അതിജീവനത്തിന്റെ മാധുര്യമാണ് ഡോ. സുജിത് എം. ജോസിന്റെ ജീവിതയാത്ര. അഞ്ചു വർഷങ്ങൾക്കപ്പുറത്ത്, അവിചാരിതമായി ഒരു ചക്രക്കസേരയിലേക്കു വീണു പോയപ്പോൾ പാതി തളർന്ന ഉടലിൽ പ്രതീക്ഷയുടെ ചിറകുകൾ തുന്നിച്ചേർത്താണു ചങ്ങനാശ്ശേരി സ്വദേശി ഡോക്ടർ സുജിത് തന്റെ സ്വപ്നങ്ങളെ ഒാരോന്നായി സ്വന്തമാക്കിയത്.
പഠനത്തിൽ സമർഥനായിരുന്ന ഡോക്ടർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ യൂറോളജി സൂപ്പർ സ്പെഷാലിറ്റി പഠനത്തിനു പ്രവേശനം ലഭിച്ചു കാത്തിരിക്കുകയായിരുന്നു. ആ മഴക്കാലത്ത് വീട്ടിലെ മോട്ടർ പ്രവർത്തിക്കാത്തതിനാൽ ടാങ്കിൽ വെള്ളം ഉണ്ടോ എന്നു നോക്കി ഗോവണിയിൽ നിന്ന് ഇറങ്ങിയ ഡോക്ടർ കാൽ വഴുതി പുറമടിച്ചു വീഴുകയായിരുന്നു. ആ വീഴ്ചയിൽ ഉടലിന്റെ പാതി തളർന്നു. അപ്രതീക്ഷിത ആഘാതം മനസ്സും തളർത്തിയെങ്കിലും ഡോക്ടറുടെ ആത്മശക്തിയുടെ പോരാട്ടമായിരുന്നു പിന്നീട്.
വീൽചെയറിൽ യൂറോളജി പഠനം പൂർത്തിയാക്കിയ ഡോക്ടർ അന്താരാഷ്ട്ര തലത്തിൽ വർഷത്തിൽ അഞ്ചു പേർക്കു മാത്രം ലഭിക്കുന്ന എസ് െഎ യു ട്രെയ്നിങ് സ്കോളർഷിപ്പ് 2022–ൽ ഇന്ത്യയിൽ നിന്നും സ്വന്തമാക്കി. തുടർന്ന് കൊളംബിയയിൽ നിന്ന് യൂറോളജിയിൽ വിദഗ്ധപരിശീലനം നേടി.
പ്രതിസന്ധികളുടെ ഇരുട്ടിൽ പ്രതീക്ഷയുടെ ഒരു തിരിനാളം തെളിച്ച്, തന്റെ സ്വപ്നങ്ങളെ പിന്തുടരുകയായിരുന്നു ഡോക്ടർ. കണ്ണീർ നനവുള്ളതെങ്കിലും പ്രചോദനാത്മകമായ ആ ജീവിതയാത്ര വായിക്കാം – മനോരമ ആരോഗ്യം 2023 ജൂലൈ ലക്കത്തിൽ...