Wednesday 12 January 2022 11:30 AM IST : By സ്വന്തം ലേഖകൻ

കീത്തോൺ: റോഡുകളും കാറുകളും ഇല്ലാത്തൊരു യൂറോപ്യൻ ഗ്രാമം

geitoorn1

ഈ ഭൂമിയിൽ മനുഷ്യനും പ്രകൃതിയും ചേർന്ന് ഒരു പ്രദേശത്തെ മനോഹരമാക്കിയിട്ടുണ്ടെങ്കിൽ, സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാക്കിയിട്ടുണ്ടെങ്കിൽ അതിന് ഉദാഹരണമാണ് നെതർലാൻഡിലെ കീത്തോൺ എന്ന ഗ്രാമം. നൂറ്റാണ്ടുകൾക്കുമുൻപ് ആരാലും ശ്രദ്ധിക്കപ്പെടാതെ കാടുകേറി കിടന്നിരുന്ന ചതുപ്പുനിലം ഇന്ന് ജലത്തിനു മുകളിൽ പടുത്തുയർത്തിയ ഒരു സുന്ദരഗ്രാമമാണ്, ഒപ്പം ലോകമെമ്പാടുമുള്ള ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രവും.

കിഴക്കൻ നെതർലൻഡിലെ ഓവ്‌റിസൈൽ പ്രവിശ്യയിൽ 2600 ൽ താഴെ ആളുകൾ വസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കീത്തോൺ. കനാലുകളും തോടുകളും തടാകങ്ങളും കുളങ്ങളും ഒട്ടേറെയുള്ള കീത്തോണിൽ റോഡ് ഇല്ല എന്നു പറയാം, മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാനേ പറ്റില്ല. തോടുകൾക്ക് ഇടയിലൂടെ പല വീടുകളിലേക്കും ചെല്ലാൻ ഇക്കാലത്തും ജലഗതാഗതവും തടിപ്പാലങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇറ്റലിയിലെ വെനീസുപോലെ, നമ്മുടെ കുട്ടനാടുപോലെ ജലത്തിൽ ജീവിക്കുന്നവരാണ് കീത്തോൺകാരും.

geitoorn4

വ്യവസായം മാറ്റി മറിച്ച നാട്

കീത്തോൺ ഗ്രാമത്തിന്റെ ചരിത്രം തേടിയാൽ നൂറ്റാണ്ടുകൾ പിന്നിലേക്കു പോകും. 1230 ൽ മെഡിറ്റേറിയനിൽ നിന്നെത്തിച്ചേർന്ന ഒരു കൂട്ടം കുറ്റവാളികളാണ് ഇവിടത്തെ ആദിമ നിവാസികളെന്നും അതല്ല ഒരു വിഭാഗം സന്യാസി സമൂഹമാണ് എന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ഏതായാലും അക്കാലത്ത് പ്രധാനപ്പെട്ട ജനവാസപ്രദേശങ്ങളിൽനിന്നൊന്നും ആരും തിരിഞ്ഞു നോക്കാത്ത കാടുകേറിക്കിടന്നിരുന്ന ചതുപ്പു നിലങ്ങളായിരുന്നു ഇവിടം. ആദ്യമായി ഇവിടെ എത്തിയവർ താമസിക്കാനും മറ്റുമായി കാടും മണ്ണും നീക്കിയപ്പോൾ ആട്ടിൻ കൊമ്പുകൾ ഒട്ടേറെ കണ്ടെത്തിയതിൽനിന്നാണ് കീത്തോൺ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. ഏതാനും വർഷം മുൻപു സംഭവിച്ച ഒരു മഹാപ്രളയത്തിൽ, സെന്റ് എലിസബത്ത് വെള്ളപ്പൊക്കത്തിന്റെ ബാക്കി പത്രമാകാം ഈ കൊമ്പുകൾ എന്നു കരുതുന്നു. ‘വലിയ കൊമ്പുകളുടെ നാട്’ എന്നർഥത്തിൽ ഗ്രേറ്റ് ഹോൺ എന്നു പറഞ്ഞുവന്നത് പിൽക്കാലത്ത് കീത്തോൺ എന്നായി മാറിയതാണത്രേ.

