Wednesday 27 April 2022 02:59 PM IST : By സ്വന്തം ലേഖകൻ

‘നോ പറയേണ്ടിടത്തു നോ പറയണം, കൂകി വിളിക്കേണ്ടിടത്തു കൂകി വിളിക്കണം’: അടക്കി വയ്ക്കേണ്ടതല്ല പെണ്ണിന്റെ തന്റേടം

boldness-woman

എനിക്ക്  കുറച്ചു തന്റേടം തരുമോ?

നാൽപതിനടുത്ത് പ്രായമുള്ള സ്ത്രീയുെട അപേക്ഷയാണ്. അവര്‍ തുടരുന്നു. ‘എെന്‍റ പ്രശ്നം നിസ്സാരമെന്നു തോന്നാം. എ ന്നാലതു കൊണ്ടു ഞാനനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാകില്ല. എന്തെങ്കിലും കുഴപ്പം സംഭവിച്ച ശേഷം, ഞാന്‍ വേണ്ടവണ്ണം പ്രതികരിച്ചിരുന്നുവെങ്കില്‍ എന്നാലോചിച്ച് തല പുണ്ണാക്കും. ഇനി ഇങ്ങനെയൊരു സന്ദര്‍ഭമുണ്ടായാല്‍ ബോള്‍ഡായിട്ടു രണ്ടു വാക്ക് പറയും എന്നും മനസ്സില്‍ കരുതും.

വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കും. വേണ്ടത് വേണ്ടപ്പോള്‍ പറയാനുള്ള ധൈര്യം കിട്ടുകയില്ല. അതാണെന്‍റെ ശാപം. ചിലപ്പോള്‍ മുന്‍കൂട്ടിക്കണ്ട് ഓരോന്ന് പ്രവര്‍ത്തിക്കാൻ നോക്കുമെങ്കിലും വിപരീതഫലമാകും ഉണ്ടാകുക.

അടുത്തു നടന്ന സംഭവം പറയാം. കൂട്ടുകാരിയുടെ സ ഹോദരന്‍, എെന്‍റ മോന് ട്യൂഷനെടുക്കാനായി വീട്ടില്‍ വരുമായിരുന്നു. ഞാൻ അനിയനെപ്പോലെയെ അവനെ കണ്ടിട്ടുള്ളൂ. എന്നാല്‍ അവൻ  ഇടയ്ക്കിടെ അര്‍ഥംവച്ച് ഓരോന്നു പറയാനും ശരീരത്തില്‍ തൊടാനും തുടങ്ങിയപ്പോള്‍  പരമാവധി ഒഴിഞ്ഞു മാറാനേ ഞാന്‍ ശ്രമിച്ചുള്ളൂ. അതിരു കടന്നപ്പോള്‍  ഭർത്താവിനോടു കാര്യം പറഞ്ഞു. അത്  പല പ്രശ്നങ്ങള്‍ക്കും കാരണമായി.

ഞാന്‍ തന്നെ തന്‍റേടത്തോടെ പറഞ്ഞ് അവനെ നിയ ന്ത്രിച്ചാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. പ ക്ഷേ, ആ തന്‍റേടക്കുറവാണല്ലോ എെന്‍റ പ്രശ്നം.’

ചതിക്കുഴിയൊരുക്കിയ സൗഹൃദം

പൂവിെനക്കുറിച്ചും പൂമ്പാറ്റയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം കവിതകള്‍ കുത്തിക്കുറിക്കുന്ന ഒരു സ്ത്രീയുടെ അനുഭവമാണ് അടുത്തത്. ‘േകാളജ് കാലത്തെ ഒരു ചിത്രമാണ് ഞാന്‍ സോഷ്യല്‍മീഡിയ െപ്രാെെഫലുകളില്‍ ഇട്ടിരിക്കുന്നത്. കവിത എഴുതുമെങ്കിലും എനിക്കുതന്നെ അറിയാം അവയൊന്നും വലിയ സാഹിത്യസൃഷ്ടികള്‍ അല്ലെന്ന്. പക്ഷേ, ഒന്നിലേറെ പ്രശസ്തർ ഞാൻ എഴുതുന്നതെല്ലാം ഷെയർ ചെയ്യുകയും, ‘ഞാൻ മലയാളത്തിലെ അടുത്ത മാധവിക്കുട്ടിയാണ്’ എന്നൊക്കെ പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ആരാണ് മയങ്ങിപ്പോകാത്തത്. പിന്നെ, രാത്രിയില്‍ േഫാണ്‍വിളികളായി, സംസാരമായി, കവിതചൊല്ലലായി... ‘സ്റ്റോപ്’ എന്നു പറയണമെന്നും േഫാണ്‍ എടുക്കരുതെന്നും തോന്നുെമങ്കിലും അതാകുന്നില്ല.

