ക്രിസ്മസ് രുചിമേളങ്ങളുടെ കൂടി ആഘോഷമാണ്. വിവിധതരം മാംസം വറുത്തും കറിയായും അന്നു തീൻമേശയിലെത്തും. മാംസം മാത്രമല്ല, മീനും മുട്ടയും പ്രധാന വിഭവങ്ങളാണ്. ഇതിനൊപ്പം കേക്കും ഡിസേർട്ടുകളും ആഘോഷത്തിനു മധുരമേകും. എണ്ണയും കൊഴുപ്പും മധുരവും ഒന്നൊഴിയാതെ കഴിക്കുമ്പോൾ ഓർമിക്കുക. ക്രിസ്മസ് വിരുന്ന് ആരോഗ്യകരവുമാകണം. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ക്രിസ്മസ് വിരുന്നിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാം.എന്നാൽ അത് ആരോഗ്യകരമാക്കാൻ പാചകത്തിൽ ചില ചെറിയ മാറ്റങ്ങൾ കൂടി വരുത്താം. ഇതാ 20 ടിപ്സ്.
∙ ക്രിസ്മസ് പ്രഭാത ഭക്ഷണത്തിൽ ആപെറ്റൈസർ ആയി ബീഫ് കട്‍ലറ്റിനു പകരം തൊലി നീക്കിയ ചിക്കൻ /ഫിഷ്/ വെജിറ്റബിൾ കൊണ്ടുള്ള കട്‍ലറ്റും സവാള കൊണ്ടുള്ള സാലഡും കഴിക്കാം.
∙ പ്രഭാതഭക്ഷണത്തിന് പാലപ്പം / വെള്ളയപ്പം / കള്ളപ്പം എന്നിവ നോൺ സ്റ്റിക് പാത്രങ്ങളിൽ തയാറാക്കിയാൽ എണ്ണയുടെ ഉപയോഗം ഒഴിവാക്കാം. ആവിയിൽ വേവിക്കുന്ന ഇടിയപ്പം. വട്ടയപ്പം, പുട്ട് ഇവയും ഹെൽത്തി ഓപ്ഷനുകളാണ്. പ്രഭാത ഭക്ഷണത്തിന് വൈറ്റ് ബ്രഡിനു പകരം വീറ്റ് ബ്രഡ് കഴിക്കുന്നതു കൂടുതൽ ആരോഗ്യകരമായിരിക്കും.
∙ ഉച്ചഭക്ഷണം കേരളാശൈലിയിൽ ചോറും കറികളുമാണെങ്കിൽ മാംസ–മത്സ്യ വിഭവങ്ങൾ ധാരാളമുണ്ടാകും. അതു കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് മോരു കാച്ചിയത്, പുളിശ്ശേരി, രസം എന്നിവയ്ക്കൊപ്പം ധാരാളം വെജിറ്റേറിയൻ സൈഡ് ഡിഷുകളും ഉൾപ്പെടുത്താം. കാബേജ് തോരൻ, ബീൻസ് തോരൻ, കാബേജ്– കാരറ്റ് തോരൻ, അവിയൽ. ചീരത്തോരൻ എന്നിങ്ങനെ പച്ചക്കറി വിഭവങ്ങൾ സമൃദ്ധമായി ഉൾപ്പെടുത്താം.
∙ ഉച്ചയ്ക്ക് ബിരിയാണി, പുലാവ്, ഫ്രൈഡ് റൈസ് എന്നിവയാണു കഴിക്കുന്നതെങ്കിൽ ഫിഷ് / ചിക്കൻബിരിയാണി, വെജിറ്റബിൾ / ചിക്കൻ ഫ്രൈഡ് റൈസ് / ചിക്കൻ പുലാവ്, ഫിഷ് പുലാവ്... എന്നിവ ആരോഗ്യകരമാണ്. ഇവയ്ക്കൊപ്പം റെയ്ത്ത, സവാള സാലഡ്, മിന്റ് ചട്നി, യോഗർട്ട് എന്നിവ കൂടി കഴിക്കുന്നതു കൂടുതൽ ആരോഗ്യകരമാണ്. അങ്ങനെ ഉച്ചഭക്ഷണത്തിൽ റെഡ് മീറ്റ് ഒഴിവാക്കാം.
∙ ചിക്കൻ– ഉരുളക്കിഴങ്ങുകറി, ചിക്കൻ തക്കാളി കറി എന്നിങ്ങനെ പച്ചക്കറികൾ ചേർത്തു മാംസം തയാറാക്കാം. അതു കൂടുതൽ പോഷകമേകും. ബീഫിൽ പപ്പായ ചേർത്തു വേവിക്കുന്നതു മാംസത്തെ മൃദുവാക്കും. ബീഫിൽ തക്കാളിയും ചേർക്കാറുണ്ട്.
∙ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഈ നേരങ്ങളിലെല്ലാം വെജിറ്റബിൾ സാലഡ് വ്യത്യസ്ത രീതിയിൽ കഴിക്കുന്നത് മാംസാഹാരത്തിന്റെ ദോഷം കുറയ്ക്കും.
∙ മാംസം കറി വയ്ക്കുന്നതിനുള്ള സവാള എണ്ണയിലിട്ട് ഏറെ നേരം വഴറ്റുന്നതിനു പകരമായി സവാള ആദ്യം ആവി കയറ്റി എടുക്കാം. പിന്നീട് അൽപം എണ്ണയിൽ പെട്ടെന്ന് ഒന്നു വഴറ്റിയെടുക്കാം.
