു നടക്കൂ. അല്ലെങ്കിൽ യാത്രയൊക്കെ ബുദ്ധിമുട്ടാകും.

ശിൽപ: വീടുകൾ തമ്മിൽ ദൂരമുള്ളവർ സംസാരിച്ച് രണ്ടു കൂട്ടർക്കും വരാന്‍ സൗകര്യമുള്ളൊരു സ്ഥലം തിരഞ്ഞെടുത്താൽ മതി. വലിയ ബുദ്ധിമുട്ട് പറയുന്നവർ പോലും മൂന്നും നാലും ചടങ്ങുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ മടി കാണിക്കില്ലല്ലോ.

സരിത: ചെലവുകൾ വേണമെങ്കിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾ ചേർന്നും ഏറ്റെടുത്ത് നടത്താം. ഉപകാരമില്ലാത്ത ഗിഫ്റ്റുകൾ നൽകുന്നതിനു പകരം ‘ദേ, സ്റ്റേജ് ഡെക്കറിന്റെ തുക ഞാൻ തരാം’ ‘ആഭരണമെടുക്കാൻ കുറച്ച് രൂപ ഞാൻ തരാം കേട്ടോ’... എന്നൊക്കെ പറയുന്നത് നല്ലതാണ്.

ചെക്കനെ കാണാനും പോകാമല്ലോ?

SM403602

പെണ്ണു കാണാൻ പെണ്ണിന്റെ വീട്ടിലേക്കു വരുന്നതു പോ ലെ തന്ന പെണ്ണും കൂട്ടരും കൂടി ചെക്കനെയും ചെക്കന്റെ വീട്ടുകാരെയും കാണാൻ അങ്ങോട്ടും പോകുന്നു. ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നു പറയാതെ ഇത്തരമൊരു ‘മനോഹരമായ ആചാരത്തെ’ മുതിർന്നവരും ചെറുപ്പക്കാരും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തരം നല്ല മാറ്റത്തിലേക്കുള്ള ചുവടുവയ്പുകൾ ഇനിയുമുണ്ടാകട്ടേ...

രഹന: എന്റെ കല്യാണം ഈയടുത്താണ് ഉറപ്പിച്ചത്. ചെക്ക ന്റെ വീട്ടുകാർ എന്റെ വീട്ടിൽ വന്നിട്ട് തിരികെ പോയപ്പോൾ പറഞ്ഞത് ‘മോളും കൂടി നിർബന്ധമായും ഞങ്ങളുടെ വീടു വന്ന് കാണണം’ എന്നാണ്. ‘നീയാണ് അവിടെ വന്ന് താമസിക്കാനുള്ള ആൾ. കണ്ടിട്ട് എല്ലാം ഇഷ്ടമായാൽ മാത്രം ഓകെ പറഞ്ഞാൽ മതി’ എന്നായിരുന്നു അവരുടെ നിലപാട്. മനസ്സിൽ ആഗ്രഹിച്ച കാര്യം ചെറുക്കന്റെ വീട്ടുകാർ തന്നെ പറഞ്ഞപ്പോ ൾ വളരെയധികം സന്തോഷം തോന്നി.

ജിബി: ഞങ്ങളുടെ വീട്ടിൽ പെണ്ണു കാണൽ കഴിഞ്ഞു ചെക്ക ൻ വീട്ടുകാരും നിർബന്ധം പറഞ്ഞു ചെല്ലുമ്പോൾ മോളേയും കൂടെ കൂട്ടണമെന്ന്. കുടുംബത്തിലെ പ്രായമായ ചിലർ അതു വേണോ എന്നു സംശയം പറഞ്ഞപ്പോഴും ഞങ്ങൾക്കത് നല്ല ആശയമായാണ് തോന്നിയത്.