എന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു ഒരു പ്രമുഖന്‍. ചർച്ചകള്‍ക്കായി ഹൗസ്ബോട്ടും ബുക്ക് ചെയ്ത് എന്നെ ക്ഷണിച്ചു.

അപ്പോഴാണ് ആരാധനയിലെ കുരുക്ക് മനസ്സിലായത്.  അവസരോചിതനായി പ്രവർത്തിക്കുന്ന, സ്ട്രോങ് ആയി സംസാരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ അസൂയയാണ്. എനിക്കും കുറച്ചു തന്റേടം നേടാനെന്താ വഴി?

മൗനം വരുത്തുന്ന പൊല്ലാപ്പ്

തിരക്കേറിയ ബസ്സില്‍ തൊടലും അനാവശ്യമായ സ്പര്‍ശവും ഉണ്ടാകുമ്പോള്‍ കൂവി വിളിക്കാത്തതിനും കണ്ടക്ടറോടു പരാതി പറയാത്തതിനും കാരണവും ഈ തന്‍റേടക്കുറവ് തന്നെ. ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് ആകുമല്ലോ, വെറുതേ എന്തിനാണ് പൊല്ലാപ്പ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തി നമ്മുെട തന്‍റേടക്കുറവിെന ഒളിക്കുന്നു. ഒാട്ടോ ഡ്രൈവര്‍ അന്യായമായ കൂലിേചാദിച്ചാല്‍ പിറുപിറുത്തു കൊണ്ടാണെങ്കിലും െകാടുക്കും.

തുണിക്കടയില്‍ കുേറ സാരി തിരഞ്ഞു കഴിയുമ്പോള്‍ െസയില്‍സ്മാന്‍ എന്തു പറയും എന്നോര്‍ത്ത് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരെണ്ണം വാങ്ങും. പച്ചക്കറിക്കാരന്‍ ഒരുകിലോകൂര്‍ക്ക തൂക്കുമ്പോള്‍, ‘േവണ്ട, എനിക്ക് കാല്‍ക്കിലോ മതി’ എന്നു പറയാന്‍ മടി. തന്‍റേടക്കുറവിെന്‍റ ഉദാഹരണങ്ങള്‍ നിത്യജീവിതത്തിലും ധാരാളം. പിന്നെ, ഇതൊക്കെയൊര്‍ത്തു വീട്ടില്‍ വന്നിരുന്നു വെറുതേ െനടുവീര്‍പ്പിടും.

അറിയണം സ്വന്തം അവസ്ഥ

ആവശ്യത്തിനു മാത്രമല്ല, അല്‍പം കൂടുതലും തന്റേടം ഉ ണ്ടെങ്കിലേ ജീവിതത്തില്‍ വിജയിക്കാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ‘േനാ’ പറയേണ്ടിടത്തു ‘േനാ’ ത ന്നെ പറയണം. കൂകി വിളിക്കേണ്ടിടത്തു കൂകി വിളിക്കണം. പക്ഷേ, െപണ്ണെന്നാല്‍ അടങ്ങിയൊതുങ്ങി നില്‍ക്കേണ്ട, ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ലാത്ത ഒരാള്‍ എന്ന ചിന്തകള്‍ കുട്ടിക്കാലത്തേ കേട്ടുവളരുന്നതിനാല്‍ പലയിടത്തും പ്രതികരിക്കാനാകാതെ അവള്‍ തളരുന്നു.

