Saturday 04 March 2023 11:31 AM IST : By മിനി മേരി പ്രകാശ്

കാത്സ്യത്തിന്റെ കുറവ് ഏകാഗ്രതയെ ബാധിക്കും, തലച്ചോറിന് വേണ്ടത് സിങ്ക്: പരീക്ഷാക്കാലത്ത് കുട്ടികൾ കഴിക്കേണ്ടത്

ewre3243d

പരീക്ഷാക്കാലം വരുകയാണ്. പരീക്ഷാക്കാലത്ത് കുട്ടികളുടെ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം എന്ന് എല്ലാ മാതാപിതാക്കൾക്കുമറിയാം. എന്നാൽ ആഹാരത്തിൽ ചില ധാതുക്കൾ നിർബന്ധമായും ഉൾപ്പെടുത്തണം എന്നറിയാമോ? ചില ധാതുക്കളുടെ അഭാവവും ഓർമക്കുറവിനും ശ്രദ്ധക്കുറവിനും കാരണമാകാം. അതേക്കുറിച്ച് വിശദമായറിയാം.

∙ ഇരുമ്പിന്റെ അഭാവം ശ്രദ്ധക്കുറവിന് ഒരു കാരണമാണ്. ഇലക്കറികൾ, രാജ്മ പയർ, മത്സ്യം, മാംസം, നട്സ് മുതലായവ ഇരുമ്പിന്റെ നല്ല സ്രോതസ്സുകളാണ്.

∙കാത്സ്യത്തിന്റെ കുറവ് കുട്ടിയുടെ ജാഗ്രത, ഏകാഗ്രത, അറിവ്, മാനസികാവസ്ഥ എന്നിവയെ ബാധിക്കുന്നു. പാൽ, പാലുൽപ്പന്നങ്ങൾ ഇവ കാൽസ്യത്തിന്റെ നല്ല സ്രോതസ്സുകളാണ്.

∙ക്രോമിയം ഇൻസുലിന്റെ സംവേദനക്ഷമത വർധിപ്പിക്കുന്നു. ഇത് തലച്ചോറിലെ സെറോട്ടോണിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. മാംസവും ധാന്യങ്ങളും ചില പഴങ്ങളും (മുന്തിരി, ആപ്പിൾ), പച്ചക്കറികളും, സുഗന്ധവ്യഞ്ജനങ്ങളും ക്രോമിയത്തിന്റെ നല്ല ഉറവിടങ്ങളാണ്.

∙ സിങ്ക് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചെറുപയർ, നട്സ്, കടൽ ഭക്ഷണം, ഇറച്ചി ഇവ സിങ്കിന്റെ നല്ല ഉറവിടങ്ങൾ ആണ്.

∙തലച്ചോറിന് കോപ്പർ അഥവാ ചെമ്പ് സ്ഥിരമായി ലഭിക്കേണ്ടതുണ്ട്. കടൽ മത്സ്യം, കടൽ ഉൽപ്പന്നങ്ങൾ, ചിപ്പി, പരിപ്പ്, വിത്തുകൾ, അവാക്കാഡോ പഴം ഇവ എല്ലാം ചെമ്പിന്റെ ഉറവിടങ്ങളാണ്. ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മോശം മാനസികാവസ്ഥ മുതലായവയാണ് കോപ്പറിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ.

∙ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അയഡിന്‍ അത്യാവശ്യമാണ്. ഭക്ഷണത്തിലെ അയഡിന്റെ അഭാവം തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ പ്രതികൂലമായി ബാധിച്ച് വിഷാദം, ഉത്കണ്ഠ, പഠനപ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകാം. കടൽ വിഭവങ്ങളും അയഡൈസ്ഡ് ഉപ്പും അയഡിന്റെ സമൃദ്ധമായ ഉറവിടമാണ്.

വെള്ളം കുടിക്കാൻ മറക്കരുതേ

പഠിക്കുമ്പോഴും പരീക്ഷാസമയത്തും കുട്ടികളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. മസ്തിഷ്കത്തിൽ 70 -75% വെള്ളം അടങ്ങിയിട്ടുണ്ട്. ഒാർമ, ശ്രദ്ധ, മറ്റു വൈജ്ഞാനിക കഴിവുകൾ എന്നിവ കുറയുന്നതിന് തലച്ചോറിലെ നിർജലീകരണം തന്നെ രണ്ടു ശതമാനത്തോളം കാരണമാകാം. നേരിയ തോതിലുള്ള നിർജലീകരണം, ഓർമ, ഏകാഗ്രത മുതലായവയെ പ്രതികൂലമായി ബാധിക്കാം.

വെള്ളം കുടിക്കുന്നത് കുട്ടിയുടെ അക്കാദമിക് പെർഫൊമൻസ് കൂട്ടുന്നതായാണു പല പഠനങ്ങളും കാണിക്കുന്നത്. കുട്ടി പഠിക്കുമ്പോൾ ഒരു കുപ്പി വെള്ളം മേശപ്പുറത്ത് സൂക്ഷിക്കണം. അനുവദനീയമെങ്കിൽ പരീക്ഷാഹാളിലും വെള്ളം കൊണ്ടുപോകണം. നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം ഇവയെല്ലാം കുടിക്കുന്നതു വളരെ നല്ലതാണ്. മധുരപാനീയങ്ങളും എയ്റേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. കാപ്പിയും ഒഴിവാക്കുന്നതാണു നല്ലത്. പാൽ ദിവസേന കുടിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും പേശികളുടേയും തലച്ചോറിന്റെയും ആരോഗ്യത്തിനു നല്ലതാണ്. പാൽ കുടിക്കുന്നവരിൽ തലച്ചോറിൽ ഗ്ലൂട്ടത്തയോൺ കൂടുതലായിരിക്കും. ഗ്ലൂട്ടത്തയോണിന് ഒാക്സിഡേറ്റീവ് സ്ട്രെസ് തടയുവാനും തലച്ചോറിലെ സാധാരണ ഉപാപചയ പ്രക്രിയയിൽ ഉൽപാദിപ്പിക്കുന്ന രാസ സംയുക്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുവാനും കഴിയും.

സ്റ്റഡ‍ി ലീവ് – പരീക്ഷാ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടത്

1. കുട്ടിയെ ചെറിയ അളവിൽ പലപ്പോഴായി ഭക്ഷണം കഴിപ്പിക്കാൻ ശ്രദ്ധിക്കുക.

2. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലിപ്പിക്കുക.

3. ഇടനേരങ്ങളിൽ സ്നാക്സ് നൽകാം.

4. ഒമേഗ 3 കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉണ്ടാകണം.

5. വെള്ളം എപ്പോഴും കൂടെയുള്ള ഒരു ഉത്തമ സുഹൃത്ത് ആകട്ടെ.

6. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഓരോ ആഹാര നേരങ്ങളിലും ഉൾപ്പെടുത്തുക.

7. ഓരോ പ്രായത്തിലും വേണ്ട ഊർ‍ജത്തിന്റെയും പ്രോട്ടീനിന്റെയും അളവ് വ്യത്യസ്തമാണ്. ആവശ്യമെങ്കിൽ ഒരു ഡയറ്റീഷന്റെ സഹായം തേടാം.

തയാറാക്കിയത്

മിനി മേരി പ്രകാശ്

Tags:
  • Manorama Arogyam
  • Kids Health Tips