Wednesday 21 July 2021 04:12 PM IST : By Text & Photo : Monisa Mehaboob

ഋധിയോ സിധിയോ... പെൺവാഴും കാട്ടിലെ റാണി ആരാകും. രന്ദമ്പോർ കാടിന്റെ കഥ

rntmbr1

'മച്ചിലി ടി - 16', രന്ദമ്പോർ കാട് ഒരു മോഹമായി മനസ്സിലുദിച്ചത് ഈ പേരിലൂടെയാണ്. അവളായിരുന്നു കാടിന്റെ റാണി. ഒരിക്കലും കേട്ടിട്ടില്ലാത്ത ആ പേര് കൗതുകം ഉണര്‍ത്തി. 'മച്ചിലി' എന്ന ഹിന്ദി വാക്കിനർഥം 'മീന്‍' എന്നാണ്. ഒരു കടുവയ്ക്ക് ഈ പേര്? മീനിന്റെ സാദൃശ്യമുളള ചിഹ്നം മുഖത്തുണ്ടായിരുന്നതു കൊണ്ടാണത്രേ ആ വിളിപ്പേര് വീണത്. അതായിരുന്നു അവളുടെ അമ്മയുടെയും പേര്. അമ്മയില്‍ നിന്നും ചെറുപ്രായത്തില്‍ തന്നെ അവള്‍ ആ പേര് കരസ്ഥമാക്കി. തന്റെ രണ്ടാം വയസ്സില്‍ സ്വന്തമായി വേട്ടയാടിത്തുടങ്ങിയ മച്ചിലി താമസിയാതെ രന്ദമ്പോറിലെ റാണിയായി. മച്ചിലിയുടെ വീരകഥകൾ നാടന്‍പാട്ടുപോലെ അലയടിച്ചു. പതിന്നാലടി നീളമുള്ള മുതലയെ കൊന്നു... ആണ്‍കടുവകളില്‍ നിന്ന് തന്റെ കാടതിര്‍ത്തികള്‍ സംരക്ഷിച്ചും രണ്ട് കോമ്പല്ലുകള്‍ നഷ്ടപ്പെട്ടിട്ടും തന്റെ കുഞ്ഞുങ്ങളെ ധീരതയോടെ വളര്‍ത്തിയും മച്ചിലി ലോകശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫൊട്ടോഗ്രാഫ് ചെയ്യപ്പെട്ട കടുവ, തന്റെ ഇരുപതാമത്തെ വയസ്സില്‍ വിടവാങ്ങി. 10 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം ഇന്ത്യയ്ക്കു നേടിത്തന്ന അവളിലൂടെ മക്കളും അവളുടെ മക്കളുമായി

രാജ്ഭാഗ് തടാകം സ്വന്തമാക്കുന്നവർക്ക് സ്വന്തം രന്ദമ്പോർ

രന്ദമ്പോറിലെ കടുവകളുടെ എണ്ണം 50 കടന്നു. സോണ്‍ - 3 ഇന്ത്യയിലെ എല്ലാ വന്യജീവി ഫൊട്ടോഗ്രാഫേഴ്‌സിന്റെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടം. ജലസമ്പത്ത് ധാരാളമുളള ഈ സ്ഥലം മാലിക് തലാബ്, പതം തലാബ്, രാജ്ഭാഗ് തടാകം എന്നിവയാല്‍ കടുവകളുടെയും മറ്റ് ജീവജാലങ്ങളുടെയും പ്രിയപ്പെട്ട ഇടമാണ്. രന്ദമ്പോർ കാടിന്റെ കഥ 'ആരാണോ രാജ്ഭാഗ് തടാകം സ്വന്തമാക്കിയത് അവളാണ് രന്ദമ്പോറിലെ റാണി' അതായിരുന്നു രാജ്ഭാഗ് തടാകത്തിന്റെ പാരമ്പര്യം. ഒരിക്കല്‍ മച്ചിലിയുടെ മാത്രമായിരുന്ന സോണ്‍ -3 പിന്നീട് പല കടുവകളും സ്വന്തമാക്കാന്‍ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മച്ചിലിയുടെ അവസാനത്തെ പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങളില്‍ ഒന്നായിരുന്ന കൃഷ്ണ ടി - 19 ദീര്‍ഘകാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ അത് സ്വന്തമാക്കി.

