മകൾക്ക് 11 വയസ്. നഖം കടി ശീലം വിട്ടുമാറുന്നില്ല. ഈ ദുശ്ശീലം മാറ്റാൻ എന്താണു ചെയ്യേണ്ടത്?
സ്റ്റെഫി, മുംബൈ
ഒരുതരം ആകാംക്ഷ, പിരിമുറുക്കം, വിരസത, അനുകരണം എന്നിവയുടെ ഭാഗമായും കുട്ടികളിൽ നഖം കടിക്കുന്ന ശീലം പ്രകടമായേക്കാം. ഇത്തരത്തിൽ മേൽ പറഞ്ഞ രണ്ടുമൂന്നു കാരണങ്ങളാലാണ് ഈ ശീലങ്ങൾ പ്രകടമാകുന്നതെങ്കിൽ ഇതിനെ പരിഭ്രമശീലങ്ങൾ (nervous habits) എന്നും പറയാം.
തലമുടി പിടിച്ചു വലിക്കുക, പല്ല് കടിക്കു ക, വിരൽ കുടിക്കുക, മൂക്കിൽ/ചെവിയിൽ വിരലിടുക എന്നീ ശീലങ്ങൾ കുട്ടികൾ മുതിർന്നു തുടങ്ങുമ്പോൾ പതിയെ അപ്രത്യക്ഷമായേക്കാം, ചില ശീലങ്ങൾ തുടർന്നേക്കാം.കുട്ടികളിലെ വളർച്ചാമാറ്റങ്ങൾ അവർക്കു പറഞ്ഞുഫലിപ്പിക്കാനാകാത്ത ചില സമ്മർദങ്ങൾ ഉണ്ടാക്കിയേക്കാം. ഈ ശീലത്തെക്കുറിച്ച് ആകുലപ്പെടാതെ ചുവടെ പറയുന്ന ചില രീതികൾ അവലംബിക്കാവുന്നതാണ്.
1. കുട്ടി നഖം കടിക്കുന്ന ശീലം തുടർച്ചയായും, അമിതമായും ആവർത്തിക്കുന്നു എങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.
2. എന്തു ചെയ്യരുത് എന്നു പറയുന്നോ അതു ചെയ്യാൻ മാത്രമേ കുട്ടി ശ്രമിക്കാറുള്ളൂ. അതിനാൽ തന്നെ ‘നഖം കടിക്കരുത്’ എന്ന തുടർച്ചയായ മുന്നറിയിപ്പിനു പകരം, ‘മോനേ/മോളേ അമ്മ നഖം വൃത്തിയാക്കി അഴുക്കൊന്നും ഇല്ലാതെ ഭംഗിയായി വളർത്തിയിരിക്കുന്നതു നോക്കിക്കേ, അമ്മയ്ക്കു നഖത്തിൽ നെയിൽപോളിഷ് ഇട്ടുതരാമോ?’ എന്നൊക്കെ പറയാം. ശേഷം അമ്മയുടെ നെയിൽ പോളിഷിട്ട വിരലുകൾ കുട്ടിക്കു കാണിച്ചു കൊടുക്കാം. ഇനി കുട്ടിയോടു പറയുക; ‘അമ്മയും കുഞ്ഞും ഒരു മത്സരം വയ്ക്കാൻ പോകുവാണേ, അമ്മ കുട്ടിയുടെ നഖങ്ങളിൽ നെയിൽ പോളിഷ്/ഇലമൈലാഞ്ചി ഇട്ടുകൊടുക്കുക. ഇനി അമ്മയുടെ നെയിൽ പോളീഷാണോ അതോ കുഞ്ഞിന്റെയാണോ ഒരുപാടു ദിവസം ഇളകി പോകാതെ സൂക്ഷിക്കുന്നതെന്നു നോക്കാം. ആരു ജയിക്കുന്നോ അവർക്കു സമ്മാനം ഉണ്ട്!’ (നെയിൽ പോളിഷ് ഇട്ടു സ്കൂളിലയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ കുട്ടി വീട്ടിൽ നിൽക്കുന്ന അവസരങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വഭാവ രൂപീകരണത്തിന്റെ ഒരു ചെറിയ പരീക്ഷണരീതി മാത്രമാണിത്. അതിനാൽ എത്രത്തോളം ഇതു ഫലപ്രദമാകുമെന്ന് ഉറപ്പു പറയാനാകില്ല)
3. കുട്ടിയെ ശകാരിക്കുകയോ അടിക്കുകയോ ചെയ്യരുത്. ഒരു പക്ഷേ കുട്ടി ഇതു മനഃപൂർവം ആവർത്തിക്കുന്നതാകില്ല. അതിനാൽ കാര്യമറിയാതെ മാതാപിതാക്കൾ കുട്ടിയെ വഴക്കു പറയുന്നത് അവരിൽ വാശി/ദേഷ്യം കൂട്ടുകയേ ഉള്ളൂ. കൂടാതെ ഈ ശീലത്തിൽ നിന്നും കുട്ടിയുടെ ശ്രദ്ധ വ്യതിചലിക്കും വിധം ഉപകാരപ്രദമായ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുത്തുക.
4. കുട്ടിയിലെ ആകുലതകളെ/ ഉത്കണ്ഠകളെ മനസിലാക്കുക; ഓരോ പെരുമാറ്റവും നാം പഠിച്ചെടുക്കുന്നതാണ്. അതിനാൽ ഏതൊരു പെരുമാറ്റത്തിനു പിന്നിലും ഒരു കാരണവുമുണ്ടാകും. കുട്ടി തുടർച്ചയായി ഈ ശീലം പ്രകടിപ്പിക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക.
5. ഈ ശീലം കുട്ടിയേയും, മാതാപിതാക്കളേയും ശരിക്കും അലട്ടുന്നുവെങ്കിൽ പരിധികൾ നിശ്ചയിക്കുക. ഉദാ: ആഹാരം കഴിക്കുമ്പോൾ നഖം കടിക്കരുത്, പഠിക്കുമ്പോൾ നഖം കടിക്കരുത് തുടങ്ങിയ കർശന നിർദേശങ്ങൾ നൽകുക, പാലിക്കുന്നുവെന്നു ഉറപ്പാക്കുക.