എകാധിപതികളെ പോലെ, തന്‍റെ ആജ്ഞ മാത്രം മറ്റുള്ളവര്‍ അനുസരിച്ചാല്‍ മതി എന്ന മട്ടിലുള്ള മാതാപിതാക്കള്‍ വളര്‍ത്തുന്ന കുട്ടികളില്‍ തന്‍റേടക്കുറവ് കൂടുതലായിക്കാണുന്നുവെന്ന് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അമിതലാളനയും ഇതേ ഫലമുണ്ടാക്കാം. ഇങ്ങനെ വളരുന്ന കുട്ടികള്‍ ഭാവിയില്‍ സ്വന്തം കാര്യം സ്വയം നോക്കേണ്ടി വരുമ്പോള്‍ അനുഭവക്കുറവു കാരണം ഉത്കണ്ഠാകുലരാകുന്നു. കാലക്രമത്തില്‍ ഇതു തന്‍റേടക്കുറവും പരാജയഭീതിയുമായി പുറത്തു വന്നേക്കാം.

തന്റേടക്കുറവ് പരിഹരിക്കാനും അവസരോചിതമായി പ്രതികാരിക്കാനും ആദ്യം വേണ്ടത് സ്വന്തം അവസ്ഥയെപ്പറ്റിയുള്ള അറിവാണ്. ഈ ഉൾക്കാഴ്ചയുടെ വെളിച്ചത്തില്‍ പരിഹരിക്കാനാകുന്നതും അല്ലാത്തതുമായ സ്വന്തം കുറവുകള്‍ വേര്‍തിരിച്ചറിയണം. പരിഹരിക്കാവുന്ന കുറവുകള്‍ നികത്താന്‍ സൃഷ്ടിപരമായ ശ്രമങ്ങളില്‍ ഏര്‍പ്പെടണം. അതോടൊപ്പം പരിഹരിക്കാനാകാത്ത കുറവുകളെ സ്വന്തം ദൗര്‍ബല്യങ്ങളായി അംഗീകരിക്കാന്‍ മടിക്കേണ്ടതുമില്ല.

ആത്മവിശ്വാസവും തന്റേടവും വ്യക്തിയില്‍ ഉറയ്ക്കുന്നത് കുട്ടിക്കാലത്താണ്. വളര്‍ച്ചയെത്തിയ ഒരാള്‍ക്ക് വീണ്ടും കുട്ടിക്കാലത്തേക്കു പോയി തന്‍റേടം നേടി മടങ്ങിവരാനാകില്ല. അതിനാല്‍ ചില പ്രത്യേക പരിശീലനങ്ങളിലൂടെ ബോധപൂര്‍വം ഇതു നേടിയെടുക്കണം.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ശീലിക്കുകയാണ് ആദ്യം വേണ്ടത്. ‘പറ്റില്ല, നോ’ തുടങ്ങിയ വാക്കുകള്‍ ആവശ്യാനുസരണം ഉപയോഗിച്ച് ശീലിക്കണം.

പുകഴ്ത്തലുകൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആരുമില്ല. സ്ത്രീകളുെട തന്‍റേടം തണുപ്പിച്ച്, മിണ്ടാപ്പൂച്ചയാക്കാന്‍ പലരും എടുത്തുപയോഗിക്കുന്ന അടവുകളിലൊന്നാണിത്. അതിനു പിന്നിലെ ഉദ്ദേശം മനസ്സിലാക്കണം. അതിനനുസരിച്ച് പ്രതികരിക്കണം. അതാണ് ശരിക്കുള്ള തന്റേടം.

കവിതകളെ വാനോളം പുകഴ്ത്തുന്നവരോട്, ‘എന്റെയൊരു സന്തോഷത്തിനു വേണ്ടിയാണ് എഴുതുന്നത്, അ ങ്ങയെപ്പോലൊരാൾ അഭിനന്ദിക്കുന്നതിൽ സന്തോഷം. പ ക്ഷേ, ഫോണില്‍ രാത്രിയില്‍ വിളിച്ച് അഭിനന്ദിക്കുന്നതിലും കൂടുതലിഷ്ടം കമന്റുകൾ പരസ്യമായി ഇടുന്നതാണ്. അതെനിക്കു  മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ അംഗീകാരം നൽകും.’ ഈ ഒറ്റ മറുപടി മതി, അഭിനവ കാമദേവന്റെ  ഫോണ്‍വിളി ഒതുങ്ങും.