rntmbr5

രാജസ്ഥാനിലെ സവായ് മഡ്പൂര്‍ എന്ന ജില്ലയില്‍ സ്ഥിതിചെയ്യുന്ന രന്ദമ്പോർവനം 1981 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. രന്ദമ്പോർ ദേശീയോദ്യാനത്തിനോട് ചേര്‍ന്നുള്ള സവായ് മാന്‍ സങ്കേതവും കലദേവി സങ്കേതവും കൂടിച്ചേര്‍ന്ന് 130 ഓളം ഇന്ത്യന്‍ പുള്ളിപ്പുലികളും കൂടാതെ കഴുതപ്പുലി, ഹണിബാഡ്ജര്‍, മ്ലാവ്, നീല്‍ഗായ്, ഇന്ത്യന്‍ തെക്കേ സമതലങ്ങളില്‍ കാണപ്പെടുന്ന ലങ്കൂര്‍, കാട്ടുപന്നി, മടിക്കരടി, ഇന്ത്യന്‍ കലമാന്‍, കുറുക്കന്‍ (ചെറിയ വലുപ്പത്തിലുള്ളവ), മരപ്പട്ടി എന്നീ ജീവികളുടെയെല്ലാം ആവാസസ്ഥലമാണത്. നൂറോളം വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളെയും ഇവിടെ കണ്ടുവരുന്നു.

രന്ദമ്പോറിലെ കാഴ്ചകൾ

rntmbr2

2014 മാര്‍ച്ച് 23 നാണ് ആദ്യമായി ടി-84 ആരോ ഹെഡിനെ കണ്ടത്. കൃഷ്ണയുടെ രണ്ടാമത്തെ പ്രസവത്തില്‍ ജനിച്ച കടുവ. അവളുടെ മുഖത്തിന്റെ ഇടത്തേഭാഗത്തായി അമ്പിന്റെ ആകൃതി ഉണ്ടായിരുന്നു. അതുകൊണ്ട് അവള്‍ '(ടി-84) ആരോ ഹെഡ്' എന്ന് അറിയപ്പെട്ടു. അമ്മയെപ്പോലെ അവസരം കാത്തിരിക്കാതെ ടി-84 ആരോ ഹെഡ് രന്ദമ്പോറിലെ രാജ്ഭാഗ് തടാകവും അതിന്റെ അവകാശവും സ്വന്തമാക്കി. രന്ദമ്പോറില്‍ വഴികാട്ടിയായ പ്രതീക് സാവന്ത് ഞങ്ങളോട് അവളുടെ കഥകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരുപാട് ഗുണമേന്മകളും നിരന്തരമായ കാഴ്ചകളും ഒട്ടും പ്രലോഭിതയാവാതെ വളരെ ക്രുദ്ധമായ നോട്ടമുള്ള അവള്‍ യാത്രക്കാരുടെ മനം കവര്‍ന്നു. ശിശിരത്തില്‍ വളരെ തണുത്ത പ്രകൃതിയാണ് രന്ദമ്പോറില്‍. എട്ടു ഡിഗ്രി തണുപ്പില്‍ കാറ്റുകൂടിയാകുമ്പോള്‍ തണുപ്പ് ഇരട്ടിയായി തോന്നും. ആദ്യദിനത്തിലെ സഫാരി കഴിഞ്ഞ് എത്തിയപ്പോള്‍ രന്ദമ്പോറിന്റെ റാണിയെ കാണാത്തതില്‍ തെല്ല് വിഷമം ഉണ്ടായിരുന്നു മനസ്സില്‍. 02.02.2020 വളരെ പ്രത്യേകത ഉള്ള ഒരു ദിനമാണ്. അതിരാവിലെ സഫാരിക്കായി ഞങ്ങള്‍ ഇറങ്ങി. വളരെയധികം പരിചയസമ്പത്തുള്ള വഴികാട്ടി പ്രതീക് സാവന്തും ഞങ്ങളുടെ വണ്ടിയുടെ ചുക്കാന്‍ പിടിക്കുന്ന മാമാജിയുമായിട്ടായി രന്ദമ്പോറിലേക്ക്. കാട്ടിലേക്ക് പ്രവേശിച്ച് ഒന്നു രണ്ട് മണിക്കൂറോളം അവളുടെ കാൽപാടുകളെ പിന്തുടര്‍ന്നു.ഒടുവില്‍ ദൂരെയൊരു പുള്ളിമാനിന്റെ നിലവിളി കേട്ടു. ഒട്ടും ശങ്കിക്കാതെ മാമാജി ഞങ്ങളെയും കൂട്ടി അങ്ങോട്ടേക്ക് തിരിച്ചു.സൂര്യപ്രഭയില്‍ ദൂരെ അവളെ കാണാം. രന്ദമ്പോറിലെ പുല്‍നാമ്പുകള്‍ക്കിടയിലൂടെ അവള്‍ നടന്നു നീങ്ങുന്നത് ഞാന്‍ കണ്ടു. അമ്മയുടെ വരവും നോക്കി അനുസരണയോടെ ഇരിക്കുന്ന രണ്ട് കുഞ്ഞുങ്ങള്‍. അവരായിരുന്നു പിന്നീട് ഞങ്ങളുടെ മനം കവര്‍ന്നത്.

