Wednesday 10 November 2021 03:59 PM IST : By Anjaly Thomas

സ്ത്രീകളുടെ പാവാടയിലേക്ക് ഒളിഞ്ഞു നോക്കുന്നു: ഞാൻ അതു കണ്ടറിഞ്ഞു !

1 - kumil

കിഴക്കൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികയെടുത്താൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ബ്രാറ്റിസ്ലാവയാണ്. സ്ലോവാക്യ എന്നു പറഞ്ഞാൽ സ്ഥലമേതെന്ന് പെട്ടെന്നു പിടികിട്ടും. ഡാന്യൂബ് നദിയും കുസൃതിക്കാരനായ കുമിൾ എന്ന പ്രതിമയും ആ നാട്ടിലെ കാപ്പിയുമാണ് എന്റെ മനസ്സിലുണ്ടായ പ്രണയത്തിനു കാരണമെന്നു ഞാൻ മനസ്സിലാക്കുന്നു.

സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ ശിൽപ്പങ്ങളുടെ നഗരമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കാണുന്ന പ്രതിമകളിൽ നിന്നു വ്യത്യസ്തത പുലർത്തുന്ന വിചിത്ര ശിൽപ്പങ്ങളാണ് ബ്രാറ്റിസ്ലാവയുടെ സവിശേഷത. ശിൽപ്പങ്ങളുടെ ആകാര ഭംഗിയിലാണ് ബ്രാറ്റിസ്ലാവയുടെ പ്രകൃതിക്കു സൗന്ദര്യം വർധിച്ചത്. ഉള്ള സമയംകൊണ്ട് എല്ലാ പ്രതിമകളും കാണാനായി ഞാൻ ശ്രമിച്ചു. കുമിൾ എന്ന പ്രതിമയെ കാണുക, അതിന്റെ മൊട്ടത്തലയിൽ തലോടി ഭാഗ്യം നേടുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം.

ഒരു ഐസ്ക്രീം നുണഞ്ഞുകൊണ്ട് ബ്രാറ്റിസ്ലാവയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞാൻ നീങ്ങി. ഓടയിലെ ആൾനൂഴിയിൽ നിന്നു പുറത്തേക്ക് ഏന്തിവലിഞ്ഞ് സ്വന്തം കയ്യിൽ മുഖം ചേർത്തു വച്ചു പുഞ്ചിരിക്കുന്ന പ്രതിമയെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു. ഓട വൃത്തിയാക്കി ക്ഷീണിച്ച് വിശ്രമിക്കാനായി തല പുറത്തേക്കിടുന്നയാളാണ് കുമിൾ എന്നാണ് പൊതുവെയുള്ള കരുതൽ. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുമിളിനെക്കുറിച്ചൊരു വഷളൻ കഥയും നിലനിൽക്കുന്നു. റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ പാവാടയ്ക്കുള്ളിലേക്ക് ഒളിഞ്ഞു നോക്കിയാണ് കുമിൾ പുഞ്ചിരിക്കുന്നതെന്ന് ആ കഥ.

അതെന്തായാലും കുമിളിന്റെ തല വെട്ടിത്തിളങ്ങുന്നുണ്ട്. അവിടെ എത്തുന്നവരെല്ലാം ആ തലയിൽ തലോടിത്തലോടി തിളക്കം കൂടിയായിരിക്കാം. കുമിളിന്റെ തലയിൽ തടവിയാൽ ഭാഗ്യം വരുമെന്നൊരു നാട്ടുവിശ്വാസം നിലനിൽക്കുന്നുണ്ട്. ഞാനും ഭാഗ്യം തേടി ആ തലയിൽ തലോടി. കുറച്ച് സൗഭാഗ്യം വെറുതെ കിട്ടുകയാണെങ്കിൽ ആരാണ് വേണ്ടെന്നു വയ്ക്കുക?

2 - kumil

കുമിളിനെ കാണാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിച്ചു. ഒരേ ദിവസം ഞാൻ രണ്ടു രാജ്യങ്ങൾ സന്ദർശിച്ചു എന്നൊരു വിശേഷം കൂടിയുണ്ട് ആ സന്തോഷത്തിന്. പ്രഭാതഭക്ഷണം വിയന്നയിലായിരുന്നു. ഉച്ച ഭക്ഷണം ബ്രാറ്റിസ്ലാവയിലും. ബുദാപെസ്റ്റിലാണ് അത്താഴം...

സന്ദർശകരെ ആകർഷിക്കുന്ന ഒരുപാടു സ്ഥലങ്ങൾ ബ്രാറ്റിസ്ലാവയിലുണ്ട്. ഇതിൽ പ്രധാനാണ് ഓൾഡ് ടൗൺ. പാർക്ക്, പള്ളികൾ എന്നിവ. ദുരിതം സമ്മാനിച്ച പൂർവകാലവും പ്രതീക്ഷയർപ്പിച്ച് ജീവിതം പുതുവഴിയിലൂടെ നയിക്കുന്നവരുമാണ് ബ്രാറ്റിസ്ലാവിയൻ ജനത. സ്വന്തം നാടിന്റെ വിജയക്കുതിപ്പ് എന്ന സ്വപ്നത്തെ ഊർജമാക്കി അവർ ദൃഢനിശ്ചയത്തോടെ ജീവിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ഭാവികാര്യങ്ങൾ പ്രവചിക്കുന്ന വിദഗ്ധയെപ്പോലെ സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കു തോന്നിയ ചില കാര്യങ്ങൾ പറഞ്ഞുവെന്നു മാത്രം. അനുഗ്രഹിക്കപ്പെട്ട നഗരമാണ് ബ്രാറ്റിസ്ലാവ. കുറഞ്ഞ ചിലവിൽ ജീവിക്കാവുന്ന സ്ഥലം.


ബാറ്റിസ്ലാവ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു യൂറോപ്യൻ തലസ്ഥാന നഗരമാണ് ബ്രാറ്റിസ്ലാവ. വിയന്നയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ബ്രാറ്റിസ്ലാവയിലെത്താം. ബുദാപെസ്റ്റിലേക്ക് രണ്ടു മണിക്കൂർ യാത്ര. യൂറോ സോണിൽപ്പെടുന്ന ബ്രാറ്റിസ്ലാവ, ഷെങ്കൻ വീസയുടെ പരിധിയിൽ ഉൾപ്പെടുന്നു.

Tags:
  • Manorama Traveller