രാമചന്ദ്രൻ: അറേഞ്ച്ഡിനാണ് ഇതൊക്കെ വേണ്ടത്. ലൗ മാര്യേജിന് അതൊന്നും വേണ്ടി വരില്ലല്ലോ... (എല്ലാവരും കൂട്ടച്ചിരിയായി)

അഞ്ജിത: ഹേയ്... എന്റേത് ലൗ കം അറേ‍ഞ്ച്ഡ് മാര്യേജ് ആ ണ് നടക്കാൻ പോകുന്നത്. ചെക്കന്റെ വീട്ടിലേക്ക് കല്യാണത്തിനു മുൻപേ പെൺകുട്ടി പോകരുതെന്നൊക്കെ എനിക്കറിയില്ലായിരുന്നു. വീട്ടുകാർ പോകാൻ നിന്നപ്പോൾ ഞാനും വരുന്നെന്നു പറഞ്ഞു. പക്ഷേ, കൊണ്ടുപോകാൻ ആരും സമ്മതിച്ചില്ല. ഞങ്ങൾ പോയി കണ്ടു വരാം എന്നു പറഞ്ഞു.

നികിത: എന്റെ ചേച്ചിയുടേത് ലൗ മാര്യേജ് ആയിരുന്നു. ചേട്ടന്റെ വീട്ടുകാർ വന്നപ്പോ അവർ പറഞ്ഞു ചേച്ചിയേയും കൂട്ടി വരണം വീടുകാണാൻ എന്ന്. ഷീ വാസ് വെരി ഹാപ്പി.

ബീന: അതൊരു നല്ല മാറ്റമായിട്ടാണ് ഞങ്ങൾക്കും തോന്നുന്നത്. എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വന്നും പോയും ഇരിക്കേണ്ടവരാണല്ലോ, അപ്പോ പെണ്ണു മാത്രം ചെക്കനെ കാണാൻ പോകരുത് എന്നു പറയുന്നതിൽ വല്യ കാര്യമൊന്നുമില്ല.

ഹേയ്... സ്ത്രീധനമൊന്നുമല്ല. ഇത് ഗിഫ്റ്റ്...

SM643608

സ്വർണവും പണവും കാറും മാറി ഫ്ലാറ്റും വില്ലയും ഏക്കറുകണക്കിനു സ്ഥലവുമൊക്കെയായി സ്ത്രീധനം രൂപമാറ്റം നടത്തുന്നു. മാറ്റത്തിനൊപ്പം പേരും കൂടി ഒന്ന് പരിഷ്കരിച്ച് ‘വെഡ്ഡിങ് ഗിഫ്റ്റ്’ എന്നാക്കിയിട്ടുണ്ട്. ഇനി സ്ത്രീധനം എന്നു കേൾക്കുന്നതിന്റെ ബുദ്ധിമുട്ട് വേണ്ട.

പെൺകുട്ടിയുണ്ടാകുമ്പോള‍്‍ ‘ശ്ശോ, ഇനി ഇവളെ കെട്ടിക്കാനുള്ളത് കണ്ടെത്തണമല്ലോ’ എന്ന് തമാശയ്ക്കു പറയുന്ന അച്ഛനമ്മമാർ, സ്വന്തം വീട്ടിലൊരു മകൾ ഉണ്ടായിട്ടും കയറി വരുന്ന പെണ്ണിനു വില പറഞ്ഞുറപ്പിക്കുന്ന ചെക്കൻ വീട്ടുകാർ, മകൾ ചെന്നുകയറുന്നിടത്ത് വിലയുണ്ടാകണമെങ്കിൽ ‘ചോദിക്കുന്നതിനപ്പുറം കൊടുത്തു വിടണം’ എന്നു ചിന്തിക്കുന്ന പെൺവീട്ടുകാർ... ഇതൊക്കെ സ്ത്രീധനം എന്ന വിപത്തിനെ ഇന്നും നമുക്കിടയിൽ വാഴാൻ അനുവദിച്ചുകൊണ്ടേയിരുക്കുന്നു. ‘വിലയ്ക്കു വാങ്ങുന്നവർക്കു തരാൻ പെണ്ണില്ല’എന്നു പറയുന്ന മാതാപിതാക്കളും ‘എനിക്കങ്ങനെയൊരു കരാർ കല്യാണം വേണ്ട’ എന്നു പറയുന്ന യുവാക്കളും ‘ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ കുട്ടിയെ മാത്രമാണ്’ എന്നു പറയുന്ന മുതിർന്നവരും ഇവിടെ വഴിവിളക്കുകളാണ്. പലർക്കും പറയാൻ പല വാദങ്ങൾ...

