Thursday 01 December 2022 12:10 PM IST : By സ്വന്തം ലേഖകൻ

പ്രതിരോധ ശേഷി കുറച്ച് ശരീരത്തെ ദുർബലപ്പെടുത്തുന്ന എച്ച്ഐവി: ഭയക്കേണ്ട, ഈ മരുന്നുകൾ പുതിയ പ്രതീക്ഷയേകുന്നു

aidsdaye23424

എച്ച്.ഐ.വി അഥവാ എയ്ഡ്‌സ് എന്ന് കേട്ടാല്‍തന്നെ എല്ലാവരുടെയും ഉള്ളില്‍ വരുക ഭയം എന്ന വികാരമാണ്. തെറ്റിദ്ധാരണാജനകമായ പല ചിന്തകളും ഈ അസുഖത്തെക്കുറിച്ച് സമൂഹത്തില്‍ നിലവിലുണ്ട്. അവയെല്ലാം മാറ്റി ഈ അസുഖത്തെക്കുറിച്ച് ശരിയായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാനാണ് ഡബ്ലു.എച്ച്.ഒ ഡിസംബര്‍ ഒന്ന് വേള്‍ഡ് എയ്ഡ്‌സ് ഡേ ആയി ആചരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്.ഐ.വി ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടി.ബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി.

ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ച മനുഷ്യര്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ കിട്ടുന്നു. എച്ച്ഐവിയുടെ ചികിത്സയിൽ പ്രധാനം ആന്റി റിട്രോവൈറൽ തെറപ്പി അഥവാ എആർടി ആണ്. ശരീരത്തിലെ എച്ച്ഐവി ലോഡ് കുറച്ചുകൊണ്ടുവരുവാനുള്ള ചികിത്സയാണ് എആർടി. പലതരം മരുന്നുകൾ ഈ തെറപ്പിയിൽ ഉപയോഗിക്കുന്നു. ചിലപ്പോൾ ഒന്നിലധികം മരുന്നുകളോ അല്ലെങ്കിൽ അവയുടെ സംയുക്തമായ ഒറ്റ ഗുളികയോ ആവും നൽകുക. സിഡി4 അളവു കുറയ്ക്കുക മാത്രമല്ല എആർടി ചികിത്സ ചെയ്യുന്നത്. എച്ച്ഐവി വൈറസിന്റെ ശരീരത്തിലെ വ്യാപനം സാവധാനമാക്കുന്നു, എച്ച്ഐവി ബാധിച്ചവരിൽ അണുബാധകൾ (ഒപ്പർച്യൂണിറ്റിക് ഇൻഫക്ഷൻ) വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

എല്ലാ എച്ച്ഐവി ബാധിതർക്കും എആർടി ചികിത്സയുടെ ആവശ്യമില്ല. വൈറസ് ബാധിതന്റെ ശരീരത്തിലെ സിഡി4കോശങ്ങളുടെ അളവു നോക്കിയും മരുന്നു താങ്ങാൻ രോഗിയുടെ ശരീരത്തിനു കഴിയുമോ എന്ന് വിദഗ്ധ പരിശോധന നടത്തിയും ഡോക്ടറാണ് ഇതു നിശ്ചയിക്കുക. ചിലർക്ക് എആർടിക്ക് പകരം മറ്റു മരുന്നുകൾ കഴിച്ചാൽ മതിയാകും. ചികിത്സ തുടങ്ങി ആറു മാസം കഴിയുന്നതേ ഭാരം കുറയലും ക്ഷീണവുമുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഭേദമായിതുടങ്ങും, പതിയെ സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങാം. ഇടയ്ക്ക് വച്ച് എആർടി മുടക്കുന്നത് രോഗാണുവിന്റെ ശക്തി വർധിപ്പിക്കും. ഇതേ തുടർന്ന് നിലവിലുള്ള ചികിത്സ ഫലിക്കാതെ വരുകയും കൂടുതൽ വിലയുള്ള മരുന്നുകൾ വേണ്ടിവരുകയും ചെയ്തേക്കാം. ഇതിന് സെക്കൻഡ് ലൈൻ തെറപ്പി എന്നു പറയുന്നു.

പുതിയ മരുന്നുകൾ, പുതിയ പ്രതീക്ഷകൾ

എയ്ഡ്സ് ചികിത്സയിൽ വന്ന ഏറ്റവും പ്രധാനമാറ്റം പാർശ്വഫലങ്ങൾ നന്നേ കുറഞ്ഞ മരുന്നുകൾ വന്നു എന്നതാണ്. പണ്ടത്തെ മരുന്നുകൾക്ക് ഒട്ടേറെ പാർശ്വഫലങ്ങളുണ്ടായിരുന്നു. മാത്രമല്ല ഡ്രഗ് റെസിസ്റ്റൻസിനെ നേരിടാൻ പോന്നത്ര മികവുറ്റ മരുന്നുകളും എയ്ഡ്സിന്റെ കാര്യത്തിൽ ലഭ്യമാണ്. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറഞ്ഞിട്ടുണ്ട്. 

വാക്സിനേഷന്റെ കാര്യത്തിൽ പക്ഷേ, പ്രതീക്ഷകളൊന്നുമില്ല. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം വളരെ കുറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിലെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെട്ടതോടെ രക്തക്കൈമാറ്റം വഴിയും സൂചിയുപയോഗം വഴിയുമുള്ള എയ്ഡ്സ് വ്യാപനം ഇല്ലാതായെന്നു പറയും. അതുപോലെ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കുള്ള രോഗവ്യാപനവും മിക്കവാറും തന്നെ തടയാനായിട്ടുണ്ട്. വൈകാതെ തന്നെ എയ്ഡ്സ് എന്ന രോഗത്തെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ.

ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. 

അതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ച നിര്‍ഭാഗ്യവാന്മാരെക്കൂടി നമുക്ക് ഒപ്പം ചേര്‍ക്കാം. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

ഡോ. ഷെരീക്ക് പി. എസ്.

കൺസൽറ്റന്റ് ഇൻഫക്‌ഷ്യസ് ഡിസീസ്

എസ്‌യു‌റ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips