Thursday 28 April 2022 02:31 PM IST : By മനോരമ ആരോഗ്യം ആർകൈവ്

നിലംതൊടാതെ രണ്ടു ദിവസം വിമാനം വട്ടംകറങ്ങി, ആശുപത്രി യുദ്ധക്കളം! ദുരന്തഭൂമിയിലെ ഞെട്ടിപ്പിക്കുന്ന അനുഭവം

dewfew43

ശാന്തസമുദ്രത്തിൽ പാം ചുഴലിക്കാറ്റ് ദുരന്തം വിതച്ച വാന്വാറ്റ ദ്വീപസമൂഹത്തിലെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് 2015 ഏപ്രിൽ 16 നാണ് തിരിച്ചെത്തിയത്. കഷ്ടിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും, ഏപ്രിൽ 25 ന് നേപ്പാളിൽ അതിശക്തമായ ഭൂകമ്പമുണ്ടായ വിവരമെത്തി. ഭൂകമ്പമാപിനിയിൽ 8.2 ആയിരുന്നു തീവ്രത. ഏപ്രിൽ 25 ന് വൈകിട്ട് സുഹൃത്തായ മൈത്രേയനുമൊത്ത് അദ്ദേഹത്തിന്റെ അമ്മയുടെ അസുഖ വിവരമറിയാൻ കൊല്ലത്ത് എത്തിയപ്പോഴാണ് ഉടൻ നേപ്പാളിലെത്തണം എന്ന അറിയിപ്പുമായി ഇന്റർനാഷനൽ മെഡിക്കൽ കോർപ്സിന്റെ ന്യൂയോർക്കിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ നിന്നു ഫോൺ വന്നത്.

തിരുവനന്തപുരത്തു നിന്നു ഡൽഹി വഴി കാഠ്മണ്ഡുവിലേക്കുള്ള ജെറ്റ് എയർവേയ്സിന്റെ വിമാനത്തിൽ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തു. ഏപ്രിൽ 26 ന് പകൽ 11 മണിയോടെ ഡൽഹിയിലെത്തിയ എനിക്ക് 12 മണിക്കുള്ള കാഠ്മണ്ഡു വിമാനം പിടിക്കാൻ ധൃതിപിടിച്ച് ഓടേണ്ടി വന്നു. കഷ്ടിച്ച് ഒരു മണിക്കൂർ മതി ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലെത്താൻ. സമയം കഴിഞ്ഞിട്ടും വിമാനം ലാൻഡ് ചെയ്യാതെ കാഠ്മണ്ഡുവിനു മുകളിൽ വട്ടമിട്ടു പറക്കുകയാണ്.

ത്രിഭൂവൻ എയർപോട്ട് സ്തംഭിച്ചിരിക്കുകയാണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. ചെറിയൊരു വിമാനത്താവളമാണത്. ഭൂകമ്പത്തെ തുടർന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ സേനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാൽ എയർപോർട്ട് നിറഞ്ഞിരിക്കുകയാണ്! ജീവനക്കാർ കുറവ്, സംവിധാനങ്ങൾ താറുമാറായിരിക്കുന്നു. അതിനാൽ ചരക്കിറക്ക് ഇഴഞ്ഞാണു നീങ്ങുന്നത്. രണ്ടര മണിക്കൂറായി വിമാനം ആകാശത്തു വട്ടമിട്ടു പറക്കുകയാണ്. വിമാനത്തിലെ ഇന്ധനം തീരാറായെന്നും ഇനി വട്ടമിട്ടു പറക്കാൻ കഴിയില്ലെന്നും അതിനാൽ ലക്നൗവിലേക്കു തിരിച്ചുവിടുകയാണെന്നും പൈലറ്റ് അറിയിച്ചു. ലക്നൗവിലെത്തി. ഇന്ധനം നിറച്ച് രാത്രി 12 മണിയോടെ വിമാനം വീണ്ടും ഡൽഹിയിലെത്തി.