ബിനി: മക്കൾക്കു വേണ്ടി അച്ഛനമ്മമാർ കരുതി വയ്ക്കുന്നതൊക്കെ ഞങ്ങൾ കൊടുക്കും. അതൊരു സന്തോഷമാണ്. കുഞ്ഞുണ്ടാകുമ്പോൾ മുതൽ സ്വരുക്കൂട്ടൽ തുടങ്ങും, അത് ആരും നിർബന്ധിച്ചിട്ടല്ല, സന്തോഷത്തോടെ ചെയ്യുന്നതാണ്.

രഹന: കല്യാണം ആലോചിച്ചു തുടങ്ങിയ സമയത്ത് തന്നെ ബാപ്പിയോടും ഉമ്മിയോടും ഞാൻ പറഞ്ഞിരുന്നു ‘ഇത്ര തുകയ്ക്കു പകരം ഞാൻ ’എന്നൊരു കോൺട്രാക്ട് ഉണ്ടാക്കുന്നവർ വന്നാൽ ആ കോൺട്രാക്ടിൽ ഞാൻ ഒപ്പിടില്ല’ എന്ന്. എ ന്റെ കല്യാണം ഉറപ്പിച്ചപ്പോൾ ചെറുക്കന്റെ വീട്ടുകാർ ‘സ്ത്രീധനം’ എന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞവരാണ്.

ഇതൊക്കെ പറഞ്ഞെങ്കിലും ബാപ്പിയും ഉമ്മിയും എനിക്ക് തന്നു വിടാനുള്ളതിനെ കുറിച്ചുള്ള ചിന്തയിലാണ്. എനിക്കൊന്നും വേണ്ട എന്നു പറഞ്ഞാൽ കൂടിയും ആ ചിന്തയിൽ‍ നിന്നു മാറില്ല. പക്ഷേ, അത് ആരേയും ബോധിപ്പിക്കാനോ കാണിക്കാനോ അല്ല. അവരുടെ സന്തോഷം, അത്രയേയുള്ളൂ. എന്റെ കല്യാണത്തിന്റെ ചെലവിൽ ഒരു പങ്ക് എനിക്കും കൊടുക്കാൻ പറ്റും. ജോലി കിട്ടിയപ്പോൾ മുതൽക്കുള്ള സേവിങ്സ് ഉണ്ട്. അല്ലെങ്കില‍്‍ ഞങ്ങൾക്ക് ദൂരേക്ക് ഹണിമൂൺ പോകണമെങ്കി ൽ ഒക്കെ എന്റെ കൈയിലും കാശുണ്ടാകും.

രാധിക: രഹന പറഞ്ഞത് വളരെ ശരിയാണ്. ഇന്നിപ്പോൾ പെൺകുട്ടികൾക്ക് നല്ല ജോലിയുണ്ട്, നല്ല വരുമാനവുമുണ്ട്. അച്ഛനുമമ്മയും കൂടി എന്റെ കാര്യമൊക്കെ നോക്കിക്കോളും എന്നു പറഞ്ഞു മാറി നിൽക്കാതെ സ്വന്തം കാര്യത്തിനായി സ്വന്തം സമ്പാദ്യവും ഉപയോഗിക്കാം.

പണ്ടൊക്കെ സ്ത്രീധനം കൊടുത്തിരുന്നത് ഫിനാൻഷ്യല‍്‍ സെക്യൂരിറ്റി കൂടി കണക്കിലെടുത്താണ്. ജോലിയൊന്നും ഇല്ലാത്ത പെൺകുട്ടികളെ മറ്റൊരു വീട്ടിലേക്കു വിടുമ്പോൾ അവൾക്കു വേണ്ടിയൊരു കരുതൽ. ഇന്നിപ്പോൾ സാഹചര്യം മാറി. പെൺകുട്ടികൾക്ക് സ്വന്തംകാലിൽ നിൽക്കാനറിയാം. അതുകൊണ്ട് അച്ഛനമ്മമാർ എന്തെങ്കിലും മകൾക്കു വേണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നേ ഞാൻ പറയൂ.

