Saturday 21 May 2022 02:52 PM IST : By സ്വന്തം ലേഖകൻ

കാലിടറിയാൽ എന്തു പറ്റുമെന്ന് ചിന്തിക്കുന്നവർ ഈ വഴി വരേണ്ട, സാഹസികർക്കു മാത്രം ഈ ട്രെക്കിങ്

caminito1

നദിയോരത്തെ മലയുടെ വശത്തുകൂടി അരിച്ചരിച്ച് ഉറുമ്പിനെ പോലെ നീങ്ങുന്ന മനുഷ്യർ, ആരുടെ എങ്കിലും കാലൊന്ന് ഇടറിയിൽ പിന്നെ ചിന്തിക്കാനാവില്ല... ഏതാനും വർഷം മുൻപുവരെ ലോകമെമ്പാടുമുള്ള സാഹസ പ്രിയരെ സ്പെയിനിലേക്ക് ആകർഷിച്ച അപകടം നിറഞ്ഞ സൗന്ദര്യമായിരുന്നു ഈ നടത്ത വഴി. മല ഇടുക്കിലൂടെ ഒഴുകുന്ന നദിക്കു മുകളിൽ 350 അടി ഉയരത്തിൽ പാറക്കെട്ടുകളോടു ചേർത്തുറപ്പിച്ച 3 അടി വീതിയിലുള്ള നടപ്പാതയ്ക്കു പേര് ‘രാജാവിന്റെ നടവഴി’. സാഹസികരിലെ രാജാക്കൻമാർക്കു മാത്രമേ ഒരുകാലത്ത് ഈ വഴി താണ്ടാൻ സാധിച്ചിരുന്നുള്ളു. ഓരോ ചുവടു വയ്ക്കുമ്പോഴും ഉള്ളിൽ ഭയം ജനിപ്പിക്കുന്ന, കാലിടറിയാൽ എന്തു പറ്റുമെന്ന് ചിന്തിക്കുന്നവർ തളർന്നു വീണേക്കാവുന്ന, പതിവായി അപകടം സംഭവിച്ചിട്ടുള്ള, ഏതാനും മരണങ്ങൾ നടന്ന നടപ്പാത... ലോകത്തിലെ ഏറ്റവുമധികം അപകടം നിറഞ്ഞ നടവഴികളിലൊന്ന് എന്നു കുപ്രസിദ്ധി നേടിയിരുന്നു സ്പെയിനിലെ കമിനിറ്റോ ഡെൽ റെ ട്രെക്കിങ് ട്രെയിൽ. കാലങ്ങൾക്ക് ഇപ്പുറം സാഹസികതയുടെ അംശം ഒട്ടും ചോരാതെ അപകടസാധ്യതകളെ പരമാവധി ഒഴിവാക്കി വിനോദസഞ്ചാരികളുടെ പ്രിയങ്കരമായ ഇടമായി മാറിയിരിക്കുന്നു എൽ കമിനിറ്റി.

caminito0

കനാൽ തൊഴിലാളികൾക്ക് ഉറപ്പിച്ച വഴി

സ്പെയിനിലെ മലാഗ പ്രവിശ്യയിൽ ആഡ്രിയൽസിനു സമീപമാണ് കാഴ്ചയിൽ തന്നെ നെഞ്ചിടിപ്പു കൂട്ടുന്ന കമിനിറ്റോ ഡെൽ റെ. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചുണ്ണാമ്പുകൽ മലയുടെ വശങ്ങളിൽ പടവുകൾ തറച്ച് നടപ്പാത സൃഷ്ടിക്കാൻ കാരണമായത് എൽ കോറോയിലേക്കു നിർമിച്ച കനാലാണ്. വൈദ്യുതപദ്ധതിയിലേക്ക് അണക്കെട്ടിൽ നിന്നു ജലം ഒഴുകി എത്തുന്ന കനാലിന്റെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും പോകുന്ന തൊഴിലാളികൾക്കു വേണ്ടിയാണ് ഇതു നിർമിച്ചത്.