ഋധിയും സിധിയും

rntmbr3

രന്ദമ്പോറിലെ ഒരു വഴികാട്ടിയാണ് ആരോഹെഡ്ഡിന്റെ മക്കള്‍ക്ക് ഈ പേര് സമ്മാനിച്ചത്. അവയ്ക്ക് 18 മാസമേ പ്രായമായിട്ടുള്ളൂവെങ്കിലും ശരീരവലുപ്പത്തിലും പെരുമാറ്റത്തിലും വളരെ ക്രുദ്ധരും പ്രബലരുമായി തോന്നി. അമ്മ മക്കളെ തനിച്ചാക്കി വീണ്ടും യാത്ര തുടര്‍ന്നു. കുഞ്ഞുങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. തലേ ദിവസത്തെ സഫാരിക്കിടയില്‍ ഞങ്ങള്‍ കണ്ട പുള്ളിപ്പുലി പിടിച്ച മ്ലാവിന്റെ ശരീരം വീണ്ടും കണ്ടു. പക്ഷേ, പുള്ളിപ്പുലിയെ കണ്ടെത്താനായില്ല. സാധാരണ രന്ദമ്പോറില്‍ പുള്ളിപ്പുലികളെ പതിവായി കാണാറില്ല. ഉച്ചയോടെ പുള്ളിപ്പുലിക്കായി അന്വേഷണം തുടങ്ങി. ഒടുവില്‍ മ്ലാവിനെ കൊന്നിട്ടിരിക്കുന്നതിന്റെ അടുത്തുനിന്ന് 50 മീറ്റര്‍ അകലെ ഒരു പാറയുടെ ചെരുവില്‍ മറഞ്ഞിരുന്ന അവനെ കണ്ടെത്തി. ആള് വിഷാദനായിട്ടിരിക്കുന്നു, അവന്‍ വേട്ടയാടി കൊന്ന മ്ലാവിനെ കാണാനില്ല. ഞങ്ങൾ മ്ലാവിന്റെ ശവം അന്വേഷിച്ച് വീണ്ടും മുന്നോട്ട് നീങ്ങി. അങ്ങ് ദൂരെ ഒരു ആണ്‍കടുവ നടന്നുനീങ്ങുന്നത് ശ്രദ്ധയിൽ‍പെട്ടു. ടി-89 അവന്‍ അൽപം ധൃതിയിലാണ്. വെള്ളം കുടിക്കാനുള്ള പോക്കാണ്.