രാമചന്ദ്രൻ: പണമില്ലാതെ സ്വർണമില്ലാതെ മക്കളെ അയച്ചാൽ ചെന്നു കയറുന്ന വീട്ടുകാർ അവളോട് മോശമായി പെരുമാറുമോ, അവൾ ആൾക്കൂട്ടത്തിൽ വച്ച് പരിഹസിക്കപ്പെടുമോ എ ന്നൊക്കെയുള്ള ചിന്തയും അച്ഛനമ്മമാർക്കുണ്ട്. അതാണ് പലപ്പോഴും ലോൺ എടുത്തും കടം വാങ്ങിയും സ്ത്രീധനം കൊടുക്കാൻ ശ്രമിക്കുന്നത്. പല കുട്ടികളും സ്വർണം തീരെ ഉ പയോഗിക്കാത്തവരാണ്. എന്നാലും മാതാപിതാക്കൾ കൊടുക്കാനുള്ളത് കൊടുക്കും.

നികിത: എന്തു പറഞ്ഞാലും സ്ത്രീധനം എന്ന ഏർപ്പാട് തന്നെ നിർത്തലാക്കണം. ഒരു പരിധിയിൽ കൂടുതൽ ഇങ്ങനെ കൊടുക്കുന്നതിനെതിരെ നിയമം വരണം അല്ലെങ്കിൽ നികുതി തന്നെ ചുമത്തണം എന്നാണ് എനിക്കു തോന്നുന്നത്.

ബീന: പലരും സ്ത്രീധനം ചോദിക്കില്ല എന്നു പറയുമ്പോഴും, നല്ല കുടുംബം നോക്കി മാത്രമേ ആലോചനകളെടുക്കൂ. അപ്പോ ചോദിക്കാതെ തന്നെ കിട്ടേണ്ടത് കിട്ടുമല്ലോ. ‘അതൊക്കെ നിങ്ങളുടെ ഇഷ്ടം’ എന്നു പറയുന്നതാണ് അടുത്ത വലിയ കെണി. ഇത് കേൾക്കുന്ന പെൺവീട്ടുകാർ 50 കൊടുക്കാനിരുന്നിടത്ത് 80 കൊടുക്കും.

സരിത: സ്ത്രീധനം എന്നു പറഞ്ഞാൽ സ്വർണവും പണവും കാറും എന്ന കൺസപ്റ്റ് ഒക്കെ മാറി ഇപ്പോ ഇത് കൂടാതെ വീട്, ഫ്ലാറ്റ്, സ്ഥലം.... ഇങ്ങനെ ഒക്കെയാണ്. എനിക്കറിയാവുന്ന ഒരു കൂട്ടരുണ്ട്. കല്യാണത്തിനു മുൻപ് ചെക്കൻ കൂട്ടർ തറപ്പിച്ചു പറഞ്ഞു ‘വീട് പെണ്ണിന്റെ പേരിൽ ആക്കണം’ എന്ന്. അച്ഛനും അമ്മയും അങ്ങനെ ചെയ്തു. എന്നിട്ടിപ്പോൾ അവരുണ്ടാക്കിയ വീട്ടിൽ താമസിക്കുന്നതിന് സ്വന്തം മകൾക്കും ഭർത്താവിനും അവർ വാടക കൊടുക്കുന്നു!

വേറൊരു അമ്മയുണ്ട് അവർക്ക് രണ്ടു പെൺകുട്ടികളാണ് ഭർത്താവ് മരിച്ചു പോയി. രണ്ടു പേരേയും കല്യാണം കഴിച്ചു വിടാൻ വേണ്ടി വീടു വിറ്റ് ഇപ്പോൾ ആ അമ്മ ഒറ്റമുറിയിൽ വാടകയ്ക്കു കഴിയുന്നു.

ജിബി: കൊടുക്കുന്നതും കൊടുക്കാത്തതും ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, അവനവന്റെ കൊക്കിലൊതുങ്ങുന്നതു മതി.

അന്നത്തെ ദിവസം ലുക്സ് അടിമുടി മാറണമെന്നുണ്ടോ?