അടുത്ത ഫ്ലൈറ്റ് അഞ്ചു മണിക്കായതിനാൽ അൽപം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. അഞ്ചു മണിക്കുള്ള വിമാനത്തിൽ യാത്രയാകുമ്പോൾ ഇത്തവണയെങ്കിലും കാഠ്മണ്ഡുവിൽ ഇറങ്ങാൻ കഴിഞ്ഞാൽ മതിയെന്നായി ചിന്ത. പക്ഷേ, ഫലമുണ്ടായില്ല. രണ്ടര മണിക്കൂർ വീണ്ടും വട്ടമിട്ടു പറക്കൽ, ലക്നൗവിലെത്തി ഇന്ധനം നിറയ്ക്കൽ, വീണ്ടും തിരിച്ച് ഡൽഹിയിൽ! ഉറക്കമില്ലായ്മയും യാത്രാക്ഷീണവും കൊണ്ടു യാത്രക്കാരെല്ലാം വശംകെട്ടു. രാത്രി എട്ടുമണിയോടെ വീണ്ടും കാഠ്മണ്ഡുവിലേക്കു തിരിച്ചു. മൂന്നാം തവണയും ഭാഗ്യം കടാക്ഷിച്ചില്ല. പഴയ ദുരനുഭവം ആവർത്തിച്ചു. അങ്ങനെ, ഏപ്രിൽ 26 ന് രാവിലെ തിരുവനന്തപുരത്തു നിന്നു തുടങ്ങിയ യാത്ര ഒടുവിൽ 28 നാണ് അവസാനിച്ചത്. അന്ന് പകൽ പന്ത്രണ്ടരയോടെ വിമാനം ത്രിഭുവൻ എയർപോർട്ടിന്റെ റൺവേ തൊട്ടപ്പോൾ വിമാനത്തിനുളളിൽ വൻ കരഘോഷമായിരുന്നു. നാലാമത്തെ ശ്രമത്തിൽ വിമാനം ഇറങ്ങി അവിടെ കാൽകുത്തിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.

മിഷൻ ഡയറക്ടർ സീൻ കേസിയും ഭാര്യയും വിമാനത്താവളത്തിൽ കാത്തു നിൽപുണ്ടായിരുന്നു. ലൈബീരിയയിൽ എബോള വൈറസ്സിനെതിരെയുള്ള പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുകയായിരുന്ന അദ്ദേഹം, ഒരു മാസം അവധിക്കാലം ചെലവിടാൻ ഭാര്യയുമൊത്ത് നേപ്പാളിൽ എത്തിയതാണ്. നേപ്പാളിൽ ആദ്യ ഭൂകമ്പമുണ്ടാകുമ്പോൾ ഡാഡിങ് ജില്ലയിലെ ഒരു റസ്‌റ്റോറന്റിലായിരുന്നു അദ്ദേഹം. രക്ഷപെടാൻ ഓടുന്നതിനിടെ വീണു സാരമല്ലാത്ത പരുക്ക് പറ്റിയിരുന്നു. തങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്ന ആ റസ്‌റ്റോറന്റ് നിമിഷങ്ങൾക്കകം നിലംപൊത്തുന്നത് അവർക്ക് കണ്ടു നിൽക്കേണ്ടി വന്നു. പിന്നീട് തിരികെപ്പോകാൻ വിമാനം കാത്തു രണ്ടുദിവസം എയർപോർട്ടിൽ നിൽക്കുമ്പോഴാണ് ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ടു.

