Friday 23 December 2022 05:17 PM IST : By സ്വന്തം ലേഖകൻ

മൃഗക്കൊഴുപ്പും പാലും മുട്ടയും വെണ്ണയും ഒഴിവാക്കി വീഗൻ കേക്ക്; ക്രിസ്മസിനു രുചിയേറ്റാൻ മുന്തിരി വൈനും...

xmascake444

പുൽക്കൂടും ക്രിസ്മസ് മരവും നക്ഷത്രങ്ങളും ഒരുക്കി നാം ക്രിസ്മസ്  ആഘോഷത്തിന് ഒരുങ്ങുകയാണ്. രുചികരമായ ക്രിസ്മസ്  വിരുന്നു കൂടി ചേരുമ്പോഴാണ് ആഘോ ഷം പൂർണമാകുന്നത്. ക്രിസ്മസ് വിഭവങ്ങളിൽ മാറ്റി നിർത്താനാകാത്ത രണ്ടു വിഭവങ്ങളാണ് ക്രിസ്മസ് കേക്കും മുന്തിരി വൈനും.

രുചിയും ആരോഗ്യവും

പ്രമേഹവും രക്താതിസമ്മർദവും അമിതഭാരവും ഉയർന്ന കൊളസ്ട്രോളും നമ്മെ ഭയപ്പെടുത്തുമ്പോഴും ക്രിസ്മസ് കേക്ക് രുചിക്കാത്ത ഒരു ക്രിസ്മസ് കാലം നമുക്ക് ഓർക്കാൻ ക ഴിയില്ല. അതു കൊണ്ടു ത ന്നെ രുചികരവും ആരോഗ്യകരവുമായ കേക്ക് എന്ന ചിന്തയ്ക്ക് പ്രാധാന്യമേറുന്നു. ഒരു പരിധിവരെ ആ രോഗ്യപ്രദമായ കേക്കുകളാണ് ‘വീഗൻ കേക്ക്.’ പേര് സൂചിപ്പിക്കുന്നതു പോലെ അൽപം പോലും മൃഗക്കൊഴുപ്പോ അതിന്റെ ഉപോൽപ്പന്നങ്ങളോ ചേർക്കുന്നില്ല. പാലും മുട്ടയും വെണ്ണയും ഒഴിവാക്കി സസ്യ എണ്ണകൾ ചേർത്താണ് ഇവ നിർമിക്കുന്നത്.മുട്ടയ്ക്കു പകരം ആന്റി ഓക്സിഡന്റ് അടങ്ങിയ ഫ്ലാക്സ് സീഡ് ഉപയോഗിക്കുന്നു. വെളുത്ത പഞ്ചസാരയ്ക്കു പകരം തേനും ബ്രൗൺ ഷുഗറും.

പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കുന്നതു കാരണം കേക്ക് മൃദുവാണ്.എളുപ്പം ദഹിക്കുന്നു. വീഗൻ കേക്കുകൾ അലർജി സാധ്യതയും വീക്കം (inflammation) ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. സാധാരണ കേക്കുകൾ അധികം കഴിക്കുമ്പോൾ അനുഭവപ്പെടുന്ന െബ്രയ്ൻ ഫോഗ് ലക്ഷണങ്ങൾ വീഗൻ കേക്കിന് അത്ര അനുഭവപ്പെടുന്നില്ല. ആശങ്ക, ഏകാഗ്രതക്കുറവ്, ഒാർമക്കുറവ് എന്നിങ്ങനെ വിവിധലക്ഷണങ്ങളായാണ് പൊതുവെ ബ്രെയ്ൻ ഫോഗ് പ്രകടമാകുന്നത്.

ഒരുക്കാം വീഗൻ കേക്ക്

ചേരുവകൾ

1. മൈദ -150 ഗ്രാം

2.ബേക്കിങ്  സോഡ -
അര ടീസ്പൂൺ
3. ബേക്കിങ് പൗഡർ -
ഒരു ടീസ്പൂൺ

4. ഉപ്പ് - കാൽ ടീസ്പൂൺ

5. കറുവപ്പട്ടപ്പൊടി - ഒരു ടീസ്പൂൺ

6. ജാതിക്കപ്പൊടി- ഒരു നുള്ള്
7. ഫ്ളാക്സ് സീഡ് പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ‌

8. സൂര്യകാന്തിയെണ്ണ - അരക്കപ്പ്

9. ബ്രൗണ്‍ ഷുഗർ - അരക്കപ്പ്

10. തേൻ - അരക്കപ്പ്

11. ഈന്തപ്പഴം പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

12. കാരറ്റ് പൊടിയായി ഗ്രേറ്റ്

ചെയ്തത് -ഒന്നരക്കപ്പ്.

13. കശുവണ്ടി, ബദാം , വാൽനട്ട് പൊടിയായി അരിഞ്ഞത് - കാൽ കപ്പ്

തയാറാക്കുന്ന വിധം

ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ (dry ingredients ) നന്നായി ചേർത്തു യോജിപ്പിക്കുക. രണ്ടോ മൂന്നോ വട്ടം അരിപ്പയിൽ അരിച്ചെടുക്കണം.