രൊറ്റ കല്യാണം അന്ന് എനിക്കിഷ്ടം പോലൊക്കെ ചെയ്യണം. ഇത്തിരി പരീക്ഷണങ്ങളും ഇത്തിരി പാരമ്പര്യവും ചേർത്ത് കല്യാണം കഴിച്ചു നോക്കട്ടേന്നേ... എന്നു പറയുന്ന യുവാക്കളോട് അച്ഛനമ്മമാര്‍ക്ക് പറയാനുള്ളതെന്താകും? ഉടുപ്പിലും മേക്കപ്പിലും പരീക്ഷണം നടത്തി വിജയിച്ചതും പൊളിഞ്ഞതുമായ കഥകൾ കേൾക്കാം...

BIJ00772

ജോജു: കല്യാണത്തിന് നാട്ടുകാരെക്കൊണ്ട് അയ്യേ... എന്നു പറയിപ്പിക്കാത്തത് അണിയണം എന്നാണ് എന്റെ അഭിപ്രായം. കഴിവതും നാട്ടുനടപ്പുള്ള വസ്ത്രങ്ങൾ ധരിക്കാൻ നോക്കുക. ചില പിള്ളേരൊക്കെ പള്ളിയിൽ വരെ കഴുത്തിറങ്ങിയതും പുറം മുഴുവൻ കാണുന്നതുമായ ഉടുപ്പിട്ട് വന്ന് വഴക്കു കേൾക്കേണ്ടി വരും. ഇത്ര നല്ലൊരു ദിവസത്തിന്റെ നിറം കെടുത്താത്ത തരം വേഷം മതി നമുക്ക് എന്ന് തീരുമാനിക്കാം.

രഹന: പണ്ടത്തെ പോലെയലലല്ലോ ഇപ്പോ ഉടുപ്പിനും മേക്കപ്പിനും ഒക്കെ റഫറൻസ് എടുത്തിട്ടല്ലേ മിക്കവരും കല്യാണത്തിനായി ഒരുങ്ങുന്നത്. എന്റെ കൂട്ടുകാരിയും റഫറൻസ് എടുത്തു ഒരു സെലിബ്രിറ്റിയെ. അവളുമായി തീർത്തും സാമ്യമില്ലാത്ത ആളെ വച്ച് ‘ഇതു പോലെ തന്നെ എല്ലാം വേണമെ’ന്ന് വാ ശി. ഒട്ടും ചേരാത്ത മേക്കപ്പും സാരിയുമായി ലുക് വൻ ‘ഡിസാസ്റ്റർ’ ആയി എന്നു പറഞ്ഞാൽ മതിയല്ലോ. അവരവർക്കിണങ്ങുന്ന പരീക്ഷണങ്ങൾ പറ്റുമെങ്കിൽ ട്രയലെടുത്ത് സ്വന്തക്കാരെയൊന്ന് കാണിച്ചിട്ട് മതി എന്നേ ഞാൻ പറയൂ.

സോണിയ: ഇപ്പോൾ ബ്യൂട്ടി ട്രീറ്റ്മെന്റുകളാണ് താരം. പലരും സ്മൈൽ കറക്‌ഷനും, ബോട്ടോക്സും കല്യാണത്തിന് ആ ഴ്ചകൾ മുൻപേ ചെയ്യുന്നു. ആ ഒരു ദിവസം യുണീക് ആയി ഇരിക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം.

സരിത: വിവാഹ സാരികള‍്‍ക്കൊപ്പം കോൺട്രാസ്റ്റ് ബ്ലൗസ്, എച്.ഡി. മേക്കപ്, ഹെയർ കറക്‌ഷൻ അങ്ങനെ പല ട്രെൻഡും വരുന്നു. നല്ലതും ചീത്തയുമൊക്കെയുണ്ടാകാം. വലിയൊരു വിഭാഗം പേരും ഇതിനു പിന്നാലെ പോകുന്നുണ്ട്. ഇതൊക്കെ ബ്രേക്ക് ചെയ്യുന്നവരുമുണ്ട്. ആർഭാടമില്ലാതെ എലഗന്റ് ആയിരിക്കാൻ നോക്കുന്നവരെയാണ് എനിക്കിഷ്ടം. വാർമുടിയും അധികം ആഭരണങ്ങളും കണ്ണടിച്ചു പോകുന്ന നിറങ്ങളുള്ള വസ്ത്രങ്ങളും ഇല്ലാതെ തന്നെ കല്യാണ ദിവസം ഏറ്റവും കംഫർട്ടബിളായിരിക്കുന്ന അവസ്ഥ.

