Saturday 08 June 2024 02:49 PM IST

പാച്ച് ടെസ്റ്റ് ചെയ്ത് അലര്‍ജി ചേരുവ കണ്ടെത്താം, മേക്കപ് അലര്‍ജി തടയാന്‍ ശ്രദ്ധിക്കേണ്ടത്

Dr Sapna Surendran, Senior Consultant, Dermatologist & Cosmetologist, Carithas hospital, Kottayam

makeup4234

നമ്മുടെ ചർമം, മുടി, നഖം, പല്ലുകൾ എന്നിവയുടെ ഭംഗിയും വൃത്തിയും ഗ ന്ധവും മെച്ചപ്പെടുത്താൻ സഹായകരമായ ഉൽപന്നങ്ങളാണ് കോസ്മെറ്റിക്സ് (cosmetics). സോപ്പ്, പൗഡർ, പെർഫ്യൂം, ടൂത്ത് പേസ്റ്റ്, മേക്കപ് പ്രോഡക്‌റ്റുകൾ ഇവയെല്ലാം കോസ്മെറ്റിക് എന്ന ഗണത്തിൽ പെടുന്നു.

മുഖത്തുപയോഗിക്കുന്ന ഫൗണ്ടേഷൻ, പ്രൈമർ, കൺസീലർ, ബ്ലഷ്, കണ്ണുകളുടെ മേക്കപിനായുള്ള ഐ ലൈനർ, ഐഷാഡോ, ചുണ്ടിലുപയോഗിക്കുന്ന ലിപ്‌ലൈനർ,  ഗ്ലോസ്, ലിപ്സ്റ്റിക് എന്നിവ മിക്കവരും പതിവായി ഉപയോഗിക്കുന്നു.

എന്താണ് മേക്കപ്?

മേക്കപ് എന്നത് പലതരം ചേരുവകളുടെ മിശ്രിതമാണ്. സുഗന്ധ ദ്രവ്യങ്ങൾ, പിഗ്മെന്റ്, സൺസ്ക്രീൻ, റെസിൻ, പ്രിസർവേറ്റിവുകൾ, എന്നിവ കൂടാതെ ചെടികളിലും പൂക്കളിലും നിന്നുള്ള ‘ബൊട്ടാനിക്കൽ’ എന്ന ചേരുവകളും മേക്കപ്പിലും കോസ്മെറ്റിക്കിലും ഉ പയോഗിക്കുന്നു. ഇതിൽ ഏതു ചേരുവയും ചിലരുടെ ചർമത്തിൽ അലർജിയുണ്ടാക്കാം.

ലക്ഷണങ്ങളറിയാം

വളരെ സെൻസിറ്റീവ് ആയ ചർമമുള്ളവരിൽ അലർജി സാധ്യത കൂടുതലാണ്. എക്സിമ, കരപ്പൻ, എറ്റൊപിക് ഡെർമറ്റൈറ്റിസ് മുതലായ ചർമ പ്രശ്നമുള്ളവരിലും കൂടുതലാണ്.

1. ചിലരിൽ മേക്കപ് ഉപയോഗിച്ചു കുറച്ചു സമയത്തിനകം അസഹ്യമായ ചൊറിച്ചിൽ, ചുവന്നു തടിച്ച വെള്ളമൊലിക്കുന്ന പാടുകൾ, കുമിളകൾ എന്നിവ രൂപപ്പെടാം. ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്‌റ്റ് ഡെർമറ്റൈറ്റിസ് എന്നു വിളിക്കുന്നു.

2. എന്നാൽ മറ്റു ചിലരിൽ ദിവസങ്ങളോ, മാസങ്ങളോ വർഷങ്ങളോ ആയുള്ള നിരന്തര ഉപയോഗത്തിനു ശേഷമായിരിക്കും അലർജി വരുന്നത്. ചൊറിച്ചിൽ, മൊരിച്ചിൽ, നിറവ്യത്യാസങ്ങ ൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത് അലർജിക് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയാണ്.