13–ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് ഇവിടെ കുടിയേറിയവർ ചെറിയ രീതിയിൽ കാർഷിക വൃത്തിയിലേക്കു തിരിയുകയും ഇവിടത്തെ പീറ്റ് (കൽക്കരി) നിക്ഷേപം കണ്ടെത്തുകയും ചെയ്തു. താമസിയാതെ തന്നെ പീറ്റ് കഷ്ണങ്ങൾ സ്ലേറ്റുപോലെ വലിയ പാളികളായി വെട്ടി വിൽക്കുന്നത് കീത്തോണിലെ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ വളർന്നു. ക്രമേണ പീറ്റ് ഖനനം നടന്ന സ്ഥലങ്ങൾ നീളത്തിലും ആഴത്തിലുമുള്ള തോടുകളും ചിലയിടങ്ങളിൽ വലിയ തടാകങ്ങളുമായി മാറി. പീറ്റ് ഖനികളിൽനിന്നു മറ്റിടങ്ങളിലേക്ക് എത്തിക്കാൻ ഈ തോടുകളിലൂടെ വഞ്ചികൾ ഓടിത്തുടങ്ങി, മാത്രമല്ല ഹോളണ്ടിലെ പ്രധാന ജലപാതകളുമായി ബന്ധപ്പെടുത്തുകയും ചെയ്തു. കീത്തോണിലെ ആളുകളുടെ എണ്ണം കൂടി വന്നപ്പോൾ അവർ ഈ കനാലുകളുടെ ഇടയിലുള്ള ചെറിയ തുരുത്തുകളിൽ വീടു വയ്ക്കുകയും കൃഷിത്തോട്ടങ്ങൾ തുടങ്ങുകയും ചെയ്തു. അതോടെ ഇവിടുത്തെ ഭൂമിയുടെ രൂപഭാവങ്ങൾ മാറി. കാലം മാറിയതോടെ പീറ്റ് നിക്ഷേപം കുറഞ്ഞെങ്കിലും ജനങ്ങൾ കൃഷിപ്പണികളുമായി ഇവിടെ കഴിയുന്നു ഇന്നും. എന്നാൽ ഒന്നിനും കൊള്ളാത്ത പഴയ ചതുപ്പു നിലം ഇന്ന് വർണനാടകൾ ‌പോലെ നീലയും പച്ചയും നിറത്തിൽ തലങ്ങും വിലങ്ങും ഒഴുകുന്ന നീർച്ചാലുകൾ ചുറ്റി, പച്ചപ്പുല്ലു വിരിച്ച അങ്കണത്തിൽ ചെഞ്ചായം പൂശിയ മേൽക്കൂരകളുള്ള വീടുകളുമായി ഒരു പെയിന്റിങ് പോലെ സ്ഥിതി ചെയ്യുന്നു.

മധ്യകാല യൂറോപ്പിലെത്തിയതുപോലെ

geitoorn2

ഇന്നും കീത്തോണിന് മധ്യകാല യൂറോപ്യന്റെ ഛായതന്നെ. വിശാലമായ ജനാലകളും മുകളിലേക്ക് ഉയരുന്തോറും ചെറുതായി വരുന്ന സ്തൂപികാഗ്രമായ മേൽക്കൂരകളോടു കൂടിയ കെട്ടിടങ്ങളും പഴയ ഒരുകാലത്തിന്റെ പ്രതീതി നൽകുന്നു. മിക്കവാറും എല്ലാ വീടുകളിലേക്കും വള്ളത്തിൽ എത്തിച്ചേരാം. പല വീടുകളെയും തമ്മിൽ ബന്ധിപ്പിച്ച് ഒട്ടേറെ തടിപ്പാലങ്ങളും ഉണ്ട്. 180 പാലങ്ങളാണ് ഈ കൊച്ചു ഗ്രാമത്തിൽ ഉള്ളത്.

തോടുകളിലൂടെ ചെറുവള്ളം തുഴഞ്ഞു നീങ്ങുമ്പോൾ വെള്ളത്തിലേക്ക് ഇറക്കി കെട്ടിയ കടവുകളും തോടിന് ഇരുവശത്തും ചരിഞ്ഞ മേൽക്കൂരയുള്ള വീടുകളും കാണുമ്പോൾ യൂറോപ്യൻ പശ്ചാത്തലത്തിലുള്ള ഒരു കുട്ടനാടൻ‌ ഗ്രാമമാണോ എന്നു മലയാളികൾക്കു തോന്നാം.

അടുത്ത കാലത്ത് കനാലുകളുടെ ഓരം ചേർന്നു നടപ്പാതകളും സൈക്കിൾ പാതകളും പണിതീർത്തിട്ടുണ്ട്. എന്നാൽ പഴയഗ്രാമപ്രദേശത്ത് ഇന്നും മോട്ടോർ വാഹനങ്ങളോ അവയ്ക്കുവേണ്ട മികച്ച റോഡുകളോ നിർമിച്ചിട്ടില്ല. ജലപാത തന്നെയാണ് മിക്കവർക്കും പ്രിയം. ഏതാണ്ട് എല്ലാ വീടുകളിലും നാടൻ വള്ളം സ്വന്തമായിട്ടുണ്ട്. വെനീസുകാരുടെ ഗൊണ്ടോളകൾ പോലെ പണ്ടേഴ്സ് എന്നു വിളിക്കുന്ന, അടിവശം പരന്ന പ്രത്യേകതരം വള്ളമാണ് ഇവിടുത്തെ തനതു ജലയാനം. നീണ്ട മുഴക്കോലുപയോഗിച്ച് ഒരാൾ തുഴയുകയും മറ്റെ അറ്റത്ത് ഒരു സഹായി വഞ്ചിയുടെ ഗതി നിയന്തിക്കുന്നതുമാണ് പരമ്പരാഗതമായ രീതി. ആറര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും ഏതാണ്ട് അത്ര ആഴവും ആണ് പണ്ടറുകളുടെ സാധാരണ അളവ്. കനാലുകളുടെ ഇരുവശവും പലയിനം പൂച്ചെടികൾ വെച്ചു പിടിപ്പിച്ച് ഉള്ള സ്ഥലത്തെ മനോഹരമായി നിൽനിർത്താനും ഗ്രാമീണർ ശ്രദ്ധിക്കുന്നു.