rntmbr4

മാര്‍ജാര വർഗത്തിൽപെട്ട ജീവികള്‍ ഭക്ഷണം കഴിഞ്ഞാല്‍ അവയുടെ വയര്‍ ചൂടാകും. ശരീരത്തിലെ താപനില ഒത്തിരി വർധിക്കുന്നത് നന്നല്ല. അതിനാല്‍ ഭക്ഷണത്തിനുശേഷം ഇവ അടുത്തുള്ള ജലാശയത്തില്‍ നിന്നും വെള്ളം കുടിക്കുന്നത് ശീലമാണ്. നടന്നുനീങ്ങുന്ന ടി-89 കണ്ട എല്ലാവരും അത്ഭുതപ്പെട്ടുപോയി. സാധാരണയിലും വലുപ്പമുള്ള ആണ്‍കടുവ. അവനോട് ഏറ്റുമുട്ടാന്‍ ധൈര്യമില്ലാതിരുന്ന പുള്ളിപ്പുലി അപ്പോഴേക്കും നടന്നുനടന്ന് ഞങ്ങളുടെ മുന്നിലുള്ള മലകയറി കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും ഋധിയേയും സിധിയേയും അന്വേഷിച്ച് യാത്ര തുടര്‍ന്നു. ഒന്നൊന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന്റെ ഫലമായി അവരെ കണ്ടെത്തി. പദംതലാബിന്റെ അടുത്തുള്ള ഒരു ജലാശയത്തിന്റെ സമീപം. നല്ല ഉറക്കമാണ് രണ്ടുപേരും. ശല്യപ്പെടുത്താതെ ഞങ്ങള്‍ ദൂരെ നിന്ന് നോക്കിക്കൊണ്ടിരുന്നു. ഉറക്കമെണീറ്റ അവ വീണ്ടും കളി തുടങ്ങി. ആദ്യം അത് കളിയായിരുന്നെങ്കിലും പിന്നീടത് കാര്യമായെന്ന് തോന്നി. കാരണം 18 മാസം പ്രായമാകുമ്പോള്‍ അവ സ്വയം വേട്ടയാടാനും സ്വന്തം പ്രവിശ്യ സ്ഥാപിക്കാനുമുള്ള ശ്രമം തുടങ്ങും. ഋധി വളരെ ശാന്തപ്രകൃതിക്കാരിയാണ്. എന്നാല്‍ സിധി അവള്‍ അവളുടെ അമ്മയെപ്പോലെ തന്നെ. തല ഉയര്‍ത്തി നില്‍ക്കാനും സ്വന്തം പ്രവിശ്യ സ്ഥാപിക്കാനുമുള്ള തയാറെടുപ്പിലാണ്. അവരുടെ വികൃതികള്‍ തുടര്‍ന്നെങ്കിലും സിധിയുടെ കണ്ണില്‍ ഒരു കൗശലക്കാരിയെ കാണാമായിരുന്നു. സിധി ഒരു നല്ല പെണ്‍കടുവയായി മാറിക്കഴിഞ്ഞു എന്ന കാര്യം അവളുടെ അമ്മയ്ക്ക് അറിയാമെന്നു തോന്നുന്നു. ഏത് സമയത്തും അവള്‍ അമ്മയെ വെല്ലുവിളിക്കാം. രാജ്ഭാഗ് തടാകത്തിന്റെ പൈതൃകം ആരെയും ഭ്രാന്ത് പിടിപ്പിക്കുന്ന ലഹരിയാണ്. വളരെ ശാന്തതയോടെ പെരുമാറുന്നു എന്നതിനാല്‍ ഋധി ഒരു നല്ല കടുവ അല്ലാതാകുന്നില്ല, ഒരുപാട് പരിശ്രമത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രദേശം ആരോഹെഡ് വിട്ടുകൊടുക്കണമെന്നില്ല. സിധി, അവള്‍ ഇവരെയെല്ലാം കീഴ്‌പ്പെടുത്തുമോ? ആരായിരിക്കും രന്ദമ്പോറിലെ അടുത്ത റാണി?.

Tags:
  • Manorama Traveller
  • Travel Stories
  • Travel India
  • Wild Destination