3. കണ്ണുകളുടെ ചൊറിച്ചിൽ, വെള്ളം വരിക, ചുണ്ടുകളിൽ ചെറിച്ചിൽ നിറവ്യത്യാസം എന്നിവയും മേക്കപ്പ് അലർജിയുടെ ലക്ഷണങ്ങളാകാം.

കോൺടാക്റ്റ് ആർട്ടിക്കേരിയ എ ന്നറിയപ്പെടുന്ന അലർജിയും മേക്കപ് വസ്തുക്കളുടെ സമ്പർക്കത്താൽ വരാം. ചുവന്നു തടിച്ച് 24 മണിക്കൂറിനുള്ളിൽ മാഞ്ഞുപോകുന്ന ചൊറിച്ചിലോടു കൂടിയുള്ള പാടുകളാണ് ഇവ.

ചുരുക്കം ചിലരിൽ അനാഫൈലാക്സിസ് പോലെ ജീവഹാനിയുണ്ടാക്കുന്ന ഗുരുതരാവസ്ഥകളും വരാം. തലചുറ്റൽ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും മരണം വരെയും സംഭവിക്കാം. ഏറ്റവും അടുത്ത ആശുപത്രിയിൽ എ ത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട അവസ്ഥയാണിത്.

അലർജി കണ്ടെത്താം

മേക്കപ് ഉൽപന്നത്തിന്റെ അലർജി സാധ്യത കണ്ടെത്താൻ വീട്ടിൽ ചെയ്യാവുന്ന പരിശോധനയാണ് പാച്ച് ടെസ്റ്റ്. ചെറിയ അളവിൽ കൈത്തണ്ടയിൽ പുരട്ടി ചൊറിച്ചിലോ ചുവപ്പോ തടിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപയോഗം നിർത്തുക.

റോട്ട് ( ROAT Ð Repeat Open application test) അതായത് 5-10 ദിവസം വരെ തുടർച്ചയായി കൈത്തണ്ടയിൽ പുരട്ടി അലർജിയുണ്ടോ എന്നു ശ്രദ്ധിക്കാം. ഒരു ചർമരോഗവിദഗ്ധനു കോസ്മെറ്റിക് സീരീസ് പാച്ച് ടെസ്റ്റ് ചെയ്ത് മേക്കപ്പിലെ ഏതു ചേരുവയാണ് അലർജിയുണ്ടാക്കുന്നതെന്നു കണ്ടെത്താനാകും.
ഉപയോഗത്തിനു മുൻപേ മേക്കപ്പിന്റെ ലേബൽ പരിശോധിക്കാം.

റബർ ലാറ്റക്സ്, സുഗന്ധദ്രവ്യങ്ങ ൾ, പ്രിസർവേറ്റിവുകൾ, ഡൈകൾ, ക ളറുകൾ, നിക്കൽ, സ്വർണംÐ ഇവയുടെ അംശം എന്നിവയാണ് അലർജി സാ ധ്യതയുള്ള ചേരുവകൾ. അലർജിയില്ലാത്തതെന്നും (Hypoallergic) ഓർഗാനിക് (Organic) എന്നും രേഖപ്പെടുത്തിയ ലേബലുകൾ പ്രശ്നമില്ലാത്തവയെന്ന് ഉറപ്പിക്കാനാകില്ല. അലർജി ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മേക്കപ്പിന്റെ ഉ പയോഗം നിർത്തുക. സ്വയം ചികിത്സയ്ക്കു മുതിരാതെ ചർമരോഗവിദഗ്ധനെ സമീപിച്ചു ചികിത്സ തേടുക.

ഡോ. സപ്‌നാ സുരേന്ദ്രൻ

സീനിയർ കൺസൽറ്റന്റ്

ഡെർമറ്റോളജിസ്‌റ്റ് ആൻഡ്

കോസ്മറ്റോളജിസ്‌റ്റ്,

കാരിത്താസ് ഹോസ്പിറ്റൽ , കോട്ടയം
drsapna1unni@gmail.com

Tags:
  • Manorama Arogyam