shutterstock_1946842522

തന്റേടം പരിശീലിക്കാം

യഥാർഥ  സാഹചര്യം കൈകാര്യം ചെയ്യാന്‍ തക്ക മനസാന്നിധ്യം  ഇല്ലാത്തവര്‍ക്ക് സ്വയം ചെയ്യാവുന്ന ഒരു പരിശീലനം പറഞ്ഞുതരാം. മുറിയില്‍ കയറി കതകുകള്‍‍ അടയ്ക്കുക. മുറിയില്‍ നിലക്കണ്ണാടി കൂടിയുണ്ടെങ്കില്‍ നല്ലത്. രംഗം വിഭാവനം ചെയ്യുകയാണ് അടുത്തപടി. ഉദാഹരണമായി തുണിക്കടയില്‍ സാരി വാങ്ങാന്‍ േപാകുന്നതു തന്നെ എടുക്കാം. ഏറെ നേരത്തെ തിരച്ചിലിനു ശേഷം എടുത്ത സാരി സെയില്‍സ്മാന്‍ പാക്കു ചെയ്യുകയാണ്. അപ്പോഴാണ് കൂടുതല്‍ നല്ല ഒരെണ്ണം ശ്രദ്ധയില്‍പ്പെടുന്നു.

ഇനി നിലക്കണ്ണാടിയില്‍ നോക്കി െസയില്‍സ്മാനെ മുന്നില്‍ക്കണ്ട് അഭിനയിക്കുക. അയാളോടു നമ്മള്‍ തന്‍റേടത്തോെട പറയുന്നു, ‘എനിക്ക് ഒന്നു കൂടി നോക്കാനുണ്ട്. ആ പച്ചസാരി കൂടി എടുക്കൂ...’

െസയില്‍സ്മാന്‍റെ സമീപനം െപോസിറ്റീവല്ലെങ്കില്‍ വാക്കുകള്‍ കൂടുതല്‍ ശക്തമാക്കാം. ‘എനിക്ക് ആ സാരി കൂടി കണ്ടിട്ടു വേണം തീരുമാനിക്കാൻ.’  ‘ഞാനാവശ്യപ്പെട്ട സാധനം എടുക്കാന്‍ പ്രയാസമാണെങ്കിൽ മറ്റൊരു സെയില്‍സ്മാനെ വിളിക്കാം...’

േകള്‍ക്കുമ്പോള്‍ നിസ്സാരം എങ്കിലും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പരിശീലിക്കുക തന്നെ വേണം. ഒാട്ടോക്കാരനോടും േബാസ്സിനോടും ഫോണില്‍ സഹായവുമായി വ രുന്നവരോടും അതിരുവിടുന്ന സഹപ്രവര്‍ത്തകനോടും ഒക്കെ എങ്ങനെ സംസാരിക്കണം എന്നു പരിശീലിക്കാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വരത്തില്‍ വികാരത്തള്ളലോ ഉത്കണ്ഠയോ കടന്നുവരരുത്. തണുപ്പന്‍ മട്ടില്‍ അച്ചടിഭാഷയാണ് നല്ലത്. അത് കേള്‍ക്കുന്നയാളുടെ ആത്മവീര്യം തകര്‍ക്കും. അയാള്‍ക്ക് തിരിച്ചിങ്ങോട്ട് വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ പഴുതു നൽകാതെ വേണം സംസാരിക്കാന്‍. ആവശ്യമുള്ളതില്‍ ഒരക്ഷരം പോലും കൂടുതല്‍ പറയാനും പാടില്ല. തുടര്‍ച്ചയായി ഇത്തരം പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടാല്‍  നിങ്ങളുടെ സ്വഭാവം മാറുകതന്നെ ചെയ്യും.

ആത്മവിശ്വാസം നേടാന്‍ ഒരു മാര്‍ഗമേയുള്ളൂ. പ്രവൃത്തി ചെയ്യുക, വിജയം വരിക്കുക, പരാജയം നേരിടുമ്പോള്‍ കാരണം മനസ്സിലാക്കി തിരുത്തുക.   

-ഡോ. ഹരി എസ്. ചന്ദ്രൻ, സീനിയർ കൺസൽറ്റൻറ്, സൈക്കോളജിസ്റ്റ്, മാവേലിക്കര.                                                 ∙

Tags:
  • Mummy and Me
  • Parenting Tips