രാധിക: പരീക്ഷണങ്ങള‍്‍ ട്രൈ ചെയ്യുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ചിലപ്പോൾ പാളിയെന്നും വരാം. എന്റെയൊരു സുഹൃത്തിന്റെ പള്ളിയിൽ നടന്ന കല്യാണക്കാര്യം പറയാം. നല്ല വില കൊടുത്ത് മണവാട്ടി ഒരു വെസ്റ്റേൺ ഗൗൺ ഒക്കെ ചെയ്യിപ്പിച്ച് ഇട്ടു. മിന്നുകെട്ടാൻ നിക്കുമ്പോ കഴുത്തിന്റെ ഡിസൈനിന്റെ ഗുണം കൊണ്ട് അച്ചൻ പറഞ്ഞു ‘ഇതിനു മുകളിൽ ഷാൾ എങ്കിലും ഇടാതെ കല്യാണം നടക്കില്ല’. ഇത്രയും വിലയൊക്കെ കൊടുത്തിട്ട് എന്തായി...!

ഇങ്ങനെ ചർച്ച ചെയ്തു തുടർന്നാൽ ദിവസങ്ങളോളം തർക്കിക്കാനുള്ളതുണ്ടേ. പക്ഷേ, അതല്ലല്ലോ നമ്മൾ ചെയ്യേണ്ടത്. നമുക്ക് രണ്ടു ഭാഗവും കേൾക്കാം. കടുംപിടുത്തങ്ങളില്ലാതെ ശരിയെന്നു മനസ്സു പറയുന്നതു ചെയ്യാം. ‘അച്ഛൻ എന്തു കൊണ്ട് ഇങ്ങനെ പറയുന്നു’, ‘മകൾ എന്താണ് ഇങ്ങനെ മതി എന്നു പറയുന്നത്’ എന്നു ചിന്തിപ്പിക്കാൻ ഈ ചർച്ച ഉപകരിക്കട്ടെ. പൊട്ടിത്തെറികളില്ലാതെ, എല്ലാമുഖങ്ങളിലും ചിരിവിരിയിച്ച് മുഴങ്ങട്ടേ കല്യാണ മേളം...

ചർച്ചയിൽ പങ്കെടുത്തവർ

1. ബിനി– വീട്ടമ്മ, എറണാകുളം

2. രാമചന്ദ്രൻ– ഗൾഫ് റിട്ട. എംപ്ലോയി, തൃശൂർ

3. ജോജു ഐസക്– പ്രഫസർ, കോതമംഗലം

4. ഡോ. ജിബി– ഹോമിയോ ഡോക്ടർ, കോതമംഗലം

5. ബീന പോൾ– വീട്ടമ്മ, എറണാകുളം.

6. രാധിക അജിത്ത്– എംബിഎ വിദ്യാർഥി, അങ്കമാലി.

7. അഞ്ജിത– കൺഡന്റ് സ്ട്രാറ്റജിസ്റ്റ്, തൊടുപുഴ

8. സരിത വേണുഗോപാൽ– പബ്ലിക് റിലേഷൻസ് ഓഫിസർ

9. ശിൽപ സുനിൽ– ഡിസൈനിങ് വിദ്യാർഥി, തൃശൂർ

10. സോന ബിനിൽ– ഡിസൈനിങ് വിദ്യാർഥി, കുഴുപ്പുള്ളി

11. നികിത ജോൺ– ഡിസൈനിങ് വിദ്യാർഥി, തൊടുപുഴ

12. രഹന മൻസൂർ– ലക്ചറർ, കൊച്ചി

13. ഷഹന മൻസൂർ– ബിരുദാനന്തരബിരുദ വിദ്യാർഥി