caminito2

1901–05ൽ കാലഘട്ടത്തിൽ പാത തയാറായതോടെ, ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികൾക്കൊപ്പം മല ചുറ്റി സഞ്ചരിക്കേണ്ട നാട്ടുകാരും വിദ്യാർഥികളുമൊക്കെ എളുപ്പവഴിയായി ഈ പാതയെ കണ്ടു. 1921 ൽ ഈ പാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ എത്തിയ സ്പെയിൻ ചക്രവർത്തി അൽഫോൻസോ 13ാമൻ എൽ കമിനിറ്റിയിലൂടെ നടന്നതോടെ പാത ‘ദി കിങ്സ് ലിറ്റിൽ പാത്ത്’ എന്ന വിളിപ്പേരിൽ പ്രസിദ്ധമായി. എൽ കോറോ മലയിടുക്കുകളുടെ ഒത്ത നടുക്കെത്തുമ്പോൾ മുന്നൂറ് അടിയിലധികം താഴെ ഒഴുകുന്ന ഗുഡൽഹോഴ്സ് നദിയിലേക്കൊന്ന് എത്തി നോക്കാൻ അസാമാന്യ ധൈര്യമുള്ളവർക്കേ സാധിക്കുകയുള്ളു.

കാലം കഴിഞ്ഞപ്പോൾ കൂടുതൽ നല്ല വഴികളും സൗകര്യങ്ങളും വന്നതോടെ എൽ കമിനിറ്റോ പാത ഉപേക്ഷിച്ചു. എന്നാൽ പർവതാരോഹകരും സാഹസ സഞ്ചാരികളും കമിനിറ്റോ ഡെൽ റേ ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കുന്നത് അഭിമാനമായി കണ്ടിരുന്നു. കുറേ കാലം അത് ധീരന്മാർക്ക് ഒരു വെല്ലുവിളി എന്ന നിലയിൽ ആ പാത തുടർന്നു. എന്നാൽ പലകയിൽ തീർത്ത പടവുകൾക്ക് ബലക്ഷയം സംഭവിക്കുന്നതും നടവഴിയുടെ ഒരുവശത്ത് സംരക്ഷണ വേലികളൊന്നും ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിച്ചു. ഒടുവിൽ 1999–2000 കാലത്ത് 5 യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടതോടെ അധികൃതർ ഈ പാത അടയ്ക്കുകയും ഇതുവഴിയുള്ള സഞ്ചാരം നിരോധിക്കുകയും ചെയ്തു.

caminito4

വെല്ലുവിളികൾ ഇഷ്ടപ്പെടുന്നവർക്കായി വീണ്ടും

ഒന്നര ദശാബ്ദത്തോളം ഈ പാത അടച്ചിട്ട ശേഷമാണ് സ്പെയിൻ വിനോദസഞ്ചാര വകുപ്പ് കമിനിറ്റോ ഡെൽ റേയുടെ മൂല്യം തിരിച്ചറിഞ്ഞത്. പാത പൂർണമായും പുതുക്കി നിർമിച്ച ശേഷം സുരക്ഷാ കരുതലുകൾ ശക്തമാക്കിക്കൊണ്ട് 2015 ൽ കിങ്സ് ലിറ്റിൽ പാത്ത് വീണ്ടും തുറന്നു. പഴയ നടപ്പാതയിൽനിന്നും അൻപത് അടിയോളം മുകളിലായി മൂന്നടി വീതിയിൽ പലകകൾ പാകിയ പാതയും വശങ്ങളിൽ കമ്പിവല കൊണ്ടുള്ള സംരക്ഷണ ഭിത്തിയും ഒരുക്കി. യാത്രികരെ ഹെൽമറ്റ് പോലെ ഉറപ്പുള്ള തൊപ്പി ധരിച്ചേ നടക്കാൻ‍ അനുവദിക്കൂ. മലയിടുക്കുകളുടെ ഇടയിലൂടെ ഉയരങ്ങളിലേക്കെത്തുന്നതിന്റെ ആവേശത്തെയോ ഉയരമേറിയ സ്ഥലത്തു നിന്നുള്ള കാഴ്ച മനസ്സിലുണ്ടാക്കാവുന്ന ഭയത്തെയോ കുറയ്ക്കുന്നില്ല എന്നതിനാൽ സാഹസങ്ങൾ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഈ സംരക്ഷണങ്ങളൊന്നും ഒരു തടസ്സമാകുന്നില്ല. പാത പുതുക്കിയപ്പോഴും നടത്ത വഴിയുടെ കാഠിന്യത്തിന് കുറവുണ്ടായിട്ടുമില്ല. കാറ്റോ മഴയോ മലയിടിച്ചിലോ മൂലം നടപ്പാത തടസ്സപ്പെട്ടാൽ സഞ്ചാരികളെ സുരക്ഷിതമാക്കാൻ ഒരു തുരങ്കപാതയും സജ്ജമാക്കിയിട്ടുണ്ട്.