∙ വെളിച്ചെണ്ണ, തവിടെണ്ണ, സൂര്യകാന്തിയെണ്ണ അങ്ങനെ പലതരം എണ്ണകൾ ഉപയോഗിക്കുന്നതിലൂടെ ആവശ്യമായ എസൻഷ്യൽ ഫാറ്റി ആസിഡ് ലഭിക്കും.
∙ ബീഫിലെ കൊഴുപ്പു നീക്കാനും വഴിയുണ്ട്. ബീഫ് ഫ്രീസറിൽ വയ്ക്കാം. തണുത്തു കഴിയുമ്പോൾ കൊഴുപ്പ് വെളുത്ത നിറത്തിൽ കാണപ്പെടും. അതു മുറിച്ചു മാറ്റാം. തുടർന്നു പാകപ്പെടുത്താം.
∙ സ്റ്റ്യൂവിൽ പശുവിൻ പാൽ ചേർക്കുമ്പോൾ തേങ്ങാപ്പാലിനെക്കാൾ രുചിയും ഗുണവും ലഭിക്കുന്നു.
∙ മാംസം ബേക് ചെയ്യുകയോ ഗ്രിൽ ചെയ്യുകയോ ചെയ്താൽ കൂടുതൽ ആരോഗ്യകരമാക്കാം.
∙ മട്ടനും ബീഫും പോർക്കും ലീൻ മീറ്റ് (കൊഴുപ്പു മാറ്റിയ മാംസം) ആയി ഉപയോഗിക്കുക. ഇവയ്ക്കൊപ്പം ഇലക്കറികളും ഉപയോഗിക്കാം.
∙ ചിക്കൻ തൊലി നീക്കി ഉപയോഗിക്കാം. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ ഓരോ നേരത്തും ഒരു തരം മാംസം മാത്രം ഉപയോഗിച്ചാൽ മാംസത്തിന്റെ അമിതഉപഭോഗം കുറയ്ക്കാം. അത്താഴനേരത്ത് അമിതമായി മാസം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
∙ നോൺവെജ് വിഭവങ്ങൾക്കൊപ്പം ധാരാളം സാലഡുകളും പച്ചക്കറികളും കഴിക്കണം. ഗ്രീൻ ലീഫി വെജിറ്റബിൾസും ഡീപ് യെല്ലോ വെജിറ്റബിൾസും വൈറ്റമിനുകളാൽ സമൃദ്ധമാണ്.
∙ മീൻ ധാരാളമായി കഴിക്കാം. വാഴയിലയിൽ മീൻ വേവിച്ചെടുക്കുന്നതു നല്ല ഓപ്ഷനാണ്.
∙ ക്രിസ്മസ് കേക്ക് വീട്ടിൽ തയാറാക്കാൻ സാധിക്കുന്നവർക്ക് അതു ഹെൽതി ഒാപ്ഷനാണ്. അങ്ങനെ പ്രിസർവേറ്റീവുകളും കൃത്രിമ ചേരുവകളും നിറങ്ങളും ഒഴിവാക്കാം. കേക്കിൽ മൈദയ്ക്കു പകരം മുഴുഗോതമ്പുപൊടി (ഹോൾവീറ്റ് ആട്ട) ഉപയോഗിക്കാം.വീട്ടിൽ തയാറാക്കിയ ബട്ടർ ഉപയോഗിക്കാം.
∙ കേക്ക് തയാറാക്കുന്നതിനുള്ള ഓർഗാനിക് വീറ്റ് മൈദയും ഓർഗാനിക് മൈദയുമെല്ലാം ഇന്നു വിപണിയിൽ ലഭ്യമാണ്. പഞ്ചസാരയ്ക്കു പകരം കേക്കിൽ ഓർഗാനിക് ബ്രൗൺ ഷുഗർ ഉപയോഗിക്കാം. ഓർഗാനിക് ഷുഗറും വിപണിയിലുണ്ട്.
∙ പ്ലം കേക്കിനുള്ള ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വയ്ക്കുന്നതിന് ഒരു ഗ്ലാസ് ബോട്ടിലിൽ ഡ്രൈ ഫ്രൂട്ട്സ് എടുത്ത് അതിൽ ഓറഞ്ചു ജൂസോ മുന്തിരി ജൂസോ ആവശ്യമായ അളവിൽ ഒഴിച്ച് ഒരാഴ്ച മുൻപേ വയ്ക്കാം.
∙ കേക്കിനൊപ്പം വിളമ്പാനുള്ള മുന്തിരി വൈൻ പഞ്ചസാര കുറച്ചു ചേർത്തു വീട്ടിൽ തന്നെ തയാറാക്കാം. ചാമ്പങ്ങ, ബീറ്റ്റൂട്ട്, മൾബറിപ്പഴം, ജാതിക്ക ഇവ കൊണ്ടും ഹോം മെയ്ഡ് വൈൻ തയാറാക്കാം.
∙ ഡിസേർട്ടായി ഫ്രൂട്ട് സാലഡ് കഴിക്കാം. അതില്‍ പഞ്ചസാര വീണ്ടും ചേർക്കേണ്ടതില്ല.
വിവരങ്ങൾക്ക് കടപ്പാട്
സുജേതാ ഏബ്രഹാം
റിട്ട. ഡയറ്റീഷൻ
ഗവ. മെഡി.കോളജ്, കോട്ടയം