geitoorn3

ഒരു കൊച്ചു വെനീസ്

ഇറ്റലിയിലെ വെനീസും നമ്മുടെ സ്വന്തം കുട്ടനാടും ജലത്തിനു മുകളിലെന്നോണം കഴിയുന്ന ജനസമൂഹമെന്ന നിലയ്ക്കും പ്രകൃതി സൗന്ദര്യത്തിന്റെ നിറവിനും ശ്രദ്ധേയമാണ്. കീത്തോണും ഒരു കൊച്ചു വെനീസ് തന്നെ... വടക്കിന്റെ വെനീസ്, ഹോളണ്ടിന്റെ വെനീസ്, ലിറ്റിൽ വെനീസ് തുടങ്ങി പല വിശേഷണങ്ങളും ഈ കൊച്ചു ഗ്രാമത്തിനു ചാർത്തിക്കൊടുത്തിട്ടുണ്ട്. 1958 ഫാൻ ഫെയർ എന്ന ഡച്ച് ചലച്ചിത്രത്തിന്റെ ചിത്രീകരണത്തോടെയാണ് ഇവിടത്തെ പ്രകൃതി മനോഹാരിത പുറംലോകത്ത് അറിഞ്ഞു തുടങ്ങുന്നത്.

ആംസ്റ്റർഡാമിൽനിന്ന് പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് കീത്തോണിൽ എത്താം. ബോട്ടിങ്ങാണ് ഇവിടെ പ്രധാന വിനോദം. പണ്ടേഴ്സ് കൂടാതെ ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ച ചെറിയ ബോട്ടുകളും പെഡലിങ് ബോട്ടുകളും സ്വയം തുഴയാവുന്ന വഞ്ചികളും ചെറിയ സംഘങ്ങളായി സഞ്ചാരികളെ കൊണ്ടുപോകുന്നവയും ഉൾപ്പടെ പലതരം ബോട്ടിങ് സൗകര്യം ഉണ്ട്. കനാൽ തീരങ്ങളിലൂടെ നടന്ന് ഗ്രാമീണ ജീവിതം തൊട്ടറിയുന്നതും സൈക്കിൾ സവാരിയും മറ്റു ചില വിനോദങ്ങളാണ്. ഫാൻ ഫെയർ ചലച്ചിത്രത്തിന്റെ ചിത്രീകരണം നടന്ന സ്ഥലത്ത് ആരംഭിച്ച ഗ്രാൻഡ് കഫേ ഫാൻ ഫെയർ, തടാകങ്ങൾ, കനാൽ തീരത്തുള്ള മ്യൂസിയങ്ങൾ, 18–ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഉപയോഗിച്ചു വരുന്ന ഷ്രൂയർ ബോട്ട്‌യാഡ് എന്ന കടവ് തുടങ്ങിയവയാണ് മറ്റു കാഴ്ചകൾ.

geitoorn5

മേയ് മുതൽ സെപ്തംബർ വരെയാണ് ഹോളണ്ടിന്റെ വെനീസിൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ജൂലൈ–ഓഗസ്റ്റ് സഞ്ചാരികളുടെ തിരക്ക് മൂർധന്യത്തിലെത്തും. ശൈത്യകാലത്ത് നല്ല മഞ്ഞുവീഴ്ചയുള്ള ഇവിടം ശൈത്യകാല വിനോദസഞ്ചാരികൾക്കും ഇഷ്ടപ്പെടും. എന്നാൽ ജലയാത്രകൾ അക്കാലത്ത് അത്ര സുഖകരമായിരിക്കില്ല. മനുഷ്യൻ സ്വന്തം താൽപര്യത്തിനു മാത്രം മണ്ണു ചൂഷണം നടത്തിയാലും പ്രകൃതിക്കു വേണ്ട കരുതൽ നൽകിയാൽ തിരിച്ചും ആ കരുതൽ കിട്ടും എന്ന് ഓർമിപ്പിക്കുന്നതാണ് കീത്തോണിന്റെ ചരിത്രവും വർത്തമാനവും. ഹോളണ്ടിന്റെ വെനീസ് പ്രകൃതി കാഴ്ചകൾ ഇഷ്ടപ്പെടുന്നവർ ബക്കറ്റ് ലിസ്റ്റിൽ മറക്കാതെ ചേർക്കേണ്ട ഇടംതന്നെ.

Tags:
  • Manorama Traveller