കാഴ്ചകൾ നിറയും വഴി

തുടക്കം മുതൽ അവസാന കവാടം വരെ ഉദ്ദേശം 8 കിലോമീറ്റർ ദൂരമുണ്ട് കമിനിറ്റോ ഡെൽ റേ ട്രെയിലിന്. ആഡ്രിയൽസിൽ നിന്നു എൽ കോർ വരെ ഒരു ദിശയിലേക്ക് നടക്കാനേ അനുമതിയുള്ളു. എൽകോറിൽ നിന്നു തിരികെ ആഡ്രിയൽസിലേക്കു ബസ് സർവീസ് ഉണ്ട്. ടിക്കറ്റെടുത്ത് പ്രവേശിച്ചാൽ ആദ്യം കാണുക മലയിടുക്കുകൾക്കിടയിലെ അതിമനോഹരമായ പ്രകൃതിയാണ്. മലയുടെ ചരിവിൽ ഘടിപ്പിച്ച ആദ്യഘട്ട പാതയിലൂടെ നടന്ന് (ബോർഡ് വാക്കിങ്) എത്തുന്നത് ഗെയിറ്റാനെജോ ഗോർജിലാണ്. ഇവിടെ താഴേക്കു നോക്കിയ പല സഞ്ചരികൾക്കും തലചുറ്റൽ അനുഭവപ്പെടാറുണ്ട്. ലാസ് പാമോസ് ക്ലിഫും രണ്ടാമത്തെ മലയിടുക്കും കടന്നാൽ കിങ്സ് ബ്രിജിലൂടെ കാന്യോന്റെ മറുകരയിൽ എത്താം. ഇതിനു ശേഷം രണ്ടാമത്തെ ബോർഡ് വാക്കിലൂടെ ഡെസ്ഫിലാഡ്രോ മലയിടുക്കിലേക്ക്. തുടർന്ന് താഴെ ഹോയോ വാലിയിലേക്ക് ഇറക്കം.

caminito5

മൂന്നു മണിക്കൂർ മുതൽ നാലു മണിക്കൂർ വരെയാണ് കമിനിറ്റോ ഡെൽ റേ നടത്തത്തിന്റെ ശരാശരി സമയം.

പ്രകൃതി ദൃശ്യങ്ങൾ കൂടാതെ ഈജിപ്ഷ്യൻ കഴുകൻ, താടിക്കാരൻ കഴുകൻ, സ്വർണപരുന്ത് തുടങ്ങി മലമ്പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷികളെയും സ്പാനിഷ് കാട്ടാട്, ഡോർമിസ് എന്ന കുഞ്ഞൻ എലി, കുറുക്കൻ തുടങ്ങിയവയെയും ഈ നടത്തത്തിനിടെ കാണാം.

caminito6

പ്രകൃതിയും നടപ്പാതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രവേശനം പ്രതിവർഷം മൂന്നു ലക്ഷം പേർക്കു മാത്രമായി ചുരുക്കിയിട്ടുണ്ട്. ഓൺലൈൻ മുഖേന ടിക്കറ്റ് ഉറപ്പാക്കിവേണം കമിനിറ്റോ ഡെൽ റേ നടത്തത്തിനു ചെല്ലാൻ.

Tags:
  • Manorama Traveller