യുദ്ധക്കളമായ ആശുപത്രി ഭൂകമ്പം മൂലം പകുതി മുക്കാലും നശിച്ച പഠാൻ ആശുപത്രിയിലേക്കാണ് എയർപോർട്ടിൽ നിന്ന് നേരെ എത്തിയത്. അവിടുത്തെ അസ്ഥിരോഗവിഭാഗം മേധാവി ഡോ. നബീസ് പഴയ സുഹൃത്താണ്. ആശുപത്രിയും പരിസരവും രോഗികളെക്കൊണ്ടു നിറഞ്ഞിരുന്നു. മുൻപ് ഭൂകമ്പമേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ളതിനാൽ, ആ കാഴ്ച അത്ഭുതപ്പെടുത്തിയില്ല. തകർന്ന ആശുപത്രി കെട്ടിടങ്ങൾക്കുള്ളിൽ കഴിയാൻ രോഗികൾ വിസമ്മതിക്കുകയും, അവിടെ പ്രവർത്തിക്കാൻ ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ഭയമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, രോഗികളെ ആശുപത്രി പരിസരത്ത് തുറസ്സായ സ്ഥലത്തേക്ക് മാറ്റുകയാണ് പോംവഴി. പ്രധാന ഭൂകമ്പത്തിന് ശേഷം തുടർചലനങ്ങളുണ്ടാകുന്നതിനാൽ പകുതി തകർന്ന കെട്ടിടങ്ങളിൽ കഴിയുക അപകടകരമാണ്.

നിലവിലുള്ള രോഗികൾക്കൊപ്പം ഭൂകമ്പത്തിൽ പരുക്കേറ്റവരുടെ പ്രവാഹം കൂടി ആയതോടെ ആശുപത്രി ശരിക്കുമൊരു യുദ്ധക്കളം പോലെയായി. തിടുക്കത്തിൽ വലിയ ടെന്റുകൾ കെട്ടി ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ളവ പുറത്തേക്ക് മാറ്റേണ്ടി വന്നു. ആശുപത്രി പരിസരം പോരാതെ വന്നപ്പോൾ സമീപത്തെ പട്ടാളഗ്രൗണ്ടിൽ ടെന്റുകളുണ്ടാക്കി. ഓപ്പറേഷൻ കഴിഞ്ഞ രോഗികളെയും ഗുരുതരനില തരണം ചെയ്തവരെയും അങ്ങോട്ട് മാറ്റി. സങ്കീർണശസ്ത്രക്രിയകൾ നടത്താനുള്ള സാങ്കേതിക വൈദഗ്ധ്യം നേപ്പാളിൽ കുറവായിരുന്നു. സാധാരണ എല്ലുപൊട്ടൽ പോലുള്ളവ അവിടുത്തെ സർജന്മാർ വേഗം ചെയ്തു തീർത്തു. നട്ടെല്ലിന്റെയും ഇടുപ്പെല്ലിന്റെയും പൊട്ടൽ പോലുള്ള സങ്കീർണ അവസ്ഥകൾ നേരിടുന്നവരുടെ കാര്യം ഏറ്റെടുക്കാൻ ഞങ്ങള്‍ തീരുമാനിച്ചു.

ദിവസവും നാലോ അഞ്ചോ ശസ്ത്രക്രിയകൾ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതിനിടെ, ലോകത്തിന്റെ എല്ലാ മൂലകളിൽ നിന്നും രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങി. അതോടെ മറ്റ് ജില്ലകളിലേക്ക് ദുരിതനിവാരണ പ്രവർത്തനം എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ഡാഡിങ്, ഗോർഘ, സിന്ധുപാൽ ചൗക്ക് തുടങ്ങിയ ജില്ലകളിലാണ് ഭൂകമ്പം ഏറ്റവുമധികം ദുരിതം വിതച്ചത്. പർവ്വതപ്രദേശങ്ങളിലെ റോഡുകൾ ഭൂകമ്പത്തിൽ തകർന്നതോടെ ഗതാഗതമാകെ താറുമാറായി. പർവതഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പല പ്രദേശത്തും ജനങ്ങൾ ആഴ്ചകളോളം ഭക്ഷണവും വെള്ളവും ചികിത്സയുമില്ലാതെ കഷ്ടപ്പെട്ടു. തുടർചലനങ്ങൾ തുടരുന്നതിനാൽ റോഡുകൾ പുനർനിർമിക്കുക ദുഷ്ക്കരമായിരുന്നു.

(തുടരും)

Tags:
  • Manorama Arogyam
  • Health Tips