ഫ്ളാക്സ് സീഡ് പൊടിച്ചത് മൂന്നു ടേബിൾ സ്പൂൺ വെള്ളവുമായി ചേർത്തു മാറ്റിവയ്ക്കുക. ബ്രൗൺഷുഗറും സൂര്യകാന്തിയെണ്ണയും ഫ്ളാക്സ് സീഡ് കുതിർത്തതും ബീറ്റർ ഉപയോഗിച്ച് യോജിപ്പിക്കുക. കാൽകപ്പ് തേനിൽ ഈന്തപ്പഴം കുതിരാനായി വയ്ക്കുക.കാരറ്റും നട്സും മൈദ മിക്സിലേക്ക് ചേർത്തു നന്നായി ഇളക്കാം. അതിനുശേഷം സൂര്യകാന്തിയെണ്ണ കുറെശ്ശെ ചേർക്കുക. കുതിർന്ന ഈന്തപ്പഴവും ബാക്കിയുള്ള തേനും ചേർക്കുക. ട്രേയിൽ ബട്ടർ പേപ്പർ വിരിച്ച് മിശ്രിതം ഒഴിക്കാം. ഇത് 30-35 മിനിറ്റ് ബേക്ക് ചെയ്യാം. നന്നായി തണുത്തതിനു ശേഷം മാത്രം ട്രേയിൽ നിന്ന് എടുത്തു മുറിച്ച് ഉപയോഗിക്കാം.

മുന്തിരി വൈൻ‌

ചതച്ചെടുത്ത മുന്തിരി ഫെർമെന്റ് ചെയ്തു തയാറാക്കുന്ന റെ‍ഡ് വൈൻ ക്രിസ്മസിന്റെ അവിഭാജ്യഘടകമാണ്. ഇതിൽ ആൽക്കഹോൾ കുറഞ്ഞ അളവിൽ മാത്രമേ ഉള്ളൂ. മുന്തിരിയുടെ തൊലിയിൽ അടങ്ങിയ ആന്തോസയാനിൻ എന്ന പിഗ്െമന്റാണ് വൈനിന് ആ നിറം നൽകുന്നത്. ഈ വൈൻ മിതമായിഉപയോഗിച്ചാൽ പല രോഗങ്ങളേയും പ്രതിരോധിക്കാം. മുന്തിരിയുടെ തൊലിയിൽ അടങ്ങിയ റെസ്‌വെരാട്രോൾ അടക്കമുള്ള ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനു സഹായകമാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. മുന്തിരി വൈൻ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതും ഇതിലെ പോളിഫിനോളുകൾ എന്ന ജൈവസംയുക്തങ്ങൾ ഒരാളുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ സൂക്ഷ്മജീവികളെ പിന്തുണയ്ക്കുന്നതുമാണ് എന്നു ചില പഠനങ്ങൾ പറയുന്നു.
( മുന്തിരി വൈൻ മിതമായി ഉപയോഗിക്കണം. പുരുഷന്മാർക്ക് ഒരു ദിവസം - 300 മിലീ. സ്ത്രീകൾക്ക് ഒരു ദിവസം - 150 മിലീ എന്നു മയോ ക്ലിനിക് നിർദേശിക്കുന്നു.)

വൈൻ വീട്ടിൽ തയാറാക്കാം

ചേരുവകൾ
കറുത്ത മുന്തിരി (ജ്യൂസ് മുന്തിരി) നന്നായി കഴുകി ഓരോന്നായി വേർപെടുത്തി എടുത്തത്Ð 5 കിലോ

പഞ്ചസാര –രണ്ടരക്കിലോ

സൂചിഗോതമ്പ് – രണ്ട് ടേബിൾസ്പൂൺ

ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു ടീസ്പൂൺ

തിളപ്പിച്ചാറിയ വെള്ളം– രണ്ടു ലീറ്റർ

തയാറാക്കുന്ന വിധം

വൈൻ ഇടാനുള്ള പാത്രങ്ങളും ഭരണിയും നന്നായി കഴുകി ഉണക്കണം. കഴുകിയ മുന്തിരിയിൽ പൊട്ടാത്തതു മാത്രം തിരഞ്ഞെടുക്കുക. കൈകൊണ്ടോ മഷർ കൊണ്ടോ ഓരോ മുന്തിരിയും ചതയ്ക്കുക. കുരു പൊട്ടാത്ത വിധം മിക്സിയിൽ ഒന്ന് അടിച്ചെടുത്താലും മതി. ഭരണിയിൽ മുന്തിരിയും പഞ്ചസാരയും സൂചിഗോതമ്പും യീസ്റ്റും ഇട്ട് മരത്തവി കൊ ണ്ടു നന്നായി ഇളക്കുക. അതിനു ശേഷം തിളപ്പിച്ചാറിയ വെള്ളം കൂടി ചേർത്ത് അടച്ച് ഒരു കോട്ടൻ തുണികൊണ്ട് ഭരണിയുടെ വായ്ഭാഗം കെട്ടിവയ്ക്കുക.തുടർന്ന് 21 ദിവസം വരെ ഒരേ സമയത്ത് ഭരണി തുറന്ന് ഒന്നോ രണ്ടോ മിനിറ്റ് നന്നായി ഇളക്കുക. 21-ാം ദിവസം ഭരണി തുറന്ന് വൈൻ അരിച്ചെടുത്ത് ഇരുണ്ട നിറമുള്ള കുപ്പികളിൽ സൂക്ഷിക്കാം.വൈൻ ഇരിക്കുംതോറും മധുരവും നിറവും കുറയും. വൈൻ കെട്ടി വയ്ക്കുന്നതിനൊപ്പം ചിലർ ഏലക്കായ, ഗ്രാംപൂ, കറുവപ്പട്ട എന്നിവ ഒന്നോ രണ്ടോ എണ്ണം ചേർക്കാറുണ്ട്.

തയാറാക്കിയത്

റീന ജിജോ വളപ്പില

ചീഫ് ഡയറ്റീഷൻ

അമല കോളജ് ഒഫ് മെഡിക്കൽ സയൻസസ്, തൃശൂർ

Tags:
  • Manorama Arogyam
  • Diet Tips